നമ്മടെ മക്കൾക്കും ഇല്ലായ്മയുടെ അവസ്ഥ പറഞ്ഞു കൊടുക്കണം. അവർ ആവിശ്യപ്പെടുന്നത് വാങ്ങി കൊടുക്കുമ്പോൾ അതിന്റെ പിന്നാലെ കഷ്ടപ്പാടുകൾ അറിയണം……..

എഴുത്ത്:-നവാസ് ആമണ്ടൂർ.

തുള്ളിയായി ഇടക്കിടെ കൊഴിഞ്ഞു വീഴുന്ന ഓർമ്മകൾ പോലെ ഇടക്കിടെ പെയ്യുന്ന മഴത്തുള്ളികൾ. ഞാൻ പഠിച്ച സ്കൂൾ. എന്നെ പഠിപ്പിച്ച അബ്ദു റഹ്മാൻ മാഷ്.

“മാഷ്ക്ക് എന്നെ ഓർമ്മയുണ്ടോ…?”

“മറന്നിട്ടില്ല.. മോനെ.”

ഒമ്പത് വയസ്സ് ഉള്ളപ്പോൾ നാലാം ക്ലാസ്സിൽ എന്നെ പഠിപ്പിച്ച മാഷ് ചിലപ്പോൾ എന്നെ മറന്നിട്ടുണ്ടാകും. പക്ഷെ എനിക്ക് മറക്കാൻ പറ്റോ. ഇടക്കിടെ എന്റെ മോൾ കളിയാക്കുന്ന നാലാം ക്ലാസ്സിൽ തോൽവി ഈ മാഷേ ക്ലാസ്സിൽ അല്ലെ.

“അയ്യേ… വാപ്പിച്ചി തോറ്റല്ലേ…”

“മ്മ്..”

“തോറ്റതിന് ഒരു കാരണം ഉണ്ട്.”

“അതിപ്പോ എല്ലാർക്കും ഉണ്ടാവും കാരണം പറയാൻ…. 😃😃”

ക്ലാസ്സിൽ നല്ലോണം പഠിക്കുന്ന നവാസ് തോറ്റത് എങ്ങനെയാണെന്ന് ഉമ്മാനോട് മാഷാണ് പറഞ്ഞത്.

“അവൻ നല്ലോണം പഠിക്കുന്നുണ്ട്. പക്ഷെ എഴുതിയത് ഒന്നും വായിക്കാൻ പറ്റുന്നില്ല. വ്യക്തമാല്ലാതെ എഴുതിയത് കൊണ്ട് മാർക്ക് ഇടാൻ പറ്റില്ല.”

മാഷ് പറഞ്ഞത് കാര്യമാണ്. ഞാൻ എഴുതിയത് മാഷ്ക്ക് മാത്രമല്ല എനിക്ക് പോലും വായിക്കാൻ പറ്റില്ല.പരീക്ഷക്ക് പഠിച്ചാൽ മാത്രം പോരാ. പഠിച്ചത് എഴുതാൻ നല്ലൊരു പേന വേണമായിരുന്നു. അന്ന് സ്റ്റിക് എന്നൊരു രണ്ട് രൂപയുടെ പേനയാണ് എല്ലാവരും വാങ്ങുക. അല്ലങ്കിൽ റൈനോൾഡിന്റെ അഞ്ച് രൂപയുടെ പേന. പേന വാങ്ങാൻ ക്യാഷ് ഉണ്ടായില്ല ഉമ്മ ഒരു ലെഡ് വാങ്ങാൻ അമ്പത് പൈസ തന്ന്. സ്കൂളിന്റെ മുൻപിൽ അബ്ദുക്കാടെ കടയിൽ നിന്നും ഞാനൊരു ലെഡ്ഡ് വാങ്ങി പരീക്ഷ എഴുതി. വായിക്കാൻ തിരിയാത്ത വളഞ്ഞും പുളഞ്ഞും പോയ അക്ഷരങ്ങൾ എന്റെ ഒരു കൊല്ലം കളഞ്ഞു.

നല്ലോണം കഷ്ടപ്പെട്ടിണ്ടാണ് ഞങ്ങളെ വാപ്പയും ഉമ്മയും വളർത്തിയത്. അതുകൊണ്ട് ത്തന്നെ അന്നത്തെ അവസ്ഥ മനസ്സിൽ ഉള്ളത് കൊണ്ട് ഒരു കൊല്ലം പോയ സങ്കടം ഇപ്പോഴും ഇല്ല.അതിന് ശേഷം എനിക്ക് കിട്ടിയ പേന നിധി പോലെ ഞാൻ കൊണ്ട് നടന്നു. മഷി തീർന്നാലും എനിക്ക് കിട്ടിയ ഓരോ പേനയും ഞാൻ സൂക്ഷിച്ചു വെച്ചു.ഇന്നും പഴയ പെട്ടിയിൽ ഞാൻ സൂക്ഷിച്ചു വെച്ച പേനകളുണ്ട്.ഇന്ന് എന്റെ മക്കൾക്ക് ഒന്നിൽ കൂടുതൽ പേനകൾ ഉണ്ട്. മഷി തീരും മുൻപേ പേന മടക്കുന്നു പുതിയ പേന കൊണ്ട് എഴുതി തുടരുന്നു.

നമ്മളെ പോലെ ആവരുത് നമ്മുടെ മക്കളെന്ന് വിചാരിച്ചു അവർ എന്ത് വേണെന്ന് പറഞ്ഞാലും ഞാൻ ഉൾപ്പെടെയുള്ള മാതാപിതാക്കൾ പെട്ടന്ന് വാങ്ങി കൊടുക്കും.നമ്മടെ മക്കൾക്കും ഇല്ലായ്മയുടെ അവസ്ഥ പറഞ്ഞു കൊടുക്കണം. അവർ ആവിശ്യപ്പെടുന്നത് വാങ്ങി കൊടുക്കുമ്പോൾ അതിന്റെ പിന്നാലെ കഷ്ടപ്പാടുകൾ അറിയണം. ഒരു പേനയൊ പുസ്തകമൊ വാങ്ങാൻ കഴിയാത്ത കുട്ടികളെ ഓർമ്മിപ്പിക്കണം. നമ്മൾ വാങ്ങി കൊടുക്കുന്നതിന്റെ വില മനസ്സിലാക്കി അവർ വളരുമ്പോൾ നാളെ നമ്മുക്കും വിലയുണ്ടാകും.

പണ്ടൊക്കെ സ്കൂളിൽ കൊണ്ട് ചേർത്താൽ പിന്നെ എന്തങ്കിലും ആവിശ്യം ഉണ്ടായാൽ മാത്രം രക്ഷിതാക്കൾ ആ വഴി വരാറുള്ളൂ. ഇന്ന് അതൊക്കെ മാറി. കൊണ്ട് വിടാനും വിളിക്കാനും പോകുന്ന മാതാപിതാക്കൾ. സ്കൂളിലെ പരിപാടികളിൽ രക്ഷിതാക്കളുടെ സാന്നിധ്യം. അധ്യാപകരുമായി കുട്ടികളുടെ പഠന വിഷയങ്ങളിൽ നിരന്തരം സമ്പർക്കം പുലർത്തുന്ന മാതാപിതാക്കൾ. ഇങ്ങനെയൊന്നും അല്ലാതിരുന്ന ഒരു കാലം ഉണ്ടായിരുന്നു. അങ്ങനെ പല തരത്തിലുള്ള തലമുറകൾ താണ്ടിയാണ്‌ ആമണ്ടൂർ സ്കൂൾ നൂറാം വർഷത്തിൽ എത്തി നിൽക്കുന്നത്.ഓർമ്മകളുടെ വസന്തമായി ബാല്യകാലത്തെ മനോഹരമാക്കിയ എന്റെ സ്കൂൾ ഇനിയും ഏറെ മുന്നോട്ട് പോകാനുണ്ട്. സ്കൂളിന്റെ പ്രവർത്തനങ്ങളെ മെച്ചപ്പെടുത്താൻ മുന്നിട്ട് ഇറങ്ങുന്ന നാട്ടുകാരും രക്ഷിതാക്കളും അധ്യാപകരും ഉള്ളപ്പോൾ ആമണ്ടൂർ സ്കൂൾ നാടിന്റെ വെളിച്ചമായി മുന്നേറും.

എന്റെ സ്കൂൾ നൂറാമാത്തെ വർഷം പൂർത്തിയാക്കി ആമണ്ടൂർക്കാരുടെ അഭിമാനമായി തലയിടുപ്പോടെ നിക്കുന്നു. കഴിഞ്ഞ ദിവസം ഏറെ സന്തോഷത്തോടെ നിറഞ്ഞ സദസ്സിന് മുൻപിൽ ജി എൽ പി എസ് ആമണ്ടൂരിന്റെ ശതാബ്ദി ആഘോഷം ബഹുമാനപ്പെട്ട ടൈസൺ മാഷ് MLA ഉത്ഘാടനം ചെയ്തു. ആ അവസരത്തിൽ ഏറെ ശ്രദ്ധേയമായത് കഴിഞ്ഞു പോയ വർഷങ്ങളിൽ കുട്ടികൾക്ക് അക്ഷരവെളിച്ചം പകർന്നു നെൽകിയ അധ്യാപകരെയും പൂർവ്വ വിദ്യാർത്ഥികളെ ആദരിച്ചതാണ്. എല്ലാവരും പ്രായമായവരാണ്. അവരെയൊക്കെ ഒരിക്കൽ കൂടി കാണാൻ കഴിഞ്ഞത് ഭാഗ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *