എഴുത്ത്:-ശ്രീജിത്ത് ഇരവിൽ
ലാന്റ് ഫോൺ ശബ്ദിച്ചപ്പോൾ, ‘ജയമോഹൻ ഹിയർ’ എന്ന് വൈകാതെ പറയാൻ ഞാൻ അതിന്റെ അടുത്ത് തന്നെ ഉണ്ടായിരുന്നു.
‘നമസ്ക്കാരം, പാട്ടുകാരൻ രഘുനാഥ് സാറിന്റെ പി എ ആണ്. സാറിനെ അറിയുമോ നിങ്ങൾക്ക്..?’
ആ പേര് കേട്ടപ്പോൾ തന്നെ ശ്വാസം കിതച്ച് പോയി. സാറിനെ അറിയുമെങ്കിൽ നിങ്ങൾ എന്നെ എന്ത് ചെയ്യുമെന്ന് ചോദിച്ച് മറുപടിക്കായി ഞാൻ കാത്തിരുന്നു. ഉദ്ദേശിക്കുന്ന ആളാണെങ്കിൽ രഘുനാഥ് സാർ തന്നെ സംസാരിക്കും പോലും… കുറച്ച് നേരം ഞാൻ മിണ്ടാതായി. ശേഷം, അല്ലെന്ന് മറുപടി കൊടുത്തു.
‘ എന്ത്…?’
“നിങ്ങൾ ഉദ്ദേശിക്കുന്ന ജയമോഹൻ ഞാൻ അല്ലെന്ന്…”
അങ്ങനെയൊരു ഫോൺ വരുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല. പാട്ടുകാരനായ രഘുനാഥിനെ ഓർത്ത കഴിഞ്ഞ വർഷങ്ങളുടെ നിമിഷങ്ങളിലെല്ലാം എന്നിൽ ദേഷ്യമെന്ന വികാരമേ ഉണ്ടായിരുന്നുള്ളൂ. ആവോളം ഞാൻ അവനെ പ്രാകിയിട്ടുണ്ട്. അവൻ തകർന്ന് പോകണമെന്ന് വരെ ആഗ്രച്ചിട്ടുണ്ട്.
രഘുനാഥനെന്ന രഘുവും ഞാനും ബാല്യകാല സുഹൃത്തുക്കളായിരുന്നു. അവന്റെ കുടുബത്തിന്റെ സാമ്പത്തികാവസ്ഥ വളരേ മോശമായിരുന്നു. അതുകൊണ്ട് തന്നെ പറ്റാവുന്ന സഹായമെല്ലാം കുഞ്ഞ് പ്രായം തൊട്ടേ അവന് വേണ്ടി ഞാൻ ചെയ്യാറുണ്ട്.
വലിയ പഴക്കം തോന്നിക്കാത്ത എന്റെ പഴയ യൂണിഫോമും ധരിച്ച് രഘു ഞെളിയുമ്പോൾ എനിക്ക് വല്ലാത്ത സന്തോഷമാണ്. നാലാം തരം തൊട്ട് ഏഴുവരെ ഞങ്ങൾ ഒരുമിച്ചായിരുന്നു പഠിച്ചത്. എട്ടിൽ അവൻ തോറ്റു. അതിൽ പിന്നെ ബാഗുകൾക്കും മിട്ടായികൾക്കും പുറമേ പഠന പുസ്തകങ്ങളും ഞാൻ അവന് നൽകുവാൻ തുടങ്ങി. ഓരോ വട്ടവും ഞങ്ങൾ കാണുമ്പോൾ എന്നോടുള്ള നന്ദി അവന്റെ കണ്ണുകളിൽ തെളിയാറുണ്ട്.
ഉപരി പഠനത്തിനായി നാട്ടിൽ നിന്നും അകന്നതിന് ശേഷമാണ് രഘുവുമായുള്ള ബന്ധമൊക്കെ വളരേ കുറഞ്ഞത്. എന്നാലും, മറന്ന് കളയാൻ പറ്റാത്ത വിധം അവൻ നെഞ്ചിൽ ഉണ്ടായിരുന്നു. പത്തിൽ തോറ്റപ്പോൾ രഘു പഠിത്തം നിർത്തിയതും, പരമുവേട്ടന്റെ മോളെ പ്രേമിച്ച് വശത്താക്കിയതുമൊക്കെ ഞാൻ അറിഞ്ഞിരുന്നു. അവസാനം കണ്ടപ്പോൾ ഞാൻ ചോദിക്കുകയും ചെയ്തതാണ്.
‘പെണ്ണിന് എന്റെ പാട്ട് വലിയ ഇഷ്ടമാണ്. അവളുടെ കൂടെ ഞാൻ പാട്ട് പഠിക്കാൻ പോകുന്നുണ്ട്…’
ഇതായിരുന്നു അന്നത്തെ രഘുവിന്റെ മറുപടി. ഒരു പെണ്ണിന്റെ വാക്ക് കേട്ട് പാട്ട് പഠിക്കാൻ നിനക്ക് ഭ്രാന്താണോയെന്നാണ് ആ നേരം ഞാൻ അവനോട് ചോദിച്ചത്. പ്രേമം വന്നാൽ ഭ്രാന്തും വരുമെന്ന് അവനും പറഞ്ഞു. രഘുവിന്റെ ഭാഷയും സ്വഭാവവുമെല്ലാം വളരേ മാറിയെന്ന് എനിക്ക് തോന്നി.
തിരിച്ച് കോളേജിൽ എത്തിയിട്ടും രഘു പാട്ട് പഠിക്കാൻ പോകുന്നതിനെ കുറിച്ച് തന്നെയായിരുന്നു എന്റെ ചിന്ത. പണ്ട് സ്കൂൾ പരിപാടികളിൽ അവൻ പാടുന്നത് ഞാൻ കേട്ടിട്ടുണ്ട്. അന്ന് മിക്കവരും അഭിനന്ദിച്ചതാണ് അവനെ.
‘പാട്ട് പഠിക്കാനൊക്കെ ടീച്ചർ പറയുന്നുണ്ടെടാ…’
അതുകേട്ട് ഞാൻ ചിരിച്ചത് ഇപ്പോഴും ഓർമ്മയുണ്ട്. നിനക്കെന്താ വട്ടാണോയെന്ന് തന്നെയായിരിക്കണം അന്നും ചോദിച്ചത്. ആ നേരത്ത് നാലക്ഷരം പഠിക്കൂവെന്നും ഏഴാം തരത്തിന്റെ തലയോടെ പറഞ്ഞുവെന്ന് തോന്നുന്നു. കോളേജിലെയൊരു പെൺ സുഹൃത്തിനോട് ഇതൊക്കെ പറഞ്ഞപ്പോൾ നല്ലതല്ലേയെന്ന് അവളും അഭിപ്രായപ്പെട്ടു. ശരിയാണ്. അവന്റെ ആഗ്രഹം പോലെ ജീവിക്കട്ടെ.
രഘു നാടകങ്ങളിലൊക്കെ പാട്ട് പാടി തുടങ്ങിയെന്ന് പഠനം കഴിഞ്ഞ് നാട്ടിലേക്ക് എത്തിയപ്പോഴാണ് ഞാൻ അറിയുന്നത്. പരമുവേട്ടന്റെ മോളെ അവൻ കെട്ടുകയും ചെയ്തു. ആഗ്രഹിച്ചാൽ പോലും കണ്ടെത്താൻ പറ്റാത്തവിധം തിരക്കുകളിലേക്ക് ചെറിയ പ്രായത്തിലേ രഘു മാറിയിരിക്കുന്നു. സാരമില്ല. അവന്റെ ജീവിതം മെച്ചപ്പെടട്ടെ.
ജോലിയുമായി ഡൽഹിയിൽ താമസിക്കുന്ന വേളയിലാണ് അവന്റെ പേര് പത്രത്തിൽ നിന്ന് ഞാൻ കണ്ടെടുക്കുന്നത്. നാടിന്റെ അഭിമാനമായി രഘുനാഥ് എന്ന തലക്കെട്ടോടു കൂടിയായിരുന്നു ആ വാർത്ത. ചിത്രവുമുണ്ട്. ദേശിയ തലത്തിൽ ശ്രദ്ധിക്കപ്പെട്ട സംഗീത നാടകത്തിന്റെ ശില്പിയെന്ന് കൂടി വായിച്ചപ്പോൾ എനിക്ക് സന്തോഷം തോന്നി. ആ സന്തോഷത്തിന് പോകെ പോകെ ദേഷ്യമാകാനേ സാധിച്ചുള്ളൂ..
വളരേ പെട്ടന്നാണ് രഘു രഘുനാഥായി മാറിയത്. വൈകാതെ സിനിമകളിലും പാടാൻ തുടങ്ങി. ജനം അവനെ മനസ്സിന്റെ രണ്ട് കൈകളും നീട്ടി സ്വീകരിച്ചു. എന്നിട്ടും എനിക്ക് അവനെ ചേർക്കാൻ പറ്റിയില്ല. വിവാഹവും കഴിഞ്ഞ് രണ്ട് കുഞ്ഞുങ്ങളുടെ അച്ഛനായി ജീവിതം മുന്നോട്ട് പോകുന്ന ഓരോ വേളയിലും രഘുവിനോടുള്ള ദേഷ്യം ഞാൻ അയവിറക്കാറുണ്ട്.
നാട്ടിലെ വീടെല്ലാം വിറ്റ് കുടുംബത്തോടൊപ്പം ഞങ്ങൾ ഡൽഹിയിലേക്ക് താമസം മാറി. നാട്ടിലെ ഓർമ്മകളിലെല്ലാം നന്ദിയില്ലാത്ത രഘുവിനെ ഞാൻ ഓർക്കും. പ്രതീക്ഷിക്കാതെ വന്ന് കയറിയ സൗഭാഗ്യമെല്ലാം അവന് നഷ്ടപ്പെടണമെന്ന് ആഗ്രഹിക്കുന്ന തലത്തിലേക്ക് വരെ തല മാറിപ്പോയി. അഹങ്കാരികളായ മനുഷ്യരെ വാഴാൻ ഈ ഭൂമിയിൽ അനുവദിക്കരുത്.
‘കാപ്പി വേണ്ടേ…?’
വേണ്ടെന്ന് പറഞ്ഞപ്പോൾ പതിവില്ലാതെ ഇതെന്ത് പറ്റിയെന്ന് ഭാര്യ ചോദിച്ചു. രഘുവിന്റെ സെക്രട്ടറി വിളിച്ചിരുന്നുവെന്ന് പറഞ്ഞപ്പോൾ, എന്ത് പറഞ്ഞുവെന്ന് വളരേ ആകാംഷയോടെയാണ് അവൾ ചോദിച്ചത്. കാര്യങ്ങളെല്ലാം കേട്ടപ്പോൾ ഞങ്ങളുടെ കഥ അറിയുന്ന ഭാര്യ നിങ്ങളെന്ത് മനുഷ്യനാണെന്ന് എന്നോട് ചോദിക്കുകയായിരുന്നു.
‘ഞാനോ…?’
എന്ന് സ്വയം ചോദിച്ച് തല അശ്ചര്യപ്പെട്ടു. ഭാര്യ സംസാരം നിർത്തിയില്ല. അറിഞ്ഞയടുത്തോളം രഘു യാതൊരു തെറ്റും ചെയ്തിട്ടില്ല. അഥവാ ചെയ്തിട്ടുണ്ടെങ്കിലും പഴയ കൂട്ടുകാരനെ അന്വേഷിക്കാൻ ഇറങ്ങിയതോടെ അത് തീർന്നു. എന്തിനാണ് നിങ്ങൾ ഇത്രയും വാശിപിടിക്കുന്നതെന്ന് തനിക്ക് മനസിലാകുന്നില്ലെന്നും ഭാര്യ ചേർത്തു. ഹാ.. എന്തെങ്കിലുമാകട്ടെയെന്ന് പറഞ്ഞാണ് ഒടുവിൽ അവൾ രംഗം ഒഴിഞ്ഞത്.
എന്നെ സംബന്ധിച്ചിടത്തോളം വളരേ നന്മയുള്ള മനസ്സാണ് എനിക്ക്. ആരെയും സഹായിക്കാനുള്ള സ്നേഹം എന്റെ ഹൃദയത്തിനുണ്ട്. രഘുവിനെ ഞാൻ എത്രത്തോളം സഹായിച്ചിരിക്കുന്നു. പാട്ടുകാരൻ ആകാതെ തെണ്ടി കുത്തുപാള എടുത്താലും ഞാൻ അവനെ രക്ഷപ്പെടുത്തുമായിരുന്നു. എന്നോടൊരു നന്ദിയും കാണിക്കാതെ ജീവിച്ച അവൻ ഗതി പിടിക്കരുതെന്ന് ആഗ്രഹിക്കുന്നതിൽ എന്താണ് തെറ്റുള്ളത്!
‘ഉണ്ട്… തെറ്റുണ്ട്…’
അങ്ങനെയൊരു ശബ്ദം ഉള്ളിൽ ഉണ്ടാകുമെന്ന് കരുതിയതേയില്ല. ഭാര്യയുടെ സംസാരം ചേർത്ത് വായിക്കുമ്പോൾ ചിന്തകളിൽ പിശകില്ലേയെന്ന് എനിക്ക് തന്നെ സംശയം തോന്നുകയാണ്.
യഥാർത്ഥത്തിൽ രഘുവിനോട് ഞാൻ കാണിച്ചത് സഹതാപം ആയിരുന്നോ? സ്നേഹമായിരുന്നുവെന്ന് പറഞ്ഞാൽ ഈ കാലമത്രയും അവനോടുള്ള ദേഷ്യം പേറിയതിൽ യതൊരു അർത്ഥവും ഇല്ലാതായിപ്പോകും.
എനിക്ക് എന്നോട് തന്നെ ബഹുമാനം തോന്നാൻ,
അല്ലെങ്കിൽ നന്ദിയോടെ എന്നുമെന്നെ സ്മരിക്കാൻ,
അതുമല്ലെങ്കിൽ ജീവിത നിലവാരം കൊണ്ട് എനിക്ക് താഴേ നിൽക്കുന്ന ആൾക്കാരോടു തോന്നുന്ന മമത,
ശരിയാണ്. മനുഷ്യർക്ക് താൻ വലിയയൊരു മനസ്സിന് ഉടമയാണെന്ന് കാട്ടാൻ കടപ്പാട് പ്രകടിപ്പിക്കുന്ന ചിലരെങ്കിലും ചുറ്റും വേണം. തന്റെ ഒപ്പത്തേക്ക് അവർ വളരാൻ പാടില്ല. തന്നേയും താണ്ടിയൊരു സുഖ ജീവിതത്തിലേക്ക് പോകുകയും അരുത്. അങ്ങനെ സംഭവിക്കുമ്പോൾ നമ്മൾ തകർന്ന് പോകുന്നുണ്ടെങ്കിൽ തീർച്ചയായിട്ടും അത് സ്നേഹമല്ലെന്ന് ഉറപ്പിക്കുക. സ്നേഹിക്കുന്നവർ മെച്ചപ്പെടുമ്പോൾ മനസ്സിന് കുളിരാനേ സാധിക്കുകയുള്ളൂ..
എപ്പോഴും സഹായമെന്ന് വന്നാൽ തന്റെ കതകിൽ മുട്ടുന്ന മനുഷ്യരെ ചുറ്റും നിർമ്മിക്കാൻ ചിലർ സ്നേഹത്തിനെ കൂട്ട് പിടിക്കാറുണ്ട്. ആ സ്നേഹം യഥാർത്ഥമാണെങ്കിൽ കൂട്ടുകൂടി നടക്കുന്ന മനുഷ്യരെല്ലാം പണ്ടേക്ക് പണ്ടേ പരസ്പരം ഒപ്പത്തിനൊപ്പം എത്തുമായിരുന്നു. രഘുവിനെ എന്നും എന്റെ താഴെ കാണാൻ ശ്രമിച്ചുവെന്നത് തന്നെയാണ് സത്യം.
ലാന്റ് ഫോൺ വീണ്ടും ശബ്ദിച്ചു. അതിന്റെ അടുത്തുന്നുണ്ടായിരുന്ന ഭാര്യയത് എടുക്കുകയും ചെയ്തു. ഊഹിച്ചത് പോലെ തന്നെയായിരുന്നു.
‘ഹലോ, അതേ.. ഞാൻ കൊടുക്കാം..’
വല്ലാത്തയൊരു കുറ്റബോധത്തോടെ സോഫയിൽ നിന്ന് എഴുന്നേറ്റ് ഫോൺ വെച്ച മൂലയിലേക്ക് ഞാൻ നടന്നു. റിസീവർ വാങ്ങുമ്പോൾ മര്യാദയ്ക്ക് സംസാരിക്കെന്ന് ഭാര്യ ആംഗ്യം കാണിച്ചിരുന്നു. എന്റെ കണ്ണുകളിൽ ഞാൻ ഇന്നേവരെ കൊള്ളാത്ത ഭാവങ്ങൾ തെളിഞ്ഞത് കൊണ്ടായിരിക്കണം ചുറ്റിപ്പറ്റി നിൽക്കാതെ അവൾ മുറിയിലേക്ക് പോയത്.
തന്നിലും കൂടുതൽ വളർന്നുവെന്ന് തോന്നുന്ന അടുപ്പക്കാരെ അഹങ്കാരികളെന്ന് വിളിക്കുമ്പോൾ മനഃപ്പൂർവ്വം മനുഷ്യൻ മറച്ച് പിടിക്കുന്നത് തന്റെ അസൂയയാണ്. ബന്ധങ്ങളിൽ അതൊരു വലിയ വില്ലനാണെന്ന ബോധത്തോടെ തന്നെയാണ് സംസാരിക്കാനായി റീസീവറിൽ ചുണ്ട് മുട്ടിച്ചത്.
‘ജയാ..!’
ഞാൻ എന്തെങ്കിലും പറഞ്ഞ് തുടങ്ങും മുമ്പേ മറുവശം എന്റെ പേര് വിളിച്ചിരിക്കുന്നു. കൂർപ്പിച്ച കാതുകളിലേക്ക് ആ ശബ്ദം വീണപ്പോൾ തന്നെ കണ്ണുകൾ കലങ്ങിപ്പോയി. വീടും വിറ്റ് നാടുവിട്ട് പോയാൽ കണ്ടുപിടിക്കില്ലെന്ന് കരുതിയോടായെന്ന് കൂടി അവൻ പറഞ്ഞപ്പോൾ, ആ സ്നേഹം എനിക്ക് അനുഭവിക്കാൻ സാധിച്ചു. ജീവിതത്തിൽ ആദ്യമായി സ്നേഹമല്ലാതെ മറ്റൊന്നും അല്ലായെന്ന ചിന്തയോടെ എന്റെ നാക്ക് ചലിക്കുകയായിരുന്നു.
‘രഘൂ…!’
മറുപടിയില്ല. വല്ലാതെ സംസാരിച്ച് തുടങ്ങിയവൻ എന്നെ കേട്ടപ്പോൾ മിണ്ടാതായിരിക്കുന്നു. ആ മൗനമായ നിമിഷത്തിൽ നിന്നാണ് സൗഹൃദമെന്ന വാക്ക് ഹൃദയം ആദ്യമായി വായിക്കുന്നത്. എന്റെ ശബ്ദം രഘുവിന്റെ കാതുകളിൽ വീണ് പൊള്ളിയെന്നത് തീർച്ചയാണ്. അല്ലായിരുന്നുവെങ്കിൽ, മറുതലയിലെ റിസീവർ ഞാൻ കേൾക്കെ തനിയേ അങ്ങനെ ഏങ്ങുമായിരുന്നില്ലല്ലോ…!!!