അന്നൊരുനാളിൽ.
എഴുത്ത്:-നവാസ് ആമണ്ടൂർ
അബുവിന്റെ മനസ്സിലൊരു സ്വപ്നമുണ്ട്. ആ സ്വപ്നം ജീവിതമാക്കാൻ എത്രയൊക്കെ കഷ്ടപ്പെടാനും അവൻ ഒരുക്കമാണ്. ആരുടെ യൊക്കെയോ സഹായം കൊണ്ടാണ് ഗൾഫിൽ പോകാനുള്ള അവസരം അവനെ തേടിയെത്തിയത്. രണ്ടാമതൊന്ന് ചിന്തിക്കാതെ അവൻ കടൽ കടന്നു.
അബുവിന്റെ കളിക്കൂട്ടുകാരി ഷംലയോട് അവന് പ്രണയമായിരുന്നു. കുട്ടിക്കാലത്ത് എപ്പോഴോ എന്തിനോ തോന്നിയൊരു ഇഷ്ടം അവളോടുള്ള പ്രണയമായി അവന്റെ ഒപ്പം വളർന്നു. ഒരു നേരം പോലും നേരെ ചൊവ്വേ അടുപ്പ് പുകയാത്ത ദാരിദ്ര്യത്തിന്റെ നടുവിൽ ജീവിക്കുന്ന അബു കണ്ട വലിയ സ്വപ്നമാണ് ഷംല. അവളെ സ്വന്തമാക്കാനുള്ള മോഹവുമായി ഇരുപതാമത്തെ വയസിൽ ഷംലയോട് കാത്തിരിക്കാൻ പറഞ്ഞു നാട്ടിൽ നിന്നും പോന്നതാണ്.. കുറച്ചു പണമുണ്ടാക്കി ഗൾഫുകാരനായി നാട്ടിൽ ചെന്നാൽ അവനുറപ്പുണ്ട് ഷംലയുടെ ഉപ്പ കല്യാണത്തിന് സമ്മതിക്കുമെന്ന്.
കുബ്ബൂസ് ഉണ്ടാക്കുന്ന കമ്പനിയിലാണ് അവന് ജോലി കിട്ടിയത്. ജോലിയിൽ കാണിക്കുന്ന ആത്മാർത്ഥത കൊണ്ടാണ് അഞ്ച് വർഷങ്ങൾ കൊണ്ട് കമ്പനിയുടെ അമരക്കാരനായി അവൻ മാറിയത് അറബിക്ക് അവനെ ഇഷ്ടമാണ്. അവന്റെ സംസാരവും എന്ത് പണി ഏൽപ്പിച്ചാലും ചെയ്തു തീർക്കാനുള്ള ഉത്സാഹവും കൊണ്ട് അവൻ അയാളുടെ വിശ്വസ്ഥനായി. അറബിയോട് പലപ്പോഴായി ഷംലയെ കുറിച്ചു പറഞ്ഞു. ഷംലയെ കുറിച്ചു പറയുമ്പോൾ അവന്റെ കണ്ണുകളിലെ തിളക്കം കണ്ട് അറബി അവനെ നോക്കി ചിരിച്ചു.
“എത്ര കൊല്ലം കഴിഞ്ഞാലും അവൾ എനിക്ക് വേണ്ടി കാത്തിരിക്കും. എനിക്കതുറപ്പുണ്ട്.”
അബുവിന്റെ ആ ഉറപ്പ് അവന്റെ പ്രണയം നൽകിയ വിശ്വാസമാണ്. അബു ഉപ്പാക്ക് കത്തെഴുതി, അവനു വേണ്ടി ഷംലയെ ചോദിക്കണമെന്ന്. ഗൾഫുകാരന്റെ ആലോചന ഷംലയുടെ വീട്ടുകാർ സ്വീകരിച്ചു. നാട്ടിൽ കല്യാണം ഉറപ്പിച്ചു. അവൻ സ്വപ്നം കണ്ട നിക്കാഹിന് ദിവസവും കുറിക്കപ്പെട്ടു.
നാട്ടിൽ നിന്നും വന്ന കത്തിൽ നിക്കാഹ് ഉറപ്പിച്ചതൊക്കെ വായിക്കുന്ന നേരം സന്തോഷം കൊണ്ട് അബുവിന്റെ കണ്ണുകൾ നിറഞ്ഞു. വായിച്ചു കഴിഞ്ഞ കത്തുമായി അവൻ അറബിയുടെ അരികിലെത്തി കാര്യം പറഞ്ഞു.
അറബി സ്നേഹത്തോടെ അവനെ ചേർത്തു പിടിച്ചു ദൈവത്തോട് നന്ദി പറഞ്ഞു. ആ സന്തോഷസമയത്ത് അവന് അറബിയുടെ വക ഒരു സമ്മാനം കൂടി ഉണ്ടായിരുന്നു. അത് ഷംലക്കുള്ള വിസയായിരുന്നു.
“നമ്മുടെ സ്നേഹം അറിഞ്ഞു കൊണ്ടാണ് നിക്കാഹ് കഴിഞ്ഞു തിരിച്ചു പോരുമ്പോൾ നിന്നെയും കൂട്ടാൻ അറബി വിസ തരാമെന്ന് പറഞ്ഞത്. എവിടെയായാലും ഇനി മരിക്കുവോളം നമ്മൾ ഒരുമിച്ചായിരിക്കണം മോളേ.. നീ വീട്ടിൽ ഉപ്പയോട് പറഞ്ഞ് പാസ്പോർട്ട് എടുക്കണം.”
അബു എഴുതിയ കത്ത് വായിച്ച ഷംല വിടർന്ന മുഖത്തിൽ വിരഞ്ഞ നാണത്തോടെയുള്ള പുഞ്ചിരിയോടെ കത്ത് ഉമ്മയുടെ നേരെ നീട്ടി.
“ദേ ഇത് കണ്ടാ .. നമ്മടെ മോൾക്ക് പടച്ചോൻ തന്ന ഭാഗ്യം.”
ഉപ്പയും ഉമ്മയും ഷംലയെ കൂട്ടിപ്പിടിച്ചു. വല്ലാത്തൊരു സന്തോഷം അവരുടെയൊക്കെ മുഖത്തുണ്ട്.
“നിനക്ക് അറിയോ… ഈ നാട്ടിൽ ഒരാളും ഭാര്യയെ അക്കരക്ക് കൊണ്ടോയിട്ടില്ല.എല്ലാം നമ്മളെ മോളെ ഭാഗ്യം.”
ഈ നാട്ടിൽ ആദ്യമായിട്ടാണ് ഒരു ഭർത്താവ് ഭാര്യയെ പേർഷ്യയിലേക്ക് കൊണ്ട് പോകുന്നത്. നിക്കാഹിനു മുൻപേ ആ വിവരം നാട്ടിൽ പാട്ടായി. പെണ്ണുങ്ങൾ ഷംല ഭാഗ്യവതിയാണെന്ന് പറഞ്ഞു. ഒരു രാജകുമാരിയുടെ ചേലിൽ അവൾ തിളങ്ങി.
അബു ഗൾഫുകാരനായി നാട്ടിൽ വന്നു. നല്ലൊരു മുണ്ട് പോലും ഇല്ലായിരുന്ന അവൻ പാന്റ് ഇട്ടു. ഓല മേഞ്ഞ പുര പൊളിച്ചു ഓടിട്ട നല്ലൊരു വീട് ഉണ്ടാക്കി. ബ്രൂട്ടിന്റെ സ്പ്രേയുടെ മണവും, പാട്ട് പെട്ടിയിൽ നിന്നും കേൾക്കുന്ന മാപ്പിളപ്പാട്ടിന്റെ ഈരടികളും നാട്ടുകാർക്ക് പുതിയ അനുഭവമായി. അസൂയയോടെ നോക്കുന്ന കണ്ണുകൾക്ക് മുൻപിൽ ഒരു വിജയിയെ പോലെ അവൻ നടന്നു.
അബു വന്നു ഒരു മാസം കഴിഞ്ഞു നിക്കാഹ്. അബുവിന്റെയും ഷംലയുടെയും നിക്കാഹ് വലിയൊരു ആഘോഷം പോലെയാണ് നടന്നത്.. ഒരുങ്ങി നിന്ന മണവാട്ടിയെക്കാൾ മണവാളൻ തിളങ്ങിയ ദിവസം. പെണ്ണുങ്ങൾ ആരാധനയോടെ അബുവിനെ നോക്കി നിന്നു. കല്യാണപ്പന്തലിലും ചർച്ചയായത് ഷംലയുടെ പേർഷ്യപ്പോക്ക് തന്നെ.
