നീ കേട്ടിട്ടില്ലേ വായിച്ചാൽ വളരും എന്ന് ഞാനൊക്കെ ഇത്ര വളർന്നത് തന്നെ വായിച്ചിട്ടാണെടി .. ഹാ അതെങ്ങനാ എന്തേലും കഥ നിനക്ക് അയച്ചു തന്നാൽ….. .

എഴുത്ത് :- സൽമാൻ സാലി

” ന്റെ ഇക്കാ ഇങ്ങക്ക് ഇത് വായിക്കുന്ന നേരം കൊണ്ട് ഈ തുണികളൊക്കെ ഒന്ന് മടക്കി വെച്ചൂടെ ….

” ആ പിന്നെ .. ഈ വായിക്കുന്നതിന്റെ സുഖം അന്റെ തുണി മടക്കിയാൽ കിട്ടൂല മോളേ ..

” ഓ പിന്നേ .. ഈ കഥ വായിക്കുന്നത് വല്യ കാര്യമാണല്ലോ ..

കെട്യോള് തുണി മടക്കി വെച്ചുകൊടുക്കാത്തതിന്റെ കലിപ്പിലാണ്. ..

” നീ കേട്ടിട്ടില്ലേ വായിച്ചാൽ വളരും എന്ന് ഞാനൊക്കെ ഇത്ര വളർന്നത് തന്നെ വായിച്ചിട്ടാണെടി .. ഹാ അതെങ്ങനാ എന്തേലും കഥ നിനക്ക് അയച്ചു തന്നാൽ ഒന്ന് വായിച്ചു നോക്കുകപോലും ഇല്ലല്ലോ ..

ഞാനെപ്പൊ വായിക്കാൻ ഇരുന്നാലും ഓൾക്കുള്ളതാണ് ഈ നിരുത്സാഹ പെടുത്തൽ ..

” എന്നാൽ പിന്നെ ഇങ്ങള് നാളെ അങ്ങാടീൽ പോയിട്ട് വരുമ്പോൾ കുറച്ച് ബുക്ക് വാങ്ങികൊളി ..

ഓൾടെ പെട്ടെന്നുള്ള മറുപടി കേട്ട് ഞാനൊന്ന് ഞെട്ടി .. എന്റെ മോട്ടിവേഷൻ കേട്ട് ഇവൾ ഇത്ര പെട്ടെന്ന് നന്നായോ എന്നുപോലും ഞാൻ ചിന്തിച്ചുപോയി ..

” ഏത് ബുക്ക് ആണെടി വേണ്ടേ ..??

” ഹോ ഏതായാലും കൊയപ്പല്യാ ഞാൻ നട്ട കുറെ ചെടികൾ ഉണ്ട് വളരാതെ കിടക്കുന്നു അതിനിച്ചിരി ബുക്ക് കൊടുത്താൽ വളരുമോ എന്ന് നോക്കാലോ ..

” ഓഹോ എനിക്കിട്ട് താങ്ങിയതാണല്ലേ ..?

” അല്ല ഊതിയതാ ..

‘മ്മ് അന്റെ ഊത്ത് ഇച്ചിരി കൂടുന്നുണ്ട് .. എടീ ചാള പൊതിഞ്ഞു കൊണ്ട് വരുന്ന പേപ്പർ കഷ്ണത്തിൽ പോലും ഒരു ചെറിയ അറിവ് ഒളിഞ്ഞിരിപ്പുണ്ടാകും .. വായിച്ചു നോക്കിയാൽ മനസിലാകും ..

ഇനിയും അവിടെ നിന്നാൽ പന്തിയല്ല എന്ന് തോന്നിയിട്ടാണെന്ന് തോന്നുന്നു ഓൾ മടക്കി വെച്ച തുണിയും എടുത്തോണ്ട് അകത്തോട്ട് പോയി ..

എന്റെ വായനയും കഴിഞ്ഞു ലൈക്കും കൊടുത്തു ഇഷ്ടപെട്ടതിന് കമന്റും കൊടുത്ത് ഞാനും പോയി കിടന്നു ..

പിറ്റേ ദിവസം രാത്രി കിടക്കാനായി ചെന്നപ്പോ ആകെ ഒരു മീൻ മണം ..

കൈ മണത്തുനോക്കി നല്ല ഹാൻഡ് വാഷിന്റെ മണം ആണ് .. എവിടെ നോകീട്ടും മീൻ മണത്തിന്റെ ഉറവിടം കാണാൻ പറ്റാതായപ്പോ ഞാൻ മൊബൈലില് വായന തുടങ്ങി ..

” എടീ ഷാഹീ എന്താടി ഒരു മീൻ മണം …?

” അള്ളാഹ് ഞാനത് മറന്നു ഇങ്ങളൊന്ന്എണീറ്റെ ..

തലയിണയുടെ അടിയിൽ നിന്നും ഒരു പേപ്പർ എടുത്ത് കയ്യിൽ തന്നിട്ട് ഓള് പറയുവാ

” ഇന്ന് മീൻ വാങ്ങിയ പേപ്പാറ ഇങ്ങളെ ചെറിയ വിവരം കുറഞ്ഞു പോകണ്ടാ എന്ന് കരുതി എടുത്തു വെച്ചതാണെന്ന് ..

പകച്ചു പണ്ടാരമടങ്ങി പോയി ഞാൻ ..

സൽമാൻ

Leave a Reply

Your email address will not be published. Required fields are marked *