എഴുത്ത് :-രഘു കുന്നുമ്മക്കര പുതുക്കാട്
1980 മാർച്ച് ;
പുഴയോരത്തു നിന്നും, ശിവക്കാവിലേക്കു നീളുന്ന ചെമ്മൺ പാതയോരത്തേ ഇരുളു പടർന്ന മരക്കൂട്ടത്തിലൊന്നിനു കീഴേ പരസ്പരം പുണർന്നു നിൽക്കേ, പത്മജ, വാസുദേവനോടു പറഞ്ഞു.
“ദേവ്, നീയിന്നലെ മ ദ്യപിച്ചിരുന്നൂന്ന് ഞാനറിഞ്ഞു..കൂട്ടുകെട്ടുകൾ ഒഴിവാക്കാൻ ഞാൻ പറയണില്ല. എല്ലാ ആഴ്ച്ചാവസാനവും ഈ കു ടി വേണ്ടായെന്നേ പറയണുള്ളൂ. എനിക്ക്, നീയേയുള്ളൂ. എന്റെ വീട്ടുകാരോ ബന്ധുക്കളോ, ഈ ബന്ധം അംഗീകരിക്കില്ലെന്നു അറിയാലോ. നമുക്കു നമ്മളേയുള്ളൂ. ചെറിയ ദുശ്ശീലങ്ങളാണ്, പിന്നേ ഒഴിവാക്കാൻ കഴിയാതെ പോകുന്നത്.”
പത്മജയുടെ കവിളിൽ ചും ബിച്ച്, അയാൾ പറഞ്ഞു.
“ഇല്ലെടീ, ഇനിയില്ല; ഇന്നലെ കൂട്ടുകാരന്റെ കല്യാണമായിരുന്നില്ലേ. എല്ലാവരും കൂടിയപ്പോൾ, ഒരു സന്തോഷം. സാരല്യാ, ഇനിയൊഴിവാക്കാം.”
1982 നവംബർ ;
രാത്രി, പാടശേഖരത്തിനരുകിലേ വാസുദേവന്റെ വീട്ടിലെ ചായ്പ്പുമുറിയിൽ പത്മജ, വാസുദേവനോടു കട്ടിലിൽ ചേർന്നിരുന്നു..സകല ബന്ധുജനങ്ങളേയും വെറുപ്പിച്ച്, ഇന്നാണവൾ ഇഷ്ടക്കാരന്റെ കൈപിടിച്ചിറങ്ങിപ്പോന്നത്. അപ്പോളും, അയാളെ മ ദ്യം മണക്കുന്നുണ്ടായിരുന്നു. അവളുടെ മിഴികളിലെ ചോദ്യഭാവങ്ങളെ വാസുദേവൻ പരുങ്ങലോടെയാണു നേരിട്ടത്.
“ഇത്തിരി കഴിച്ചു. മനസ്സിനു ഭയങ്കര പിരിമുറുക്കമായിരുന്നു. അതൊഴിവാക്കാൻ വേണ്ടി, കുറച്ച്.. സാരമാക്കേണ്ട.”
അവളതിനു മറുപടി പറഞ്ഞില്ല. മുറിയിലെ വിളക്കണഞ്ഞു. ലോറിയുടെ വളയം പിടിച്ചു തഴമ്പിച്ച അയാളുടെ കൈകൾ, അവളുടെ ഉ ടലിൽ അരിച്ചുകൊണ്ടിരുന്നു. പിറ്റേന്ന് പുലർച്ചേ, അടുക്കളയിൽ കയറും മുന്നേ കുളിച്ചുതോർത്തുമ്പോൾ, ഉടലിന്റെ ഓരോ അണുവിലും ആ മ ദ്യമണം പ്രസരിക്കുന്നതു പോലെ അവൾക്കു തോന്നി.
2000 ജൂലൈ മാസം;
സർക്കാരാശുപത്രിയുടെ ഇടുങ്ങിയ വാർഡിലെ തുരുമ്പിച്ച കട്ടിലുകളിലൊന്നിൽ, വാസുദേവൻ കിടപ്പുണ്ടായിരുന്നു. മിഴികൾ കൂമ്പി, മയക്കത്തിലാണ്. കട്ടിലിനരുകിൽ, പത്മജയും മകനും വ്യഥിതരായി നിന്നു..പതിനാറുകാരൻ മകൻ, വാസുദേവന്റെ മുറിച്ച മുറിയാണ്..മടുപ്പിക്കുന്ന ഡെറ്റോൾ ഗന്ധവും, നെഞ്ചിൽ കിലുങ്ങുന്ന കഫത്തിന്റെ ചുമയൊച്ചകളും സദാ പ്രസരിക്കുന്ന ആതുരാലയം. ശീലാന്തിയിൽ, പഴയൊരു ഫാൻ ആർക്കോ വേണ്ടി ചുറ്റിത്തിരിയുന്നു. മുഷിഞ്ഞ ചുവരുകളിൽ തട്ടി, ഫ്ലൂറസെന്റ് വെട്ടം, ശോഭ കെട്ടിരിക്കുന്നു. റൗണ്ട്സിനു വന്ന ഡോക്ടറുടെ വാക്കുകൾ, അവളുടെ കാതിൽ വീണ്ടും വിരുന്നെത്തി.
