എൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടം ഹരിയാണെന്ന് എനിക്ക് അറിയാം.ഹരിയെ ഓർക്കാത്ത ഒരു നിമിഷം പോലും എൻ്റെ ജീവിതത്തിൽ ഇന്നു വരെ ഉണ്ടായിട്ടില്ല

_upscale

നഷ്ട്ട സ്വപ്നങ്ങൾ

Story written by Sajitha Thottanchery

ഹരീ …. ഹരീ …..

“ടാ നിൻ്റെ ഫ്ലൈറ്റ് നിന്നെ കാത്ത് അവിടെ നിൽക്കൊന്നുല്യട്ടാ; ഇപ്പോ എണീറ്റാലേ ശരിയാകൂ. എന്താ പോകണ്ടേ നിനക്ക് ” .

തൻ്റെ റൂം മേറ്റ് ശ്യാമിൻ്റെ വിളി കേട്ട് അവൻ ഞെട്ടിയുണർന്നു.

” ഒന്നു മയങ്ങി പോയെടാ”

പെട്ടെന്നു തന്നെ വാഷ് റൂമിൽ പോയി കാര്യങ്ങൾ എല്ലാം തീർത്ത് അവൻ റെഡിയായി. അപ്പോഴേക്കും അവനു എയർപോർട്ടിലേക്ക് പോകാനുള്ള വണ്ടി താഴെ റെഡിയായിരുന്നു.

“ഞാനും വരാം കൂടെ “.

ശ്യാം പറഞ്ഞു.

അത് അങ്ങനെയാണ്. എട്ടു വർഷമായി ഒരുമിച്ച്‌ ; ഒരേ റൂമിൽ . സഹോദരങ്ങളെ പോലെ.

“അപ്പോ നീ ഇനി അവളെയും കൂട്ടിയല്ലേ വരുന്നേ. ധൈര്യായിട്ട് പോയി വാ. നീ വരുമ്പോഴേക്കും ഇവിടുത്തെ കാര്യങ്ങൾ ഞാൻ ശരിയാക്കാം.പിന്നെ ഒരു വിഷമം നിൻ്റെ കല്യാണം കൂടാൻ പറ്റില്ലല്ലോ എന്നതാ;സാരല്യ നിങ്ങൾ ഇവിടെ വന്നിട്ട് നമുക്ക് അടിച്ചു പൊളിക്കാം. എൻ്റെ അമ്മയും അച്ഛനും വരും നിൻ്റെ കല്യാണത്തിന് ” . എയർപോർട്ടിലെത്തി പോരാൻ നേരം ശ്യാം പറഞ്ഞു

” ശരിയെടാ; ഞാൻ എത്തിയിട് വിളിക്കാം”

അവർ യാത്ര പറഞ്ഞു പിരിഞ്ഞു. കയറുന്നതിനു മുൻപായി വീട്ടിലേക്ക് ഒന്നു വിളിച്ചു. അമ്മ കാത്തു നിൽപ്പുണ്ടാകും വിളി. നേരത്തേ വിളിച്ചപ്പോൾ ഫ്ലൈറ്റിൻ്റെ സമയം ചോദിച്ചിരുന്നു.

“ഹലോ ; ഹരിയാണോ “.

അവൻ്റെ ഉദ്ദേശം തെറ്റിയില്ല. മറുതലയ്ക്കൽ അമ്മയാണ്.

“അമ്മ ഉറങ്ങിയില്ലേ?”

“നീ വിളിക്കും ന്ന് അറിയാവുന്നോണ്ട് ഉറക്കം വന്നില്ല;നീ പുറപ്പെടായോ?”

“ആ …. ഞാൻ കയറാൻ പോവാണ്. “

“ഇവിടുന്ന് സമയമാവുമ്പോഴേക്കും ഏട്ടനും അമ്മാവനും കൂടി എയർപോർട്ടിലെത്തും.”

