തോമസ്സ്
എഴുത്ത്:-ശ്രീജിത്ത് ഇരവിൽ
ഒരു ദൂരയാത്ര കഴിഞ്ഞ് വന്നതിന്റെ പിറ്റേ നാളാണ് തോമസ്സിന് അപകടം സംഭവിച്ചത്. തലയ്ക്ക് പരിക്കുണ്ട്. ഓർമ്മയെ പോലും ബാധിച്ചിരിക്കുന്നു. വീട്ടിൽ അയാളുടെ കെട്ട്യോളായ മോളി മാത്രമേയുള്ളൂ. മകൾ ഭർത്താവിന്റെ കൂടെ കാനഡയിലും മകൻ ഓസ്ട്രേലിയിലുമാണ്.
തോമസ്സിനും മോളിക്കും അത്യാവശ്യത്തിന് കഴിഞ്ഞ് കൂടാനുള്ള വകയൊക്കെ പറമ്പിൽ നിന്ന് കിട്ടും. പോരാത്തതിന് രണ്ട് മക്കളും കണക്കില്ലാതെ അയച്ച് കൊടുക്കുന്നുമുണ്ട്. അച്ഛന് സംഭവിച്ച അപകടത്തെ ഓർത്ത് കടുത്ത ദുഖത്തോടെ മക്കൾ എത്തിയിരിക്കുകയാണ്.
‘ഇനിയിപ്പോ നിങ്ങള് പോയിക്കോ… അപ്പച്ചന്റെ കാര്യം നോക്കാൻ ഞാനില്ലേ…?’
മാസം ഒന്ന് കഴിഞ്ഞപ്പോൾ മോളി മക്കളോട് പറഞ്ഞു. ഇടയ്ക്ക് വല്ല ശബ്ദവും ഉണ്ടാക്കുമെന്നല്ലാതെ തോമസ്സിന് അപ്പോഴും സംസാരിക്കാനൊന്നും ആകില്ലായിരുന്നു.
പണം വല്ലതും വേണമെങ്കിൽ പറഞ്ഞാൽ മതിയെന്ന് പോകാൻ നേരം മകൻ പറഞ്ഞിരുന്നു. അപ്പച്ചന്റെ അക്കൗണ്ടിൽ കാണുമെന്ന് മോളി പറയുകയും ചെയ്തു. കഴിഞ്ഞ പതിമൂന്ന് വർഷങ്ങളായി മക്കൾ അയക്കുന്ന പണമെല്ലാം അതിൽ കിടക്കുകയല്ലേ! എങ്ങനെ പോയാലും പത്ത് ഇരുപത് ലക്ഷമെങ്കിലും ഉണ്ടാകും. അങ്ങനെ മക്കളെല്ലാം തിരിച്ച് പോയി.
പിന്നീടുള്ള നാളുകളിൽ തനിക്ക് പരിചരിക്കാൻ ഒരു കുഞ്ഞുകൂടി ആയെന്ന ഭാവമായിരുന്നു മോളിയുടെ ചലനങ്ങളിലെല്ലാം. തോമസ്സിന് സുഖപ്പെടുന്നുണ്ട്. ഓരോ കാര്യങ്ങൾ പറഞ്ഞ് കൊടുക്കുമ്പോഴും അതുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങൾ ഓർത്തെടുക്കാൻ പറ്റുന്നുമുണ്ട്. ഇനിയൊരു രണ്ടുമാസം കഴിയുമ്പോഴേക്കും ശാരീരീക സുഖം പ്രാപിക്കുമെന്നാണ് തോന്നുന്നത്. എന്തിനും ഏതിനും മോളി ഉള്ളത് കൊണ്ട് മറ്റു ബുദ്ധിമുട്ടൊന്നും ഇല്ല താനും.
അങ്ങനെയിരിക്കെ പല കാര്യങ്ങൾക്കുമായി കുറച്ച് പണം മോളിക്ക് ആവിശ്യമായി വന്നു. പാസ്സ്‌ബുക്ക് നോക്കിയാണ് മോളി നീട്ടിയ ചെക്കിൽ തോമസ്സ് ഒപ്പിടുന്നത്. അതുമായി ബാങ്കിൽ ചെന്നപ്പോഴാണ് അറിയുന്നത് അയാളുടെ അക്കൗണ്ടിൽ പതിമൂന്നായിരത്തി മുന്നൂറ് രൂപ മാത്രമേയുള്ളൂവെന്ന്…
മോളി ഞെട്ടിപ്പോയി. ആ തരിപ്പുമായാണ് അവൾ വീട്ടിലേക്ക് തിരിച്ചെത്തിയത്. മക്കള് അയച്ച് തന്ന പണമെല്ലാം നിങ്ങള് എന്ത് ചെയ്തു മനുഷ്യായെന്ന് മോളി തോമസ്സിനോട് ചോദിച്ചു. അയാളുടെ കണ്ണുകൾ മേലോട്ടേക്ക് ഉരുണ്ടു. ഒരു പിടുത്തവും കിട്ടുന്നില്ല. മോളിയുടെ മനസ്സ് വെപ്രാളപ്പെടുകയായിരുന്നു..
‘എന്നോട് പറയാതെ നിങ്ങളത് എന്ത് ചെയ്തു….? ഓർത്തെടുക്ക് മനുഷ്യാ…’
തനിക്ക് ഓർമ്മ കിട്ടുന്നില്ല മോളിയേയെന്ന് പറഞ്ഞ് തോമസ്സ് ആ നേരം കട്ടിലിലേക്ക് തന്നെ ചാഞ്ഞു. അപ്പോഴും അയാൾ ഓർക്കുകയാണ്. എത്ര ശ്രമിച്ചിട്ടും ആ പണം താൻ എന്ത് ചെയ്‌തെന്ന് അയാൾക്ക് കണ്ടെത്താനെ സാധിച്ചില്ല. മോളി ഉടൻ മക്കളെ വീഡിയോ കാൾ ചെയ്ത് കാര്യം ബോധിപ്പിച്ചു. മോളിയുടെ ഞെട്ടലൊന്നും മക്കൾക്ക് ഉണ്ടായിരുന്നില്ല.
അപ്പച്ചൻ ആരെയെങ്കിലും സഹായിച്ചിട്ടുണ്ടാകുമെന്ന് പറഞ്ഞ് തോമസ്സിന്റെ മക്കൾ മോളിയെ ആശ്വസിപ്പിച്ചു. ആവിശ്യത്തിനുള്ള പണവും അയച്ചു കൊടുത്തു. അല്ലെങ്കിലും പണത്തിന്റെ യാതൊരു കാര്യവും നിങ്ങളുടെ അപ്പച്ചൻ തന്നോട് പറയാറില്ലായെന്ന് ഫോൺ വെക്കാൻ നേരം മോളി മക്കളോട് പറഞ്ഞിരുന്നു. കൂടെ മൂക്കു പിഴിഞ്ഞ് സ്‌ക്രീനിൽ തൊടുകയും ചെയ്തു.
തുടർന്നുള്ള നാളുകൾ തോമസ്സിന് അത്ര നല്ലതായിരുന്നില്ല. വർഷങ്ങൾ മൂന്നെണ്ണം കഴിഞ്ഞു. താരതമ്മ്യേനെ സുഖം പ്രാപിച്ചെങ്കിലും വിട്ട് പോയ ഓർമ്മകളെ പൂർണ്ണമായും പൂരിപ്പിക്കാൻ അയാൾക്ക് സാധിച്ചില്ല. എന്തിനും ഏതിനും മോളിക്ക് പറയാൻ ലക്ഷങ്ങൾ കൊണ്ട് പോയി കളഞ്ഞില്ലേയെന്ന കഥയുമുണ്ടായിരുന്നു. ഇത്രയും വേഗത്തിൽ ഭേദമാകേണ്ടായിരുന്നുവെന്ന് വരെ തോമസ്സ് ചിന്തിച്ച് പോയി.
‘എന്നാലും ആ പണം ഞാൻ എന്ത് ചെയ്തു….?’
ഈയിടെയായി ആരും കേൾക്കാതെ അയാൾ തനിയെ ആവർത്തിച്ച് ചോദിക്കുന്ന ചോദ്യമാണ്. ലക്ഷങ്ങൾ കളഞ്ഞില്ലേയെന്ന കഥയുമായി ഒരുനാൾ മുന്നിലൂടെ പോയ മോളിയെ തോമസ്സ് പിടിച്ച് അടുത്തിരുത്തി. അന്ന് എന്താണ് ഉണ്ടായതെന്ന് ഒന്നുകൂടി പറയാൻ അയാൾ അവളോട് ആവിശ്യപ്പെട്ടു. ആദ്യമൊക്കെ മാസത്തിൽ ഒരു തവണയെങ്കിലും തോമസ്സിന് കഴിഞ്ഞ കാലത്തെ കുറിച്ച് കേൾക്കണമായിരുന്നു. ഈയിടയായി അങ്ങനെയൊന്നും ചോദിക്കാറില്ല.
‘നിങ്ങള് ഓടിച്ചു പോയ ജീപ്പിലേക്ക് ലോറി പാഞ്ഞു വന്നു… അത്രേ ഉണ്ടായുള്ളൂ…’
നിസ്സാരമായി മോളി പറഞ്ഞ് തീർത്തു. അന്ന് ഊണിന് മുട്ടക്കറി ആയതുകൊണ്ട് മട്ടൺ വാങ്ങാൻ പോയതായിരുന്നു തോമസ്സ്.
‘ആ… അതിന്റെ തലേ ദിവസം എവിടെയോ പോയായിരുന്നു. കാലത്ത് പോയ നിങ്ങള് തിരിച്ചെത്തിയത് ഇരുട്ടിയിട്ടാ…’
കഴിഞ്ഞ മൂന്നര വർഷങ്ങൾക്കുള്ളിൽ പലപ്പോഴും അങ്ങനെയൊരു സൂചിക മോളി തോമസ്സിന് നൽകിയിരുന്നു. അപ്പോഴൊന്നും തോന്നാതിരുന്ന എന്തൊക്കെയോ ആ മനുഷ്യനിൽ തെളിഞ്ഞു. അല്ലെങ്കിൽ ആ കണ്ണുകൾ അത്രയ്ക്കും വിടരുമായിരുന്നില്ല. അപകടത്തിൽ ഫോൺ നഷ്ട്ടമായിരുന്നില്ലെങ്കിൽ പലതും തനിക്ക് ഓർക്കാൻ പറ്റുമെന്ന കണ്ടെത്തൽ തോമസ്സ് നടത്തിയിരിക്കുന്നു.
ഇത്രയും കാലം അതിനെക്കുറിച്ച് ആരും ചിന്തിച്ചിച്ചിരുന്നില്ല. തന്നിലേക്കുള്ള വഴി താൻ തന്നെ തെളിക്കണമെന്ന ചിന്തയിൽ തോമസ്സ് പ്രവർത്തിച്ചു. മകന്റെ സഹായത്തോടെ താൻ ആരോടൊക്കെ സംസാരിച്ചിട്ടുണ്ടെന്ന് അയാൾ കണ്ടെത്തി. അതിൽ ഏറെ തവണ ബന്ധപ്പെട്ടത് ഒരു തമിഴ്നാട് നമ്പറുമായി ആയിരുന്നു.
തമിഴ്നാട്…!
തോമസ്സിന് പലതും ഓർക്കാൻ സാധിക്കുന്നു. മാഞ്ഞ് പോകുമെന്ന് കരുതിയ തന്നെ കണ്ടെത്തിയ സന്തോഷം അയാളുടെ മുഖത്ത് തെളിയുന്നുണ്ടായിരുന്നു. വിജയിച്ച് വന്ന കേസ് അന്വേഷകന്റെ ഗമയിൽ നീ നമ്മുടെ കല്ല്യാണത്തിന്റെ ആൽബമെടുക്കെടി മോളീയെന്ന് അയാൾ കൽപ്പിച്ചു. തന്റെ കെട്ട്യോന് വട്ടായിപ്പോയോയെന്ന് ഓർത്തുകൊണ്ടാണ് അവൾ ആൽബം എടുക്കാൻ പോയത്…
‘എന്റെ ഈശോയേ….!’
തോമസ്സിന്റെ കണ്ടെത്തൽ ശരിയായിരുന്നു. തേനിയിൽ നിന്ന് കൊടൈക്കനാലിലേക്ക് പോകുന്ന വഴിയിലെ കണ്ണായ ഒരു സ്ഥലത്തിന്റെ ആധാരമായിരുന്നു അതിൽ ഉണ്ടായിരുന്നത്. അടുത്ത ലീവിന് മക്കൾ വരുമ്പോൾ സർപ്രൈസ് കൊടുക്കാൻ ഒളിപ്പിച്ച് വെച്ചതാണു പോലും. എല്ലാം കേട്ട് കഴിഞ്ഞപ്പോൾ മോളി വായ പൊളിച്ച് നിൽക്കുകയായിരുന്നു.
‘ഹലോ… ഞാൻ തോമസ്സ്…’
ആ നമ്പറിലേക്ക് തോമസ്സ് വിളിച്ചു.
‘ഹലോ സർ… എങ്കെ പോയിരുന്തെ… ത്രീ ഇയേർസ് ആയിടിച്ച്….’
തോമസ്സ് ആ തമിഴനെ ശ്രദ്ധിച്ചു കേട്ടു. അവിടുത്തെയൊരു പ്രമുഖ റിയൽ എസ്റ്റേറ്റ് കൺസൾട്ടൻസിയിലെ ആളായിരുന്നു നമ്പറിന്റെ മറുവശം. അന്ന് താൻ മക്കളുടെ പേരിൽ രെജിസ്ട്രേഷൻ ചെയ്ത ഭൂമിയുടെ മതിപ്പ് ഇരട്ടിയായെന്ന് കേട്ടപ്പോൾ തോമസ്സിന് സന്തോഷം തോന്നി. വാങ്ങുന്നത് മൂല്യമുള്ള മണ്ണാണെങ്കിൽ മറന്ന് പോയാലും ലാഭമാണെന്ന് അയാൾക്ക് മനസ്സിലാകുകയായിരുന്നു…
എങ്ങനെയാണത് സംഭവിക്കുന്നത്? ഭൂമി ഇല്ലാത്തവർ പെരുകുന്നത് കൊണ്ടോ… മറിച്ച്, ഭൂമി മുഴുവൻ തനിക്ക് വേണമെന്ന് കരുതുന്നവർ വാഴുന്നത് കൊണ്ടോ… ആലോചിച്ചപ്പോൾ പൂർണ്ണമായും ഉണരാത്ത തോമസ്സിന്റെ തല വിയർത്തു. വൈകാതെ അങ്ങോട്ടേക്ക് വരാമെന്ന് പറഞ്ഞ് അയാൾ ഫോണും കെട്ട് ചെയ്തു. അപ്പോഴും മോളി ഒരു യന്ത്രം പോലെ അനങ്ങാതെ നിൽക്കുകയായിരുന്നു.
ഞെട്ടൽ മാറി, അൽപ്പം ശ്വാസം കിട്ടിയപ്പോൾ അവൾ മക്കളെ വിളിച്ച് കാര്യം പറഞ്ഞു. അല്ലെങ്കിലും, അപ്പച്ചന് നല്ല കാര്യ പ്രാപ്തിയാണ് പോലും… പറഞ്ഞവരും കേട്ടവളും തുടർന്ന് ചേർന്ന് ചിരിക്കുകയായിരുന്നു…
‘നിങ്ങളെങ്ങാനും തട്ടി പോയിട്ടുണ്ടെങ്കിലോ മനുഷ്യാ…?’
എന്നും ശബ്‌ദിച്ച് മോളി തല ചൊറിഞ്ഞു. ശരിയാണ്. ആ അപകടത്തിൽ തനിക്ക് എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിൽ തന്റെ കല്ല്യാണ ആൽബം തുറക്കുന്നത് വരെ ആരുമൊന്നും അറിയില്ലായിരുന്നുവെന്ന് അയാൾ പറഞ്ഞു.
തോമസ്സിനെ സംബന്ധിച്ചിടത്തോളം രണ്ട് പാഠമാണ് പഠിച്ചത്. മനുഷ്യർ സാമ്പത്തിക അച്ചുതണ്ടിൽ കറങ്ങുന്നവർ ആയത് കൊണ്ട്, പ്രിയപ്പെട്ട ആരോടെങ്കിലും പറയാതെ യാതൊരു സാമ്പത്തിക ഇടപാടും ജീവിതത്തിൽ ചെയ്യരുത്. രണ്ടാമത്തേത് മറ്റൊന്നും ആയിരുന്നില്ല ; വാട്ട് ഈസ് റിയൽ മീനിംഗ് ഓഫ് ‘റിയൽ എസ്റ്റേറ്റ്’…!!!