മുന്‍ ഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
മോളേ ഗംഗേ……. അവൻ….. അവനെന്താ മോളോട് പറഞ്ഞത്?
സിസ്റ്റർ അമ്മേ….. അവനൊന്നും എന്നോട് മിണ്ടിയില്ല. അവനിപ്പോൾ വീണ്ടും അബോധാവസ്ഥയിലായി. പക്ഷെ ഇടയ്ക്കിടക്ക് അവൻ എന്റെ പേര് വിളിക്കുന്നുണ്ട്.
പിന്നെ എന്തിനാ മോളേ അവര് നിന്നെ വിളിച്ചത്? ഡോക്ടറെ മോള് കണ്ടോ? അവരെന്തെങ്കിലും അവന്റെ കാര്യം മോളോട് പറഞ്ഞോ?സിസ്റ്റർ ലിനെറ്റ് ഇടതടവില്ലാതെ ഓരോ കാര്യവും ചോദിച്ചുകൊണ്ടിരുന്നു.
എന്റെ ദൈവമേ ഞാനെങ്ങനെ അവന്റെ കാര്യം സിസ്റ്ററിനോട് പറയും? ഗംഗ ധർമ്മസങ്കടത്തിലായി.
ഗംഗേ…. നീ ഡോക്ടറെ കണ്ടോ….? ഹരിയുടെ ശബ്ദം കനത്തിരുന്നു.
ഗംഗ ഹരിയുടെ മുഖത്തേയ്ക്ക് നോക്കി വിതുമ്പി. ഹരിയേട്ടാ……..
ഗംഗേ…. നീ കാര്യം എന്താണെന്ന് വച്ചാൽ പറ.അതുകഴിഞ്ഞ് കരയേണ്ട കാര്യ മുണ്ടെങ്കിൽ കരയാം.
ഹരിയേട്ടനെന്തിനാ ദേഷ്യപ്പെടുന്നത്? അനന്തുവിന് ഇനി നടക്കാനാവില്ല.
അവന്റെമ്പരയ്ക്ക് കീഴ്പോട്ട് തളർന്നുപോയി…..ഗംഗ എങ്ങലടിച്ചു കരഞ്ഞു.
എന്റെ മാതാവേ എന്റെ കുഞ്ഞിനോടെന്തിനാ ഈ ക്രൂരത കാട്ടിയേ?സിസ്റ്റർ ലിനെറ്റ് തളർന്ന് കസേരയിലേയ്ക്കിരുന്നു.
സിസ്റ്ററമ്മേ….. ഡോക്ടർ പറഞ്ഞത് കേട്ടിട്ട് നമുക്ക് അവനെ ജീവിതത്തിലേക്ക് കൊണ്ടുവരാൻ കഴിയും.
അവനറിയാമോ മോളേ ഈ കാര്യം?
അറിയാം സിസ്റ്ററമ്മേ….. അവനെല്ലാം അറിയാം എന്നാ ഡോക്ടർ പറഞ്ഞത്.
എന്റെ കുഞ്ഞിന്റെ മനസ്സ് എത്ര വേദനിച്ചിട്ടുണ്ടാവും……?എന്റെ കർത്താവേ…. അവന് എല്ലാം തരണം ചെയ്യാനുള്ള ശക്തി നീ കൊടുക്കേണമേ.
ഹരിയേട്ടാ…… സിസ്റ്ററെ സ്നേഹദീപത്തിലേയ്ക്ക് വിട്ടേക്ക്. നമുക്ക് ഇവിടെ നിൽക്കാം.
ഗംഗേ നീ എന്താ ഈ പറയുന്നത്? സിസ്റ്ററിനു കൂട്ടായി അവിടെ നിന്ന് ആരോടെങ്കിലും വരാൻ പറഞ്ഞാൽ പോരെ. നമ്മളെന്തിനാ ഇവിടെ നിൽക്കുന്നത്?നീ വെറുതെ ഓരോ ഭ്രാന്ത് കാണിക്കരുത്. ഹരി സിസ്റ്ററമ്മ കേൾക്കാതെ ഗംഗയുടെ അടുത്തുപോയി അടക്കം പറഞ്ഞു.
ഹരിയേട്ടന് പോകണമെങ്കിൽ പൊയ്ക്കോ. ഞാൻ എന്തായാലും അനന്തുവിനെ ഇവിടെ നിന്ന് വീട്ടിട്ടേ വരുന്നുള്ളൂ…. പറ്റുവാണെങ്കിൽ അമ്മയോട് എന്റെ ഡ്രസ്സ് തന്നുവിടാൻ പറയ്. ഇവിടെ റൂം എടുക്കാതിരിക്കാൻ പറ്റില്ലല്ലോ.
അപ്പോൾ അനന്തു സ്നേഹദീപത്തിലേയ്ക്ക് പോകുമ്പോൾ നീയും ആ കൂടെ പോകുമോ?ഹരിയുടെ അർത്ഥം വച്ചുള്ള ചോദ്യത്തിന് ഗംഗ പ്രത്യേകിച്ച് മറുപടി ഒന്നും പറഞ്ഞില്ല.
ഗംഗ സിസ്റ്ററമ്മയെ സമാധാനിപ്പിച്ചുകൊണ്ടിരുന്നു. കുറച്ച് കഴിഞ്ഞപ്പോൾ ഹരിയും ഗംഗയുടെ അടുത്തുവന്നിരുന്നു.
സിസ്റ്ററമ്മയെ ഞാൻ സ്നേഹദീപത്തിലേയ്ക്ക് വിടാം. ഞാനും ഗംഗയും ഇവിടെ നിന്നോളാം.
വേണ്ട മോനേ. ഞാൻ ഞങ്ങളുടെ ഡ്രൈവർ വർക്കികുഞ്ഞിന്റെ കൂടെയാ വന്നത്. ഞാൻ എന്റെ മോന്റെ കൂടെയെ അങ്ങോട്ട് പോകുന്നുള്ളൂ അതുകൊണ്ടാ ഡ്രൈവറെ ഞാൻ പറഞ്ഞുവിട്ടത്.
നന്നായി ഹരി മനസ്സിൽ സന്തോഷിച്ചു.
സിസ്റ്ററമ്മേ…. അമ്മ അവിടെ ഇല്ലെങ്കിൽ അവിടുത്തെ കാര്യങ്ങളെല്ലാം ആകെ പരുങ്ങലിലാകും. അമ്മ പൊയ്ക്കോ…. ഹരിയേട്ടൻ അവിടെ കൊണ്ടാക്കും.
എന്നിട്ട് സിസ്റ്ററമ്മ എല്ലാവരെയും വിളിച്ചു ഒരുമിച്ചിരുന്ന് പ്രാർത്ഥിക്കണം.
മോളേ എന്റെ കുഞ്ഞിനെ ഈ അവസ്ഥയിൽ ഇവിടെ ആക്കിയിട്ട് ഞാനെങ്ങനെ പോകും?ആവലാതിയോടെ സിസ്റ്റർ ഗംഗയോട് ചോദിച്ചു.
സിസ്റ്ററമ്മ വിഷമിക്കണ്ട.ഞാനും ഹരിയേട്ടനുംഇവിടെയുണ്ടാവും.സമാധാനമായിട്ട് പൊയ്ക്കോ.
ഹരിയേട്ടാ സിസ്റ്ററമ്മയെ കൊണ്ടാക്കിയിട്ട് വീട്ടിൽപോയി ഡ്രസ്സും എടുത്തിട്ട് വാ. അമ്മയോട് സുഭദ്രമ്മയുടെ അടുത്തേയ്ക്ക് പോകാൻ ഞാൻ ഫോണിൽ വിളിച്ചു പറഞ്ഞോളാം.
ഹരിയേട്ടൻ ചെല്ല്…. ഞാൻ റൂം കിട്ടുമോ എന്ന് അന്വേഷിക്കാം.
ഹരിയും സിസ്റ്ററമ്മയും പോകുന്നത് നോക്കി ഗംഗ അവിടെ തന്നെ നിന്നു.
ഗംഗ റൂമിന്റെ കാര്യങ്ങളെല്ലാം റെഡിയായി ആക്കി. റൂം കിട്ടുന്നതിന് മുൻപ് തന്നെ ഹരി തിരിച്ചെത്തി.
ഹരിയേട്ടൻ പെട്ടെന്നെത്തിയല്ലോ….. എന്റെ ഡ്രസ്സ് എവിടെ?
ഞാൻ വീട്ടിലേയ്ക്ക് പോയില്ല ഗംഗാ…. കോളേജിൽ നിന്ന് കുറച്ചു ടീച്ചേഴ്സും കുട്ടികളും ഇങ്ങോട്ട് വരുന്നുണ്ടെന്നു പറഞ്ഞു. അവര് പോയിട്ട് ഞാൻ വീട്ടിലേയ്ക്ക് പൊയ്ക്കോളാം. രണ്ടുപേരും കസേരയിൽ ഇരുന്നു… ഗംഗ എപ്പോഴോ മയക്കത്തിലേയ്ക്ക് വീണു.എപ്പോഴോ ഹരിയുടെ തോളിലേയ്ക്ക് തല ചായ്ച്ച് അവൾ കിടന്നു.
കോളേജിൽ നിന്ന് കുറച്ച് കുട്ടികളും ടീച്ചേഴ്സും എത്തി. ഗംഗ അപ്പോൾ നല്ല ഉറക്കത്തിലായിരുന്നു.
ഹരിയുടെ തോളിലേയ്ക്ക് തലചായ്ച്ച് കിടക്കുന്ന ഗംഗയെ കണ്ടപ്പോൾ ഗംഗയുടെ ക്ലാസ്സ് മേറ്റ് ആയ മൃദുല അവളുടെ പല്ലുകൾ ഞെരിച്ചു.
എടി സ്വപ്നേ ഇവൾക്കൊരു നാണവുമില്ലേ ഇങ്ങനെ ഹരി സാറിന്റെ തോളിലേയ്ക്ക് കിടക്കാൻ…?
മൃദുലേ ഇത് ഹോസ്പിറ്റലാട്ടോ.. നീ ഒന്ന് മിണ്ടാതിരിക്ക്… ഹരി സർ അവളെയാണ് കെട്ടാൻപോകുന്നതെന്ന് നമ്മുടെ ക്ലാസ്സിൽ എല്ലാവർക്കുമറിയാം. പിന്നെ നീ എന്തിനാ ഓരോന്ന് പറയുന്നത്? നിനക്ക് ഹരി സാറിനെ ഇഷ്ടമാണെന്ന് കരുതി സർ നിന്നോടിതുവരെ അങ്ങനെ പറഞ്ഞിട്ടുണ്ടോ…..?
മൃദുല വെട്ടിതിരിഞ്ഞു നിന്നു. അപ്പോഴേക്കും ഗംഗയും ഹരിയും അനന്തുവിന്റെ കാര്യങ്ങൾ എല്ലാവരോടുമായി സംസാരിക്കുകയായിരുന്നു.
ഹരി സർ ഞങ്ങളിറങ്ങട്ടെ… എല്ലാവരും പതുക്കെ മാറിയെങ്കിലും മൃദുല നേരെ ഗംഗയുടെ അടുത്തേയ്ക്ക് ചെന്നു.
എടി ഗംഗേ നിനക്ക് നാണമില്ലേ ഹരി സാറിന്റെ പുറകെ ഇങ്ങനെ നടക്കാൻ?ഒരു കാര്യം ഞാൻ നിന്നോട് പറഞ്ഞേക്കാം ഹരി സാറിനെ നിനക്ക് കിട്ടുമെന്നോർത്ത് നീ വെറുതെ മഞ്ഞുകൊള്ളേണ്ട.സർ എന്റെയാ. ഈ മൃദുലയുടെ…. നീ നോക്കിക്കോ.. കാണിച്ചു തരാം ഞാൻ നിനക്ക്… പറഞ്ഞു തീർന്നതും മൃദുല തിരിഞ്ഞു നടന്നു.
നിൽക്കടി അവിടെ…..ഗംഗ മൃദുലയുടെ തോളിൽ പിടിച്ചു തിരിച്ചു നിർത്തി.
നീ എന്താ പറഞ്ഞത് ഹരി സർ നിന്റെയാണെന്നോ….. എങ്കിൽ അതെനിക്കൊന്നു കാണണമല്ലോ….
ഹരി സർ ഗംഗയുടേതാ….. അത് നേരത്തെ തന്നെ തീരുമാനിച്ചതാ…. നീ അല്ല ഇനി ആരു പറഞ്ഞാലും നിന്റെ ആഗ്രഹം ഈ ജന്മം നടക്കില്ല.
ഗംഗേ ഹരി വിളിച്ചു…. നീ അവിടെപോയിരുന്നേ….. ഇത് ഹോസ്പിറ്റലാ അല്ലാതെ ചന്തയല്ല ഇങ്ങനെ ലേലം വിളിക്കാൻ. മൃദുല പോകാൻ നോക്ക്….. ഹരി വീണ്ടും കസേരയിൽ ഗംഗയ്ക്കടുത്തു തന്നെ പോയിരുന്നു. മൃദുല ദേഷ്യത്തോടെ രണ്ടു പേരോടുമായി പറഞ്ഞു……
എന്റെ പേര് മൃദുല എന്നാണെങ്കിൽ നോക്കിക്കോ ഹരി സർ താലികെട്ടുന്നത് എന്നെ ആയിരിക്കും…. കൊടുങ്കാറ്റു വീശുന്നത് പോലെ മൃദുല നടന്നകന്നു…….
തുടരും……

