നാളത്തെ ചടങ്ങ് കഴിയുമ്പോൾ ദേവേട്ടൻ്റെ കൈയ്യിൽ നിന്നും ആയിരങ്ങൾ ചിലവാകുന്നതോർത്തപ്പോൾ ദേവയാനിക്ക് സഹിക്കാൻ കഴിഞ്ഞില്ല….

_exposure _upscale

എഴുത്ത്:-സജി തൈപ്പറമ്പ്

കുടുംബ സ്വത്ത് ഭാഗം വച്ചപ്പോൾ തറവാട് ഇളയ മകൻ ദേവദത്തനാണ് കിട്ടിയത് ,ആ സന്തോഷ വാർത്ത അയാളുടെ ഭാര്യ ദേവയാനി, സ്വന്തം അമ്മയെ വിളിച്ച് പറഞ്ഞു.

നന്നായി മോളേ,, നിന്നോട് ഞാൻ പണ്ടേ പറയാറില്ലേ? ദേവൻ ഇളയ മകനായത് കൊണ്ട് നീ ഭാഗ്യവതിയാണെന്ന് ? അല്ലേലും മുറപ്രകാരം തറവാട് ദേവന് അവകാശപ്പെട്ടതാണല്ലോ ?

അതെ അമ്മേ,, പിന്നെ തറവാടിനോട് ചേർന്നുള്ള ഒരു എട്ട് സെൻറ് മൂത്ത ചേച്ചിയുടെ ഓഹരി കൂടി, ഞങ്ങള് ഇങ്ങ് വാങ്ങി, അതിനെൻ്റെ സ്വർണ്ണം കുറച്ച് വില്ക്കേണ്ടി വന്നു,,

അത് നല്ലത് തന്നെയാണ് മോളേ ,, അല്ലെങ്കിൽ അവരവിടെ വീട് വച്ച് താമസമാക്കിയാൽ, നിങ്ങടെ സ്വകാര്യ ജീവിതത്തിന് അത് ബുദ്ധിമുട്ടാകും ,എല്ലാവരും അകന്ന് നില്ക്കുന്നതാണ് നല്ലത് ,ഇപ്പോൾ നിനക്ക് ദേവൻ്റെ അമ്മയെ മാത്രം നോക്കിയാൽ മതിയല്ലോ?

അത് മതിയമ്മേ,, ഇപ്പോഴാണ് എനിക്ക് സമാധാനമായത് , എല്ലാവരും വീതം വാങ്ങി തറവാടൊഴിഞ്ഞ് പോയപ്പോൾ ഞാനൊന്ന് ഫ്രീയായി ,വൈകിട്ട് ദേവേട്ടൻ വന്നിട്ട്, പിള്ളേരെയും കൂട്ടി സിനിമയ്ക്ക് പോകാനിരിക്കുവാണ് ഞങ്ങൾ,,

അമ്മയ്ക്ക് സന്തോഷമായി മോളേ,,, നിൻ്റെ ആഗ്രഹം പോലെ ഇനി നിനക്ക് സ്വതന്ത്രമായി ജീവിക്കാമല്ലോ ?

അതേ അമ്മേ,, എന്നാൽ ശരി ഞാനിനി നാളെ വിളിക്കാം,,

ആത്മസംതൃപ്തിയോടെയാണ് ദേവയാനി ഫോൺ വച്ചത്.

ദിവസങ്ങൾ കടന്ന് പോയി.

ഒരു ദിവസം രാവിലെ ദേവയാനിയുടെ ഫോണിലേക്ക്, ദേവൻ്റെ നേരെ മൂത്ത ചേട്ടൻ, സേതുബാലൻ്റെ ഭാര്യയുടെ കോള് വന്നു.

ങ്ഹാ ദേവൂ ,, ഹരിതമോള് വയസ്സറിയിച്ചു, നീ അമ്മയുടെ കൈയ്യിൽ ഫോണൊന്ന് കൊടുത്തേ,,

ദേവയാനി വരാന്തയിലിരുന്ന് മുറുക്കാൻ ചവയ്ക്കുന്ന, ഇന്ദിരാമ്മയുടെ അടുത്തേയ്ക്ക് ചെന്നു.

