ഒരിക്കലും തിരിച്ചു വന്ന് അടുക്കാൻ സാധ്യതയില്ലാത്തയൊരു പെണ്ണിനെ കാത്തിരുന്ന വികാരവിഡ്ഢിയുടെ കഥ. അത്തരം കാത്തിരുപ്പുകൾക്ക് ഉള്ള് പൊള്ളുന്ന നോവാണ്. എന്നിരുന്നാലും തുടർന്ന്……

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ

പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിക്കുന്നുണ്ടെന്ന് സുഹൃത്തു വിളിച്ചു പറഞ്ഞപ്പോൾ ഞാൻ ആദ്യം ഓർത്തത് നിർമ്മലയെ ആയിരുന്നു. ജീവിതത്തിൽ ആദ്യമായി പ്രേമം തോന്നിയ പട്ട് പാവാടക്കാരിയെ ആയിരുന്നു.

‘അവള് വരുമോടാ…?’

‘നിർമ്മലയോ…. ഓഹ്.. നിന്റെ പഴയ…. വരും വരും.. അവള് എന്തായാലും വരും…’

അതുകേട്ടപ്പോൾ അവൾ ഇപ്പോഴും അമേരിക്കയിൽ തന്നെയല്ലേയെന്ന് ഞാൻ അവനോട് ചോദിച്ചു. വിവരങ്ങളൊക്കെ അറിയുന്നുണ്ടല്ലോയെന്ന് പറഞ്ഞ് അവൻ ആ നേരം ഫോണിലൂടെ ചിരിക്കുകയായിരുന്നു.

‘അവളിപ്പോഴും സിംഗളാഡാ… മുട്ടിയാൽ ഷുവറായിട്ടും കിട്ടും..!’

“അവളൊരു വെള്ളക്കാരനെ കെട്ടിയതല്ലേ..!?”

ഏറെ ആകാംഷയോടാണ് ഞാൻ അതു ചോദിച്ചത്.

‘അയാള് മരിച്ചു. ഇപ്പോൾ അവളും കുഞ്ഞും തനിച്ചാണ്…’

എന്തുകൊണ്ടോ അതു കേട്ടപ്പോൾ നിർമ്മലയുമായി കൂടാനുള്ള സാധ്യത തെളിഞ്ഞതിന്റെ ആഹ്ലാദത്തേക്കാളും, ഇണ നഷ്ടപ്പെട്ടാൽ അനുഭവിക്കേണ്ടി വരുന്ന ഒറ്റപ്പെടലിന്റെ നോവിലാണ് അവളെന്ന് ഓർത്ത് ഞാൻ ദുഃഖിതനായി. ആ ഉൾനോവിന്റെ മുള്ള് മറ്റാരേക്കാളും എനിക്ക് അറിയാം.. ഒന്നുമില്ലെങ്കിലും, എനിക്ക് നിർമ്മലയെ നഷ്ട്ടപ്പെട്ടിട്ട് കൊല്ലം പതിനഞ്ചോളമായില്ലേ…

എന്തായാലും വരുമെന്ന് പറഞ്ഞ് ഞാൻ ഫോൺ കട്ടു ചെയ്തു. എത്ര വേഗതയിലാണ് വർഷങ്ങളൊരു പുസ്തക താളുപോലെ മറിഞ്ഞു പോകുന്നത്. അതിൽ നിന്ന് കലാലയ കാലം വരെയുള്ള കടലാസ്സുകൾ പിറകിലേക്ക് മറിച്ചാൽ, എന്റെ പുസ്തകത്തിന് കാത്തിരിപ്പിന്റെ കഥകൾ മാത്രമേ പറയാനുള്ളൂ…

ഒരിക്കലും തിരിച്ചു വന്ന് അടുക്കാൻ സാധ്യതയില്ലാത്തയൊരു പെണ്ണിനെ കാത്തിരുന്ന വികാരവിഡ്ഢിയുടെ കഥ. അത്തരം കാത്തിരുപ്പുകൾക്ക് ഉള്ള് പൊള്ളുന്ന നോവാണ്. എന്നിരുന്നാലും തുടർന്ന് ജീവിക്കാനുള്ളയൊരു ബലത്തിന് വേണ്ടി അതിനുമൊരു സുഖമുണ്ടെന്ന് വളരേ മനോഹരമായി അത്തരക്കാർ സ്വയം കബളിപ്പിക്കും..

