ചേട്ടാ നാളെ മക്കൾ നമ്മളെ തിരക്കില്ലേ നാട്ടുകാർ പരിഹസിക്കില്ലേ വയസ്സാം കാലത്ത് സ്വന്തം സുഖം നോക്കി പോയെന്ന് കിട്ടപ്പെടുത്തില്ലേ…..

_upscale

Story written by Sumayya Beegam TA

ഉറങ്ങികിടക്കുന്ന മകന്റെ റൂമിലേക്ക് നോക്കി മെല്ലെ മുമ്പിലെ വാതിലിനു അടുത്തെത്തുമ്പോൾ ശരീരം വിറയ്ക്കുന്നു.

ടെൻഷൻ കാരണം ശരീരം തളരുന്നതുപോലെ പോലെ ദുർബലമായ ശരീരത്തെ മനസ്സിന്റെ ബലം കൊണ്ടു താങ്ങി പതിയെ വാതിൽ തുറന്നു പുറത്തിറങ്ങി.

അല്പം സമയം കഴിഞ്ഞതും പ്രദീപേട്ടന്റെ വണ്ടി ഗെയ്റ്റിന് വെളിയിൽ വന്നു നിന്നു.

ഒരു അനക്കം പോലും കേൾപ്പിക്കാതെ ഗേറ്റ് തുറന്നു കാറിനു അടുത്തെത്തി.

ചേട്ടൻ പുറകിലത്തെ ഡോർ തുറന്നു. ബാഗും കയ്യിലോട്ട് വാങ്ങി. ആരും ഉണർന്നില്ലല്ലോ എന്നൊരു സമാധാനത്തോടെ ശ്വാസം ഒന്നെടുത്തു മായ കാറിലേക്ക് കയറി.

കാർ തൊട്ടടുത്തുള്ള ബസ് സ്റ്റോപ്പിൽ എത്തി. ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത് കൊണ്ടു സീറ്റിന് ബുദ്ധിമുട്ടേണ്ടി വന്നില്ല.

ബസിൽ കയറി ഇരുന്നതിന് ശേഷമാണു ചുറ്റും ഒന്ന് കണ്ണോടിച്ചത്. ബസ് നല്ല വേഗത്തിൽ ആണ് ഓടികൊണ്ടിരിക്കുന്നത്. അത്യാവശ്യം യാത്രക്കാരും ഉണ്ട്. ദീർഘ ദൂര ബസ് ആയതുകൊണ്ട് ഇനിയും പലർക്കും ഉള്ള സീറ്റ് ബുക്ക് ചെയ്തിട്ടിരിക്കുന്നുണ്ടാവും.

എന്താടോ താൻ ഒന്നും മിണ്ടാത്തത്.

മോനെ ഇട്ടിട്ടു വന്നതിന്റെ സങ്കടമാണോ?

പ്രദീപേട്ടൻ ആണ് കുറച്ചു സമയത്തെ ആധി കൊണ്ടു നഷ്ടപ്പെട്ടു പോയ വാർത്തമാനകാലത്തെ തിരിച്ചു കൊണ്ടു വന്നത്.

മായ ഒന്നും മിണ്ടിയില്ല കണ്ണുകൾ നിറയുന്നത് മങ്ങിയ വെളിച്ചത്തിലും അയാൾ കണ്ടു.

ഇന്ന് തന്നെ കാണാൻ എന്നത്തേക്കാളും സുന്ദരി ആയിട്ടുണ്ട്. എന്തേലും തിരിച്ചു ഒന്ന് മിണ്ടടോ.

അതുകേട്ടപ്പോൾ മായ ചിരിച്ചു പോയി. എന്ന് തൊട്ടാണ് ചേട്ടന് ഇതൊക്കെ ഇഷ്ടമായി തുടങ്ങിയത്?

ചേട്ടന് ഒട്ടും ഇഷ്ടമില്ലാത്ത മഞ്ഞ കോട്ടൺ സാരിയാണ് ഞാൻ ഇന്ന് ഉടുത്തിരിക്കുന്നത്. പിന്നെ എന്റെ സംസാരം അതെന്നും ചേട്ടന് തലവേദന അല്ലായിരുന്നോ?

മ്മ് ശരിയാണ് പക്ഷേ ഒരിക്കൽ അലോസരപ്പെടുത്തിയതിലൊക്കെ ആണ് എന്റെ ജീവൻ എന്ന് ഇപ്പോഴാണ് ഞാനും തിരിച്ചറിയുന്നത്.

അതും പറഞ്ഞു അയാൾ അവളുടെ കൈകൾ എടുത്തു തലോടി അവൾ ആ തോളിലേക്ക് ചാഞ്ഞു.

ചേട്ടാ നാളെ മക്കൾ നമ്മളെ തിരക്കില്ലേ നാട്ടുകാർ പരിഹസിക്കില്ലേ വയസ്സാം കാലത്ത് സ്വന്തം സുഖം നോക്കി പോയെന്ന് കിട്ടപ്പെടുത്തില്ലേ?

കളിയാക്കുന്നവർ കളിയാക്കട്ടെ നീ പണ്ട് പറയാറില്ലേ ആ കുന്നിൽ ചെരുവിലൊരു കൊച്ചു വീട് വേണമെന്ന്. മേഘങ്ങൾക്കിടയിൽ ആകാശവും ഭൂമിയും പരസ്പരം ഉമ്മ വെക്കുന്നത് കാണണമെന്ന്. കിഴക്കൻ കാറ്റിൽ പരസ്പരം കൈകോർത്തു പിടിച്ചു നിൽക്കണമെന്ന് ഇനി നമുക്ക് എല്ലാം എന്നും സ്വന്തം ആണ്. ഞാനോ നീയോ ഈ ഭൂമിയിൽ ഇല്ലാതാവുന്ന വരെ.

ബസ് വേഗത്തിൽ ഓടികൊണ്ടിരുന്നു. അവരും ഓടുകയായിരുന്നു ബാധ്യതകൾ എല്ലാം തീർത്തു സമാധാനവും സന്തോഷവും നിറഞ്ഞ വിശ്രമ നാളുകളിലേക്ക്..

പ്രദീപേട്ടാ എഴുന്നേൽക്കുന്നില്ലേ? ഞങ്ങൾ ഇറങ്ങാറായി.

ആരോ ചുമലിൽ പിടിച്ചു കുലുക്കിയപ്പോഴാണ് അയാൾ കണ്ണ് തുറന്നത്.

താൻ ഓടികൊണ്ടിരിക്കുന്ന ബസിലല്ല. തന്നെ വിളിക്കുന്നത് മായ തന്നെ പക്ഷേ ഇത് മകന്റെ വീടാണ്. നേരം വെളുത്തു തുടങ്ങിയിരിക്കുന്നു. എല്ലാം സ്വപ്നം ആയിരുന്നെന്ന് അയാൾക്ക് വിശ്വസിക്കാൻ ബുദ്ധിമുട്ട് തോന്നി. കുറച്ചു നേരം ഇരുന്നിട്ട് മെല്ലെ അയാൾ എഴുന്നേറ്റു. ഫ്രഷ് ആയതിനു ശേഷം ഹാളിലേക്ക് ചെന്നു. അവിടെ മായ ഒരുങ്ങി നിൽക്കുന്നു. ചുരിദാർ ആണ് ഇട്ടിരിക്കുന്നത്. കൂടെ മകളുടെ ഭർത്താവുണ്ട്. മായയെ കൊണ്ടുപോകാൻ വന്നതാണ്. ഇനി കുറച്ചു നാൾ അവൾ അവിടെ ആയിരിക്കും. മിക്കവാറും ഒരു വർഷത്തോളം. അച്ഛൻ മോന്റെ കൂടെ നിൽക്കട്ടെ ഡേറ്റ് അടുത്തിരിക്കുന്ന മകളുടെ അടുത്തേക്ക് അമ്മയെ കൊണ്ട് പോകാതെ വഴിയില്ല എന്ന് മക്കൾ തന്നെ തീരുമാനിച്ചു.

പരസ്പരം ഒരു ദിവസം പോലും പിരിഞ്ഞു നിൽക്കാൻ പറ്റില്ല എന്ന് തുറന്നു പറയാനുള്ള ധൈര്യം ഇല്ല. മക്കൾ പരിഹസിക്കില്ലേ. അങ്ങനെ ഒക്കെ ആലോചിച്ചപ്പോൾ രണ്ടാളും എതിർത്തില്ല.

മായ വന്നു യാത്ര പറഞ്ഞപ്പോൾ അയാൾ മുഖത്തേക്ക് നോക്കിയില്ല. അവൾ കരയുകയാണ് എന്ന് തനിക്കു ഏറ്റവും നന്നായറിയാം അത് കാണാൻ വയ്യ.

യാത്ര പറച്ചിൽ ഒക്കെ കഴിഞ്ഞു മകനും മരുമകനും കൊച്ചുമക്കളും കൂടി അമ്മയുമായി എയർ പോർട്ടിലേക്ക് യാത്രയായി.

വീട്ടിൽ മകന്റെ ഭാര്യയും താനും മാത്രം അവൾക്ക് ഇന്ന് ഡ്യൂട്ടി ഉണ്ട്.

മരുമകൾ ഭക്ഷണം കഴിക്കാൻ വന്നു വിളിച്ചപ്പോൾ വേണ്ട എന്ന് പറഞ്ഞിട്ടും സമ്മതിച്ചില്ല. ഊണുമേശയിൽ വന്നിരുന്നു എന്നല്ലാതെ ഒന്നും കഴിക്കാൻ പറ്റുന്നില്ല. വിശപ്പോ ദാഹമോ ഇല്ല. കഴിക്കാൻ ഇരിക്കുമ്പോൾ പ്രദീപ്‌ ചേട്ടാ എന്നുവിളിച്ചു എന്ത് പറയാൻ വന്നാലും താൻ മുഖം ചുളിക്കുക ആണ് പതിവ്.ഇപ്പോൾ ഈ മൗനം അസ്സഹനീയമാകുന്നു.

പതിയെ ഒരു വേദന. കൈകളിൽ നിന്നു ഇട നെഞ്ചിലേക്ക്. ശ്വാസം മുട്ടുന്നു വേദന കൊളുത്തി പിടിക്കുന്നു. വേദന സഹിക്കാൻ പറ്റാതെ കസേരയിൽ നിന്ന് വീണതെ ഓർമ്മയുള്ളൂ.

കണ്ണ് തുറക്കുമ്പോൾ ആശുപത്രിയിൽ ആണ്. ഐ സി യു ആണെന്ന് മനസ്സിലായി. അല്പം കഴിഞ്ഞപ്പോൾ ആരോ തലമുടിയിൽ തലോടുന്ന പോലെ കണ്ണ് മെല്ലെ തുറന്നപ്പോൾ മായ.

നീ പോയില്ലേ?
പോകാൻ നിങ്ങൾ സമ്മതിച്ചില്ലല്ലോ?

എങ്കിൽ നീ പൊക്കോളു സമയം കളയണ്ട.

കൊള്ളാം എന്തൊക്കെ വന്നാലും ഗർവിന് കുറവൊന്നുമില്ല. ഇന്ന് ഏത് ദിവസം ആണെന്ന് ആണ് വിചാരം. പോകേണ്ടിരിയുന്ന വിമാനം ഒക്കെ പോയി. പ്രദീപ്‌ ചേട്ടനു ഒരു ഓപ്പറേഷൻ ഒക്കെ കഴിഞ്ഞു. താങ്ങാൻ പറ്റാത്ത പ്രയാസം കാരണം ഹൃദയം പണിമുടക്കിയത് എന്നാണ് ഡോക്ടർ പറഞ്ഞത്. നമ്മുടെ മോന്റെ ഫ്രണ്ട് വിപിൻ ആയിരുന്നു നിങ്ങളെ ചികിൽസിച്ചത്. മോനെയും ആ പയ്യൻ ഒത്തിരി വഴക്ക് പറഞ്ഞു. അച്ഛനെയും അമ്മയെയും വേർപിരിച്ചു എന്നെ നാടുകടത്താൻ കൂട്ട് നിന്നതിനു.

ഒരു വാക്ക് എന്നോട് പറഞ്ഞുകൂടായിരുന്നോ? ഞാൻ പോകാൻ ഒരുങ്ങില്ലായിരുന്നു.

അല്ലെങ്കിലും ഡെലിവറി കഴിയുന്നവരെ ആര് നിർബന്ധിച്ചാലും ഞാൻ അവിടെ നില്കുമായിരുന്നുള്ളു. പിന്നെ ഞാൻ ഇങ്ങോട്ട് നിങ്ങളുടെ അടുത്തേക്ക് തന്നെ വന്നേനെ.

ഇനി അതൊന്നും പറഞ്ഞിട്ട് കാര്യമില്ലല്ലോ മോളെ ഇങ്ങോട്ട് കൊണ്ടുവരാമെന്നു മരുമകൻ സമ്മതിച്ചു. അല്ലേലും അതാണല്ലോ അതിന്റെ ശരി.

മക്കളുടെ കുഞ്ഞുങ്ങളെ നോക്കാൻവേണ്ടി വീടും കുടുംബവും ഉപേക്ഷിച്ചു നാട് വിടേണ്ടി വരുന്ന ആയ ആണോ അമ്മമാർ. അവർക്കും അവരുടേതായ ഇഷ്ടങ്ങളും പ്രയാസങ്ങളുമൊക്കെ ഇല്ലേ.

അവൾ നാട്ടിൽ വരട്ടെ. കുഞ്ഞിന് അല്പം ആകുമ്പോൾ ജോലിക്ക് കയറട്ടെ പിന്നെ നമുക്ക് ഒരുമിച്ചു കുഞ്ഞിനെ നോക്കി കൊടുക്കാം..

മായ ഒരു ദീർഘ നിശ്വാസത്തോടെ പറഞ്ഞു നിർത്തി.

സത്യം ആയിട്ടും നീ പോകുന്നില്ല?

ഇല്ല എന്ന് പറഞ്ഞില്ലേ.

അയാൾ മന്ദഹസിച്ചു. എന്നിട്ട് അവളുടെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു നന്നായി ഇപ്പോഴാണ് എനിക്ക് ശ്വാസം നേരെ വീണത്.

മ്മ് എന്നാലും നിങ്ങൾ ആയിട്ട് ഒന്നും പറയരുത്. എന്നെ ഇട്ടിട്ടു പോകല്ലെടി എന്ന്. മായ കുസൃതിയോടെ ചിരിച്ചു. ആ ചിരിയിൽ അയാളൊരു യുവാവിനെ പോലെ ലജ്ജാലുവായി.

അവളുടെ മെലിഞ്ഞ കൈകളിൽ മുറുക്കെ പിടിച്ചു അയാൾ സമാധാനത്തോടെ ഉറങ്ങി ♥️

Pic from google

Leave a Reply

Your email address will not be published. Required fields are marked *