ഇതാ അമ്മേ,,, കാവ്യേട്ടത്തി വിളിക്കുന്നു,,,

ആകാംക്ഷയോടെ ഇന്ദിരാമ്മ ഫോൺ വാങ്ങി ചെവിയിൽ ചേർത്ത് വച്ചു.

ആങ്ങ് ഹ് മോളേ പറയ് ,,,

കാവ്യ പറയുന്നത് കേട്ട്, തല കുലുക്കി കൊണ്ടിരിക്കുന്ന ഇന്ദിരാമ്മയെ, സാകൂതം വീക്ഷിച്ച് കൊണ്ട്, ദേവയാനി അവിടെ തന്നെ നിന്നു.

ങ്ഹാ ശരി മോളേ,, അതിനെന്താ? ഇവിടെ വച്ചല്ലേ നടത്തേണ്ടത്? നിങ്ങളെല്ലാവരും കൂടി തലേന്ന് ഇങ്ങോട്ട് വന്നാൽ മതി ,ശരി ദേവനോട് ഞാൻ പറഞ്ഞോളാം,,

സംസാരം അവസാനിപ്പിച്ച് ഇന്ദിരാമ്മ, ഫോൺ തിരികെ, ദേവയാനിയെ ഏല്പിച്ചു.

എന്താമ്മേ ,, ഏട്ടത്തി എന്താ പറഞ്ഞത്?

ദേവയാനി, ആകാംക്ഷയോടെ ചോദിച്ചു.

ഹരിതമോളുടെ മഞ്ഞൾ നീരാട്ട് ,അടുത്തയാഴ്ച അവര് ഇവിടെ വച്ച് നടത്തട്ടെയെന്ന് ചോദിച്ചു ,നടത്തിക്കോളാൻ ഞാൻ പറഞ്ഞു, അല്ലേലും ഇങ്ങനുള്ള പ്രധാനപ്പെട്ട ചടങ്ങുകളെല്ലാം, തറവാട്ടിൽ വച്ച് തന്നെയല്ലേ നടത്തേണ്ടത്, അല്ലേ മോളേ?

ങ്ഹാ അതേ അമ്മേ ,, അത് അങ്ങനെ തന്നെയാവേണ്ടത്,,

ഉള്ളിൽ അനിഷ്ടം തോന്നിയെങ്കിലും, ദേവയാനി എതിർപ്പൊന്നും പറഞ്ഞില്ല,

ചടങ്ങിൻ്റെ തലേ ദിവസം ദേവൻ്റെ കൈയ്യിലേയ്ക്ക്, സേതുബാലൻ അഞ്ഞൂറിൻ്റെ കുറച്ച് നോട്ടുകൾ വച്ച് കൊടുത്തു,

ഇത് നീ കൈയ്യിൽ വച്ചോ, നാളെ സദ്യയ്ക്കും മറ്റുമായി കാശ് വേണ്ടതല്ലേ?

ഹേയ് അതൊന്നും സാരമില്ലേട്ടാ,, തറവാട്ടിൽ വച്ച് നടത്തുന്നതിൻ്റെ ചിലവ്, ഞാൻ ചേട്ടൻ്റെ കൈയ്യീന്ന് വാങ്ങുന്നത് ശരിയല്ലല്ലോ? അത് ഞാൻ നോക്കി കൊള്ളാം,,

ദേവൻ സ്നേഹപൂർവ്വം നിരസിച്ചപ്പോൾ, ദേവയാനിക്ക് നീരസം തോന്നി.

നാളത്തെ ചടങ്ങ് കഴിയുമ്പോൾ ദേവേട്ടൻ്റെ കൈയ്യിൽ നിന്നും ആയിരങ്ങൾ ചിലവാകുന്നതോർത്തപ്പോൾ ദേവയാനിക്ക് സഹിക്കാൻ കഴിഞ്ഞില്ല,

സാരമില്ല ദേവൂ,, ഏട്ടന് ഒറ്റ മകളല്ലേയുള്ളു?