അന്നു രാത്രി എനിക്ക് ഉറങ്ങാനേ സാധിച്ചില്ല. കണ്ണുകൾ അടച്ചാലും തുറന്നാലും നിർമ്മലയുടെ മുഖം. ആ പഴയ കാഴ്ച്ചകളിലേക്ക് തലയിട്ടാൽ ഒരു പതിനാറുകാരന്റെ നടുപ്പുറത്ത് പരുക്കൻ കൈപ്പത്തി വീഴുന്ന ചിത്രം എന്റെ ഓർമ്മയിൽ മിന്നുന്നുണ്ട്.. അവന്റെ നിലവിളി ആ രാത്രി മുഴുവൻ എനിക്ക് മാത്രം കേൾക്കാൻ പാകത്തിൽ മുറിയിൽ മുഴങ്ങിക്കൊണ്ടേയിരുന്നു…

ഒരുനാൾ രണ്ടും കൽപ്പിച്ച് എന്റെ മുഴുവൻ പ്രേമവും നിറച്ചയൊരു ലേഖനം നിർമ്മലയ്ക്ക് കൊടുക്കാൻ ഞാൻ തീരുമാനിച്ചു. അതിനു വേണ്ടിയൊരു കൂട്ടുകാരനുമായി വരാന്തയിൽ കാത്തിരിക്കുമ്പോഴാണ് ഒമ്പതു സീയിലെ ഓമന വന്ന് എനിക്ക് നിന്നെ ഇഷ്ട്ടമാണെന്ന് പറഞ്ഞുകൊണ്ട് ഓടി പോയത്.

ഞാനും കൂട്ടുകാരനും അന്നു മുഖത്തോട് മുഖം നോക്കി അൽപ്പനേരം നിന്നു. ഓമന തന്നോടാണ് അതു പറഞ്ഞതെന്നും പറഞ്ഞ് രണ്ടുപേരും തമ്മിൽ തർക്കിച്ചു.

‘ആ ശരി. നിന്നോട് തന്നെ…’

ഉള്ളിൽ മുഴുവൻ നിർമ്മല ആയത് കൊണ്ട് ഒടുവിൽ ഞാൻ വിട്ടു കൊടുക്കുക യായിരുന്നു. കൃത്യം ആ നേരമാണ് കൂട്ടുകാരികളുടെ കൂടെ അവളൊരു പട്ടു പാവാടയുമുടുത്ത് ഞങ്ങളുടെ അടുത്തേക്ക് വന്നത്.

വായ തുറന്നു നോക്കുന്ന എനിക്ക് നേരെ മധുരം നീട്ടിക്കൊണ്ട് ഇന്ന് തന്റെ പിറന്നാളാണെന്ന് നിർമ്മല പറഞ്ഞു. പിറന്നാൾ ആശംസകൾ ഇംഗ്ലീഷിൽ പറഞ്ഞപ്പോൾ അവൾ എന്നോട് അതിമനോഹരമായി പുഞ്ചിരിക്കുകയും ചെയ്തു. ആ പുഞ്ചിരിയുടെ ധൈര്യത്തിൽ ഞാൻ എന്റെ പ്രേമലേഖനം അവൾക്ക് കൊടുത്തു. മാറിയ ഭാവത്തോടെ അവളതു തിരിച്ചും മറിച്ചും നോക്കി. തുടർന്ന് തറപ്പിച്ചൊന്ന് നോക്കിയിട്ട് പോകുകയായിരുന്നു.

പിന്നീടു നടന്നതെല്ലാം ഓർക്കുമ്പോൾ തന്നെയൊരു നടുക്കമാണ്. പീയൂൺ വന്ന് വിളിച്ചപ്പോൾ ഞാൻ ഹെഡ്മാഷിന്റെ മുറിയിലേക്ക് പോയി. മാഷപ്പോൾ എന്റെ പ്രേമലേഖനം വായിച്ച് ചിരിക്കുകയായിരുന്നു.

എന്നെ കണ്ടതും മാഷിന്റെ വിധം മാറി. സ്കൂളിലെ സകല കുട്ടികളേയും വിറപ്പിച്ച മാഷിന്റെ ചൂരൽ ഉയർന്ന് വന്ന് എന്റെ കൈയ്യിൽ രണ്ടiടി തന്നു. വേദന കൊണ്ട് നിന്ന നിൽപ്പിൽ തുള്ളിയെങ്കിലും ഞാൻ കരഞ്ഞിരുന്നില്ല.

പക്ഷേ, എന്തിനും കുറ്റം കണ്ടെത്തി എന്നെ തiല്ലുന്ന എന്റെ അച്ഛനേയും നല്ലവനായ ഹെഡ്മാഷ് വിവരം അറിയിച്ചിരുന്നു. ഓർമ്മയിൽ ഒരിക്കൽ പോലും എന്നെ തലോടാത്ത അയാളുടെ പരുക്കൻ കൈകൾ അന്ന് രാത്രിയെന്റെ നടുപ്പുറത്തിൽ പലവട്ടം കiനത്തിൽ വീiണു. ഓർമ്മയുണ്ട്! അടുത്ത് അമ്മ ഉണ്ടായിരുന്നു വെങ്കിലെന്ന് ഓർത്തോർത്ത് തലയിണയിൽ മുഖം പൂഴ്ത്തി ഞാനന്നു കരഞ്ഞിരുന്നു…

പുറമാകെ തിളച്ച വെള്ളം വീണ് പൊള്ളിയതു പോലെയൊരു നീറിയ രാത്രിയെ കൊണ്ടിട്ടും, എനിക്ക് നിർമ്മലയെ മറക്കാനോ വെറുക്കാനോ കഴിഞ്ഞില്ല…

അങ്ങനെ ആ നാളെത്തി. തമ്മിൽ തമ്മിൽ ഇരട്ടപ്പേര് വിളിച്ചും, കുടുംബ സമേതം വന്നവരുടെ കൂടെയുള്ള കുഞ്ഞുങ്ങളെ കൊഞ്ചിച്ചും, ബഹളം വെക്കുന്ന ആ പഴയ കലാലയത്തിലേക്ക് വീണ്ടും എന്റെ കാലുകൾ പതിഞ്ഞു. കണ്ണുകൾ നിർമ്മലയെ മാത്രം തിരയുകയാണ്….

നാലോ അഞ്ചോ പേരെ ഒഴിച്ചാൽ മറ്റാരേയും തിരിച്ചറിയാൻ എനിക്ക് സാധിച്ചിരുന്നില്ല. സംഗമത്തിലേക്ക് ക്ഷണിക്കാൻ വിളിച്ച കൂട്ടുകാരാനാണ് നിർമ്മല ക്ലാസ്സ്‌ മുറിയിലിരിക്കുന്നുണ്ടെന്ന് പറഞ്ഞ് എന്നേയും കൂട്ടി അങ്ങോട്ടേക്ക് പോയത്.

ഒറ്റനോട്ടത്തിൽ തന്നെ ഞാൻ അവളെ തിരിച്ചറിഞ്ഞു. ഇവനെ മനസ്സിലായോയെന്ന് കൂട്ടുകാരൻ ചോദിച്ചപ്പോൾ നിർമ്മല തലയുയർത്തി എന്നെ നോക്കി ചിരിച്ചു. പണ്ടു പിറന്നാൾ മധുരം തരുമ്പോൾ വിടർന്ന അതേ ചിരി….

നിർമ്മല എന്നെ ഓർക്കുന്നുണ്ടല്ലോയെന്ന സമാധാനത്തിലേക്ക് ഉള്ളം പോകും മുമ്പേ മനസ്സിലായില്ലെന്ന് അതേ ചിരിയോടെ അവൾ പറഞ്ഞു. കൂട്ടുകാരൻ എന്റെ പേര് പറഞ്ഞിട്ടും അവൾക്ക് എന്നെ ഓർമ്മ വന്നില്ല. ഒടുവിൽ പഴയ പ്രേമലേഖനത്തിന്റെ കഥ പറയുമ്പോഴാണ് നിർമ്മലയുടെ ഓർമ്മയിൽ ഞാൻ തെളിയാതെയൊന്ന് മിന്നിയത്..

കൂട്ടുകാരികളോടപ്പം അവളതു കേട്ട് ചിരിച്ചു. എത്ര പെട്ടെന്നാണ് എന്റെ പ്രേമമൊരു തമാശയായി മാറിയത്! മറ്റൊന്നും പറയാതെ ഞാൻ ആ ക്ലാസ്സ്‌ മുറിയിൽ നിന്ന് പുറത്തേക്ക് ഇറങ്ങി. പണ്ട് നിർമ്മലയെ പിന്തുടർന്ന വരാന്തയിലൂടെ നടക്കുമ്പോൾ ജീവിതം എത്ര വിചിത്രമാണെന്ന് ഞാൻ ആലോചിക്കുകയായിരുന്നു…

നമ്മളെയൊന്ന് ഓർക്കുക പോലും ചെയ്യാത്തവരെ ഉള്ളിൽ താലോലിച്ച് സഞ്ചരിക്കേണ്ടി വരുന്നവരുടെ എണ്ണം ചെറുതായിരിക്കില്ലായെന്ന് ആ നേരം എനിക്ക് തോന്നി. ചിലർ കാത്തിരുന്ന് മരവിക്കുന്നു. മറ്റുചിലർ മരിക്കുന്നു. പിന്നേയും ചിലർ കാത്തിരിപ്പിന്റെ നാൾവഴികളിൽ എപ്പോഴോ മറ്റാരിലേക്കോ ഒരു നിയോഗമെന്ന പോലെ ചേരുന്നു…

‘അതേയ്….’

ഒരു പെണ്ണിന്റെ പിൻവിളി കേട്ടപ്പോൾ ഞാൻ തിരിഞ്ഞു നോക്കി.

‘എന്നെ മനസ്സിലായോ…?’

എത്ര ആലോചിച്ചിട്ടും എനിക്ക് അവളെ തിരിച്ചറിയാൻ സാധിച്ചില്ല. അതിന്റെ പരിഭവം അവൾ കാട്ടിയതുമില്ല. തനിക്കു നിന്നെ ഇപ്പോഴും ഇഷ്ട്ടമാണെന്ന് പറഞ്ഞ് അവൾ തിരിഞ്ഞ് നടക്കുകയും ചെയ്തു. ആരാണ് അവളെന്ന് ഓർത്തപ്പോൾ പണ്ട് നിർമ്മലയ്ക്ക് പ്രേമലേഖനം കൊടുത്ത നാളിലേക്ക് അറിയാതെ ഞാൻ മറിഞ്ഞ് വീഴുകയായിരുന്നു. അതെ! അവൾ തന്നെ! ഒമ്പതു സീയിലെ ഓമന….!!!

Leave a Reply

Your email address will not be published. Required fields are marked *