“ലിവറ് പൂർണ്ണമായും പ്രവർത്തനരഹിതമാണ്..വൃക്കകളുടെ അവസ്ഥയും ഏറെക്കുറെ അങ്ങനേത്തന്നേയാണ്.. ശരീരത്തിൽ ഉത്പാദിപ്പിക്കുന്ന, അമോണിയയും മറ്റു രാസഘടകങ്ങളും നിർവ്വീര്യമാക്കുന്നത്, കരളിന്റെ ജോലിയാണ്..വാസുദേവനിൽ, ആ പ്രവർത്തനങ്ങൾ നടക്കുന്നില്ല. ശരീരത്തിൽ ടോക്സിനുകൾ നിറഞ്ഞ്, അത് തലച്ചോറിലെത്തുമ്പോളാണ് ഇടയ്ക്ക് സ്വബോധം നഷ്ടപ്പെടുന്നത്. ഒരു പാരസെറ്റമോൾ പോലും കൊടുക്കാനാകാത്ത അവസ്ഥയാണ്..ആറുമാസം മുമ്പേ, ഞാൻ പറഞ്ഞതല്ലേ, കുടി പൂർണ്ണമായും നിർത്താൻ. എന്നാൽ, പ്രതീക്ഷയ്ക്കു വകയുണ്ടായിരുന്നു..അനുസരിച്ചില്ല,.ഈ സ്ഥിതി ഏറെ നാൾ തുടരാൻ ഇടയില്ല.”
പത്മജ, മകനേ ചേർത്തുപിടിച്ച് കട്ടിലിലേക്കു നോക്കി. ബലൂൺ കൊണ്ടു നിർമ്മിച്ച പാവ കണക്കേ,.വീർത്തുന്തിയ വയറും, ശോഷിച്ച കൈകാലുകളുമായി വാസുദേവൻ മരണം കാത്തു കിടന്നു.
2022 മെയ് ;
രാത്രി ഏറെ വൈകിയിട്ടും, ഉമ്മറക്കോലായിലെ വർത്തമാനങ്ങൾ തീരുന്നുണ്ടായിരുന്നില്ല..അകമുറിയിൽ നിന്നും പത്മജ ഇറങ്ങിവന്നു..അറുപതു പിന്നിട്ട ഉടലിൽ, ഒത്തിരി അസുഖങ്ങളുടെ അസ്കിതകളുണ്ടായിരുന്നു.
വാതിൽപ്പാളി തെല്ലു നീക്കി, ഉമ്മറത്തേക്കു മിഴിപായിച്ചു..ക ള്ളുസഭ കൊഴുക്കുകയാണ്..മകൻ, ഉന്മാദത്തിന്റെ മൂർദ്ധന്യത്തിലെത്തിയിരിക്കുന്നു.. കൂട്ടുകാരുടെ പൊട്ടിച്ചിരികൾ..നിറയുകയും ഒഴിയുകയും ചെയ്യുന്ന ഗ്ലാസുകൾ.
വാതിൽ ചാരി, പത്മജ തിരികേ നടന്നു. തളത്തിലെ ചുമരിൽ നടു ചാരി, അവൾ നിൽപ്പുണ്ടായിരുന്നു. മകന്റെ ഭാര്യ; ഒപ്പം, ഏഴുവയസ്സുകാരി പേരക്കുട്ടിയും..പത്മജ, മരുമകളേ നോക്കി. അവളുടെ കൺതടങ്ങളിൽ വിഷാദം ഇരുണ്ടു കൂടിയിരിക്കുന്നു. എത്ര സുന്ദരിയായിരുന്നു ഇവൾ, എന്നു പത്മജ വേദനയോടെ ഓർത്തു. അവർ അക മുറിയിലേക്കു തിരികേ നടന്നു. മുറിയുടെ വാതിൽക്കൽ തൂക്കിയിട്ട, വാസുദേവന്റെ ചില്ലിട്ട ഫോട്ടോയെ കാലം വല്ലാതെ മങ്ങിച്ചിരുന്നു. അതിൽ ചാർത്തിയ മാലയ്ക്കും നിറമില്ലായിരുന്നു.
രാവു നീണ്ടു. ഒപ്പം, ഉമ്മറത്തേ മേളങ്ങളും…..


 
                         
                        