ദേവൻ അവളെ സമാധാനിപ്പിച്ചു.

സാമ്പത്തിക ചിലവുകൾ മാത്രമായിരുന്നില്ല, ചടങ്ങ് തീരുംവയെയുള്ള കഷ്ടപ്പാടുകളും, ദേവയാനിയെ വല്ലാതെ ചൊടിപ്പിച്ചു.

ഇനി ഉടനെയൊന്നും ഇത്തരം ചടങ്ങുകൾ നടക്കാനില്ലെന്ന തിരിച്ചറിവിൽ, ദേവയാനി ആശ്വസിച്ചിരിക്കുമ്പോഴാണ്, എട്ട് സെൻ്റ് ഓഹരി, ദേവന് വിറ്റിട്ട് പോയ ,മൂത്ത ചേച്ചി സുമിത്രയുടെ വരവ്,

തറവാട് ഭാഗം വയ്ക്കും മുൻപ് ഉറപ്പിച്ചിരുന്ന, മകളുടെ കല്യാണം ,തറവാട്ടിൽ വച്ച് നടത്തണമത്രേ, അതും പഴയ രീതിയിൽ ഓല മേഞ്ഞ പന്തലൊക്കെയിട്ട് , നാട്ടുകാരെയും, ബന്ധു ജനങ്ങളെയുമൊക്കെ ക്ഷണിച്ച്, വലിയ ഒരാഘോഷമാക്കി മാറ്റാനാണ് അവരുടെ പ്ളാൻ,

അതിനും ഇന്ദിരാമ്മ പച്ചക്കൊടി കാണിച്ചത് കൊണ്ട് ദേവനും ,ദേവയാനിയ്ക്കും പ്രത്യേകിച്ച് അഭിപ്രായമൊന്നും പറയേണ്ടി വന്നില്ല,

ഒരാശ്വാസത്തിന് വേണ്ടി, വൈകുന്നേരം ദേവയാനി അമ്മയെ ഫോൺ ചെയ്തു.

മോളേ ,,കേട്ടിടത്തോളം ഇനി ആ തറവാട്ടിൽ നിന്ന് വീതം വാങ്ങി പോയ ഓരോരുത്തരുടെയും ആവശ്യങ്ങൾ നിറവേറ്റാൻ, അവരിനി മുതൽ തറവാട്ടിലേയ്ക്ക് വന്ന് കൊണ്ടേയിരിക്കും,

ദേവയാനിയുടെ അമ്മ ,മകളോട് സഹതാപത്തോടെ പറഞ്ഞു

ദേവേട്ടൻ ഇളയ പുത്രനായത് കൊണ്ട് ,നീ ഭാഗ്യവതിയാണെന്ന് അമ്മയല്ലേ എപ്പോഴും എന്നോട് പറഞ്ഞോണ്ടിരുന്നത്?

ദേവയാനി അരിശത്തോടെ ചോദിച്ചു.

അത് പിന്നെ മോളേ ,, ഇങ്ങനൊക്കെ സംഭവിക്കുമെന്ന് അമ്മ ഓർത്തില്ലല്ലോ?

ഇപ്പോൾ മനസ്സിലായല്ലോ? അത് കൊണ്ട്, എൻ്റെ അനിയത്തിയ്ക്ക് വിവാഹാലോചന വരുമ്പോഴെങ്കിലും, ചെക്കനെക്കുറിച്ച് മറ്റൊന്നും അന്വേഷിച്ചില്ലെങ്കിലും, കുടുംബത്തിലെ ഇളയ പുത്രനല്ലെന്ന് ഒന്ന് ഉറപ്പ് വരുത്തിയേക്കണേ അമ്മേ ,,

ദേവയാനി ,ദൈന്യതയോടെ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *