Story written by Sajitha Thottanchery
“ടാ ചേട്ടാ…. നിനക്ക് എന്നെ മിസ്സ് ചെയ്യോടാ. നാളെ ഞാൻ ഇവിടന്നു പോയാൽ “. പെട്ടെന്നുള്ള അവളുടെ ചോദ്യം നെഞ്ചിൽ ആണ് തറച്ചത്.
“പിന്നേ… മിസ്സ് ചെയ്യണ്. ഒന്ന് വേഗം പോയിതരോ. എന്നിട്ട് വേണം എനിക്ക് ഇവിടെ രാജാവായി വിലസാൻ”. അന്തരീക്ഷം സെന്റിമെന്റൽ ആക്കാൻ താല്പര്യം ഇല്ലാത്തോണ്ട് മനു പറഞ്ഞു.
“ഓഹ്.. അപ്പൊ നമ്മൾ ആണ് ഇവിടത്തെ ശല്യം അല്ലേ. ആയ്ക്കോട്ടെ, നോക്കിക്കോ ഞാൻ ഈ വഴിക്ക് വരില്ല. എന്നെ കാണാൻ നീ കൊതിക്കും.”അത് പറഞ്ഞു അവസാനിപ്പിക്കുമ്പോഴേക്കും രേവുന്റെ സ്വരം ഒന്നു ഇടറിയെന്ന് മനുവിന് മനസ്സിലായി.
“ഉവ്വ്… കാണാൻ കൊതിക്കാൻ നീ ആരാ. കയ്യിലിരിപ്പ് വച്ചു അളിയൻ അവിടന്ന് പുറത്താക്കാണ്ട് നോക്കിക്കോ”. അവൻ അവളെ ദേഷ്യം പിടിപ്പിച്ചു.
“അമ്മേ ദേ ഇവൻ പറയുന്ന നോക്ക്. നീ പോടാ…”അവൾ കയ്യിൽ ഇരുന്ന ഗ്ലാസ് അവന്റെ നേരെ എറിയാൻ നോക്കി.
“എന്താ ഇവിടെ. അപ്പുറത്ത് ആൾക്കാർ വന്നു തുടങ്ങി. നിങ്ങൾ ഇവിടെ അടിയുണ്ടാക്കി ഇരിക്കാണോ. നാണം ഉണ്ടോ രണ്ടിനും.നാളെ ആരുടെ കല്യാണമാ ഇവിടെ. ഒന്ന് വേഷം മാറി പുറത്ത് വാ പെണ്ണെ”. രണ്ടിന്റെയും ഇടയിൽ കയറി അമ്മ പറഞ്ഞു.
“താൽക്കാലത്തേക്ക് നീ രക്ഷപ്പെട്ടു. നിന്നെ എന്റെ കയ്യിൽ കിട്ടും. നോക്കിക്കോ.”ഇതും പറഞ്ഞു അവൾ ബാത്റൂമിലേക്ക് പോയി.
“എന്തിനാടാ വെറുതെ, ഇന്നൊരു ദിവസം കൂടി ഉള്ളു. നാളെ മുതൽ അവൾ അവിടെ അല്ലേ. ഒന്ന് നല്ലോണം ഇരുന്നൂടെ നിങ്ങൾക്ക് “. അമ്മ അവണെ അടിക്കാൻ ഓങ്ങി പറഞ്ഞു.
സാധാരണ അമ്മ അവൾക്ക് വേണ്ടി ന്യായീകരിക്കുമ്പോൾ വഴക്കിനു ചെല്ലുന്ന അവൻ അന്ന് കണ്ണ് നിറഞ്ഞൊന്നു ചിരിക്കുക മാത്രം ചെയ്തു.
സുധയ്ക്കും ഉണ്ണിക്കും രണ്ടു മക്കളാണ്. മനുവും രേവതിയും. രണ്ട് വയസ്സിന്റെ വ്യത്യാസമേ ഉള്ളു രണ്ടും തമ്മിൽ. നേരിൽ കണ്ടാൽ അടിയാണ്. എന്നാൽ കാണാതിരുന്നാൽ രണ്ടിനും വയ്യ. മനു എവിടെ പോയാലും വാലായി രേവു കൂടെ കാണും.
“കണ്ട പൂരപ്പറമ്പിലും, തിയേറ്ററിലും ഒക്കെ രാത്രി ആൺപിള്ളേര് പോകുമ്പോ ഓടിക്കേറി പൊക്കോളും. ഇങ്ങനെ ഒരെണ്ണം”. രാത്രിയിൽ അവന്റെ കൂടെ പോകാൻ ഇറങ്ങിയാൽ അമ്മ പറയും.
