പ്രണയ പര്‍വങ്ങൾ ~~ ഭാഗം 27 ~ എഴുത്ത്:- അമ്മു സന്തോഷ്

അവൾ വീട്ടിലെത്തി എന്ന് വിളിച്ചു പറഞ്ഞതിന് ശേഷമാണ് അവൻ തിരിച്ചത്. ഇടയ്ക്ക് പമ്പിൽ കയറി ഫുൾ ടാങ്ക് അടിച്ചു

പെട്രോൾ അടിക്കുമ്പോൾ അവൻ ഇറങ്ങി കുറച്ചു നേരം പുറത്ത് നിന്നു

ഉള്ളു നിറഞ്ഞ പോലെ

ഹൃദയത്തിൽ അവളുടെ മുഖം

ഇതെന്തൊരു ഫീലാണ് ദൈവമേ

ഇച്ചാ.. എന്നുള്ള വിളി

ആ വെളുത്തു തുടുത്ത കൈകളിൽ കരിവളയിട്ട്  കൊടുത്തപ്പോ പ്രണയം തുളുമ്പിയ മുഖം

താൻ കഴിച്ചതിന്റെ ബാക്കി വേണം അവൾക്ക്.. കള്ളി. പറയാൻ വയ്യ. ചോക്ലറ്റ് ഇഷ്ടം ആണല്ലോന്ന്.. എന്തൊരു ഇഷ്ടം ആണ് ആ കണ്ണുകളിൽ!

ഇത്രയധികം ഒരു പെണ്ണിനോടും ഇടപഴകിയിട്ടില്ല

സ്നേഹിച്ചിട്ടില്ല

മോഹിച്ചിട്ടില്ല

എന്റെ പെണ്ണ്…

ആ സമയം തന്നെയാണ് മറ്റൊരു കാർ പമ്പിലേക്ക് കയറി വന്നത്

“അച്ചായാ അത് ചാർളിയല്ലേ?”

കാർ ഓടിച്ചു കൊണ്ടിരുന്നവൻ പിൻ സീറ്റിൽ ഇരുന്ന ആളോട് ചോദിച്ചു

അയാൾ ഗ്ലാസ്‌ താഴ്ത്തി

കടും നീല ഷർട്ട്‌ ബ്ലാക് ജീൻസ്ചാ ർലി

അയാളുടെ മുഖം ഇരുണ്ടു

“ഇവൻ എന്താ ഇവിടെ?”

അയാൾ ചോദിച്ചു

“അറിയില്ല “

“അവൻ അങ്ങ് നന്നായല്ലോ അച്ചായാ മിടുക്കൻ ആയി.. നല്ല ധൈര്യം. നമ്മുടെ നാട്ടിൽ വന്ന് വിലസുന്നുണ്ടല്ലോ “

“ഇവനെ ഞാൻ ഉടനെ എന്താ ഒന്നും ചെയ്യാത്തത് എന്ന് അറിയാമോ? പോലീസിന്റെ നോട്ടപ്പുള്ളിയാകാൻ വയ്യാത്തത് കൊണ്ട്.. ഇല്ലെങ്കിൽ തീർത്തേനെ ഞാൻ പട്ടിയെ “.ഇവന് എന്ത് വന്നാലും അത് എന്റെ തലയിൽ ആകും. കുറച്ചു കഴിഞ്ഞോട്ടെ. വേരോടെ തീർക്കും.”

കളരിക്കലെ ജോൺ ആയിരുന്നു അത്. മറ്റേത് അവന്റെ അനിയൻ  ജിമ്മി. അവൻ കൊന്ന ടോണിയുടെ സഹോദരൻമാർ

ചാർലി അവരെ കണ്ടില്ല

ചാർളി കാറിൽ കയറി ഓടിച്ചു പോകുന്നത് അവർ നോക്കിയിരുന്നു

“എന്നാലും അവൻ പാലായ്ക്ക് വന്നത് എന്തിനായിരിക്കും?”

“ഇവിടെ ആരെങ്കിലും ഉണ്ടാവും അവനു?.. അത്ര മേൽ പ്രിയപ്പെട്ട ഒരാൾ. അല്ലെങ്കിൽ അവൻ വരില്ല. അവനറിയാം ഇത് നമ്മുടെ നാടാണ് എന്ന്. ഒറ്റയ്ക്ക് വരണം എങ്കിൽ വീട്ടുകാർ അറിയരുത് എന്ന് നിർബന്ധം ഉള്ള ആരോ ആണ്.”

“എന്ന് വെച്ചാ?”

“അവന്റെ പെണ്ണിനെ കാണാൻ..അവന്റെ പെണ്ണ് ഇവിടെ ആയിരിക്കും. അത് കൊണ്ട് “

ജോൺ തീർത്തു പറഞ്ഞു

“അവന്റെ പെണ്ണ് ഈ നാട്ടിൽ? ഹേയ് “

“അല്ലെങ്കിൽ അവൻ വരണമെന്നില്ല വേറെ എന്തിനും ഇങ്ങനെ ഒറ്റയ്ക്ക് വരില്ല. അതാരാ എന്നൊന്ന് കണ്ടു പിടിക്കാൻ നോക്ക്. നീ അവന്റെ പിക് എടുത്തില്ലേ?”

“എടുത്തു “

“ഓക്കേ. മതി. ഒന്ന് തപ്പി നോക്ക് ആ കാർ പോയ വഴികൾ…”

“ശരി അച്ചായാ “

അവൻ സമ്മതിച്ചു

രാത്രി വളർന്നു കൊണ്ട് ഇരുന്നു

ചാർലി ശാന്തമായി കാർ ഓടിച്ചു കൊണ്ട് ഇരുന്നു

വീട്ടിൽ നിന്ന് പലതവണ വിളിച്ചു

“എത്താറായി ചേട്ടാ “

ഷെല്ലി വിളിച്ചപ്പോ അവൻ ആവർത്തിച്ചു

ഇടയിൽ സാറ വിളിച്ചു

“എത്തിയില്ലാടി.ചെന്നിട് മെസ്സേജ് ഇടാം “

“സൂക്ഷിച്ചു പോണേ “

“ഉം “

“സ്പീഡ് കുറച്ചു പൊ “

“നീ ഫോൺ വെച്ചിട്ട് പോയെ കൊച്ചേ?കുരിശ് വരച്ച് കിടന്നോ. ഞാൻ മെസ്സേജ് ഇട്ടോളാം “

“എനിക്കു ഉറങ്ങാനൊന്നും പറ്റുകേല. ചെന്നിട്ട് വിളിക്കണേ..”

“ആ വിളിക്കാം കട്ട്‌ ചെയ്യാൻ,”

അവൾ കാൾ കട്ട്‌ ചെയ്തു

അവളുടെ ഫോൺ വരുമ്പോൾ അവൻ നാട്ടിൽ എത്തി

പള്ളി കഴിഞ്ഞു വരുമ്പോൾ അവളുടെ വീട്

ഇരുളിൽ മുങ്ങി നിൽക്കുന്ന വീട്

അവളില്ലാതെ വരുമ്പോൾ പ്രകാശമില്ലാതെയാവുന്ന ഹൃദയം പോലെ

അവൻ വീട്ടിൽ എത്തുമ്പോൾ മുഴുവൻ പേരും മുറ്റത്ത് ഉണ്ട്

“രാത്രി എത്ര ആയിന്നാടാ വിചാരം? നീ ഒറ്റയ്ക്ക് ഇത് എവിടെ പോയതാ “

ഷെറി കോപം കൊണ്ട് ജ്വലിച്ചു

“എന്റെ ചേച്ചി കൂൾ.. ശെടാ ഞാൻ ഇത്രയും പ്രായമുള്ള ഒരാൾ അല്ലെ.. ഇത്രയും ടെൻഷൻ പാടില്ല,

“എന്നാലും സമയം എത്ര ആയി ചാർലി. ശത്രുക്കൾ ഉള്ളതാ ആരെയെങ്കിലും കൂട്ടി പോകണ്ടേ. ഡ്രൈവർ എങ്കിലും”

വിജയ് ചോദിച്ചു

“എന്ത് കാര്യത്തിന്? എന്റെ പേർസണൽ സ്പേസ് പോവില്ലേ ഡ്രൈവർ വന്നാൽ?”

“അപ്പൊ നീ പോയത് പേർസണൽ ആയി ആരെയെങ്കിലും കാണാൻ ആണോ”

അത് ക്രിസ്റ്റി ആയിരുന്നു

“എന്റെ ഒരു ഫ്രണ്ട്നെ കാണാൻ പോയതാ പൊന്നോ. അമ്മേ എനിക്ക് വിശക്കുന്നു വല്ലോം. എടുത്തു വെയ്ക്ക് “

“അതെന്നാടാ പോയിടുത്തുന്നു ഫ്രണ്ട് ഒന്നും തന്നില്ലേ?”ഷേർലി രൂക്ഷമായി ചോദിച്ചു

“ദഹിച്ചു “അവൻ കണ്ണിറുക്കി

പിന്നെ അകത്തേക്ക് പോയി

ഷെല്ലി ഒന്നും ചോദിച്ചില്ല

അവൻ ചാർളിയെ പഠിക്കുകയായിരുന്നു

തന്നോട് പറയാതെ ആണ് പോയത്

സാധാരണ അങ്ങനെയല്ല

ആരോടും പറഞ്ഞിട്ടില്ല

അപ്പനോട് ഒരു ഫ്രണ്ട് നെ കാണാൻ പോകുന്നുന്നെങ്ങാണ്ട് പറഞ്ഞുന്നു അമ്മ പറയുന്നത് കേട്ടു

അത് ആരാണ്?

എവിടെ ഉള്ളതാണ്?

പേരെന്താ?

പെണ്ണോ ആണോ?

ഒന്നും അറിയില്ല

ക്രിസ്റ്റിക്ക് ഒരു ഫോൺ വന്നപ്പോൾ. അവൻ എടുത്തു

അപ്പന്റെ അനിയന്റെ മോൻ സണ്ണി

“എന്താഡാ?”

“ചാർളി ഇന്ന് പാലായിൽ ഉണ്ടായിരുന്നു “

“ചാർളിയോ? നിനക്ക് ആള് തെറ്റിയോ?”

“ഇല്ല ആള് തെറ്റിയില്ല.. ഈ ചോദ്യം ഞാൻ പ്രതീക്ഷിച്ചു.”

“എടാ അവൻ തനിച്ച് അങ്ങോട്ട് വരികേല. അറിഞ്ഞൂടെ?”

“ഞാൻ കണ്ടതല്ലേ? എന്റെ പമ്പിൽ നിന്നാ പെട്രോൾ അടിച്ചത്. ഞാൻ ചെന്നപ്പോഴേക്ക് ആള് പോയി “

“എത്ര മണിക്ക്?”

“ഒരു രണ്ട് മണിക്കൂർ മുമ്പ് “

ക്രിസ്റ്റി ഷെല്ലിയെ നോക്കി

ഷെല്ലി. അവന്റെ അടുത്തേക്ക് ചെന്നു

“അവൻ പാലായിൽ ഉണ്ടായിരുന്നു “

ഷെല്ലി ഒന്ന് മൂളി

“അവൻ എന്തിനാ പാലായ്ക്ക് പോയത്?”

വിജയ് സ്വയം ചോദിച്ചു

“ഏതോ ഫ്രണ്ട് ഉണ്ടെന്ന്..”

“അവനു പാലായിൽ ഫ്രണ്ട്സ് ഇല്ല. കൊച്ചിയിൽ ഉണ്ട്. പിന്നെ ഇവിടെകിച്ചു.. അത്രേ ഉള്ളു.. ഇത് വേറെ ഏതാണ്ട് ഇടപാടാ,

“എന്ത് ഇടപാട്? ചേട്ടൻ ഒന്ന് ചോദിച്ചു നോക്കിക്കേ..”

ക്രിസ്റ്റി പറഞ്ഞു

“ചോദിച്ചാൽ സത്യം പറയണമെന്നില്ല. കണ്ടു പിടിക്കണം. പാലായിൽ അവൻ എവിടെ ഒക്കെ കയറി? ആരെയൊക്കെ കണ്ടു? സണ്ണിയോട് ചോദിച്ചു നോക്ക്

ക്രിസ്റ്റി ഫോൺ എടുത്തു

“അതെ ഞാൻ ഒരു കാര്യം മറന്നു പോയി. നമ്മുടെ സൂപ്പർ മാർകറ്റിൽ  വന്നാരുന്നു ചാർലി. ഇപ്പൊ മാനേജർ വിളിച്ചു പറഞ്ഞതാ. അയാൾക്ക് ഒരു സംശയം ഉണ്ടായിരുന്നു. ഞാൻ ചോദിച്ചു അപ്പൊ  കൺഫേം ആയി “

“ഒറ്റയ്ക്ക്?”

“അല്ല ഒരു പെൺകുട്ടിയുണ്ടായിരുന്നു. ചെറിയ ഒരു കുട്ടി. സ്കൂൾ കുട്ടിയെ പോലെ ഉള്ള ഒരു കുട്ടി “

ക്രിസ്റ്റിയുടെ കണ്ണ് മിഴിഞ്ഞു

“ഞാൻ ഇത് പറയാൻ വിളിക്കാൻ ഫോൺ എടുത്തതാ. അപ്പോഴാ ചേട്ടൻ ഇങ്ങോട്ട് വീണ്ടും വിളിച്ചത് “

“ശരി വെച്ചോടാ “

അവൻ ഫോൺ കട്ട്‌ ചെയ്തു

“പാലായിൽ ഏത് പെണ്ണ്? എങ്ങനെ പരിചയം? അവൾ ആരാണ്?”

വിജയ് അതിശയത്തോടെ ചോദിച്ചു

“അന്വേഷിച്ചു കണ്ടു പിടിക്കാം.. അങ്ങനെയങ് വിഡ്ഢി ആകാൻ പാടില്ലല്ലോ “

ഷെല്ലി പറഞ്ഞു

കുളിച്ചിട്ട് ചാർലി ഫോൺ എടുത്തു

“ഞാൻ ഉറങ്ങുവാ “

അവളുടെ മെസ്സേജ് കണ്ടവൻ ചിരിച്ചു പോയി

പിന്നെ അവൾ കൊടുത്ത പൊതി തുറന്നു

മഞ്ഞ നിറത്തിലെ സാറ്റിൻ തുണിയിൽ നിറയെ ചുവപ്പ് റോസപ്പൂക്കൾ തൂന്നിപ്പിടിപ്പിച്ചിരിക്കുന്നു

അതിന്റെ നടുവിൽ ഇപ്രകാരം എഴുതിയിരുന്നു

എന്റെ ഇച്ചായന്

🌹🌹🌹🌹🌹🌹🌹🌹🌹

സ്വന്തം സാറ

ചാർലി അതിലൂടെ വിരലുകൾ ഓടിച്ചു

പിന്നെ മുഖം അമർത്തി

അവളുടെ മണം

അവളുടെ സ്നേഹത്തിന്റെ

ഇഷ്ടത്തിന്റെ

അവൻ കണ്ണുകൾ അടച്ച് അത് ഉള്ളിലേക്ക് എടുത്തു

തുടരും…..

മുന്‍ ഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *