പിറ്റേനാൾ തൊട്ട് അവർ അവരുടെ പഴയ ജീവിതത്തിന്റെ തുടർച്ചയിലേക്ക് ഒരു വീട്ടിൽ നിന്ന് വന്നും പോയും നീങ്ങി. കുന്നോളം പറയണമെന്ന് രണ്ടു പേരുടേയും ഉള്ളിൽ ഉണ്ട്. അളന്ന് മുറിച്ച് ഉപയോഗിക്കുന്ന നേരങ്ങളിൽ അതിനുള്ള വീതം ഉണ്ടായിരുന്നില്ല…….

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ

ഹണിമൂൺ കൊടൈക്കനാലിൽ ആയിരുന്നു. റിസോർട്ടിന്റെ മുന്നിലുള്ള മഞ്ഞ് വഴിയിലേക്ക് ചൂണ്ടി നടക്കാമെന്ന് നന്ദൻ പറഞ്ഞു. മോറ് വിറക്കുന്ന കുളിരിൽ കൈകോച്ചി ഗായത്രി ആ പുക മറയിലേക്ക് എത്തി നോക്കുകയാണ്.

‘അയ്യോ, ഞാനില്ല.. എന്നിട്ട് വേണം തുമ്മി തുമ്മി ആള് ചാകാൻ…

നേരിട്ട് അല്ലാതെയുള്ള പെണ്ണുകാണലും, തുടർന്ന് രണ്ട് വീട്ടുകാരും കൂടി ചേർന്ന് നടത്തിയ വിവാഹവും ഭംഗിയായി കഴിഞ്ഞ ആഴ്ച്ച നടന്നതേയുള്ളൂ. പരസ്പരം ഇഷ്ടപ്പെട്ടതിന് ശേഷം നീളൻ സംസാര മൊന്നും അവർക്ക് ഇടയിൽ ഉണ്ടായിട്ടില്ല. ഘടികാര നേരം അളന്ന് മുറിച്ച് ജീവിക്കുന്ന അവർക്ക് അതിന് കഴിഞ്ഞില്ലെന്ന് പറയുന്നതാകും ശരി….

അങ്ങനെ തിരക്ക് പിടിച്ച ജീവിതത്തിൽ നിന്ന് അൽപ്പം മാറാമെന്ന ധാരണയിലാണ് വിവാഹം കഴിഞ്ഞ് മൂന്നാം നാൾ നന്ദനും ഗായത്രിയും ഇങ്ങനെയൊരു യാത്ര നടത്തിയത്. യാത്രയുടെ തുടക്കമുണ്ടായിരുന്ന ആനന്ദമൊന്നും അയാളിൽ ഇപ്പോഴില്ല. കാരണം എന്താണെന്ന് ചോദിച്ചാൽ അറിയുകയുമില്ല. പരസ്പരം മിണ്ടുമ്പോഴും ചിരിക്കുമ്പോഴും മനസ്സുകൾ തമ്മിൽ വേർപെട്ട് പോയോ എന്നൊരു സംശയം…

‘ എടീ… നീ തീരേ റൊമാന്റിക് അല്ല.’

നഖം കടിച്ചുകൊണ്ട് നന്ദൻ പറഞ്ഞു.

“ഓ.. നിങ്ങള് പിന്നെ റോമിയോ അല്ലേ…! “

മുഖം ചുളിച്ചായിരുന്നു ഗായത്രിയുടെ മറുപടി.

പ്രേമത്തിൽ നിന്ന് തുടങ്ങിയിട്ടില്ലെങ്കിൽ ദാമ്പത്യമൊരു ടാറിടാത്ത റോഡ് പോലെ ആയിരിക്കുമെന്ന് പറഞ്ഞ് അയാൾ തന്റെ കാഴ്ച്ചയിൽ നിന്ന് ഇറങ്ങിവന്നു. ഇതൊരു മഹത്തരമായ കണ്ടുപിടുത്തം ആണല്ലോയെന്നും പറഞ്ഞ് അവൾ ആ തണുപ്പിൽ വിറച്ചുകൊണ്ട് ചിരിച്ചു.

കുണ്ടും കുഴിയും നിറഞ്ഞ പാതയിലൂടെയുള്ള യാത്ര അപകടം നിറഞ്ഞതായിരിക്കുമെന്ന ചിന്തയിലായിരുന്നു നന്ദൻ അത് പറഞ്ഞത്. പതിയേ നടന്നാൽ ഏത് ദൂരവും സുഖമായി താണ്ടാൻ പറ്റുമെന്ന് ഗായത്രിയും ചിന്തിച്ചു. തമ്മിൽ പൊരുത്തപ്പെടാത്ത അവരുടെ സ്നേഹസങ്കൽപ്പങ്ങൾ സംഘർഷത്തിൽ ആയത് അപ്പോൾ തൊട്ടാണ്. തീരേ തൃപ്തിയില്ലാതെ ആയിരുന്നു ആ നവദമ്പതികൾ തങ്ങളുടെ ഹണിമൂൺ യാത്രയിൽ നിന്ന് തിരിച്ചെത്തിയത്..