“ഞാൻ എന്റെ ചേട്ടന്റെ കൂടെയ പോകുന്നെ. പിന്നേ… അച്ഛനോട് സമ്മതം ചോദിച്ചിട്ടുണ്ട്. അമ്മ പോവാൻ നോക്ക്.”അമ്മയെ കൊഞ്ഞനം കാട്ടി അവൾ ബൈക്കിൽ കയറും.അമ്മയോട് അങ്ങനെ പറയുന്നതിന് അവൻ ചൂടാകും.
അപ്പൊ ചേട്ടനും അനിയത്തീം ഒന്നാകും.
“അവന്റെ കൂടെ അല്ലേ സുധേ. അവൾ പൊയ്ക്കോട്ടേ.”അച്ഛന്റെ ഡയലോഗ് വരും.
പിന്നേ തിരിഞ്ഞോന്നു നോക്കാതെ രണ്ടും കൂടി സ്റ്റാൻഡ് വിടും.
നാളെ അവളുടെ കല്യാണമാണ്. ഇനി വീടൊറങ്ങും.ഒരുപാട് ദൂരെ അല്ലെങ്കിലും അരമണിക്കൂറിനെക്കാൾ ദൂരമുണ്ട് അവളെ കല്യാണം കഴിച്ചയക്കുന്ന വീട്ടിലേക്ക്.അച്ഛൻ ആരെയും അധികം ഫേസ് ചെയ്യാൻ നിന്നില്ല. നാളെ മുതൽ അവൾ അവിടെ ഉണ്ടാകില്ലെന്ന് ഓർക്കാൻ അവർ മൂന്നു പേരും ഇഷ്ടപ്പെടുന്നില്ല.
ദക്ഷിണ കൊടുത്ത് അനുഗ്രഹം വാങ്ങുമ്പോൾ അവളുടെ കണ്ണുകൾ ഒഴുകാൻ തുടങ്ങിയിരുന്നു.അവൻ അത് കണ്ടില്ലെന്ന് നടിച്ചു തിരക്കുകളിലേക്ക് പോയി. അമ്മ അപ്പോഴേ കരയാൻ തുടങ്ങിയിരുന്നു.
“അമ്മേ… ദേ അവൻ ഒന്നും കഴിച്ചിട്ടുണ്ടാവില്ല. വന്നു കഴിക്കാൻ പറയ്.”സാധാരണ എന്തെങ്കിലും അവനായിട്ട് അമ്മ കഴിക്കാൻ മാറ്റി വച്ചാൽ അതും പറഞ്ഞു അമ്മയോട് വഴക്കിടുന്ന അവൾ പറഞ്ഞു.
എല്ലാം കഴിഞ്ഞു പോകാനായി ഇറങ്ങുമ്പോൾ രണ്ടിനെയും അടർത്തി മാറ്റാൻ പാടുപെട്ടു മറ്റുള്ളവർ.അത്ര നേരം അടക്കിപ്പിടിച്ചു നിന്ന അച്ഛനും കൈവിട്ടു പോയി ഇത് കണ്ടപ്പോൾ.
“ഒരുപാട് ദൂരം ഒന്നൂല്യാലോ. ഇത്ര അടുത്തല്ലേ. എപ്പോ വേണേലും അങ്ങോട്ടും ഇങ്ങോട്ടും പോവാലോ.”നാലുപേരും കൂട്ടിപ്പിടിച്ചു നിന്നു കരയുന്ന കണ്ടപ്പോൾ പയ്യന്റെ അച്ഛൻ പറഞ്ഞു.
“പൊന്നു പോലെ നോക്കണം കേട്ടോ.”കാറിൽ കയറുന്ന നേരം മരുമകനോട് അച്ഛൻ ചെവിയിൽ പറഞ്ഞു.
“എന്ത് ആവശ്യം വന്നാലും ഒന്ന് വിളിച്ചാൽ മതി. ആ സെക്കൻഡിൽ ഏട്ടൻ അവിടെ ഉണ്ടാകും. അവളുടെ മുഖം കൈകളിൽ എടുത്ത് ഏട്ടൻ അത് പറയുമ്പോൾ രേവുവിന് വാക്കുകൾ പുറത്ത് വന്നില്ല.
“നീ എവിടെക്കാ ഈ നട്ട പാതിരക്ക് “കല്യാണം കഴിഞ്ഞ അന്ന് പാതിരക്ക് വണ്ടി എടുത്ത് പോവാൻ ഒരുങ്ങിയ മനുവിനോട് അച്ഛൻ ചോദിച്ചു.
“ഇപ്പൊ വരാം.”എന്നും പറഞ്ഞു ഇറങ്ങുന്ന അവനെ എല്ലാം മനസ്സിലായ മട്ടിൽ അച്ഛനും അമ്മയും നോക്കി നിന്നു.
“മോളെ രേവു…. ആരാ വന്നേക്കുന്നെ എന്ന് നോക്കിക്കേ “. പാതിരക്ക് കാളിങ് ബെൽ കേട്ട് വന്നു വാതിൽ തുറന്നു നോക്കിയപ്പോൾ മനുവിനെ കണ്ട അളിയന്റെ അച്ഛൻ പറഞ്ഞു.
“അച്ഛൻ ഇപ്പൊ വിളിച്ചു വച്ചതെ ഉള്ളു.കയറി വാ. ഇനി ഇപ്പൊ നാളെ പോകാം.എന്തായാലും വന്നത് നന്നായി. അല്ലേൽ ഞാൻ ഇവളേം കൊണ്ട് അങ്ങോട്ട് വരേണ്ടി വന്നേനെ.”പിന്നിൽ കരഞ്ഞ കണ്ണുകളുമായി നിൽക്കുന്ന രേവൂനെ കളിയാക്കി അളിയനായ ബാലു പറഞ്ഞു.
“ഞാൻ ദേ ഇവിടെ അടുത്ത് വരെ വരേണ്ട കാര്യം ഉണ്ടാരുന്നു. അല്ലാതെ ഇങ്ങോട്ടായിട്ട് വന്നതല്ല”. ചമ്മലോടെ മനു അത് പറയുമ്പോൾ എല്ലാവരും ചിരിച്ചു.
മാസങ്ങൾക്കിപ്പുറം അവളിലൂടെ താനൊരു അമ്മാവൻ ആവാണെന്നു അറിഞ്ഞപ്പോൾ അവന്റെ സന്തോഷത്തിനു അതിരുകൾ ഉണ്ടായില്ല. തന്റെ മക്കളുടെ സ്നേഹം കണ്ട് ആ അച്ഛനും അമ്മയും അഭിമാനിച്ചു.
“ടാ…. നീ എനിക്ക് തന്നതൊക്കെ തിരിച്ചു തരാൻ വന്നതാണു കേട്ടോ അവൻ. കുറച്ചൂടെ കഴിയട്ടെ. നിന്നെ ഞങ്ങൾ പഞ്ഞിക്കിടും.” കുഞ്ഞിനെ എടുത്ത് ഇരിക്കുന്ന മനുവിനെ നോക്കി രേവു പറഞ്ഞു.
“കാണാം… നിന്റെ തല ഞങ്ങൾ രണ്ടും കൂടെയ തiല്ലിപൊiളിക്കാൻ പോണേ “. കുഞ്ഞിനെ കളിപ്പിക്കുന്നതിനിടയിൽ മനു പറഞ്ഞു.
” നമുക്ക് ഒരാളും കൂടെ വേണ്ടെടോ”. രഹസ്യമായി ബാലു രേവുനോട് പറഞ്ഞു.
“ഹാ… തiല്ലിക്കൊiല്ലും ഞാൻ. നിങ്ങൾക്ക് അത് പറഞ്ഞാൽ മതി. “കഴിഞ്ഞു പോയ വേദന ഓർത്തെടുത്തു അവൾ പറഞ്ഞു.
“നമ്മുടെ മോനു ഇത് പോലൊരു അനിയത്തിക്കുട്ടി വേണ്ടേ.നിങ്ങളെ പോലെ സ്നേഹിക്കുന്ന രണ്ടുപേർ വേണ്ടേ നമുക്ക്.എന്നെ പോലെ ഒറ്റ മോൻ ആവണ്ട അവൻ.”ഇവരുടെ സ്നേഹം കണ്ട് തനിക്ക് അങ്ങനെ ഒരു കൂടപ്പിറപ്പ് ഇല്ലാത്ത സങ്കടം അവന്റെ വാക്കുകളിൽ ഉണ്ടായിരുന്നു.
അത് കേട്ട രേവു ചേട്ടന്റെ അടുത്ത് ചെന്നിരുന്നു അവന്റെ തോളിൽ ചാഞ്ഞു.എന്നും ഇത് പോലെ ആവണേ എന്ന പ്രാർത്ഥനയോടെ……
♡♡♡♡♡♡♡♡♡♡
സ്നേഹത്തോടെ ജീവിക്കുന്ന എല്ലാ ചേട്ടന്മാർക്കും അനിയത്തിമാർക്കും സമർപ്പിക്കുന്നു 🥰