രാത്രിയായി. മണിയറ വാതിലുകൾ തുറന്നു നാണത്തോടെ ഷംല മുറിയിലേക്ക് കയറി. അബു അവളുടെ കൈ പിടിച്ചു അവന്റെ അരികിൽ ഇരുത്തി.
“എന്നെ ശെരിക്കും കൊണ്ടോവോ…?”
“പിന്നെ… കൊണ്ടോവാതെ.. നാളെത്തന്നെ നിന്റെ പാസ്പോർട്ട് ട്രാവൽസിൽ കൊടുക്കണം.”
ആദ്യരാത്രിയുടെ നാണത്താൽ അവനോടു ചേർന്നിരുന്ന അവളുടെ കവിളിൽ അവൻ ചുംബിച്ചു.
“നീ എന്റെതാകുന്ന ഈ രാവും പകലും എത്ര മനോഹരമാണ് മോളെ. ഇത്രയും സന്തോഷം തോന്നുന്ന വേറെയൊരു ദിവസം എന്റെ ജീവിതത്തിൽ ഉണ്ടാകില്ല. അത്രക്ക് ഇഷ്ടമാണ് എനിക്ക് ഈ പെണ്ണിനെ.”
പുതുമോടി കഴിയും മുൻപേ വിസ അടിച്ചു വന്നു. പോകാനുള്ള ടിക്കറ്റും കിട്ടി.അബു പറഞ്ഞത് പോലെ എല്ലാം നടന്നതിൽ എല്ലാവർക്കും സന്തോഷം. അബുവിന്റെ വീട്ടിൽ ആളും ബഹളവും. ഷംലയുടെ വീട്ടുകാരും അയൽവാസികളും എല്ലാവരും ഉണ്ട്. രണ്ടുപേർക്കും കൊണ്ടുപോകാൻ ഉള്ളതെല്ലാം എടുത്തുവെക്കുന്നുണ്ട്. അച്ചാറും പലഹാരങ്ങളും അവൾക്കും അവനുമുള്ള തുണിത്തരങ്ങളും അവിടെ ഇട്ട് നടക്കാനുള്ള ചെരിപ്പ് പോലും ആ പെട്ടിയിൽ ഉണ്ട്.
“വെളുപ്പിന് കാർ വരും. കാറിൽ റെയിൽവേ സ്റ്റേഷൻ വരെ. അവിടെന്നു ബോംബെക്കുള്ള ട്രെയിൻ കയറണം.ഒരു ദിവസം ബോംബെയിൽ നിൽക്കണം. പിറ്റേന്നാണ് വിമാനം ഉള്ളത്. എല്ലാം ട്രാവൽസിൽ നിന്ന് ചെയ്തിട്ടുണ്ട്.”
അബുവിന്റെ വാപ്പയാണ് എല്ലാവരോടും കാര്യങ്ങൾ പറയുന്നത്. എല്ലാം നോക്കി മിണ്ടാതെ നിൽക്കുന്നുണ്ട് അബു.
“നിങ്ങൾ പോയി കിടന്നോളു… നാളെ നേരത്തെ എണീക്കാൻ ഉള്ളതല്ലേ.”
ആ രാത്രി ആരും ഉറങ്ങിയിട്ടില്ല. കട്ടൻ ചായയുടെ മധുരത്തിന്റെ ഒപ്പം പല കഥകളും പറഞ്ഞു വീട്ടുകാർ നേരം വെളുപ്പിച്ചു. ഷംലക്കും ഉറക്കം വന്നില്ല. ട്രെയിനിൽ കയറുന്നതും വിമാനത്തിൽ പറക്കുന്നതും പേർഷ്യയിൽ പോയി ഇറങ്ങുന്നതുമെല്ലാം മനസ്സിൽ കണ്ട് അവൾ അവനെ കെട്ടിപ്പിടിച്ചു അങ്ങനെ കിടന്നു.
“നിനക്ക് വിഷമം ഉണ്ടോ…?”
“എന്തിനു..”
“നാട്ടിൽ നിന്ന് പോകാൻ…”
“ഇല്ല… ഞാൻ എന്റെ ഇക്കയുടെ ഒപ്പമല്ലേ പോകുന്നത്… പിന്നെ എന്തിനാ വിഷമം.”
നേരം പുലർന്നു.അവർക്ക് പോകാനുള്ള കാർ വന്നു. ഉപ്പയും ഉമ്മയും സഹോദരങ്ങളും കെട്ടിപ്പിടിച്ചും മുത്തം കൊടുത്തും സലാം പറഞ്ഞും അവരെ യാത്രയാക്കി. നാട്ടിൽ നിന്ന് ഒരു പുലർച്ചെ തുടങ്ങിയ അവരുടെ യാത്ര ഗൾഫിലെ എയർപോർട്ടിൽ എത്തി.
അതിശയത്തോടെ ഷംലയുടെ കണ്ണുകൾ വിടർന്നു.. അവൾ ചുറ്റിലും നോക്കിക്കൊണ്ട് അബുവിന്റെ കൈപിടിച്ച് എയർപോർട്ടിന്റെ പുറത്തേക്ക് നടന്നു. അബു ഒരു ടാക്സി വിളിച്ചു. സാധനങ്ങൾ പൊക്കിയെടുത്തു കാറിൽ വെച്ചു. കുറച്ചധികം ദൂരം യാത്രയുണ്ട് ജോലി സ്ഥലത്തേക്ക്.
ഷംലയും അബുവും കാറിൽ കയറിയിരുന്നു. കാർ മുന്നോട്ടു പോയി. നഗര കാഴ്ചകൾ കണ്ണിൽ നിന്നും മറഞ്ഞു. ആളും അനക്കവും ഇല്ലാതെ പരന്നു കിടക്കുന്ന മരുഭൂമി. ചിലയിടത്ത് ഒട്ടകക്കൂട്ടങ്ങളെ കാണുന്നുണ്ട്. കുറേ ദൂരം ഓടിക്കഴിഞ്ഞ് ഒരു പെട്രോൾ പമ്പ് എത്തിയപ്പോൾ ഡ്രൈവർ കാർ നിർത്തി.
ഷംലയും അബുവും കാറിൽ നിന്നും ഇറങ്ങി അടുത്ത കടയിൽ പോയി വെള്ളവും കേക്കും വാങ്ങി കാറിലേക്ക് വന്നു. ആരാണെന്നോ ഏത് നാട്ടുകാരൻ ആണെന്നോ അറിയാത്ത കാറിന്റെ ഡ്രൈവർക്കും അവർ കഴിക്കാൻ വാങ്ങിക്കൊടുത്തു. അവിടെ നിന്നും കാർ മുന്നോട്ട് പോയപ്പോൾ അബുവിന്റെ തോളിൽ ചാരിക്കിടന്ന് ഷംല ഉറങ്ങി. ഇടക്കിടെ കണ്ണാടിയിലൂടെ ഷംലയെ ഡ്രൈവർ നോക്കുന്നത് അബു കണ്ടില്ല.
പിന്നെയും കുറേ ദൂരം ഓടി. വൈകുന്നേരമായി. അന്തരീക്ഷത്തിൽ മഴക്കാറ് പോലെ ഇരുൾ മൂടി. മരുഭൂമിയിൽ പൊടിക്കാറ്റ് വീശാൻ തുടങ്ങി. തൊട്ട് മുൻപിലെ കാഴ്ചയെ പോലും മറക്കുന്ന പൊടിക്കാറ്റ്. മരുഭൂമിയിലെ മണൽ തരികളെ കാറ്റ് കറക്കിയെടുത്തു വീശിയടിച്ചു. കാറ്റിൽ കാഴ്ച മറഞ്ഞപ്പോൾ മുന്നോട്ട് പോകാൻ കഴിയാതെ അടുത്ത് കണ്ട പെട്രോൾ പമ്പിൽ കാർ വീണ്ടും നിർത്തി. കുറച്ചു നേരത്തിനു ശേഷം പൊടിക്കാറ്റ് അടങ്ങി. ഡ്രൈവർ വണ്ടിയെടുത്തു മുന്നോട്ട് പോയെങ്കിലും പെട്ടെന്ന് അയാൾ വണ്ടി നിർത്തി. അബുവിനോട് കടയിൽ നിന്ന് ഒരു കുപ്പി വെള്ളം വാങ്ങി വരാൻ പറഞ്ഞു. അബു ചുമലിൽ ചാരിക്കിടന്നിരുന്ന ഷംലയെ നോക്കി, അവൾ നല്ല ഉറക്കമാണ്…അവളെ ഉണർത്താതെ ചുമലിൽ നിന്നും പതുക്കെ മാറ്റി സീറ്റിൽ കിടത്തി വെള്ളം വാങ്ങാൻ കടയിലേക്ക് നടന്നു.
കടയിൽ നിന്ന് പല വട്ടം അബു കാറിലേക്ക് നോക്കി. ഇന്നലെ രാത്രി ഉറങ്ങാത്തത് കൊണ്ട് അവൾ നല്ല ഉറക്കത്തിലാണ്. കല്യാണത്തിന് വാങ്ങിയ പുതിയ സ്വർണ്ണാഭരണങ്ങൾ അവൾ അണിഞ്ഞിട്ടുണ്ട്. പുതുമോടിയുടെ തിളക്കം നഷ്ടപ്പെടാത്ത അവളുടെ മുഖം.
വെള്ളം വാങ്ങിയ അബു കടയിൽ നിന്ന് പുറത്തിറങ്ങി. നാലോ അഞ്ചോ ആളുകളല്ലാതെ ആ സമയം അവിടെ വേറെ വണ്ടികൾ ഒന്നുമില്ല. കാറിന്റെ അരികിലേക്ക് എത്തും മുൻപേ ഡ്രൈവർ കാർ മുന്നോട്ട് എടുക്കുന്നത് കണ്ട അബു ഒരലർച്ചയോടെ കാറിന്റെ അടുത്തേക്ക് ഓടി. വായുവിൽ തങ്ങി നിൽക്കുന്ന അടിച്ചു വീശിയ കാറ്റിൽ വന്ന പൊടിയിലൂടെ കാർ അതിവേഗം പാഞ്ഞു.
“ന്റെ റബ്ബേ….. ഷംല.”
അബു ഷംലയെ ഉറക്കെ വിളിച്ചു കുറച്ചു ദൂരം മുന്നോട്ട് ഓടിയെങ്കിലും കാർ കണ്ണുകളിൽ നിന്നും അപ്രത്യക്ഷമായി. റോഡിൽ മുട്ട് കുത്തിയിരുന്ന് കൈകൾ മുകളിലേക്ക് ഉയർത്തി അട്ടഹസിക്കുന്ന പോലെ പൊട്ടിക്കരഞ്ഞു കൊണ്ട് അവൻ അവന്റെ പെണ്ണിനെ വിളിച്ചു. അപ്പോഴേക്കും കാര്യങ്ങൾ അറിഞ്ഞു ആളുകൾ വന്നു. അയാളെ റോഡിൽ നിന്ന് പിടിച്ചെണീപ്പിച്ചു പെട്രോൾ പാമ്പിലേക്ക് കൊണ്ട് വന്നു. ചുറ്റും നിൽക്കുന്നവരോട് കരച്ചിലോടെ ആധിയോടെ പേടിയോടെ പിന്നെയും പിന്നെയും കാര്യങ്ങൾ പറഞ്ഞുകൊണ്ടിരുന്നു. ആരോ പെട്രോൾ പമ്പിലെ ഫോണിൽ നിന്നും പോലിസിനെ വിളിച്ചു.
“ന്റെ റബ്ബേ ഞാൻ ഇനി അവളെ എവിടെ പോയാണ് തിരയുക… വീട്ടുകാരോട് എന്ത് പറയും… ഇത്രയും കാലം ആർക്കും കൊടുക്കാതെ മനസ്സിൽ കൊണ്ട് നടന്നതാ ഞാൻ… ഇപ്പൊ പോയില്ലേ.. ന്റെ കൈയിന്ന് തട്ടിപ്പറിച്ചില്ലേ..”
അബു നെഞ്ചിലടിച്ച് കരയുന്നത് കണ്ട് അവിടെ നിന്നവരുടെയൊക്കെ കണ്ണുകൾ നിറഞ്ഞു. ആ മണൽക്കാട്ടിൽ പോയി നോക്കാൻ കഴിയില്ല. അറ്റവും നീളവും കണക്ക് കൂട്ടാൻ കഴിയാത്ത ആഴി പോലെയാണ് മരുഭൂമി. സ്വന്തം കണ്മുൻപിൽ നിന്ന് ഷംലയെ കൊണ്ട് പോയത് കണ്ടിട്ടും ഒന്നും ചെയ്യാൻ കഴിയാതെ നിന്ന് പോയ അബുവിനെ വെറുതെ നോക്കി നിൽക്കാനേ അവിടെ ഉണ്ടായിരുന്നവർക്കും കഴിഞ്ഞുള്ളൂ…
അബുവിനു അറിയാത്ത സ്ഥലം. അറിയാത്ത ആളുകൾ. എവിടെ നിന്നോ വന്ന് എവിടേക്കോ പോകുന്ന വഴി യാത്രക്കാരാണ് എല്ലാവരും. എന്ത് ചെയ്യണമെന്ന് പറയാനോ ചോദിക്കാനോ കഴിയാതെ ഒറ്റപ്പെട്ട അവസ്ഥ.
അബുവിന്റെ അറബി വന്നപ്പോൾ രാത്രിയായി. അവന്റെ അരികിലേക്ക് വണ്ടിയിൽ നിന്നും ഇറങ്ങി നടന്നു വരുന്ന അയാളുടെ കണ്ണുകൾ നിറഞ്ഞിട്ടുണ്ട്. പലവട്ടം അയാൾ കണ്ടതാണ് അബുവിന്റെ കണ്ണിൽ ഷംലയോടുള്ള പ്രണയം. വേറെ ആരെക്കാളും അബുവിന്റെ സങ്കടം അറബിക്ക് അറിയാം. അറബിയെ കണ്ടപ്പോൾ ഓടിച്ചെന്നു കെട്ടിപ്പിടിച്ച് അബു ഒരു കുഞ്ഞിനെ പോലെ കരഞ്ഞു. അയാൾക്കറിയാം ഈ സമയം ഒരു വാക്കിനും അബുവിനെ സമാധാനിപ്പിക്കാൻ കഴിയില്ലെന്ന്.
പിന്നീടുള്ള ദിവസങ്ങളിൽ പോലീസും അറബിയും പലരും ഒരുപാട് സ്ഥലങ്ങളിൽ അന്വേഷണം നടത്തി. വണ്ടിയെ കുറിച്ചോ വണ്ടി ഓടിച്ചിരുന്ന ആളെ കുറിച്ചോ യാതൊരു വിവരവും അറിയാതെ ഷംലയെ കണ്ടെത്തി തിരിച്ചു കൊണ്ടു വരാൻ ആർക്കും കഴിഞ്ഞില്ല. എല്ലാ ശ്രമവും പരാജയപ്പെട്ടു.
എന്നിട്ടും ഷംലക്ക് വേണ്ടി അബു മാസങ്ങളോളം ആ പെട്രോൾ പമ്പിന്റെ അരികിൽ അവൾക്കായി കാത്തിരുന്നു. ഓരോ കാർ വരുമ്പോഴും അയാൾ വണ്ടിയുടെ ഉള്ളിലേക്ക് സൂക്ഷിച്ചു നോക്കും. ഭക്ഷണവും ഉറക്കവും ഇല്ലാതെ അബു അപ്പോഴേക്കും ഒരു ഭ്രാന്തനെ പോലെ ആയിരുന്നു. അവന്റെ അവസ്ഥ കണ്ട് സഹിക്കാൻ കഴിയാതെ അറബി അബുവിനെ ജോലി സ്ഥലത്തേക്ക് നിർബന്ധിച്ചു കൂട്ടിക്കൊണ്ട് പോയി.
കുറച്ചു ദിവസം കൊണ്ട് അന്വേഷണം നടത്തിയവർ എല്ലാം അവസാനിപ്പിച്ചിട്ടും നാല്പത് വർഷമായി അബു ഷംലയെ തേടുന്നു. ഇടക്കിടെ അയാൾ പെട്രോൾ പമ്പിൽ പോകും അവൾ വന്നോ ചോദിക്കും. ആ സംഭവം നടന്ന അന്ന് ഉണ്ടായിരുന്ന ആരും അവിടെ ഇപ്പോൾ ഇല്ലെന്ന് അറിഞ്ഞിട്ടും അയാൾ തിരഞ്ഞു കൊണ്ടിരിക്കുന്നു.
എയർപോർട്ടിൽ വെച്ച് അവളുടെ പാസ്പോർട്ട് കൈയിൽ വാങ്ങി വെച്ചിരുന്നു. അത് മാത്രമാണ് അബുവിന് ഷംലയുടെതായി കിട്ടിയത്. വർഷങ്ങളുടെ കാത്തിരിപ്പിൽ അയാൾ കോലം പോലും മാറിപ്പോയി. മുടിയും താടിയും നരച്ചു തൊലി ചുളിഞ്ഞു. എന്നിട്ടും ഒരു കനൽ പോലെ ഷംല മനസ്സിൽ ഉള്ളത് കൊണ്ട് മാത്രം വീഴാതെ ഒറ്റക്ക് നടന്നു..
“എനിക്ക് ഉറപ്പുണ്ട്. അവളെ എനിക്ക് കിട്ടും. അവൾ ഇല്ലാതെ എനിക്ക് നാട്ടിൽ പോകാൻ പറ്റില്ല. എത്ര വർഷങ്ങൾ കഴിഞ്ഞാലും ഞങ്ങൾ ഒരുമിച്ചേ പോകു.”
വർഷങ്ങൾ ഒരുപാട് കഴിഞ്ഞു പോയിട്ടും പ്രവാസത്തിൽ പലരും വന്നു പോയിട്ടും മാറാത്ത ഒരാൾ മാത്രം. പുതിയ ആളുകളോട് പഴയ ആളുകൾ അബുവിന്റെ കഥ പറയും. ആ കഥ കേട്ട് അവർ വിഷമത്തോടെ അബുവിനെ നോക്കും. അങ്ങനെ അവിടെയുള്ളവർക്കല്ലാം അബുവിനെയും ഷംലയെയും അറിയാം.
അബു എന്നും പുലർച്ചെ ഉണർന്ന് പള്ളിയിലേക്ക് നടക്കും. വർഷങ്ങ ളായിട്ട് എല്ലാരേയും ഉണർത്തുന്ന സുബ്ഹി ബാങ്ക് വിളിക്കുന്നത് അബുവാണ്. അബുവിന്റെ ശബ്ദം കേട്ടാണ് ഓരോ ദിവസവും തുടങ്ങുന്നത്.
ഇത്രയും കാലമായിട്ടും സുബഹി ബാങ്ക് ഒരിക്കൽ പോലും മുടക്കാത്ത അബുവിനെ തിരഞ്ഞു വന്നവർ അനക്കമില്ലാതെ കട്ടിലിൽ കിടക്കുന്ന അബുവിനെ കണ്ടപ്പോൾ എല്ലാ കണ്ണുകളും നിറഞ്ഞു. കട്ടിലിൽ പഴയൊരു കവറിൽ പൊതിഞ്ഞു വെച്ച രണ്ട് പാസ്പോർട്ട് അയാളുടെ അരികിൽ ഉണ്ടായിരുന്നു.
“അറ്റമില്ലാത്ത ഈ മരുഭൂമിയിൽ എവിടെയൊ അവൾ ജീവിച്ചിരിപ്പുണ്ട്. അവൾക്ക് വേണ്ടി ഞാൻ കാത്തിരുന്നേ മതിയാകൂ…”
കാലവും നേരവും നോക്കാതെ, രാവും പകലുമറിയാതെ, മറ്റെല്ലാ ചിന്തകളും മറന്നുള്ള കാത്തിരിപ്പിന്റെ നാല്പത് വർഷങ്ങൾ അവസാനിച്ചു.
ഇനി അബുവിനെ തേടി ഷംല വന്നാൽ അവളെ സ്വീകരിക്കാനും നാട്ടിലേക്ക് കൊണ്ട് പോകാനും ആ മണലാരണ്യത്തിൽ അബു ഇല്ല.