കല്ലു പറയാറില്ലേ ജീവിതമാകുമ്പോൾ ഒരുപാട് വാശി കാണിക്കരുത്, അഡ്ജസ്റ്റ് ചെയ്യണമെന്നൊക്കെ….. അഡ്ജസ്റ്റ് ചെയ്ത് ചെയ്ത് എനിക്ക് ഭ്രാന്ത്‌ പിടിക്കുകയാണ് ഇപ്പോൾ….

പ്രണയ വിത്തുകൾ

എഴുത്ത്:- ശ്യാം കല്ലുകുഴിയിൽ

” നമുക്കങ്ങ് കെട്ടിയാൽ മതിയായിരുന്നു അല്ലേ കല്ലു…. “

‘ കല്ലു… ‘ വർഷങ്ങൾക്ക് ശേഷമാണ് നിമ്മിയുടെ വായിൽ നിന്ന് ആ വിളി ഞാൻ കേൾക്കുന്നത്,  ഇതുപോലെ അവളുടെ കല്യാണ പന്തലിൽ വച്ചാണെന്ന് തോനുന്നു അവൾ അവസാനം വിളിച്ചത്, അതിൽ പിന്നേ വേറെയാരും എന്നെ ആ പേര് വിളിച്ചിട്ടില്ല അല്ലെങ്കിലും ആ പേര് വിളിക്കാനുള്ള സ്വാതന്ത്ര്യം അവൾക്ക് മാത്ര മായിരുന്നു…

” ഒന്നുമില്ലേലും എനിക്ക് ഞാനായി തന്നെ ജീവിക്കാമായിരുന്നു കല്ലു… ഈ അഭിനയമാണ്…… “

അത് പറഞ്ഞു മുഴുവിക്കാതെ നിമ്മി ചിരിക്കുമ്പോൾ ആ ചിരിയുടെ പിന്നിലെ വേദന എനിക്ക് മനസ്സിലാകുന്നുണ്ടായിരുന്നു….

” കല്ലു പറയാറില്ലേ ജീവിതമാകുമ്പോൾ ഒരുപാട് വാശി കാണിക്കരുത്, അഡ്ജസ്റ്റ് ചെയ്യണമെന്നൊക്കെ….. അഡ്ജസ്റ്റ് ചെയ്ത് ചെയ്ത് എനിക്ക് ഭ്രാന്ത്‌ പിടിക്കുകയാണ് ഇപ്പോൾ…. “

” എന്താടി പറ്റിയെ നിനിക്ക്…. “

അവൾ പറഞ്ഞു തീരും മുന്നേ ഞാൻ കയറി ചോദിച്ചു….

” പറയാനാണെങ്കിൽ ഒരു മൂന്ന് നാല് വർഷത്തെ കാര്യങ്ങൾ പറയാനുണ്ട് മോനെ…. അവളുടെ കല്യണമൊന്ന് കഴിഞ്ഞോട്ടെ ആദ്യം….”

ഞാൻ എന്തേലും ചോദിക്കും മുന്നേ അത് പറഞ്ഞവൾ തിരിഞ്ഞ് നടന്നു…

” ഉറക്കം കളയാതെ പോയി കിടന്ന് ഉറങ്ങാൻ നോക്ക് ചെക്കാ… “

തിരിഞ്ഞ് നിന്നവൾ പറയുമ്പോൾ  ആ മുഖത്ത് പഴയ കുസൃതി നിറഞ്ഞ ചിരി വന്നിരുന്നു, ഒരു ചിരിയോട് കൂടി അവൾക്ക് കൈ വീശി കാണിച്ച് ഞാനും വീട്ടിലേക്ക് നടന്നു…

നാലു വർഷങ്ങൾക്ക് മുൻപുള്ള രാത്രികളെ പോലെ ഈ രാത്രിയും ഉറക്കം കെടുത്തിയത് നിമ്മിയെ കുറിച്ചുള്ള ചിന്തകളായിരുന്നു. അടുത്തടുത്ത വീടുകളിൽ ജനിച്ച്, ഒരുമിച്ചു കളിച്ചു, പഠിച്ചു വളർന്നവർ…


കുഞ്ഞു നാളിലെങ്ങനെയോ അവളുടെ വായിൽ വന്നതാണ് കല്ലു, പിന്നെയവൾ ആ വിളി സ്ഥിരമാക്കി. ആദ്യം ഇഷ്ടമായിരുന്നില്ലെങ്കിലും പതിയെ ഞാനും ആ വിളി ഇഷ്ടപ്പെട്ടു തുടങ്ങി, പിന്നെ ആ വിളികേൾക്കാൻ മാത്രം കാതോർത്തിരുന്ന ദിവസങ്ങൾ…

ഉള്ളിലെവിടെയോ മൊട്ടിട്ട പ്രണയം, വളർന്ന് പന്തലിക്കുന്നത് അറിഞ്ഞിട്ടും അറിയാത്ത ഭാവത്തിൽ ജീവിച്ചവർ, ഒരാൾക്ക് വേദനിക്കുമ്പോൾ മറ്റൊരാളുടെ കണ്ണ് നിറയുന്നത് സ്നേഹം കൊണ്ടാണോ എന്ന് ചോദിച്ചപ്പോൾ സന്തോഷം കൊണ്ടാണെന്നു പറഞ്ഞു പൊട്ടി ചിരിച്ചവർ,  രാവേറെയും മടുപ്പ് കൂടാതെ സംസാരിച്ചിരുന്നവർ, പരസ്പരം പറയാതെ സ്നേഹിച്ചവർ…

” നിന്നെ ഞാൻ കെട്ടിക്കോട്ടേടി.. “

എന്ന് ചോദിച്ച രാത്രിയാണ് ആദ്യമായി വാക്കുൾക്കിടയിൽ ഇടവേള  ജനിച്ചത്…

” അതൊന്നും നടക്കൂല കല്ലു, വെറുതെ ഒരോ ആഗ്രഹം തന്നിട്ട് അവസാനം വേദനിപ്പിക്കാൻ എനിക്ക് കഴിയില്ല…. “

ആ മറുപടിയ്ക്ക് ശേഷം ഞാനോ അവളോ അതേ കുറിച് സംസാരിച്ചിട്ടില്ല….


അവൾക്ക് വരുന്ന കല്യാണ ആലോചനകൾ ആദ്യം പറയുന്നത് എന്നോടാകും, ഓരോന്ന് പറയുമ്പോഴും പുറമെ ചിരിച്ചും ഉള്ളിൽ നടക്കരുതേയെന്ന് പ്രാർത്ഥിച്ചത് അവളെ ജീവിതത്തിലൊപ്പം കൂട്ടാനുള്ള ആഗ്രഹം കൊണ്ട് തന്നെയാണ്…

അന്നും ഉറക്കത്തിലേക്ക് വീഴും വരെ അവളുടെ ചിന്തകൾ ഒരേസമയം മനസ്സിനെ വേദനിപ്പിച്ചു സന്തോഷിപ്പിച്ചും കടന്ന് പൊയ്ക്കൊണ്ടിരുന്നു….

പിറ്റേന്ന് അനിയത്തിയുടെ കല്യാണത്തിന് ഓടി നടക്കുന്ന നിമ്മിയെ ഞാൻ മാറി നിന്ന് നോക്കി കാണുകയായിരുന്നു, പഴയ മടിച്ചിയിൽ നിന്ന് ഒരുപാട് മാറിയിരിക്കുന്നു  പെണ്ണ്, അവളുടെ അച്ഛനെക്കാൾ ഉത്തരവാദിത്വത്തോടെ ഓരോന്ന് അവളാണ് ചെയ്യുന്നത്….

” മടുത്തെന്റെ കല്ലു… “

താലി കെട്ട് കഴിഞ്ഞണ് അവൾ അതും പറഞ്ഞ് എനിക്കരികിലെ ഒഴിഞ്ഞ കസേരയിൽ വന്നിരുന്നത്, ഒരു ചിരിയോടെ ഞാൻ അവളെ നോക്കിയിരുന്നു….

” എന്താടാ ചിരിക്കുന്നേ…”

എന്റെ തോളിൽ ഒരു തട്ടും തന്നവൾ ചോദിക്കുമ്പോൾ ഞാൻ ഒന്നുമില്ലെന്ന് തലയാട്ടി ഇരുന്നു…

” പഴയ മടിച്ചി ഒന്നും അല്ല നി ആളങ്ങു മാറിയല്ലോ… “

” ആഗ്രഹം കൊണ്ടൊന്നും അല്ല കല്ലു, നിവർത്തികേട് കൊണ്ടാണ്… ഇവളുടെ കല്യാണം ആയിരുന്നു സ്വപ്നം,… “


നിമ്മി പറയുമ്പോൾ ഒരു മൂളലോടെ ഞാൻ കേട്ടിരുന്നു…


” അവൾക്ക് ഇഷ്ടപ്പെട്ട ആള്, അവൾ ആദ്യം പറഞ്ഞതും എന്നോടാ, നല്ല പയ്യനാണ് പിന്നേ ഒന്നും ചിന്തിച്ചില്ല അല്ലെങ്കിലും നമ്മളെ മനസ്സിലാകുന്ന ഒരാളെ അല്ലേ ജീവിതത്തിൽ എന്നും കൂടെ വേണ്ടത്…. “

ഒരു ദീർഘ നിശ്വാസത്തോടെയാണ് നിമ്മി അത് പറഞ്ഞത്…

” നമുക്ക് അങ്ങനെ പറയാൻ ഒരാൾ ഇല്ലാതായിപ്പോയി അല്ലേ,  കല്ലു….. “

ചിരിച്ചു കൊണ്ടാണ് അവൾ പറഞ്ഞതെങ്കിലും ഉള്ളിലെ വേദന വാക്കുകളിൽ ഉണ്ടായിരുന്നു..

” കല്ലു ഒരുപാട് മാറിപ്പോയി, പഴയത് പോലെ കളിയോ ചിരിയോ, തമാശയോ ഒന്നുമില്ല ഇപ്പോൾ… “

ഞാൻ എന്തേലും പറയാൻ തുടങ്ങുമ്പോഴേക്കും ഫോട്ടോ എടുക്കൻ നിമ്മിയെ വിളിക്കുന്നു ണ്ടായിരുന്നു, പിന്നേ കാണാമെന്ന് പറഞ്ഞവൾ പോകുമ്പോൾ വീണ്ടും ഒറ്റപ്പെട്ട അവസ്ഥ….

” കല്ലു ഇല്ലേ അമ്മേ… “

വൈകുന്നേരം ഉമ്മറത്ത് നിമ്മിയുടെ ശബ്ദം കേട്ടാണ് ഞാൻ കിടക്കയിൽ നിന്ന് എഴുന്നേറ്റത്…

” ഇവിടെയുണ്ടോ ആള്… ഒന്ന് വന്നേ കല്ലു ഒന്ന് രണ്ട് സ്ഥലത്തു പൈസയൊക്കെ കൊടുക്കാൻ പോണം… “

ഉമ്മറത്തേക്ക് വന്ന എന്നെ കണ്ടതും നിമ്മി പറഞ്ഞു…

” ഞാനൊന്ന് ഫ്രഷ് ആയി വരാം… “

മനസ്സില്ലാ മനസ്സോടെയാണ് ഞാൻ അത് പറഞ്ഞത്, പിന്നെയും തനിച്ച് ആകുന്ന അവസ്ഥയെ ഞാൻ അത്രയേറെ വെറുത്തിരുന്നു..

” വാ കയറ്… “

ഞാൻ ചെല്ലുമ്പോഴേക്കും അവൾ അവളുടെ സ്കൂട്ടറിൽ കയറിയിരുന്നു..

” ഇതിലാണോ എന്നാ ഞാൻ ഓടിക്കാം… “

” എന്താ എന്റെ പുറകിൽ ഇരിക്കാൻ ചമ്മലാണോ… “

അത് പറഞ്ഞവൾ നോക്കുമ്പോൾ ചിരിയോടെ ഞാൻ പുറകിൽ കയറി ഇരുന്നു..

പോകുന്ന വഴിയിൽ ഞാനോ അവളോ ഒന്നും മിണ്ടിയില്ല, റോഡിന്റെ വശം ചേർന്നുള്ള വല്യ മരവും അതിന്റെ വശത്ത് ഇരിക്കാൻ ആരോ ഇട്ടിരുന്ന ഒടിഞ്ഞ പോസ്റ്റുമുള്ള പണ്ട് ചെന്ന് ഇരിക്കാറുള്ള സ്ഥലത്തവൾ വണ്ടി നിർത്തിയപ്പോൾ ഞാൻ അവളെ നോക്കി, ഇറങ്ങിക്കോ എന്നവൾ തല കൊണ്ട് ആംഗ്യം കാണിക്കുമ്പോൾ ഞാനിറങ്ങി ഒപ്പം അവളും…

”  എന്നാ രണ്ട് കോഫീ ആയാലോ…. “

എനിക്കൊപ്പം അവൾ ഇരിക്കുമ്പോൾ ഞാൻ ചോദിച്ചു, ആകാം എന്നവൾ തലയാട്ടുമ്പോൾ റോഡിനു മറുവശമുള്ള ചെറിയ കടയിലേക്ക് ഞാൻ നടന്നു,  തിരികെ രണ്ട് കയ്യിലും ഗ്ലാസും പിടിച്ചവളുടെ അരികിലെത്തുന്നത് വരെ അവൾ എന്നിൽ നിന്ന് കണ്ണെടുത്തിരുന്നില്ല….

” എവിടെയോ പൈസ കൊടുക്കാൻ ഉണ്ടെന്ന് പറഞ്ഞിട്ട്…. “

കോഫീ ഊതിയാറ്റി കുടിക്കുമ്പോൾ ഞാൻ ചോദിച്ചു…

” അത് വെറുതെ ആണെന്ന് മോന് അപ്പോഴേ മനസ്സിലായതാണല്ലോ…”

അത് പറഞ്ഞവൾ ചിരിക്കുമ്പോൾ ഞാനും ചിരിച്ചു…..

അപ്പോഴേക്കും ശബ്ദിച്ച അവളുടെ മൊബൈൽ നോക്കി സൈലന്റിലാക്കി വച്ചു , പിന്നെയും ശബ്ദിച്ചപ്പോൾ ഫോൺ സ്വിച് ഓഫ്‌ ആക്കി ബാഗിൽ വച്ചുകൊണ്ട് കുറച്ചു പേപ്പറുകൾ പുറത്തേക്ക് എടുത്തു…

”  കണ്ടോ ഇതിലാണെന്റെ സ്വാതന്ത്ര്യം … “

” എന്താ ഇത്…. “

അവൾ ചിരിച്ചുകൊണ്ട് എനിക്ക് നേരെ നീട്ടിയ കടലാസുകളിൽ നോക്കി ചോദിച്ചു…

” എന്റെ അച്ഛനമ്മമാർ കണ്ടു പിടിച്ച വെൽ എജകേറ്റഡ് ആയ മരുമകനിൽ നിന്നുള്ള സ്വാതന്ത്ര്യം… “

” നി എന്താ ഈ പറയുന്നേ… “

ഒന്നും മനസ്സിലാകാതെ ഞാൻ ചോദിച്ചു….

” കല്ലു പ്ലീസ്….. ഉപദേശിച്ചെന്റെ മനസ്സ് മാറ്റരുത്,.. “

അവളത് പറയുമ്പോൾ ഞാൻ മിണ്ടാതെ ഇരുന്നു….

” അത്രയധികം സഹിച്ചു കഴിഞ്ഞു കല്ലു. പുറമെ നിന്ന് കാണുന്നത് പോലെ ആകില്ലല്ലെ ഓരോ മുനുഷ്യന്റെയും ഉള്ളിൽ…..

ഒരു മാതിരി സൈiക്കോ ആയിരുന്നു അയാൾ, കല്യാണത്തിന്റ അന്ന് രാത്രി തന്നെ എനിക്കത് മനസ്സിലായി… പിന്നേ കല്ലു പറയാറുള്ളത് പോലെ അഡ്ജസ്റ്റ് ചെയ്തു, ഞാൻ താഴ്ന്നു കൊടുക്കുന്തോറും അയാൾ ഒരുമാതിരി ഭ്രാന്തനെ പോലെ…..

എന്നെകൊണ്ട് പറ്റാഞ്ഞിട്ട കല്ലു…. ഞാൻ അത്രേം ക്ഷമിച്ചു സഹിച്ചു, ആരോടും ഒന്നും പറയാനും, മിണ്ടാനും കഴിയാതെ, അനിയത്തിയോട് പറഞ്ഞപ്പോ അവൾ പറയുകയാ, എന്റെ കല്യാണം വരെ എങ്ങനെയെങ്കിലും അഡ്ജസ്റ്റ് ചെയ്യാൻ….. “

അത് പറഞ്ഞു കഴിഞ്ഞതും അവൾ  തല കുമ്പിട്ടു പൊട്ടി കരഞ്ഞു തുടങ്ങി, എന്ത് പറയണം എന്നറിയാതെ അവളുടെ തോളിൽ തട്ടി ഞാനും ഇരുന്നു…

” അയാൾക്ക് ഭാര്യയെ അല്ല ഒരു അiടിമയെ ആണ് വേണ്ടത്, അതിപ്പോ കിടപ്പറയിൽ ആയാലും, എത്രയോ ദിവസം കരഞ്ഞു കൊണ്ട് ബാത്‌റൂമിൽ ഇരുന്ന് നേരം വെളുപ്പിച്ചിട്ടുണ്ട് ഞാൻ…. “

” മതി നിമ്മി നി ഒന്നും പറയേണ്ട…”

പിന്നെയവൾ പറയുന്നത് കേൾക്കാനുള്ള ശക്തി ഇല്ലാതെ ഞാനവളെ ചേർത്ത് പിടിച്ചു, ഉള്ളിലെ സങ്കടം തീരുന്നത് വരെ അവളെന്റെ നെഞ്ചിൽ മുഖം ചേർത്ത് പൊട്ടി കരഞ്ഞു….

മനസ്സിന് ഒരാശ്വാസം വന്നപ്പോഴാകും എന്റെ കരവലയത്തിൽ നിന്ന് മാറി മുഖം തുടച്ച്  തല കുമ്പിട്ടവൾ ഇരുന്നത്….

” സംഭവിച്ചതൊക്കെ സംഭവിച്ചു, നിനക്ക് നല്ലൊരു ജോലി ഉണ്ടല്ലോ പിന്നേ ആരെ പേടിക്കാൻ ആണ് നിനക്ക് തല ഉയർത്തി തന്നെ ജീവിക്കാം… “

അവളപ്പോഴും തല കുമ്പിട്ട് തന്നെയിരുന്നു.. അപ്പോഴേക്കും  എന്റെ മൊബൈൽ ശബ്ദിച്ചു തുടങ്ങി…


” നിന്റെ അമ്മയാണ്… “

ഞാനത് പറഞ്ഞു മൊബൈൽ നീട്ടുമ്പോൾ സ്ക്രീനിലേക്കും  എന്റെ മുഖത്തേക്കും മാറി മാറി നോക്കി ചിരിച്ചു കൊണ്ടവൾ ഫോൺ അറ്റാൻഡ് ചെയ്തു..

” അമ്മേ ഞങ്ങൾ ഇപ്പോൾ എത്തും… “

അത് പറഞ്ഞു കാൾ കട്ട് ആക്കി അവൾ സ്ക്രീനിലേക്ക് നോക്കി…

” എന്റെ കല്ലു പണ്ടെങ്ങോ തമാശയ്ക്ക് പറഞ്ഞതല്ലേ പരസ്പരം പേര് മാറ്റി സേവ് ആക്കാൻ എന്നിട്ട് ഇപ്പോഴും കല്ലു ന്ന് ഉള്ളത് മാറ്റിയില്ലേ…”

”  അങ്ങനെ മാറ്റം ഇല്ലാത്ത പലതും ഇപ്പോഴും ഉണ്ട്… “

ഒരു ചിരിയോടെ പറഞ്ഞു പോകാൻ എഴുന്നേൽക്കുമ്പോൾ അവളും എഴുന്നേറ്റു. ഗ്ലാസ്‌ തിരികെ കൊടുത്ത് പൈസയും കൊടുത്ത് വരുമ്പോൾ വണ്ടിയുടെ താക്കോൽ എനിക്ക് നേരെ നീട്ടിയവൾ നിന്നു…

വണ്ടി മുന്നോട്ട് പോകുമ്പോൾ അവളുടെ കൈകൾ എന്റെ വiയറിൽ അമരുകയും താടിയെന്റെ തോളിൽ വച്ച് എനിലേക്ക് ചേർന്ന്  ഇരിക്കുകയും ചെയ്തു…

” അതേ വീട് എത്താറായി നേരെ ഇരിക്ക്… “

വീടിന്റ അടുത്ത് ചെന്നപ്പോഴാണ് അവളുടെ കയ്യിൽ തട്ടി ഞാൻ പറഞ്ഞത്…

” ശോ ഇത്ര വേഗം എത്തിയോ, നമുക്ക് ഒന്നൂടെ കറങ്ങി വന്നാലോ… “

കള്ള ചിരിയോടെ അവൾ ചോദിക്കുമ്പോൾ ഞാൻ ആ ചെവിയിൽ മെല്ലെ പിടിച്ചു വലിച്ചു….

” ഇനീം സമയം ഉണ്ടല്ലോ ഇടയ്ക്ക് ചുറ്റി കറങ്ങാം… “

അത് പറഞ്ഞു ചിരിക്കുമ്പോൾ അവളും ചിരിച്ചു ഞാൻ വണ്ടി പിന്നെയും മുനിലേക് എടുത്തു, വീട് എത്തുമ്പോൾ ബന്ധുക്കളും നാട്ടുകാരും ഒക്കെ പോയി കഴിഞ്ഞിരുന്നു….

” താങ്ക്സ് കല്ലു… “

അത് പറഞ്ഞാവൾ കവിളിൽ ഉമ്മ തന്ന് ഇറങ്ങുമ്പോൾ ആ കൈകളിൽ ഞാൻ മുറുക്കേ പിടിച്ചു…

” ഞാനുണ്ടാകും കൂടെ.. “

അത് പറയുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു,…

” അതറിയാം, ഇപ്പോൾ കൈ വിടടാ  വേദനിക്കുന്നു… “

എന്റെ കൈ വിടുവിച്ചവൾ വീട്ടിലേക്ക് കയറും മുന്നേ ഒന്ന് കൂടി തിരിഞ്ഞ് നിന്നെന്നെ നോക്കി. മനസ്സിലെങ്ങോ കരിഞ്ഞുണങ്ങി പോയ പ്രണയത്തിന്റെ വിത്തുകൾ പിന്നെയും തളിർക്കുന്നത് ഞാൻ അറിഞ്ഞിരുന്നു…..

Leave a Reply

Your email address will not be published. Required fields are marked *