“എന്നാൽ അമ്മ കിടന്നോളൂ. വന്നിട്ട് കാണാം “

അമ്മ ഉറങ്ങാൻ സാധ്യതയില്ലെന്നു അവനറിയാമായിരുന്നു. ഗോപികയ്ക്ക് മെസ്സേജ് അയച്ചിട്ടു. ഉറക്കമായിരിക്കും. വീഡിയോ കോൾ ഒക്കെ കഴിഞ്ഞ് ഉറങ്ങാൻ വൈകിയിട്ടുണ്ട്. ഇനി ഈ രണ്ടു മണി നേരത്ത് വെറുതെ വിളിക്കണ്ട. വിളിക്കാത്തേനു പിണങ്ങും. സാരല്യ.നിശ്ചയം കഴിഞ്ഞിട്ട് ഒരു വർഷം കഴിഞ്ഞു. ദിവസവുമുള്ള വിളിയും വീഡിയോയുമൊക്കെ ആയി ഇപ്പോ അവളോട് വല്ലാതെ അടുത്തു പോയെന്ന് ഹരി ഓർത്തു. അപ്പോഴേക്കും ഫ്ലൈറ്റ് അനൗൺസ് ചെയ്തു…….

ഒന്നു ഉറങ്ങി എഴുന്നേറ്റപ്പോഴേക്കും ഫ്ലൈറ്റ് ലാൻറ് ചെയ്യാറായി. ഫ്ലൈറ്റ് ഇറങ്ങി ക്ലിയറൻസും കഴിഞ്ഞ് പുറത്തേക്ക് വരുമ്പോൾ ഏട്ടനും അമ്മാവനും കാത്തു നിൽപ്പുണ്ടായിരുന്നു. അച്ഛൻ്റെ മരണശേഷം ആ സ്ഥാനം അമ്മാവനാണ്. എന്തിനും വിളിപ്പുറത്തുണ്ടാകും. എല്ലാവരും കൂടി സാധനങ്ങൾ ഒക്കെ വണ്ടിയിൽ കയറ്റി നേരെ വീട്ടിലേക്ക് വിട്ടു. അമ്മയും ഏടത്തിയും എൻ്റെ കുഞ്ഞാറ്റയുമൊക്കെ എന്നെ കാത്ത് പൂമുഖത്തുണ്ടായിരുന്നു. വണ്ടി വന്നപ്പോഴേക്കും കുഞ്ഞാറ്റ ഓടി വന്നു .

“കൊച്ചച്ചാ …. ഈ അച്ഛൻ എന്നെ കൂട്ടാതെ പോയി. ” വീർപ്പിച്ച മുഖവുമായി അവൾ പറഞ്ഞു.

“പിന്നേ വിളിച്ചാ എഴുന്നേൽക്കണം ; അല്ലാതെ മടി പിടിച്ചു കിടന്നാൽ അങ്ങിനെ ഇരിക്കും” ഏടത്തി ചിരിച്ചു കൊണ്ട് പറഞ്ഞു.

“ഇവരൊക്കെ നുണ പറയാ കൊച്ചച്ചാ; എന്നെ വിളിച്ചൊന്നും ഇല്ല; ഇവർക്ക് ചോക്കലേറ്റ് ഒന്നും കൊടുക്കണ്ട ട്ടോ ” കുസൃതിയോടെ അവൾ കൊഞ്ചി.

“ശരിയെടാ കുറുമ്പീ ;നമുക്ക് കൊടുക്കണ്ട ട്ടോ ” ഹരി അവളെയും വാരി എടുത്ത് അകത്തോട്ട് കയറി.

ഉച്ചയൂണിനു ശേഷം ഗോപികയേയും വിളിച്ച് അവളുടെ പിണക്കമൊക്കെ തീർത്ത് ഒന്നു മയങ്ങി. എണീറ്റപ്പോഴേക്കും കാപ്പി തയ്യാറായിരുന്നു. അത് കുടിച്ച് പുറത്തേക്കിറങ്ങി. കൂട്ടുകാരോട് കത്തി വച്ച് സമയം പോയതറിഞ്ഞില്ല. വീട്ടിൽ എത്തിയപ്പോൾ രാത്രിയായി.

“ഹരീ ;നീ എവിടെ പോയതാടാ.കല്യാണത്തിൻ്റെ ദിവസം ഇങ്ങടുത്തു. നിൻ്റെ ചേട്ടൻ പാവം തനിയെ കിടന്ന് ഓടുകയാ.അമ്മാവൻ ഉള്ളതാ ഒരു ആശ്വാസം .ഇനീപ്പോ നീ വന്നില്ലേ? ഒരു സഹായത്തിന് .കൂട്ടുകാരുടെ കൂടെയുള്ള കറക്കം ഒന്നു നിറുത്തിക്കോളു കുറച്ച് ദിവസത്തേക്ക് ” അമ്മ പരാതിയുടെ കെട്ടഴിച്ചിട്ടു.

ഏട്ടൻ എന്നെ നോക്കി കണ്ണടച്ചു. സാരമില്ല എന്ന ഭാവത്തിൽ .എല്ലാവരും കൂടി ഊണു കഴിക്കാതിരിക്കുമ്പോഴാണ് അമ്മ നാളെ പിറന്നാളാണ് എന്ന് ഓർമ്മിപ്പിച്ചത്.

“നാളെ കാലത്ത് അമ്പലത്തിൽ ഒന്നു പൊയ്ക്കോളു ട്ടോ കുട്ട്യേ….” കിടക്കാൻ പോകുന്ന നേരം ഹരിയോടായി അമ്മ പറഞ്ഞു.

ഗോപികയ്ക്ക് മേസ്സേജ് അയച്ചിട്ട് കുറച്ച് നേരായി. നാട്ടിലെ പഴയ നമ്പർ റിചാർജ് ചെയ്തതും വൈകീട്ടാ. അതു കൊണ്ട് വിളിച്ചതുമില്ല: മുഖം വീർപ്പിച്ച് ഇരിക്കണുണ്ടാകും.എത്ര പിണങ്ങിയാലും ഒരു ചിരിയിൽ ഒതുങ്ങും എല്ലാം . പാവം …..അവളെ വിളിച്ചുകൊണ്ടിരിക്കുമ്പോൾ അവനോർത്തു. ഫോൺ റിംഗ് ചെയ്തതും കാത്തിരിക്കുന്ന പോലെ അവൾ എടുത്തു.

“ഹരിയേട്ടൻ നാട്ടിൽ വരണ്ടായിരുന്നു. അവിടെയാണേൽ എന്നോട് എപ്പോഴും സംസാരിക്കും. ഇതിപ്പോ എത്ര നേരായി. ” പരിഭവം കലർന്ന ശബ്ദത്തിൽ അവൾ കൊഞ്ചി.

“കല്യാണത്തിരക്കല്ലേ ടാ;ഏട്ടൻ തന്നെ അല്ലേ ഓട്ടം “. കൂട്ടുകാരുമായി വെറുതെ ,സംസാരിച്ച് കൊണ്ടിരുന്നിട്ടും അവളോട് മിണ്ടിയില്ലെന്നറിഞ്ഞാൽ അവളുടെ പിണക്കം കൂട്രുമെന്നറിയാമായിരുന്ന ഹരി ഒരു കുഞ്ഞു കള്ളം പറഞ്ഞു.

“സാരല്യ ;ഞാൻ ക്ഷമിച്ചിരിക്കുന്നു”. ഒരു കുഞ്ഞു ചിരിയോടെ അവൾ പറഞ്ഞു .

“നാളെ പിറന്നാളല്ലേ ഹരിയേട്ടാ, എന്താ പരിപാടി? അവൾ ചോദിച്ചു.

