ബ്രൂട്ട്.
എഴുത്ത്:-നവാസ് ആമണ്ടൂർ
കുറേ കൊല്ലം ഗൾഫിൽ ഉണ്ടായിരുന്ന പോലെ അല്ല ജോലിപോയി നാട്ടിൽ വന്നു നിക്കുമ്പോൾ കുടുംബത്തിൽ ഓരോ ആവിശ്യങ്ങൾ വരുമ്പോൾ ആധിയാണ്. ജോലി നഷ്ടപ്പെട്ട് നാട്ടിൽ വന്നിട്ട് ആറ് മാസം കഴിഞ്ഞപ്പോളാണ് ഇത്താത്തയുടെ പുതിയ വീട്ടിൽ കേറി താമസം.
ഹാളിലിരുന്നു വൈകുന്നേരത്തെ ചായയുമായി ഇരിക്കുമ്പോൾ ഉമ്മ ഇത്താത്തയുടെ കാര്യം എടുത്തിട്ടു.
“മോനെ ഇത്താത്തക്ക് എന്തങ്കിലും കൊടുക്കണ്ടേ…” “എന്റെ കയ്യിൽ ഒന്നുല്ല ഉമ്മ. ഉള്ളപ്പോൾ എല്ലാർക്കും കൊടുത്തതല്ലെ.” “അങ്ങനെ പറഞ്ഞു ഒഴിയാൻ പറ്റോ…” “ഉമ്മാക്ക് ഓർമ്മയില്ലേ ആ വീടിനു തറ ഉണ്ടാക്കിയപ്പോൾ ഞാൻ കുറച്ചു ക്യാഷ് കൊടുത്തതല്ലെ. അതുകൊണ്ട് അല്ലെ അവർ തുടങ്ങിയത്..” “അതൊക്കെ ആര് ഓർത്തിരിക്കാനാണ്.” “അത് നേരാണ്… ഒന്നും ആരും ഓർത്തിരിക്കില്ല. ഇല്ലാതെ ആകുമ്പോൾ കിട്ടാത്തത് പറഞ്ഞു കുറ്റപ്പെടുത്തും.”
ചായക്ക് ഒപ്പം ഉമ്മയുടെ ചോദ്യങ്ങൾക്ക് ഉപ്പ മൗനമായിരിക്കുന്നു ണ്ടായിരുന്നു. ഉപ്പ എപ്പോഴും അങ്ങനെയാണ് ഉമ്മ വഴിയാണ് കാര്യങ്ങൾ അവതരിപ്പിക്കുക.ആ സമയത്തു ഇക്കയും പുറത്ത് നിന്ന് ഹാളിലേക്ക് കയറി വന്നു.
“ഡാ .മനാഫിന്റെ കയ്യിൽ ഒന്നുല്ലെന്നാ പറയുന്നത്..” “അതൊന്നും പറഞ്ഞാൽ പറ്റില്ല. വേണ്ട സാധനങ്ങൾ വാങ്ങി കൊടുക്കണം.അത് എത്ര ആയാലും അവനും തരണം.എല്ലാത്തിനും കൂടി എന്റെ കയ്യിൽ ഉണ്ടാവില്ല. ഗൾഫിൽ ആയതോണ്ട് എപ്പോഴും രക്ഷപെടുകയാണ് പതിവ്.. ഇനിയത് പറ്റില്ല.”
മനാഫ് ഇക്കയെ നോക്കി. മുഖത്ത് പരിഹാസഭാവമാണ്. എല്ലാത്തിനും ഞാൻ തന്നെ വേണെമെന്ന് പറയുന്നത് പോലെയുണ്ട് ഇക്കാടെ മുഖം.മനാഫ് കുടിച്ചോണ്ടിരുന്ന ചായ ഗ്ലാസ് മേശയിൽ വെച്ചു.
“ഇക്കാ ഗൾഫിൽ ഉള്ള സമയത്തു ഞാൻ ഉള്ളപോലെ എല്ലാർക്കും ചെയ്തതല്ലേ… ഇപ്പൊ എന്റെ കയ്യിൽ ഒന്നുമില്ലാത്തത് കൊണ്ട് അല്ലെ…”
മനാഫിനോട് മറുപടി പറയാൻ ഇക്ക വായ തുറന്നപ്പോൾ ഉപ്പ ഇടപെട്ടു. അത് വരെ മിണ്ടാതെ ഇരുന്ന വാപ്പ സംസാരിക്കാൻ തുടങ്ങി.
“നീ ഇടക്കിടെ പറയുന്നുണ്ടല്ലോ… ഗൾഫിൽ ഉള്ളപ്പോൾ എന്തൊക്കെയൊ ചെയ്തു… ചെയ്തു.. ന്ന്. എന്താ ചെയ്തത്… ഈ കുടുംബത്തിന് ഒരു ഒലക്കയും നീ ചെയ്തിട്ടില്ല. ഒരു ഉപകാരവും.. നിന്നെ കൊണ്ട് ഉണ്ടായിട്ടില്ല.ഗൾഫിൽ നിന്ന് അയച്ചത് എന്ത് ചെയ്തെന്ന് കെട്ടിയോളോട് ചോദിക്ക്.ഞാനും ഇവനും കൂടിയാ ഈ കുടുംബം നോക്കിയത്..”
ഉപ്പ പറഞ്ഞത് ശെരിയാണെന്നുള്ള ഭാവത്തിൽ തന്നെയാണ് ഉമ്മയുടെ നിപ്പ്.ചെറുതാണങ്കിലും ഒരു കട തുടങ്ങാൻ ആഗ്രഹം പറഞ്ഞ ഇക്കാക്ക് ഗൾഫിൽ കുറി വെച്ചാണ് മനാഫ് ക്യാഷ് അയച്ചു കൊടുത്തത്.
മനഫിന്റെ നെഞ്ചിൽ മൂiർച്ചയുള്ള കiല്ല് കൊണ്ട് പലവട്ടം കുiത്തിയ പോലെ വേദനിപ്പിച്ച ഉപ്പയുടെ വാക്കുകൾ. കരയിൽ പിടിച്ചിട്ട മീൻ പിടക്കുന്നത് പോലെ തൊണ്ട കുഴിയിൽ പിടക്കുന്ന സങ്കടങ്ങൾ. കണ്ണുകളിൽ നിറഞ്ഞു. ഹാളിന്റെ അരികിലെ ബെഡ് റൂമിന്റെ വാതിലിന്റെ അരികെ അവനെക്കാൾ ഏറെ സങ്കടത്തിൽ അവന്റെ ഭാര്യ ബുഷ്റ നിൽക്കുന്നുണ്ടായിരുന്നു.
കൂടുതൽ അവരെ കൊണ്ട് പറയിപ്പിക്കാതിരിക്കാനും മുഖത്തെ സങ്കടം അവർ കാണാതിരിക്കാനും മനാഫ് ഹാളിൽ നിന്നും എണീറ്റ് മുറിയിലേക്ക് പോയി.ബുഷ്റ അവന്റെ അരികിൽ വന്നിരുന്നു.
“അയ്യേ എന്റെ ഇക്ക കരയുകയാണോ…?””ഞാൻ കുടുംബത്തിന് ഉപകാരം ഇല്ലാത്തോൻ ആണെന്ന് ഉപ്പ പറഞ്ഞത് കേട്ടില്ലേ നീ..” “സാരില്ല…. നമ്മടെ ഉപ്പയല്ലേ.” “ഞാൻ ഒന്നും ആർക്കും ചെയ്തിട്ടില്ലന്നു പറഞ്ഞപ്പോൾ…..?”
ബുഷ്റ കട്ടിലിൽ നിന്ന് എണീറ്റ് അലമാര തുറന്ന് രണ്ട് നോട്ട് ബുക്ക് എടുത്തു അവന്റെ നേരെ നീട്ടി.കട്ടിലിൽ ഇരുന്ന് അവനത് തുറന്നു നോക്കി.
“ഇക്ക ഗൾഫിൽ പോയി ആദ്യത്തെ മാസം മുതൽ അയച്ച തുകയും അത് എങ്ങനെയൊക്കെ ചിലവാക്കിയെന്നും ഇതിൽ ഉണ്ട്..”
അവൻ ഓരോ പേജും മറിച്ചു നോക്കി.വീട്ടിലെ കറന്റ് ബില്ല് അടച്ചതും മരുന്ന് വാങ്ങിയതും അങ്ങനെ എല്ലാം അതിൽ ഉണ്ട്. പിന്നെ ബന്ധുക്കളുടെ കല്യാണം പോലെ മറ്റു ആവിശ്യങ്ങൾക്ക് കൊടുത്തത് എല്ലാം…. വ്യക്തമായി തീയതിക്ക് ഒപ്പം അവൾ എഴുതി വെച്ചിട്ടുണ്ട്.
“ഇയാൾ ഗൾഫിൽ ഉള്ളപ്പോൾ ഒന്നും എഴുതി വെക്കേണ്ടെന്ന് പറഞ്ഞത് ഓർമ്മയുണ്ടോ….?”
“ഉണ്ട്…” “എല്ലാത്തിനും ഞാൻ കണക്ക് വെച്ചിട്ടുണ്ട്. ആരെയും ബോധ്യപ്പെടുത്താനല്ല… വെറുതെ.” “അത് നന്നായി മോളെ.. ഒന്നും ചെയ്തില്ലെന്ന് എല്ലാവരും പറയുമ്പോൾ ഒരു സമാധാനം ഈ ബുക്ക് മറിച്ചു നോക്കിയാൽ കിട്ടും.””എന്തായാലും ഇവിടെ നിങ്ങൾ എന്ത് ചെയ്താലും ആരും പറയില്ല.. ഉപ്പയും ഇക്കയും ചെയ്യുന്നതേ ഓർമ്മ ഉണ്ടാകുള്ളൂ… ” “അതൊന്നും സാരമില്ലന്ന്… ഓർത്തു വെക്കാൻ വേണ്ടി നമ്മൾ ഒന്നും ചെയ്യാതിരുന്നിട്ടില്ല മോളെ..”
“ഇയാൾ ടെൻഷൻ ആവണ്ട. പടച്ചോൻ ഒരു വഴി കാണിക്കും.”
“എന്തായാലും കൊടുത്തതിന്റെ കഥയിനി പറഞ്ഞിട്ട് കാര്യമില്ല.. എവിടെ ന്നങ്കിലും കുറച്ചു ക്യാഷ് ഒപ്പിക്കണം.”
മനാഫ് അവളെ നോക്കി വെറുതെയൊന്ന് പുഞ്ചിരിച്ചിട്ട് കട്ടിലിൽ നിന്നും എണീറ്റ് പുറത്ത് ഇറങ്ങി.പുഴവക്കിലേക്ക് നടന്നു..മനസ്സിൽ സങ്കടം വരുമ്പോൾ പുഴക്കരയിൽ പോയി നിക്കും. അവടെയാകുമ്പോൾ കണ്ണ് നിറഞ്ഞ്ഒ ഴുകിയാലും ആരും കാണില്ല. എത്ര സമയം അവിടെ അങ്ങനെ നിന്നെറിയില്ല.
“ആരാ അത്… മനാഫ് ആണോ.. ഡാ.” “അതെ..”
കണ്ണൻ എവിടെയൊ പോയി വരുന്ന വഴിയാണ്. മനാഫിന്റെ അരികിലേക്ക് ചെന്നു.പതുക്കെ പുഴ ഒഴുകുന്നുണ്ട്. ഒരു നിമിഷത്തിലും മാറി മാറി വരുന്ന പുഴ.തണുത്ത കാറ്റും ഉണ്ട്.വേദനയുള്ള മനുഷ്യന്മാരുടെ മനസ്സിനെ തണുപ്പിക്കാൻ ആവും ഈ കാറ്റ്.
“എന്താടാ നിനക്ക് പറ്റിയത്. കണ്ണൊക്കെ നിറഞ്ഞിട്ടുണ്ടല്ലോ…”
“ഹേയ്…. വെറുതെ… ഓരോ പ്രശ്നങ്ങളാ. എല്ലാം സാമ്പത്തികമാണ്.ജോലി പോയി നാട്ടിൽ വന്ന ഗൾഫുക്കാരന്റെ അവസ്ഥ ഭീകരമാണ്.”
കണ്ണൻ കുറച്ചു നേരം മിണ്ടാതെ അവനെ നോക്കി നിന്നു. അവന്റെ സംസാരവും മുഖവും കണ്ടാൽ അറിയാം എന്തോ പ്രശ്നം ഉണ്ടെന്ന്. കണ്ണൊക്കെ ചുമന്നിട്ടുണ്ട്. കരഞ്ഞു വീർത്തപോലെ മുഖം.
“പണ്ട് ചെറുപ്പത്തിൽ എനിക്കൊരു ബ്രൂട്ടിന്റെ സ്പ്രൈ കുപ്പി എവിടെന്നൊ കിട്ടി. ആ കുപ്പി മണത്തു നോക്കിയപ്പോൾ എന്തോ വല്ലാത്തൊരു ഇഷ്ടം തോന്നി. അത് ഞാൻ സ്കൂളിൽ നമ്മൾ ഒരുമിച്ച് ഇരിക്കുമ്പോൾ വെറുതെ എല്ലാവരോടുമായി പറഞ്ഞു. നമ്മൾ വലുതായപ്പോൾ നമ്മളിൽ പലരും കടൽ കടന്നു പോയി.. അതൊന്നും ആരും ഓർത്തില്ല. പക്ഷെ നീ മാത്രം ബ്രൂട്ടിന്റെ കാര്യം മറന്നില്ല… ഗൾഫിൽ പോയി ലീവിന് വരുമ്പോൾ എനിക്കൊരു ബ്രൂട്ട് നിന്റെ പെട്ടിയിൽ ഉണ്ടാവും..ആ നീ ഇങ്ങനെ വിഷമിച്ചു നിക്കുന്നത് കണ്ടിട്ട് എനിക്കും ഉണ്ട് സങ്കടം… സത്യം.”
കണ്ണൻ മനാഫിന്റെ കൈ പിടിച്ചു. ഒരു ചേർത്ത് പിടിക്കലിന്റെ കുളിര് ഉണ്ടായിരുന്നു അവന്റെ പിടിത്തം.കണ്ണൻ അവന്റെ അരയിൽ പൊതിഞ്ഞു വെച്ചിരുന്ന നോട്ടിന്റെ ചെറിയൊരു കെട്ട് എടുത്തു അവന്റെ കയ്യിൽ വെച്ച് കൊടുത്തു.
“ഇത് ഇപ്പൊ എനിക്ക് ആവിശ്യമില്ല. എന്റെ കയ്യിലിരുന്നാൽ ചിലപ്പോൾ ചിലവായി പോകും.. തത്കാലം നിന്റെ ആവിശ്യം നടക്കട്ടെ… പണ മൊക്കെ വരും പോകും.. നിന്റെ നല്ല മനസാണ് ദൈവം അധികം നിന്നെ പരീക്ഷിക്കില്ല.”
പെട്ടന്ന് മനാഫ് കണ്ണനെ കെട്ടിപ്പിടിച്ചു.ഒരു കുട്ടിയെ പോലെ അവൻ കരഞ്ഞു പോയി.ആ നേരത്തും കണ്ണന്റെ ഷർട്ടിൽ അവൻ സമ്മാനിച്ച ബ്രൂട്ടിന്റെ മണം ഉണ്ടായിരുന്നു.
“എന്താടാ…. ഇങ്ങനെ. സാരില്ല. എല്ലാം ശെരിയാവും..”
“ഇത്രയും കാലം ഞാൻ എനിക്ക് വേണ്ടി ഞാൻ ഒന്നും മാറ്റിവെച്ചിട്ടില്ല. എന്നിട്ടും എല്ലാവരുടെയും വിചാരം ഞാൻ എല്ലാം ബേങ്കിൽ ഇട്ടിരിക്കു വാണെന്ന് ആണ്…”
“അവർ അങ്ങനെ വിചാരിച്ചോട്ടെ… ഇനിയെങ്കിലും നീ നിനക്ക് വേണ്ടി ജീവിക്കാൻ നോക്ക്..”
കണ്ണനും അവനും കൂടി പുഴവക്കിൽ നിന്നും വീട്ടിലേക്ക് നടന്നു. കുറച്ചു മുൻപേ ഉണ്ടായിരുന്ന സങ്കടം മാറി മനാഫിന്റെ മുഖത്ത് സന്തോഷം തെളിഞ്ഞു…
“ഡാ… ഞാൻ കൊടുത്തത് ഒന്നും അതിപ്പോ ഇത്തിരി സ്നേഹമായാലും ഓർത്ത് വെക്കാറില്ല. പക്ഷെ എനിക്ക് കിട്ടിയ സ്നേഹവും സഹായവും മരണം വരെ മറക്കില്ല…താങ്ക്സ്.”
അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു കണ്ണൻ മുന്നോട്ട് പോയി. മനാഫ് വീട്ടിലേക്കും കയറി.
പടച്ചോൻ അങ്ങനെയാ വഴി മുട്ടി നട്ടം തിരിഞ്ഞു നിൽക്കുന്ന സമയത്തു കണ്ണനെ പോലെ ഒരാളെ നമ്മളെ മുൻപിലേക്ക് എത്തിക്കും.ആ സമയം നമ്മളെ മുഖത്ത് ഉദിക്കുന്ന സന്തോഷം കാണുന്നത് പടച്ചോനും ഇഷ്ടമാണ്.