പരിചയപ്പെടാനായി ആൺകുട്ടികളെല്ലാം ഓരോ ഇടവേളകളിലും അവളെ പൊതിയുന്നുണ്ട്. എന്തുകൊണ്ടൊ, ആ കൂട്ടത്തിൽ കലരാൻ എനിക്ക് തോന്നിയില്ല……

_upscale

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ

കണ്ടാൽ കണ്ണെടുക്കാൻ തോന്നാത്തയൊരു പെൺകുട്ടി ക്ലാസിൽ വന്ന ദിവസമായിരുന്നുവത്. സ്കൂളിലെ പുതിയ അഡ്മിഷൻ. പേര് പൂജ. തമിഴത്തിയാണ്. പരിചയപ്പെടാനായി ആൺകുട്ടികളെല്ലാം ഓരോ ഇടവേളകളിലും അവളെ പൊതിയുന്നുണ്ട്. എന്തുകൊണ്ടൊ, ആ കൂട്ടത്തിൽ കലരാൻ എനിക്ക് തോന്നിയില്ല. അറിഞ്ഞത് ശരിയാണെങ്കിൽ, പൂജ ആരോടും ഒരക്ഷരം മിണ്ടിയിട്ടില്ല. പെണ്ണിന് ഇത്രേം അഹങ്കാരമോയെന്ന് അറിയാതെ ഞാൻ ചിന്തിച്ച് പോയി.

‘അവള് വിക്കത്തിയാടാ…’

ക്ലാസിൽ നിന്നും ആരോ ആരോടോ പറഞ്ഞതാണ്. പൂജയോട് എനിക്ക് സഹതാപം തോന്നി. അവളെ കൂടുതൽ ശ്രദ്ധിക്കാനും, അവളോട് ഇടപെടാനും ഞാൻ ആഗ്രഹിച്ചു. പക്ഷേ, അതിന് വേണ്ടി യാതൊന്നും ശ്രമിക്കാൻ എനിക്ക് കഴിഞ്ഞിരുന്നില്ല. പലപ്പോഴും അങ്ങനെയാണ്. ഇഷ്ടപ്പെടുന്ന പല കാര്യങ്ങളിലേക്കും സഞ്ചരിക്കാൻ എനിക്ക് കഴിയാറില്ല. തടസ്സമായി എന്താണെന്ന് ചിന്തിച്ചാൽ അതും ഞാൻ തന്നെയാണെന്നേ എനിക്ക് കണ്ടെത്താനാകുകയുള്ളൂ…

നഗരത്തിലെ മോസ്റ്റ്‌ റെപ്യൂട്ടഡായ സ്കൂളിലെ പതിനൊന്നാം തരം, കോമേഴ്‌സ് ബാച്ചിലെ വിദ്യാർത്ഥിയാണ് ഞാൻ. ഒറ്റമോൻ. കുടുംബ ഭരണവുമായി അമ്മ സ്വസ്ഥം. അച്ഛന് ഒന്നിൽ കൂടുതൽ ബിസിനസാണ്. തന്റെ മകന് യാതൊരു കുറവും വരരുതെന്ന് ചിന്തിക്കുന്ന ആ മാതാപിതാക്കൾ എന്റെ ഭാഗ്യമാണെന്ന് തന്നെയാണ് ഞാനാദ്യം കരുതിയത്. പക്ഷേ, ഈയിടെയായി….

‘നീ പഠിച്ചില്ലെങ്കിലും, യാതൊരു കുഴപ്പവുമില്ല… നിനക്ക് സുഖമായി കഴിയാനുള്ളതെല്ലാം ഞാൻ ഉണ്ടാക്കിയിട്ടുണ്ട്…’

ചെറുപ്പം തൊട്ടേ അച്ഛൻ പറയാറുള്ള വാചകമാണ്. അതുകൊണ്ട് തന്നെ ഭാവിയെക്കുറിച്ച് എനിക്ക് ആശങ്കയേ ഉണ്ടായിരുന്നില്ല. ഉണ്ടായിരുന്നില്ലെന്നല്ല. നാളെയെ കുറിച്ച് ഞാൻ ചിന്തിച്ചതേയില്ല. അങ്ങനെയൊരു ജീവിതം കിട്ടിയത് ഭാഗ്യമാണെന്നാണ് ആദ്യം കരുതിയത് പക്ഷേ, പുറം ലോകവുമായി ഇടപെടാൻ എനിക്ക് പറ്റില്ലേയെന്ന ചിന്ത ഈയിടെയായി വല്ലാതെ എന്നെ പിടികൂടിയിട്ടുണ്ട്.

ഏതൊരു കാര്യത്തിലേക്കും തനിയേ സഞ്ചരിക്കാൻ എനിക്ക് സാധിക്കുന്നില്ലായെന്ന വസ്തുത പൂജ വന്നതിന് ശേഷമാണ് മനസ്സിലാകുന്നത്. അവളോട് അടുക്കണമെന്ന ചിന്തയുടെ നീളങ്ങളിലെല്ലാം പരിചിതമില്ലാത്ത തടസ്സങ്ങൾ നിവരുകയായിരുന്നു. അതെല്ലാം എന്റെ ബലഹീനതകൾ ആണോയെന്ന് സംശയിക്കുമ്പോൾ ഭയമാണ് തോന്നിയത്..

വിക്കുള്ള പെണ്ണാണെന്ന് അറിഞ്ഞിട്ടും അത്രത്തോളം പ്രിയം എന്തുകൊണ്ടാണ് പൂജയോട് എനിക്ക് തോന്നിയതെന്ന് ഞാൻ ആലോചിക്കാറുണ്ട്. ആദ്യമായാണ് അങ്ങനെയൊരു അനുഭവം. അവധി നാളിലും ഞാൻ പൂജയെ ഓർക്കുന്നു. അമ്മയും അച്ഛനും പുറമേ, മറ്റ് ആരോടും തോന്നാത്തയൊരു ഇഷ്ടം അവളോട് എനിക്ക് അനുഭവപ്പെടുന്നു.

കാണാതിരിക്കുന്ന നിമിഷങ്ങളിളെല്ലാം മുന്നിൽ തെളിഞ്ഞിരുന്നുവെങ്കിലെന്ന് ആഗ്രഹിക്കുന്ന ആ ചിന്ത എനിക്ക് വളരെയേറെ ഇഷ്ടപ്പെട്ടു. ഈ സ്നേഹമെന്ന് പറയുന്നതും അത് തന്നെയായിരിക്കണം. ആ കണ്ടെത്തലിന്റെ ആനന്ദത്തിൽ തന്നെയാണ്, പൂജയോട് തീർച്ചയായും സംസാരിക്കണമെന്ന് തീരുമാനിച്ചത്. പക്ഷെ, അദൃശ്യമായി ആരോ എന്നെ തടയുന്നത് പോലെ…

‘ഹായ്.. ഐ ആം അർജുൻ. വിൽ യു ബി മൈ ഫ്രണ്ട്…?’

അങ്ങനെ ഒരുനാൾ , വിയർത്ത നെറ്റിയുമായി വിറച്ച് വിറച്ചാണ് ഞാനത് ചോദിച്ചത്. ഏതോയൊരു തമാശ കേട്ടത് പോലെ പൂജ ആ നേരം ചിരിക്കുകയായിരുന്നു. പെണ്ണ് എന്നെ കളിയാക്കുന്നതാണോയെന്ന് പോലും ഞാൻ സംശയിച്ചു. അവളുടെ പരിഹാസത്തിന് കൂടുതൽ നേരം നിന്ന് കൊടുക്കാതെ ഞാൻ തിരിഞ്ഞ് നടക്കുകയും ചെയ്തു.

ആ രാത്രി ഇപ്പോഴും ഓർമ്മയുണ്ട്. ഈ ലോകത്തിലേക്ക് ഇറങ്ങി ചെല്ലാനുള്ള അറിവ് എനിക്ക് ഇല്ലായെന്ന ബോധം തലക്ക് ചുറ്റും വട്ടമിട്ട് പറക്കുന്നത് പോലെ… സംസാരിക്കാൻ പാട് പെടുന്നയൊരു പെണ്ണത് ഒച്ചത്തിൽ പറഞ്ഞ് എന്റെ കാതുകളെ പൊട്ടിക്കുന്നത് പോലെ… ഈ സൗകര്യങ്ങളിലും കുറവുകളാണ് എന്നിൽ കൂടുതലെന്ന് അനുഭവപ്പെടുകയാണ്. എന്തുകൊണ്ടാണ് പറയാൻ മാത്രം കൂട്ടുകാരൊന്നും എനിക്ക് സ്കൂളിൽ ഇല്ലാത്തതെന്ന് അന്നാണ് വ്യക്തമാകുന്നത്.

‘അച്ഛാ, സ്കൂളിൽ സ്പോർട്സാണ്. ക്രിക്കറ്റിന് പേര് കൊടുക്കാൻ പറഞ്ഞു..’

എന്നിട്ട് വേണം തiലക്ക് പന്ത് കൊള്ളാൻ എന്നായിരുന്നു അച്ഛന്റെ മറുപടി.

‘അച്ഛാ, സ്കൂളിൽ നിന്ന് ടൂറ് പോകുന്നുണ്ട്…’

കുട്ടികളെ നിറച്ച ബസ്സ് യാത്ര അപകടമാണെന്നാണ് അന്നത്തെ അച്ഛന് പറയാനുണ്ടായിരുന്നത്. പകരം, അമ്മയേയും എന്നേയും ഈജിപ്ത്തിലേക്ക് കൊണ്ട് പോകുകയും ചെയ്തു. അത്രത്തോളം സ്നേഹവും കരുതലുമാണ് അച്ഛന് എന്നോട്. പക്ഷേ, കുടുംബത്തിനും അപ്പുറം ഏതൊരു കൂട്ടത്തിലേക്കും ചേരാനുള്ള കെൽപ്പ് മകന് നഷ്ടമായിരിക്കുന്നുവെന്ന് എന്റെ മാതാപിതാക്കൾ അറിയാതെ പോയി..

‘അഅർ..ജുൻ, ക്യാൻ യു..യു.. ഹെൽ.. പ്പ് മി…?’

പിറ്റേന്ന് രാവിലത്തെ ഇടവേള നേരത്ത് പൂജ എന്നോട് ചോദിച്ചതാണ്. തലേന്നത്തെ കളിയാക്കലെന്ന പോലെയുള്ള ചിരിപ്പൊട്ടുകൾ തലയിൽ ഉള്ളത് കൊണ്ട്, വലിയ താൽപര്യം പ്രകടിപ്പിക്കാതെ എന്തെന്ന് ഞാൻ ചോദിച്ചു. അവൾക്ക് എന്റെ ശബ്ദം വേണം പോലും. ടീച്ചേഴ്സിന്റ സഹായത്തോടെ സ്കൂളിലൊരു എക്സ്ബിഷൻ നടക്കാൻ പോകുന്നു. അവളൊരു കരകൗശലക്കാരിയാണ് പോലും.

വലിച്ചെറിയുന്ന പ്ലാസ്റ്റിക് കൂടുകളെ വരെ മനോഹരമായ രൂപത്തിലേക്ക് എത്തിക്കാനുള്ള കഴിവ് പൂജയ്ക്കുണ്ടെന്ന് അന്നാണ് ഞാൻ അറിയുന്നത്. എനിക്ക് അവളോട് അസൂയ തോന്നി. സകല ദേഷ്യവും മറന്ന് സഹായിക്കാമെന്ന് പറയുകയും ചെയ്തു. എക്സ്ബിഷനിലേക്ക് കുട്ടികളെ ക്ഷണിക്കാൻ ഓരോ ക്ലാസ്സിലും അവളുടെ ശബ്ദമായി പോകാൻ ഞാൻ തീരുമാനിച്ചു. പക്ഷേ, എനിക്കതിന് സാധിക്കുമോയെന്ന് പിന്നീടാണ് ഞാൻ ആലോചിക്കുന്നത്. അതെന്റെ മുഖത്ത് പ്രകടമായത് കൊണ്ടായിരിക്കണം സ്കൂൾ വിടുമ്പോൾ അവളത് പറഞ്ഞത്.

‘ഡോ…ണ്ട് വറി അഅ.. ർജുൻ… ഐ വിവിൽ ഹെൽ.. പ്പ് യു…’

ഞാൻ ചിരിച്ചു. സൗഹൃദങ്ങളുടെ കൂട്ടത്തിലേക്ക് ചേരാനുള്ള ആഗ്രഹമുണ്ടായിട്ടും, സാധിക്കാറില്ലായെന്ന എന്റെ പ്രയാസം പൂജ മനസിലാക്കിയതിൽ വളരേയേറെ സന്തോഷം തോന്നി. ആദ്യമായാണെന്ന് തോന്നുന്നു. ചിരിക്കുമ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞത്. അവൾ ആ നേരം വേദനിപ്പിക്കാതെ തലയ്ക്കൊരു കൊട്ട് തന്ന് എന്നോട് കണ്ണുകൾ ഇറുക്കിയിരുന്നു.

പിന്നീടുള്ള ദിവസങ്ങളിലെല്ലാം വൈകിയാണ് ഞങ്ങൾ സ്കൂളിൽ നിന്ന് പോയത്. പൂജ പറയുന്ന നിർദ്ദേശങ്ങളെല്ലാം ഞാൻ കേട്ടിരിക്കും. അവളുടെ ചുണ്ടുകളിൽ നിന്ന് മുറിഞ്ഞ് മുറിഞ്ഞ് വീഴുന്ന ആ ശബ്ദത്തെ കൂട്ടിച്ചേർത്ത് ഗ്രഹിക്കാൻ എനിക്ക് യാതൊരു പ്രയാസവും തോന്നിയില്ല. അതിൽ അവൾക്കും സന്തോഷമായി. അല്ലെങ്കിൽ പിന്നെ, അവസാന നാൾ കണ്ട് പിരിയുമ്പോൾ യു ആർ മൈ ബെസ്റ്റ് ഫ്രണ്ടെന്ന് എന്റെ കൈയ്യിൽ പിടിച്ച് അവൾ പറയില്ലായിരുന്നുവല്ലോ.

‘അമ്മേ… പൂജയ്ക്കൊപ്പം കുട്ടികളെ ക്ഷണിക്കാൻ ഞാനാണ് പോയത്. അവളുടെ ഹാൻഡ്മെയ്ഡ് ക്രാഫ്റ്റ് എക്സിബിഷന്റെ പ്രധാന സംഘടകനും ഞാനാണ്. നാളെയാണ്. പേരെന്റ്സൊക്കെ വരും. നിങ്ങളും വരണം…’

പറഞ്ഞത് അമ്മയോട് ആണെങ്കിലും, അഭിപ്രായ മറുപടി അച്ഛനിൽ നിന്നാണ് വന്നത്.

“നിനക്ക് വേറെ പണിയൊന്നുമില്ലേ അർജുൻ… വല്ലവർക്കും വേണ്ടി സ്കൂളില് തെiണ്ടാൻ… വൈ യു ആർ സിംപിളി വേസ്റ്റിംഗ് യുവർ എനർജി മൈ ബോയ്…”

പതിവ് പോലെ ആയിരുന്നില്ല. എനിക്ക് മറുപടി ഉണ്ടായിരുന്നു. ആദ്യമായി അച്ഛന്റെ മുഖത്ത് നോക്കി ഞാൻ എതിർപ്പ് പ്രകടമാക്കി. ആ മനുഷ്യൻ ഞെട്ടിപ്പോയെന്ന് മാത്രമല്ല. അമ്മയെ നോക്കിക്കൊണ്ട് ഹാളിൽ നിന്ന് എഴുന്നേറ്റ് പോകുകയും ചെയ്തു. അതിന് മാത്രം യാതൊന്നും പറഞ്ഞില്ല. ഞാൻ സന്തോഷിക്കുന്നത് അച്ഛന് ഇഷ്ടമല്ലേയെന്ന് മാത്രം ചോദിച്ചു. സകല സന്തോഷവും മോനാണെന്ന് കരുതി ജീവിക്കുന്ന അച്ഛന് വിഷമം ആയിട്ടുണ്ടാകും. പോയി സോറി പറയൂയെന്ന് അമ്മ പറഞ്ഞിട്ടും ഞാൻ വഴങ്ങിയില്ല. എന്റെ ബുദ്ധിമുട്ടുകൾ പറഞ്ഞതുമില്ല.

ആ രാത്രിയിൽ, വീടൊരു മൗനമാണെന്നും, നേരമൊരു ഒച്ചാണെന്നും എനിക്ക് തോന്നിയിരുന്നു. കൂട്ടിൽ നിന്നും തനിയേ പുറത്ത് പോകേണ്ടി വരുന്ന കാലത്തിന്റെ പ്രയാസങ്ങൾ ഇപ്പോഴെങ്കിലും പരിഹരിച്ചില്ലെങ്കിൽ പിന്നീട് എപ്പോഴാണ്! നെറ്റി വിയർക്കാതെയും, കൈകാലുകൾ വിറക്കാതെയും, ശബ്ദം ഇടറാതെയും, ഒരു കൂട്ടത്തിനെ അഭിസംബോധന ചെയ്ത് സംസാരിക്കാൻ പഠിക്കേണ്ടിയിരിക്കുന്നു. ആഗ്രഹം പോലെ, സ്‌പോർട്സിലും, ആർട്സിലും സാനിധ്യം അറിയിക്കാനും മനസ്സ് വെമ്പുന്നു. എല്ലാത്തിലേക്കുമുള്ള ആദ്യ ചുവടെന്ന പോലെ കൈ പിടിക്കാനെത്തിയ പൂജയെന്റെ ഭാഗ്യമാണെന്ന കരുതലോടെ ഞാൻ മയങ്ങി..

‘ഗുഡ്മോർണിംഗ് എവരിവൺ, എ വെരി വാം വെൽക്കം റ്റു ഓൾ പ്രസന്റ് ഹിയർ, റെസ്‌പെക്റ്റഡ് ടീച്ചേഴ്സ്, സ്റ്റുഡന്റസ് ആൻഡ് ദി പേരെന്റ്സ്.’

എക്സ്ബിഷൻ തുടങ്ങി. പൂജയ്ക്ക് വേണ്ടി എല്ലാവരെയും ഞാൻ സ്വാഗതം ചെയ്തു. കൂടെ എന്നേയും പരിചയപ്പെടുത്തി. കൂടുതലൊന്നും എന്നെക്കുറിച്ച് ആർക്കും അറിയില്ല. ആരോടുമൊരു പരിധിക്കപ്പുറം ഇടപെടാതെ, പഠിത്തത്തിലും ഉഴപ്പി ക്ലാസ്സിൽ മിണ്ടാതെയിരിക്കുന്ന എന്നെ മാത്രമേ എല്ലാവർക്കും അറിയുകയുള്ളൂ. ആ ഞാനൊരു മൈക്കും പിടിച്ച് സ്റ്റേജിൽ നിന്ന് ഇത്രയും ഒഴുക്കോടെ സംസാരിക്കുമെന്ന് ആരും കരുതിയില്ല. പൂജയാണ് താരമെന്ന് ഞാൻ വിളിച്ച് പറഞ്ഞു.

‘വളരേയേറെ കഴിവുള്ള സ്റ്റുഡന്റാണ് പൂജ. ഉപയോഗശൂന്യമെന്ന് കരുതി നമ്മളെല്ലാം വലിച്ചെറിയുന്ന സാധനങ്ങളിൽ നിന്നാണ് ഇന്നിവിടെ കാണുന്ന എല്ലാ രൂപങ്ങളും ഉണ്ടായിരിക്കുന്നത്. അവളുടെ കൈകൾ അത്ഭുതങ്ങളുടേതാണെന്ന് ഞാൻ വിശ്വസിക്കുന്നു. കുടുംബം വിട്ടാൽ മറ്റൊരു കൂട്ടത്തിലേക്ക് ഇറങ്ങി ചെല്ലാൻ കഴിവില്ലാതിരുന്ന എന്നേയും അവൾ മനോഹരമായി ക്രാഫ്റ്റ് ചെയ്തിരിക്കുന്നു. താങ്ക് യു മൈ ഡിയർ ഫ്രണ്ട് പൂജ… താങ്ക്സ് എലോട്ട്…’

പൂർണ്ണമായും ഇംഗ്ലീഷിൽ പറഞ്ഞ് അവസാനിപ്പിച്ച ആ സ്വാഗത പ്രസംഗത്തിന് വലിയ കൈയ്യടിയാണ് ലഭിച്ചത്. ഞാൻ അത്രയും ഇമോഷണലായി സംസാരിച്ചത് കൊണ്ടായിരിക്കണം പൂജയുടെ കണ്ണുകളും നിറഞ്ഞത്. ശ്രദ്ധിച്ചപ്പോൾ പലരുടേയും മുഖത്തൊരു നനവിന്റെ തിളക്കം കാണാമായിരുന്നു. എന്നാൽ, ഏറ്റവും മുന്നിൽ നിൽക്കുന്ന ഒരാളുടെ മിഴികൾ മാത്രം ഒളിയുകയാണ്. ആളുടെ കൈ തട്ടൽ അപ്പോഴും നിന്നിട്ടുണ്ടായിരുന്നില്ല. അത് അച്ഛനാണെന്ന് കണ്ടപ്പോൾ മുമ്പേ നിറഞ്ഞ കണ്ണുകൾ ധൃതിയിൽ കവിഞ്ഞ് പോയി.

ആരോടും ദേഷ്യമില്ല. സ്നേഹം കൂടിയത് കൊണ്ടാണ് മാതാപിതാക്കൾ കൂടുതൽ കരുതലോടെ മക്കളെ പൊത്തി പൊത്തി വളർത്തുന്നത്. അവരുടെ ലോകവീക്ഷണവും, വളർന്ന സാഹചര്യവും അങ്ങനെ ആയത് കൊണ്ടായിരിക്കും. തന്റെ കാഴ്ച്ചപ്പാടിലേക്ക് മകനെ നടത്തിയ അച്ഛന് എന്റെ സന്തോഷമെന്താണെന്ന് മനസിലാക്കാൻ പറ്റാതെയായിപ്പോയി. സാരമില്ല. ഇത്രയും സൗകര്യങ്ങളോടെ ജീവിക്കാനുള്ള ഭാഗ്യം ആ അച്ഛന്റെ മോനായത് കൊണ്ടല്ലേ.

നിർത്താതെ കൈ തട്ടുന്ന അച്ഛനിലേക്ക് എല്ലാവരുടേയും ശ്രദ്ധ മാറിയെന്ന് കണ്ട ആ നേരത്ത് ഞാൻ വീണ്ടും മൈക്ക് ഓൺ ചെയ്തു. കൂടെയുള്ള അമ്മ പറഞ്ഞിട്ടും അച്ഛൻ നിർത്തുന്നില്ല. ഒന്ന് പിടക്കുക പോലും ചെയ്യാതെ ആ മിഴികൾ എന്നെ നോക്കി ഒളിയുന്നത് തുടരുകയാണ്. കൂടുതലൊന്നും എനിക്ക് പറയാനുണ്ടായിരുന്നില്ല. മുന്നിലുള്ള കൂട്ടത്തിന്റെ കൈയ്യടികൾ വീണ്ടും ഉയരാൻ പാകം രണ്ടേ രണ്ട് വാക്കുകൾ മാത്രം…

‘അച്ഛാ, ഐ ആം സോറി. ആൻഡ്, ഐ ലവ് യു സോ മച്ച്…!!!’

Leave a Reply

Your email address will not be published. Required fields are marked *