എഴുത്ത്:-ശ്രീജിത്ത് ഇരവിൽ
അച്ഛന്റെ കാലിൽ പിടിച്ചപ്പോഴാണ് തൊഴിച്ചത്. തല ചുമരിൽ ഇടിച്ചെന്ന് തോന്നുന്നു. കാഴ്ച്ചകളെല്ലാം മങ്ങുന്നത് പോലെ… ഇരുട്ട്…! കാളിംഗ് ബെല്ലടി കേൾക്കുന്നു. കതക് തുറന്നത് അമ്മയാണ്. ഞാൻ ഹാളിലെ സോഫയിൽ ഇരിക്കുകയായിരുന്നു. എത്തി നോട്ടത്തിൽ അച്ഛനാണ് വന്നതെന്ന് മനസ്സിലായി. അവർ മുറിയിലേക്ക് പോയി. ശേഷമാണ് ബഹളം ഉയർന്നത്.
‘നീയെന്തിനാണ് ഓഫീസിലെ ലാന്റ് ഫോണിലേക്ക് വിളിച്ച് കൊണ്ടേയിരിക്കുന്നത്..? മനുഷ്യരെ നാണം കെടുത്താനായിട്ട്…’
തുണി മാറുന്നതിന്റെ ഇടയിൽ അച്ഛൻ പറഞ്ഞതാണ്. അമ്മയും വിട്ട് കൊടുത്തില്ല. നാണം കെട്ട കാര്യങ്ങൾ ചെയ്തത് നിങ്ങളല്ലേയെന്ന് പറഞ്ഞ് അമ്മയും ഒച്ചവെച്ചു. അച്ഛന് ഇഷ്ടപ്പെട്ടില്ല. ഓഫീസിലാണെന്ന് പറഞ്ഞ് പലരുടെയും കൂടെ പണ്ട് കറങ്ങുമ്പോൾ നിങ്ങൾ എന്ത് കരുതിയെന്ന് കൂടി അമ്മ ചേർത്തു. താൻ യാതൊന്നും ക്ഷമിച്ചിട്ടില്ലായെന്നും, മോനെ ഓർത്താണ് ഇറങ്ങി പോകാത്തതെന്നും കൂടി അമ്മ മൊഴിഞ്ഞപ്പോൾ അച്ഛന്റെ നിയന്ത്രണം വിട്ടെന്ന് പറഞ്ഞാൽ മതിയല്ലോ…
‘നീ ആരെയാടി പേടിപ്പിക്കുന്നേ… സഹിക്കുന്നതിന് പരിധിയുണ്ട്…’
എന്നും പറഞ്ഞ് അച്ഛൻ അമ്മയുടെ കiഴുത്തിൽ പിiടിക്കുകയായിരുന്നു. കുതറിയിട്ടും അമ്മയ്ക്ക് രiക്ഷയില്ല. ശ്വാസം ഏങ്ങിക്കൊണ്ട് അമ്മയുടെ കണ്ണുകൾ ചുവന്ന് തുടങ്ങിയെന്ന് കണ്ടപ്പോൾ ശരിക്കും ഞാൻ ഭയന്നുപോയി. സ്ഥലകാല ബോധം നഷ്ടപ്പെട്ട് മുഖം വിറപ്പിച്ച് നിൽക്കുന്ന അച്ഛന്റെ അടുത്തേക്ക് അങ്ങനെയാണ് ഞാൻ ഓടിച്ചെല്ലുന്നത്… വന്ന വേഗതയിൽ പിറകിലോട്ട് പോകുകയും ചെയ്തു. തല ചുമരിൽ ഇടിച്ചെന്ന് തോന്നുന്നു. കാഴ്ചകളെല്ലാം മങ്ങുന്നത് പോലെ…! ഇരുട്ട്…! അമ്മയുടെയും അച്ഛന്റെയും ശബ്ദം കേൾക്കാൻ സാധിക്കുന്നുണ്ട്…
‘മോനെ… മോനെ… ഒന്നുമില്ലെടാ… കണ്ണ് തുറന്നേ…’
തൊട്ട് മുമ്പ് നടന്നതെല്ലാം തെളിഞ്ഞ് മാഞ്ഞ നേരത്തിൽ നിന്ന് ഞാൻ ഉണർന്നു. ആശുപത്രിയാണ്. തലയിൽ കെട്ടുണ്ട്. രണ്ട് തുന്നുമുണ്ട് പോലും… ഗ്ലൂക്കോസ് കഴിഞ്ഞാൽ വീട്ടിലേക്ക് പോകാം. പരസ്പരം തiല്ല് കൂടിയവർ നിറ കണ്ണുകളോടെ മുന്നിൽ ഇരിക്കുന്നുണ്ട്. വൈകാതെ അച്ഛൻ എന്റെ കാലിൽ പിടിച്ച് വിതുമ്പാൻ തുടങ്ങി. അമ്മയൊരു പ്രതിമ ആയെന്ന് തോന്നിപ്പിക്കും വിധം ഇരിക്കുകയാണ്.
‘ഞാൻ കണ്ടില്ലെടാ… ദേഷ്യത്തിൽ കാല് കുടഞ്ഞ് പോയി… അച്ഛനോട് ക്ഷമിക്ക്…’
വീട്ടിലെത്തിയിട്ടും അച്ഛന്റെ വിതുമ്പൽ നിന്നില്ല. കനത്ത മുഖത്തോടെ അമ്മ മൗനം തുടരുന്നു. ശ്രദ്ധിച്ചാൽ, ആ കiഴുത്തിൽ അച്ഛന്റെ വിരൽ അടയാളങ്ങൾ കാണാം. അപ്രതീക്ഷിതമായി എനിക്ക് ഇങ്ങനെയൊരു പരിക്ക് പറ്റിയത് കൊണ്ടായിരിക്കണം അവരുടെ വഴക്ക് നിന്നത്. നന്നായി. അല്ലെങ്കിൽ അച്ഛൻ അമ്മയെ കൊiല്ലുമായിരുന്നു. പക്ഷേ, എന്തിന്…?
എന്നും വഴക്കാണെങ്കിൽ ഇവർക്ക് ഡിവോഴ്സ് ചെയ്തൂടെ.. കൂടെ പഠിക്കുന്ന അമലിന്റെ പേരെന്റ്സും ഇതുപോലെ വഴക്കായി പിരിഞ്ഞതാണല്ലോ… ശേഷമാണ് സുഖവും, സന്തോഷവും, സമാധാനവുമെന്ന് അവൻ പറഞ്ഞിട്ടുണ്ട്… രണ്ട് പേരിലുമായി മാറി മാറി താമസിച്ച് രണ്ട് ലോകം അനുഭവിക്കുകയാണ് അവൻ… ഭാഗ്യവാൻ…! പത്ത് കഴിഞ്ഞാലും ഒരുമിച്ച് പഠിക്കണമെന്ന് തന്നെയാണ് ഞങ്ങൾ തീരുമാനിച്ചിരിക്കുന്നത്…
‘അമ്മേ… അച്ഛാ… നിങ്ങൾക്ക് പിരിഞ്ഞൂടെ… നിങ്ങളെ ഒരുമിച്ച് കാണുമ്പോൾ എനിക്ക് പേടിയാകുന്നു…’
രണ്ടുപേരും എന്നെ ശ്രദ്ധിച്ച് കേട്ടു. അമ്മയുടെ കണ്ണുകൾ നിറഞ്ഞിട്ടുണ്ട്. അച്ഛൻ മുറിവിട്ട് ഹാളിലേക്ക് പോയി. ചോദിച്ചത് തെറ്റായി പോയോ യെന്ന് ഓർത്ത് കൗമാര തല വിയർക്കുകയാണ്. കെട്ട് വേദനിക്കുന്നു. അമ്മയ്ക്കും മറുപടി ഇല്ലെന്ന് കണ്ടപ്പോൾ ഞാൻ കണ്ണുകൾ അടച്ചു. മയങ്ങിയെന്ന് കരുതിയിട്ടാകണം വൈകാതെ അമ്മയും എഴുന്നേറ്റത്. രണ്ടുപേരും പിരിയണമേയെന്ന് തന്നെ ആയിരുന്നു അപ്പോഴും ആഗ്രഹം. അവരെ നിരീക്ഷിക്കാൻ ഞാൻ തീരുമാനിച്ചു.
‘അവൻ പറഞ്ഞത് കേട്ടില്ലേ… അത് തന്നെയാണ് നല്ലത്… നമ്മളെ ക്കാളും ബുദ്ധിയുണ്ട് അവന്… അടുത്തേക്ക് വന്ന മോനെ പോലും കാണാൻ പറ്റിയില്ല. അത്രയ്ക്കും നീയെന്നെ പ്രശ്നത്തിലാക്കുന്നുണ്ട്… നമുക്ക് പിരിയാം.. അല്ലെങ്കിൽ, നിങ്ങളെയൊക്കെ ഞാനെന്തെങ്കിലും ചെയ്ത് പോകും…’
അച്ഛൻ പറഞ്ഞത് ഞാൻ വ്യക്തമായി കേട്ടു. പാവം. നല്ല വിഷമമുണ്ട്. കൂടുതൽ എത്തി നോക്കിയപ്പോൾ, നിങ്ങൾക്കെന്നെ വേണ്ടെങ്കിൽ പിരിയാമെന്ന് പറഞ്ഞ് അമ്മ കൈ കെട്ടി നിൽക്കുകയാണ്. അച്ഛൻ അമ്മയുടെ അടുത്തേക്ക് നടന്നു.
‘നിനക്കല്ലേ എന്നെ വേണ്ടാത്തത്… എങ്ങോട്ട് തിരിഞ്ഞാലും സംശയം… ശരിയാണ്. പണ്ട് അങ്ങനെ സംഭവിച്ചുപോയി… മോനേം കൂട്ടിയിട്ട് രണ്ട് വർഷമല്ലേ നീ നിന്റെ വീട്ടിൽ പോയി നിന്നത്. മാപ്പ് പറഞ്ഞതല്ലേ… പഴയതെല്ലാം പറഞ്ഞ് ഇങ്ങനെ സംശയിക്കാനാണെങ്കിൽ നീയെന്നോട് ക്ഷമിക്കേണ്ടായിരുന്നു… കൂടെ വരണ്ടായിരുന്നു…’
ശാന്തമായിട്ടാണ് അച്ഛനത് പറഞ്ഞ് തീർത്തത്. ആലോചിച്ചപ്പോൾ ശരിയാണെന്ന് എനിക്കും തോന്നി. ഒരിക്കൽ ക്ഷമിക്കപ്പെട്ട തെറ്റ് ആവർത്തിച്ച് ചൂണ്ടുന്നത് ശരിയായ കാര്യമല്ല. തിരുത്താനുള്ള സാഹചര്യം കൊടുക്കാതെ ക്ഷമിച്ചൂവെന്ന് പറഞ്ഞിട്ട് എന്ത് കാര്യം… അമ്മയുടെ മറുപടിക്കായി ഞാൻ കാത്തിരുന്നു.
‘പഴയത് പോലെ ആയിപ്പോകുമോയെന്ന പേടി കൊണ്ടാണ് ഞാൻ… നിങ്ങൾക്ക് എന്നെ വേണ്ടെങ്കിൽ മോൻ പറഞ്ഞത് പോലെ നമുക്ക് പിരിയാം… ‘
അങ്ങനെ കേട്ടപ്പോൾ എനിക്ക് സന്തോഷമായി. പക്ഷേ, അച്ഛന്റെ മറുപടി ഉയരുന്നത് വരെ മാത്രമേ അതിന് ആയുസ്സുണ്ടായുള്ളൂ. അച്ഛന് അമ്മയെ വേണം പോലും… വിട്ട് പോകരുത് പോലും… അവർ പരസ്പരം കെiട്ടിപ്പിടിക്കുന്നു… മുഖത്തോട് മുഖം ചേർത്ത് ഉiമ്മകൾ പകരുന്നു. എനിക്ക് നാണം വന്നു. തിരിച്ച് നടന്ന് ബെഡിൽ കിടുക്കുമ്പോൾ ചെറിയയൊരു നിരാശയുണ്ടായിരുന്നു. തലയിലെ വേദനയിലേക്ക് തടവിയപ്പോൾ രംഗം ആവർത്തിക്കുമോയെന്ന ഭയവും ഉണരുന്നുണ്ട്. എന്തായാലും എനിക്ക് വേണ്ടിയാണ് ഒരുമിച്ച് തുടരുന്നതെന്ന് ഇനിയാരും പറയില്ലല്ലോ….
മക്കൾ ഉണ്ടല്ലോയെന്ന കാരണം പറഞ്ഞ് പിരിയാതെ നിൽക്കുന്ന മാതാപിതാക്കളെ ആർക്കും കിട്ടരുത്. അവരിൽ നിന്ന് പരസ്പര അഭിനയവും, വിദ്വേഷവും, തമ്മിലടിയും, അല്ലാതെ മറ്റൊന്നും പഠിക്കാനില്ല. ക്ഷമിച്ചും പൊറുത്തും തുടരാൻ തീരുമാനിച്ച അച്ഛന്റെയും അമ്മയുടെയും കാര്യത്തിൽ എനിക്ക് വിശ്വാസമൊന്നുമില്ല. ഓർമ്മകളുടെ കല്ല് കടിയിൽ നിന്ന് പരസ്പരം കുത്തുവാക്കുകൾ എറിഞ്ഞ് പൊട്ടാതിരിക്കാൻ അവർക്ക് ഇനിയെങ്കിലും കഴിയട്ടെ..
അല്ലെങ്കിലും, ഏത് ബന്ധങ്ങളായാലും ആക്രമണത്തിലേക്ക് എത്തുമെന്ന് തോന്നുന്ന പൊരുത്തക്കേടുകൾ ആവർത്തിച്ചാൽ പിരിയുന്നതാണ് നല്ലത്. പിള്ളേരുള്ളത് കൊണ്ടാണ് പൊട്ടാതെ തുടരുന്നതെന്ന് പറയുന്നവരോട് യോജിപ്പില്ല. തന്റെ മക്കൾക്ക് ജീവിക്കാൻ മനോഹരമായ രണ്ട് ലോകത്തെ സമ്മാനിക്കുന്നതിൽ ആയിരിക്കണം ശ്രദ്ധ. സ്നേഹമുള്ള മാതാപിതാക്കൾ അങ്ങനെയാണ്. അമലിന്റെ പേരെന്റ്സിനെ പോലെ…!!!