പിറ്റേനാൾ തൊട്ട് അവർ അവരുടെ പഴയ ജീവിതത്തിന്റെ തുടർച്ചയിലേക്ക് ഒരു വീട്ടിൽ നിന്ന് വന്നും പോയും നീങ്ങി. കുന്നോളം പറയണമെന്ന് രണ്ടുപേരുടേയും ഉള്ളിൽ ഉണ്ട്. അളന്ന് മുറിച്ച് ഉപയോഗിക്കുന്ന നേരങ്ങളിൽ അതിനുള്ള വീതം ഉണ്ടായിരുന്നില്ല . ജോലിക്ക് പോകാനായി ഇറങ്ങുമ്പോൾ തൊട്ട് കാതിൽ തിരുകുന്ന സംഗീതം തിരികേ വരുമ്പോഴും ഉണ്ടാകും. ആ വേഷം അഴിച്ചാൽ പിന്നെ ഉറക്കത്തിന്റെ ഉടുപ്പുമിട്ട് രണ്ടുപേരും ബോധരഹിതരാകും.

മാസങ്ങൾ കഴിഞ്ഞു. തന്റെ ജീവിതത്തിന് മാത്രം ഇതെന്ത്‌ പറ്റിയെന്ന് ഓർത്ത് നന്ദൻ ഇടക്ക് വിഷമിക്കാറുണ്ട്. എല്ലാവരിലും ജീവിതം ഇങ്ങനെയൊക്കെ തന്നെയാണെന്ന ധാരണയായിരുന്നു ഗായത്രിയുടെ ഉള്ളിൽ. ഒരിക്കൽ ഒരു അവധി നാളിൽ നമ്മൾ എന്തിനാണ് വിവാഹിതർ ആയതെന്ന് അയാൾ അവളോട് ചോദിച്ചു.

‘ജീവിക്കാൻ.. ഒരുമിച്ച് ജീവിക്കാൻ…’

നന്ദനോടുള്ള ഇഷ്ടത്തോടെയാണ് ഗായത്രിയത് പറഞ്ഞത്. എന്നിട്ട് ഒരുമിച്ചാണോ ഇപ്പോൾ ജീവിക്കുന്നതെന്ന് ആ മനുഷ്യൻ ചോദിച്ചു..

‘അല്ലേ…?’ അവൾ സംശയിച്ചു.

“അല്ല..! ” അയാൾ ഉറപ്പിച്ചു.

എന്നും പറഞ്ഞ് മുറിയിൽ നിന്ന് നന്ദൻ ഇറങ്ങി പോയപ്പോൾ ഗായത്രി കഥ അറിയാതെ വെറുതേ നോക്കി നിൽക്കുകയായിരുന്നു. അയാൾ പറഞ്ഞതിന്റെ പൊരുൾ എത്ര ആലോചിച്ചിട്ടും അവൾക്ക് മനസ്സിലായില്ല. തനിക്ക് പ്രേമിക്കാൻ അറിയാത്തത് കൊണ്ടായിരിക്കുമെന്ന് കരുതി അന്ന് മുഴുവൻ അവൾ കരഞ്ഞു.

രാത്രിയിൽ കയറി വന്ന നന്ദനോട് താനുമായുള്ള ജീവിതം നിങ്ങൾക്ക് മുഷിഞ്ഞെങ്കിൽ പിരിഞ്ഞോളൂവെന്ന് ഗായത്രി പറഞ്ഞു. പിരിയാൻ മാത്രം നമ്മൾ ചേർന്നിട്ടില്ലല്ലോയെന്ന വാചകം മറുപടിയായി കേട്ടപ്പോൾ അവളുടെ കണ്ണുകൾ വീണ്ടും നിറയുകയായിരുന്നു.

‘അതേയ്… എങ്ങനെയാ പ്രേമിക്കുക…? അറിയാത്തത് കൊണ്ടല്ലേ…’

പരീക്ഷയിൽ തോറ്റുപോയ കുഞ്ഞിന്റെ വിഷമം പോലെ ഗായത്രിയുടെ ഭാവം മാറി. അറിയാതെ നന്ദൻ ചിരിച്ചുപോയി. ആ ചിരി അവൾക്കൊരു വേദന സംഹാരിയായിരുന്നു. അവളും അതിന്റെ ഒരുതുണ്ട് തന്റെ ചിറി കൊണ്ട് കടിച്ച്. അയാൾ അതിൽ തൊട്ടപ്പോൾ അവിടെയൊരു ചും ബനവും സംഭവിച്ചു.

‘പ്രേമിക്കാൻ അറിയില്ലായെന്ന് പറഞ്ഞിട്ട്..?’

നന്ദന്റെ ചുണ്ടിൽ നിന്നും വേർപെട്ട തന്റെ നനഞ്ഞ ചിറികളിൽ വിരൽ ചേർത്ത് ഇതാണോ പ്രേമമെന്ന് ഗായത്രി മറുപടിയായി ചോദിച്ചു. ഇതും പ്രേമം തന്നെയാണെന്ന് പറഞ്ഞ് വീണ്ടും അയാൾ ചിരിച്ചു. തുടർന്ന്, അവർ സംസാരിച്ചതൊക്കെ മറയില്ലാത്ത ഉള്ളിൽ നിന്നായിരുന്നു…

വിവാഹം വരെ തുടർന്ന ജീവിതത്തിൽ നിന്ന് നമുക്ക് മാറാനേ പറ്റിയിട്ടില്ലായെന്ന് രണ്ടുപേരും സമ്മതിച്ചു. അളന്ന് മുറിച്ച ഘടികാര നേരത്തിൽ തങ്ങൾക്ക് മാത്രമായി ഒരുനേരവും മാറ്റിവെക്കാൻ അവർക്ക് സാധിച്ചില്ല. ഒന്നും പറയാൻ പറ്റാതെ കുന്നോളം വിഷമങ്ങൾ ഉള്ളിൽ ചുമന്ന് നടന്നത് തന്റെ തെറ്റാണെന്ന് നന്ദനും സമ്മതിച്ചു. തന്റെ ഇണയുടെ ആഗ്രഹങ്ങളെ അറിയാതെയും, അതിയായി ആഗ്രഹി ക്കാതെയും ചലിച്ച ജീവിതമാണ് താൻ നയിച്ചതെന്ന് ഗായത്രിക്കും മനസ്സിലായി.

‘അതേയ്, നമുക്കൊരാഴ്ച്ച അങ്ങട് ലീവ് എടുത്താലോ…?’

അവൾ നന്ദന്റെ മാറിലേക്ക് മുഖം പൂഴ്ത്തിക്കൊണ്ട് ചോദിച്ചു. തലമുടികളിൽ അമർത്തി തടവിക്കൊണ്ട് എന്തിനാണെന്ന് അയാൾ ആരാഞ്ഞു. ഒരിക്കൽ മുഷിഞ്ഞ് തിരിച്ചുവന്ന കൊടൈക്കനാലിലേക്ക് നമുക്ക് വീണ്ടും പോകാമെന്ന് പറയാൻ വേണ്ടി മാത്രം ഗായത്രി നന്ദന്റെ കണ്ണുകളിലേക്ക് മുഖം ഉയർത്തി. അവിടേക്ക് തന്നെ പോകണമെന്ന് എന്താ ഇത്ര നിർബന്ധമെന്ന് അയാൾ ചോദിക്കും മുമ്പേ കാരണവും അവൾ പറഞ്ഞിരുന്നു..

‘അന്ന് നിങ്ങള് ചൂണ്ടിയ മഞ്ഞ് വഴിയിലൂടെ എനിക്ക് ഈ കയ്യും പിടിച്ചൊന്ന് നടക്കണം…’

നന്ദൻ അവളെ വാരിയെടുത്ത് കിടപ്പ് മുറിയിലേക്ക് കൊണ്ടുപോയി. കിടക്കയിലേക്ക് അവളുമായി വീഴുമ്പോൾ അയാൾ ആ കാതുകളിൽ കടിച്ചു. തുടർന്ന് പ്രേമിക്കാൻ അറിയില്ലെന്ന് പറഞ്ഞ ആ ചുണ്ടുകളിലും. ബന്ധങ്ങളെല്ലാം ഇടപെടുന്ന ആൾക്കാരെ പോലെ തിളങ്ങുകയും മങ്ങുകയും ചെയ്യുന്ന തലങ്ങളാണ്. മിനുക്കാൻ മിനുസ്സമുള്ള മനസ്സുകൾ മാത്രമേ അതിന് വേണ്ടതുള്ളൂ…

എത്ര തിരക്കിൽ ആണെങ്കിലും, ജീവന്റെ പ്രാധാന്യങ്ങളായ മനുഷ്യർക്ക്‌ വേണ്ടി ഒരുനുള്ള് നേരമെങ്കിലും മാറ്റിവെക്കാൻ പറ്റാത്തവരായി ആരുമില്ല. അങ്ങനെ പറ്റാത്ത വിധം ജീവിതം നയിക്കേണ്ടി വരുന്നവർ യഥാർത്ഥത്തിൽ എന്നോ യന്ത്രങ്ങളായി പരിവർത്തനപ്പെട്ടവരാണ്. ജീവിക്കാൻ മറന്ന് പോയെന്ന തോന്നൽ എന്നെങ്കിലും ഉൾത്തിരിയുമ്പോൾ മാറുടഞ്ഞ് നിന്ന് പോകേണ്ടവർ…!!!

Leave a Reply

Your email address will not be published. Required fields are marked *