ചേച്ചിയുടെ ഫോൺ വന്നപ്പോൾ മുതൽ നിതയുടെ നെഞ്ചിലാകെ ഒരു വിങ്ങലായിരുന്നു. വർഷങ്ങളായി ചേച്ചി ഒന്ന് മിണ്ടിയിട്ട്.ജീവിതത്തിന്റെ പ്രാരാബ്ധങ്ങളിൽ……

Story written by Sajitha Thottanchery

ചേച്ചിയുടെ ഫോൺ വന്നപ്പോൾ മുതൽ നിതയുടെ നെഞ്ചിലാകെ ഒരു വിങ്ങലായിരുന്നു.വർഷങ്ങളായി ചേച്ചി ഒന്ന് മിണ്ടിയിട്ട്.ജീവിതത്തിന്റെ പ്രാരാബ്ധങ്ങളിൽ നിത ഒറ്റപ്പെട്ടപ്പോൾ അവളും അവളുടെ ഒരു മകളും തങ്ങൾക്ക് ഒരു ഭാരമായേക്കുമോ എന്ന ഒരു ഭയം ആണെന്ന് തോന്നുന്നു ചേച്ചിയെയും ചേച്ചിയുടെ ഭർത്താവിനെയും അകന്നു നില്ക്കാൻ പ്രേരിപ്പിച്ചത്. അത് മനസ്സിലാക്കി തന്നെ ഒരിക്കലും നിത അവരെ ബുദ്ധിമുട്ടാതിരിക്കാനും ശ്രദ്ധിച്ചിരുന്നു.

“എന്താ അമ്മയ്ക്ക് ഇന്ന് മൗനം.”രാത്രി ഭക്ഷണം കഴിക്കുന്നതിനിടയ്ക്ക് നിവേദ്യ അമ്മയോട് ചോദിച്ചു.

“ഇന്ന് നിഷേച്ചി വിളിച്ചിരുന്നു മോളെ “.പതുക്കെ നിത പറഞ്ഞു.

“ആര് ; എൻ്റെ വല്യമ്മയോ?എന്ത് പറ്റി വിളിക്കാൻ?”ഒരല്പം ആകാംഷയോടും എന്നാൽ പുച്ഛത്തോടെയും അവൾ ചോദിച്ചു.

“വല്യച്ഛൻ ആശുപത്രിയിൽ ആണത്രേ.മക്കൾ രണ്ടു പേർക്കും വന്നു നിൽക്കാനൊന്നും നേരമില്ലെന്നു പറഞ്ഞുന്നു.വല്യമ്മ തനിച്ചാണ് ആശുപത്രിയിൽ.വല്യച്ഛന്റെ വീട്ടുകാരോടും അത്ര അടുപ്പം ഇല്ലാത്തതിനാൽ ആരുമില്ല ഇപ്പൊ”ഒരല്പം സങ്കടത്തോടെ നിത പറഞ്ഞു.

“ആഹാ…….കൊള്ളാലോ.അപ്പൊ ആൾക്കാരുടെ വില ഒക്കെ അറിഞ്ഞു തുടങ്ങിന്നു സാരം”അത് അവൾ പ്രതീക്ഷിച്ചിരുന്നതായി തോന്നി നിതയ്ക്ക് ആ മറുപടി കേട്ടപ്പോൾ.

“അങ്ങനെ അല്ല മോളെ.എത്ര ആയാലും എന്റെ ചേച്ചി അല്ലെ.കേട്ടപ്പോൾ വല്ലാത്തൊരു സങ്കടം.തനിയെ ആകുന്ന വിഷമം നമുക്കറിയാലോ .”

“അതെ…… അറിയാലോ ;അന്ന് എവിടായിരുന്നു അമ്മേടെ ഈ ചേച്ചി.ഇതേ പോലെ ഒന്ന് കരുതിയിട്ടുണ്ടോ.നമ്മൾ ജീവിച്ചിരിപ്പുണ്ടോ എന്ന് പോലും അന്വേഷിച്ചിട്ടുണ്ടോ.അതൊക്കെ അല്ലെ വല്യമ്മേടെ മക്കളും കണ്ടു വളർന്നെ .അവരേം കുറ്റപ്പെടുത്താൻ പറ്റില്യ.”കൈ കഴുകുന്നതിനിടയിൽ നിവേദ്യ പറഞ്ഞു.

മറുപടി ഒന്നും പറയാതെ പാത്രങ്ങളുമെടുത്തു നിത അടുക്കളയിലേക്ക് പോയി.ഉള്ളിൽ വല്ലാത്ത വിഷമം തോന്നി അവൾക്ക്.സഹനത്തിന്റെ അവസാന നിമിഷം കഴുത്തിൽ താലി കെട്ടിയവനെ ഉപേക്ഷിച്ചു മകളുമായി ഇറങ്ങേണ്ടി വന്നപ്പോൾ മുന്നിൽ ഇരുട്ടായിരുന്നു.ആകെയുള്ള ഒരു കൂടപ്പിറപ്പ് അന്വേഷിക്കേണ്ടി വന്നാൽ ഭാരമായാലോ എന്ന് കരുതി ഒരിക്കൽ പോലും അന്വേഷിക്കാൻ മെനക്കെട്ടില്ല.പതിയെ പതിയെ ഒരു ജീവിതം കെട്ടിപ്പടുക്കുമ്പോഴും ആരോടും ദേഷ്യം കരുതിയില്ല ഉള്ളിൽ. ഇന്നിപ്പോൾ മകൾ വളർന്നു.അത്യാവശ്യം മോശമല്ലാത്ത ഒരു ജോലി അവൾക്കുണ്ട്.നിതയും ജോലിക്ക് പോകുന്നുണ്ട്.ചെറുതെങ്കിലും മോശമല്ലാത്ത ഒരു വീടും അത്യാവശ്യം കുറച്ചു സമ്പാദ്യവും കയ്യിലുണ്ട്.എല്ലാത്തിലും ഉപരി സന്തോഷവും മനസ്സമാധാനവും അവർക്കുണ്ട്.അമ്മയുടെ കഷ്ടപ്പാട്‌ കണ്ടു വളർന്നതിനാലാകാം ഒരു രൂപ പോലും ഒന്നിനും അനാവശ്യമായി ചിലവാക്കാൻ മടിക്കുന്ന ഒരു സ്വഭാവമാണ് നിവേദ്യയ്ക്ക്.അത് കൊണ്ട് തന്നെ ചേച്ചിയെ സഹായിക്കണമെന്ന് ഉള്ളിൽ ഉണ്ടെങ്കിലും മോളോട് പറയാൻ കുറച്ചു മടിയുണ്ട് നിതയ്ക്ക്.

“നാളെ ഞാനൊന്നു ആശുപത്രിയിലേക്ക് പോയാലോ മോളെ” കിടക്കുന്നതിനിടയിൽ മകളോട് നിത പറഞ്ഞു.

“ഇതെന്താ പറയാത്തെ എന്ന് ഞാൻ ആലോചിക്കയായിരുന്നു.അമ്മ ഇപ്പോഴും മദർ തെരേസയ്ക്ക് പടിക്കുവാണല്ലോ.പോയാൽ മാത്രം മതിയോ അതോ ഇനി അവിടെ ചേച്ചിക്ക് കൂട്ട് നിൽക്കാൻ ഉദ്ദേശിക്കണുണ്ടോ” ഒരല്പം കളിയാക്കി ക്കൊണ്ട് തന്നെ അവൾ പറഞ്ഞു.

“നീ കളിയാക്കണ്ട; നമുക്ക് ബുദ്ധിമുട്ട് ഉള്ള കാലത്തൊക്കെ ഈശ്വരൻ ആരെയെങ്കിലൊക്കെ സഹായത്തിനു അയച്ചിട്ടില്ലെ മോളെ.ഇപ്പൊ ആ ഈശ്വരൻ തന്നെ ആണ് അവരെ നമ്മുടെ മുന്നിൽ ഇങ്ങനെ നിറുത്തിയതും. ഒന്നും മറന്നിട്ടല്ല.എന്നാലും പ്രതികാരം ചെയ്യാൻ നമ്മൾ ആരുമല്ല.അതുകൊണ്ട് നമുക്ക് പോണം.പറ്റുന്ന എല്ലാ സഹായവും നമുക്ക് ചെയ്യണം.”ഉറപ്പിച്ച മട്ടിൽ തന്നെ നിത പറഞ്ഞു.

“എന്റെ അമ്മപെണ്ണു ഇതൊക്കെ തന്നെയാ പറയുക എന്ന് ഞാൻ നേരത്തെ തന്നെ വിചാരിച്ചിരുന്നു.നമുക്ക് പോകാം അമ്മെ. എൻ്റെ അമ്മയെ കണ്ടല്ലേ ഞാൻ വളർന്നത്.ഇപ്പൊ മറ്റാരേക്കാളും അവരെ സഹായിക്കേണ്ടത് നമ്മൾ തന്നെയാ. ഒരു തരത്തിൽ അതും ഒരു പ്രതികാരം തന്നെ ആണെന്നെ.”അമ്മയെ കെട്ടിപ്പിടിച്ചുകൊണ്ട് അവൾ പറഞ്ഞു.

“അത്തരം ചിന്തകൾ ഒന്നും എനിക്കില്ല.ആരോടും പ്രതികാരവുമില്ല.എന്റെ കടമ എനിക്ക് പറ്റാവുന്ന പോലെ ഞാൻ ചെയ്യും .പൂർണ്ണമനസ്സോടെ തന്നെ.”മറുപടിയായി നിത പറഞ്ഞു .

പിറ്റേന്ന് കാലത്തു തന്നെ ആശുപത്രിയിൽ ഉള്ളവർക്കുള്ള ഭക്ഷണവുമായി അമ്മയും മകളും ചെല്ലുമ്പോൾ സന്തോഷം കൊണ്ടും അതിനേക്കാളേറെ കുറ്റബോധം കൊണ്ടും നിഷയുടെ കണ്ണുകൾ നിറഞ്ഞിരുന്നു . നിഷയുടെ ഭർത്താവ് ഡിസ്ചാർജ് ആകുന്ന വരെയും വേണ്ട എല്ലാ സഹായങ്ങളും നിതയും മകളും ചെയ്തു.സ്വന്തം മക്കൾ ചെയ്യുന്നതിനേക്കാൾ സ്നേഹത്തോടെ എല്ലാ കാര്യങ്ങളും ഓടിനടന്നു നിവേദ്യ ചെയ്യുന്നത് കണ്ടപ്പോൾ നിതയ്ക്ക് തന്നെ അത്ഭുതം തോന്നി.

“ഇടയ്‌ക്കൊക്കെ ഈ വഴി വരണം ട്ടോ “ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയി അവരെ വീട്ടിൽ ആക്കി തിരിച്ചു പോരാൻ തുടങ്ങിയ നിതയോടും മകളോടും അവർ പറഞ്ഞു.

“കഴിഞ്ഞതൊന്നും ഉള്ളിൽ വച്ചേക്കല്ലേ മോളെ ;അതൊക്കെ ഞങ്ങളുടെ അറിവുകേടായി പൊറുക്കണം.”നിവേദ്യയെ കെട്ടിപ്പിടിച്ചു നിഷ പറഞ്ഞു.

“എനിക്ക് ആരോടും ദേഷ്യം ഒന്നൂല്യ വല്യമ്മേ.അമ്മ എനിക്ക് നല്ലത് മാത്രേ പറഞ്ഞു തന്നിട്ടുള്ളു.എല്ലാരേം സ്നേഹിക്കാൻ മാത്രേ പഠിപ്പിച്ചിട്ടുള്ളു. “നിവേദ്യയുടെ മറുപടി കേട്ടപ്പോൾ നിതയുടെ മനസ്സ് അഭിമാനം കൊണ്ട് നിറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *