പേയ്മെൻറ് സ്ലിപ്പ് കാത്തിരുന്ന എനിക്ക് അവളുടെ മെസ്സേജാണ് കിട്ടിയത്. സോറി ബ്രോ പൈസ അയക്കുവാൻ സാധിക്കുന്നില്ല. നിൻ്റെ ഇന്ത്യൻ അക്കൗണ്ടല്ലേ അതിലേക്ക് പണമയക്കാൻ സാധിക്കില്ല…….

ക്യാതറീൻ

എഴുത്ത് :- ഷെര്‍ബിൻ ആന്റണി

എഫ്ബിയിൽ റിക്വസ്റ്റ് വന്ന് കിടക്കുന്നത് കൊണ്ട് ശ്രദ്ധിച്ചതാണ് .ക്യാതറീൻ വെളുത്ത് കൊലുന്നനെയുള്ള ഒരു സുന്ദരി ഫ്രം ഇംഗ്ലണ്ട്.

ഇതാരപ്പാ എനിക്ക് ഇംഗ്ലണ്ടിൽ നിന്നൊക്കെ റിക്ക് വിടാൻ. ഞാൻ അവിടേം ഫേമസായോ..?ഈ സുക്കറണ്ണൻ്റെ ഒരു കാര്യം…!

അവളുടെ പച്ച ലൈറ്റ് കത്തി കിടക്കുന്നത് കണ്ടപ്പോൾ ഒരു ഹായ് അയച്ച് നോക്കി. അല്പനേരത്തിനു ശേഷം അവളും വന്നു. ഓള് മുടിഞ്ഞ ഇംഗ്ലീഷായിരുന്നു, നുമ്മ അര കുറേം.

പരിചയപ്പെടലിനൊടുവിൽ അവള് ചോദിച്ചു ക്രിസ്തുമസ്സും ന്യൂയീറു മൊക്കെ സെലിബ്രേറ്റ് ചെയ്യുന്നില്ലേന്ന്. ഞാനൊരു സെൻ്റി അങ്ങ് കാച്ചി അതില് ഓള് വീണു.

ഇല്ല ക്യാതറീൻ… കോവിഡ് ആയതു കാരണം വേലേം കൂലീം ഇല്ലാതെ ഒരു മാസമായി വീട്ടിൽ തന്നെയാ. അതോണ്ട് ഇത്തവണത്തെ ക്രിസ്തുമസ് ശോകമാ.

അത് കേട്ടതും അവള് സമാധാന ദൂതുമായെത്തി. ഞാനൊരു ക്രിസ്തുമസ്സ് ഗിഫ്റ്റ് നിനക്ക് അയച്ച് തരട്ടേന്ന്.

ആർക്ക് വേണം ഓളുടെ ഒരു സമ്മാനം.

എൻ്റെ റിപ്ലൈ കാണാത്തതിനാൾ ഓള് വീണ്ടും അയച്ചു നിൻ്റെ അക്കൗണ്ട് നമ്പര് സെൻഡ് ചെയ്യാമോ…?

ഇത്തവണ എൻ്റെ ഉള്ളിലും ലൈറ്റ് കത്തി. ഉടനെ തന്നെ അക്കൗണ്ട് നമ്പരും ബാങ്ക് ഇരിക്കുന്ന സ്ഥലവും ബിൽഡിംഗ് വാടകയ്ക്ക് കൊടുത്തിരിക്കുന്ന ആളുടെ വരെ അഡ്രസ്സ് കൊടുത്ത് ഞാൻ മാതൃകയായി.

ഇപ്പോ ഇവിടെ രാത്രിയാണ് നാളെ രാവിലെ തന്നെ ഞാൻ ബാങ്കിൽ പോയി പൈസ അയച്ചതിനു ശേഷം മെസ്സേജയക്കാട്ടോന്ന് ക്യാതറീൻ. ദൈവമേ ഇത്രയും നല്ല ആൾക്കാര് ഇപ്പഴും ഭൂമിയിലുണ്ടായിരുന്നോ….!

പിറ്റേ ദിവസം അവളുടെ മെസ്സേജ് കാത്തിരുന്ന് മുഷിഞ്ഞ ഞാൻ ക്ഷമകെട്ട് അങ്ങോട്ട് മെസ്സേജ് കൊടുത്തു.ഹലോ ക്യാതറീൻ എവിടെയാ ഇത്വരെ എഴുന്നേറ്റില്ലേ എന്നൊക്കെ വളരെ വിനീതനായി ചോദിച്ചു.

ഞാൻ ബാങ്കിലേക്ക് ഡ്രൈവ് ചെയ്ത് പോയി കൊണ്ടിരിക്കുവാണ്. അയച്ചതിനു ശേഷം പേയ്മെൻ്റ് സ്ലിപ്പ് നിനക്കയച്ച് തരാമെന്ന് പാവം ക്യാതറീൻ.

എൻ്റെ കണ്ണ് നിറഞ്ഞ് പോയി…. ദൈവം ഇത്ര വലിയവനാണോ. ഇന്ന് തന്നെ പള്ളിയിൽ പോയി മെഴുകുതിരി കത്തിക്കണം. ഞാനുറപ്പിച്ചു.

പേയ്മെൻറ് സ്ലിപ്പ് കാത്തിരുന്ന എനിക്ക് അവളുടെ മെസ്സേജാണ് കിട്ടിയത്. സോറി ബ്രോ പൈസ അയക്കുവാൻ സാധിക്കുന്നില്ല. നിൻ്റെ ഇന്ത്യൻ അക്കൗണ്ടല്ലേ അതിലേക്ക് പണമയക്കാൻ സാധിക്കില്ല എന്നൊക്കെയാണ് ബാങ്ക് മാനേജർ പറയുന്നത്.

മെഴുകുതിരി ക്യാൻസൽ. ഇനിയിപ്പോ എന്ത് പറയണമെന്നറിയാതെ ഞാൻ നിന്നു.

ഞാനിപ്പോൾ എയർപ്പോർട്ടിലാണ് ഉള്ളത്. ഞാനിവിടെ നിന്ന് ഒരു പാർസൽ നിനക്ക് അയക്കുന്നുണ്ട്. നാളെ നിനക്കത് റിസീവ് ചെയ്യാൻ പറ്റും.

വോ പാർസലോ… വീണ്ടും ഗിഫ്റ്റ് തന്നെയായിരിക്കും.

അതിനുള്ളിൽ ഞാൻ കുറച്ച് ഡോളർ വെച്ചിട്ടുണ്ട്.നിനക്കത് കൺവെർട്ട് ചെയ്ത് കറൻസിയായിട്ട് യൂസ് ചെയ്യാം.

ങേ…ഡോളേഴ്സോ.താങ്ക്യൂ വെരിമച്ച് മാഡം. ഞാൻ വീണ്ടും വിനീത കുനീതനായി.

അധികമൊന്നുമില്ല ഒരു രണ്ടായിരം ഡോളറേ ഉള്ളൂട്ടോ.

രണ്ടായിരം ഡോളറോ…? കണക്ക് കൂട്ടിയ എൻ്റെ കണ്ണ് തള്ളി പോയി.

യേസ് ഇത് നിനക്കുള്ള എൻ്റെ ക്രിസ്തുമസ്സ് സമ്മാനമാണ്.

താങ്ക് ഗോഡ്…വിശ്വസിക്കാനാവാതെ ഞാൻ എന്നെ തന്നെ നുള്ളി നോക്കി. ദൈവം മാഡത്തിനേയും ഫാമിലിയേയും ഒരു പാട് അനുഗ്രഹിക്കും.

താങ്ക്സ് ഡീയർ, നാളെ പാർസല് കൈപറ്റിയതിന് ശേഷം നീ എനിക്ക് മെസ്സേജ് അയക്കു.

കിടന്നിട്ട് ഉറക്കം വരുന്നില്ല.ഡോളറ് മൊത്തമായിട്ട് മാറ്റണ്ട കുറേശ്ശേ മാറ്റിയാൽ മതി. അല്ലെങ്കിൽ റിസ്ക്കാണ്.ഈ ക്രിസ്തുമസ്സ് ഞാൻ പൊളിക്കും. മനസ്സില് സ്വപ്നങ്ങൾ നെയ്ത് എപ്പഴോ ഉറങ്ങിപ്പോയി.

രാവിലെ പത്ത് മണി ആയപ്പോഴേക്കും കാർഗോ ഡിപ്പാർട്ട്മെൻ്റിൽ നിന്ന് ഫോൺ വന്നു.

ഹലോ നിങ്ങൾക്ക് ഇംഗ്ലണ്ടിൽ നിന്നൊരു പാഴ്സലുണ്ട് എത്രയും പെട്ടെന്നത് കൈപ്പറ്റണം.

വോ…. യേസ് ക്യാതറീൻ ഇൻഫോം ചെയ്തിരുന്നു ഞാനല്പം വെയ്റ്റിട്ടു.

ഇനി പറയുന്ന അക്കൗണ്ടിലേക്ക് നിങ്ങൾ തുക അടയ്ക്കണം എന്നാലേ നിങ്ങൾക്കത് കൈപറ്റാൻ സാധിക്കൂ.

ങേ…. പൈസ ഞാൻ അടയ്ക്കണമെന്നോ… എത്രയാ വിക്കി കൊണ്ട് ഞാൻ ചോദിച്ചു.

യാ… ജസ്റ്റ് ഒരു ട്വൊൻ്റി നൈൻ തൗസണ്ട്….

ഇരുപത്തി ഒമ്പതിനായിരം രൂപയോ…. ഞാനന്തം വിട്ട് കുന്തം വിഴുങ്ങിയ പരുവത്തിലായി. ഞാൻ ക്യാതറീനെ കോൺഡാക്റ്റ് ചെയ്തിട്ട് വിളിക്കാം.കോൾ കട്ട് ചെയ്ത് ക്യാതറീന് മെസ്സേജ് അയച്ചു.

മാഡം പാഴ്സല് കിട്ടണമെങ്കിൽ നല്ലൊരു തുക ഞാനടയ്ക്കണമെന്നാണ് അവര് പറയുന്നത് ഞാൻ സങ്കടപ്പെട്ടു.

ഓ… അങ്ങനെയാണോ. ഞാനവരെയൊന്ന് വിളിക്കട്ടേ.

ലുക്ക് മിസ്സ് ക്യാതറീൻ അവര് ചോദിക്കുന്നതിൻ്റെ പകുതി പൈസ ഉണ്ടായിരുന്നെങ്കിൽ ഞാനിവിടെ രാജാവായി വിലസ്സിയേനേ.

അവര് പറയുന്നത് ഷിപ്പ്മെൻറിൻ്റെ പൈസ നീ കൊടുത്താലേ അവർക്കത് ഡെലിവറി ചെയ്യാൻ സാധിക്കൂന്നാണ്.

പക്ഷേ മാഡം എൻ്റെ കൈയിൽ അത്രയും പൈസ വേണ്ടേ….?

തത്ക്കാലം നീ ആരോടെങ്കിലും കൈയ്യിൽ നിന്ന് വാങ്ങിച്ച് കൊടുക്കു.അതിന് ശേഷം പാഴ്സലിനുളളിലെ ഡോളറ് മാറുമ്പോൾ നിനക്കവർക്ക് തിരിച്ച് കൊടുക്കാമല്ലോ.ക്യാതറീൻ നയം വ്യക്തമാക്കി.

നിൻ്റെ പേര് ക്യാതറീനെന്നല്ല വേണ്ടത്…. കൂതറയാ നീ തനി കൂതറ. നിൻ്റെ കളി എൻ്റെ അടുത്തോ ദേ ദിപ്പ ശരിയാക്കി തരാം.

മാഡം തപ്പി പിടിച്ച് ഞാൻ ഒരു ഒമ്പതിനായിരം രൂപ സംഘടിപ്പിക്കാം. ബാക്കി ഇരുപതിനായിരം മാഡം എൻ്റെ അക്കൗണ്ടിലേക്ക് ഇടുകയാണെങ്കിൽ ഞാനവർക്ക് അയച്ച് കൊടുക്കാം.

ഇത്തവണ അവളുടെ കിളി പോയി കാണും ഉറപ്പാ…. തട്ടിപ്പുകാരെ എങ്ങനെയൊക്കെ തട്ടിക്കാമെന്ന് പി എച്ച് ഡി എടുത്തിരിക്കുന്ന എൻ്റടുത്താണ് അവളുടെ ഒരു നമ്പര്.അയ്യപ്പൻ്റടുത്താണോ പുലി കളി.

എന്തൊക്കെ ആയിരുന്നു..ക്യാതറീൻ, ഡോളറ്, സ്വപ്നം… എന്നാലും എന്നോടീ ചതി വേണ്ടാര്ന്ന് എൻ്റെ സുക്കറണ്ണാ.

Leave a Reply

Your email address will not be published. Required fields are marked *