“പരിപാടി ഒന്നുമില്ല. ഒന്നു അമ്പലത്തിൽ പോകണം. നീ വരുന്നോ?”

“ഞാൻ വന്നാ ശരിയാകോ ?” സംശയത്തോടെ അവൾ ചോദിച്ചു.

“എന്താ ശരിയാകാത്തെ,നിശ്ചയം കഴിഞ്ഞാൽ കല്യാണം കഴിഞ്ഞ പോലെയാന്നാ പറയാ. നീ വരോ ന്നു പറ”. അവൻ കുറച്ചൊന്നു ഗൗരവത്തോടെ പറഞ്ഞു.

“കൃഷ്ണൻ്റെ അമ്പലത്തിലാണേൽ ഞാൻ വരാം.എനിക്കിവടന്നു വരാൻ അതാ എളുപ്പം “

“കൃഷ്ണൻ എങ്കിൽ കൃഷ്ണൻ ;നീ വന്നാൽ മതി “. ഒരു കള്ളച്ചിരിയോടെ ഹരി പറഞ്ഞു.

നാളെ കാണാമെന്ന മധുരസ്വപ്നവും കണ്ട് രണ്ടു പേരും ഉറക്കത്തിലേക്ക് വഴുതി വീണു.

പിറ്റേന്ന് അമ്പലത്തിലേക്ക് പോകാൻ ഇറങ്ങവേ ;ഫോണിൽ ഒരു കോൾ വന്നു. അറിയാത്ത നമ്പർ ആയതു കൊണ്ട് എടുത്തില്ല. വീട്ടിൽ നിന്നു ഏകദേശം പത്ത് കിലോമീറ്റർ ഉണ്ട് അവൾ പറഞ്ഞ അമ്പലത്തിലേക്ക്.നിശ്ചയത്തിനു ശേഷം രണ്ട് തവണ അവളെ കണ്ടത് അവിടെ വച്ചാണ്.ഡ്രൈവ് ചെയ്ത് കൊണ്ടിരിക്കുമ്പോൾ പിന്നെയും അതേ നമ്പറിൽ നിന്നും കോൾ വന്നു. കാർ സൈഡ് ആക്കി കോൾ അറ്റെൻഡ് ചെയ്തു.

“ഹരിയല്ലേ?”

“അതേ “

ശബ്ദത്തിൽ നിന്നും ഹരി ആളെ തിരിച്ചറിഞ്ഞു. അപർണ്ണ . ഒരു കാലത്ത് എൻ്റെ അപ്പു ഇപ്പോ മറ്റൊരാളുടെ ഭാര്യ .

“അപർണ്ണ ” അത്ഭുതത്തോടെ അവൻ ചോദിച്ചു.

“അതെ ;അപർണ്ണ ……..എൻ്റെ ശബ്ദം ഓർത്തല്ലോ. സന്തോഷം ” അവൾ പറഞ്ഞു.

“അത്ര പെട്ടെന്നു മറക്കാൻ പറ്റുന്ന ശബ്ദം ആയിരുന്നില്ലല്ലോ “. ഹരി പറഞ്ഞു.

ഞാൻ ഹരിക്ക് പിറന്നാളാശംസകൾ നേരാൻ വിളിച്ചതാ.നാട്ടിൽ എത്തിയെന്ന് അറിഞ്ഞു. ഹരിയെ പറ്റി ഞാൻ അന്വേഷിക്കാറുണ്ട് ” .

“തനിക്ക് എൻ്റെ പിറന്നാളൊക്കെ ഇപ്പോഴും ഓർമ്മയുണ്ടോെ ടൊ” അത്ഭുതത്തോടെ ഹരി ചോദിച്ചു.

“എൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടം ഹരിയാണെന്ന് എനിക്ക് അറിയാം.ഹരിയെ ഓർക്കാത്ത ഒരു നിമിഷം പോലും എൻ്റെ ജീവിതത്തിൽ ഇന്നു വരെ ഉണ്ടായിട്ടില്ല. ഒന്നു കാണാൻ പറ്റുമോ?” അവളുടെ ശബ്ദത്തിൽ ഇടർച്ചയുണ്ടായിരുന്നു.

“നാളെ മതിയോ അപർണ്ണാ…. ഇന്നു കുറച്ച് തിരക്കുണ്ടായിരുന്നു.”

“നാളെ വൈകീട്ട് ഞാൻ സ്റ്റേറ്റ്സിലേക്ക് തിരിച്ച് പോകും ഹരീ; പറ്റുമെങ്കിൽ ഇന്ന് കാണാം.” അപർണ്ണ പറഞ്ഞു

ഒഴിവാക്കാൻ ഹരിക്കായില്ല. അമ്പലത്തിലേക്ക് പോകുന്ന വഴിക്കുള്ള പുഴയുടെ തീരത്ത് അവൾ വരാമെന്നു പറഞ്ഞു. തങ്ങളുടെ പണ്ടത്തെ സന്ദർശനങ്ങൾ അവിടെ വച്ചായിരുന്നു എന്ന് ഹരി ഓർത്തു.

രണ്ട് വർഷത്തെ അസ്ഥിക്ക് പിടിച്ച പ്രേമം.ഇഷ്ടം തുറന്ന് പറഞ്ഞത് താനായിരുന്നു. എപ്പോഴോ ആ ഇഷ്ടത്തെ അതേ അളവിൽ അവളും നെഞ്ചിലേറ്റി. ജീവിച്ചാലും മരിച്ചാലും ഒരു മിച്ച് എന്നു ഉറപ്പിച്ച രണ്ട് വർഷങ്ങൾ. ഒന്നു കണ്ടില്ലെങ്കിൽ മിണ്ടിയില്ലെങ്കിൽ ശ്വാസം നിലച്ചുപോകുമെന്ന് ചിന്തിച്ചിരുന്ന നിമിഷങ്ങൾ. ഒടുവിൽ വീട്ടുകാരുടെ തീരുമാനത്തിനു മുന്നിൽ തോറ്റ് നമുക്ക് പിരിയാം ഹരീ എന്നവൾ പറഞ്ഞപ്പോൾ തകർന്നു പോയിരുന്നു.ഇതല്ലാതെ വേറെ വഴിയില്ലെന്നു കരഞ്ഞു കൊണ്ടവൾ പറഞ്ഞപ്പോൾ അവൾക്കൊപ്പം കണ്ണുനീർ പൊഴിക്കാനല്ലാതെ ആ ഇരുപത്തി രണ്ടു വയസ്സുകാരന് വേറൊന്നും ചെയ്യാനായില്ല. ഹ്യദയം പിളർക്കുന്ന വേദനയോടെയാണ് അന്നു താനവളെ യാത്രയാക്കിയതെന്ന് അവനോർത്തു.അച്ഛൻ്റെ പെട്ടെന്നുള്ള മരണം അനാഥമാക്കിയ കുടുംബത്തെ ഒറ്റയ്ക്ക് താങ്ങി നിറുത്താൻ ചേട്ടനാകു മായിരുന്നില്ല. ഈ പുഴവക്കും അപർണ്ണയെയും മറക്കണമെന്നതും ഒരു കാരണമായിരുന്നെങ്കിലും കുടുംബമായിരുന്നു അപ്പോൾ എല്ലാറ്റിലും വലുതായി തോന്നിയത്. കുടുംബത്തിനു വേണ്ടി അവിടത്തെ ഏകാന്തവാസത്തെ സ്വയം സ്വീകരിക്കുകയായിരുന്നു എന്നും പറയാം. ഒരു തരത്തിൽ അവളെ പിരിയേണ്ടി വന്നില്ലായിരുന്നെങ്കിൽ താൻ ആ പ്രവാസ ജീവിതം സ്വീകരിക്കില്ലായിരുന്നു എന്നതും ഒരു സത്യമാണ്. ആ നഷ്ട്ടം അന്നു ജീവിതം പോലും നഷ്ട്ടപ്പെട്ടു എന്ന അവസ്ഥയിൽ എത്തിച്ചുവെങ്കിലും തിരിഞ്ഞു നോക്കുമ്പോൾ അമ്മയുടെ സംതൃപ്തി നിറഞ്ഞ ചിരി മാത്രം മതിയായിരുന്നു അവളെ മറക്കാൻ . ഓരോന്ന് ഓർത്ത് അപർണ്ണയുടെ അടുത്ത് എത്തിയത് അറിഞ്ഞില്ല ഹരി.

“താൻ കുറെ നേരായോ വന്നിട്ട്?”

“ഇല്ല ഹരീ …. ഞാൻ വന്നേയുള്ളു, ഇനി ആയെങ്കിൽ തന്നെ ബോറഡിപ്പിക്കുന്ന സ്ഥലം അല്ലാലോ. ഒരുപാട് ഓർമ്മകൾ ഉറങ്ങിക്കിടപ്പില്ലേ ഇവിടെ “വിഷാദം നിറഞ്ഞ പുഞ്ചിരിയുമായി അവൾ പറഞ്ഞു.

അവളുടെ മുഖത്തെ ആ നിഷ്കളങ്കത എവിടെയോ മാഞ്ഞ് പോയെന്നു ഹരി ഓർത്തു.

“തനിക്ക് സുഖമല്ലേ ടോ” ഹരി ചോദിച്ചു.

“എൻ്റെ സുഖമെല്ലാം ഒരു എട്ട് വർഷം മുൻപ് ഞാനീ പുഴയിൽ വലിച്ചെറിഞ്ഞു ഹരീ” നിർവികാരമായി അവൾ പറഞ്ഞു.

“ഫാമിലി….. ” സംശയത്തോടെ അവൻ ചോദിച്ചു.

” ഭർത്താവ് സ്റ്റേറ്റ്സിലാണ്. ഞാനും. നാട്ടിൽ അമ്മയ്ക്ക് സുഖമില്ലാതെ വന്നതാണ്. നാളെ തിരിച്ചു പോണം. സംസാരിക്കാൻ പോലും നേരമില്ലാത്ത ആ തിരക്കുകളുടെ ലോകത്തേക്ക്.പരസ്പരം ഉൾക്കൊള്ളാനാകാത്ത സമാന്തര രേഖകളായി ഇപ്പോഴും തുടരുന്നു. മക്കൾ ഇല്ല. അതും …….” പാതിയിൽ അവൾ നിറുത്തി.

മറുപടിക്കായ് ഹരി വാക്കുകൾ തിരഞ്ഞു.

“ഹരിയെ ഓർക്കാത്ത ഒരു നിമിഷം പോലും ഉണ്ടായിട്ടില്ല ഹരീ. നമ്മൾ ഒരുമിച്ച് കണ്ട ജീവിതം. പിരിയാമെന്ന് അന്നു ഞാൻ പറഞ്ഞപ്പോൾ…..”

“അതൊക്കെ കഴിഞ്ഞ കാര്യങ്ങൾ അല്ലേ അപർണാ ” അവളെ തുടരാൻ അനുവദിക്കാതെ ഹരി പറഞ്ഞു

“അപർണ …. അപ്പു എന്നല്ലാതെ എന്നെ വിളിച്ചിട്ടില്ല ഹരി” ഉള്ളിൽ നിന്നും അറിയാതെ ഉയർന്ന ഒരു വിങ്ങലോടെ അപർണ പറഞ്ഞു.

“അപ്പു എൻ്റെ ഉള്ളിൽ ഇപ്പോൾ ഇല്ല. എൻ്റെ മുന്നിൽ നിൽക്കുന്നത് മറ്റൊരാളുടെ താലി ചാർത്തിയ അപർണ മാത്രമാണ്.ഇപ്പോ നിനക്കൊരു ജീവിതമുണ്ട്. എന്നെയും മറ്റൊരു പെൺകുട്ടി കാത്തിരിപ്പുണ്ട്. പണ്ടത്തെ ഹരിയും അപ്പുവും ഇനിയില്ല അപർണാ .എൻ്റെ നിശ്ചയം കഴിഞ്ഞു. കല്യാണവും അടുത്തു . കല്യാണത്തിനു വേണ്ടിയാ ഞാൻ നാട്ടിൽ വന്നത് “. ഉറച്ച മനസ്സോടെ ഹരി പറഞ്ഞു.

“ശരിയാണു ഹരി .നമുക്ക് ഒന്നും തിരിച്ചു കിട്ടില്ല. കുറച്ച് സുഖമുള്ള ഓർമ്മകളുടെ സുഗന്ധവും പേറി കിട്ടിയ ജീവിതത്തിൽ സംതൃപ്തരായി മുന്നോട്ട് പോകാം .അല്ലേ “

“ഞാൻ പോകട്ടെ ഹരീ.”തെല്ലു നേരത്തെ നിശബ്ദതയെ ബേധിച്ചു കൊണ്ട് അപർണ പറഞ്ഞു.

“നാളെ അല്ലേ പോകുന്നെ. അല്ലെങ്കിൽ എൻ്റെ കല്യാണത്തിൽ പങ്കെടുത്ത് പോകായിരുന്നു ” ഹരിയുടെ വാക്കുകളിൽ ഔപചാരികത ഉണ്ടായിരുന്നു.

“ഇല്ല ഹരീ, നാളെ തന്നെ പോകണം. എന്താ ആ കുട്ടീടെ പേര്?”

“ഗോപിക ” ഹരി പറഞ്ഞു

“നല്ല പേര്. ജീവിതം സന്തോഷം നിറഞ്ഞതാകട്ടെ. ഞാൻ ഇനി നിൽക്കുന്നില്ല ഹരീ .തിരക്കുണ്ട്.പോകട്ടെ “

ഹരി തലയാട്ടി

“ഹരിയുടെ ഗോപിക.ആ കുട്ടി ഭാഗ്യവതിയാ ഹരീ. അടുത്ത ജന്മമെങ്കിലും ആ ഭാഗ്യം എനിക്ക് കിട്ടാൻ ഞാൻ കാത്തിരിക്കും.” കാർ സ്റ്റാർട്ട് ചെയ്ത് മുന്നോട്ടെടുക്കും മുൻപായി അപർണ്ണ പറഞ്ഞു.

ചിരിച്ചതല്ലാതെ ഹരി മറുപടി ഒന്നും പറഞ്ഞില്ല.അവളുടെ കാർ കണ്ണിൽ നിന്നും മറയുന്നത് വരെ ഹരി നോക്കി നിന്നു. തന്നെയും കാത്ത് മറ്റൊരാൾ അമ്പലമുറ്റത്ത് നിൽക്കുന്നുണ്ടാകുമെന്ന് ഹരി പെട്ടെന്നാണ് ഓർത്തത്. പെട്ടെന്നു കാറിൽ കയറി വണ്ടിയെടുത്തു. ആ നിമിഷം വരെ സംസാരിച്ചതും ഓർത്തതുമായ കാര്യങ്ങൾ അവിടെ തന്നെ ഉപേക്ഷിച്ചാണ് അവൻ ആ കാറിൽ കയറിയത്. അമ്പലത്തിലേക്കുള്ള യാത്രയിലുടനീളം അവൻ്റെ മനസ്സിൽ ഗോപിക മാത്രമായിരുന്നു.

ഇനിയങ്ങോട്ടും ……………………

Leave a Reply

Your email address will not be published. Required fields are marked *