എഴുത്ത്:- ഞാൻ ഗന്ധര്വ്വന്
ആസിഫിന്റെ ഇത്തയുടെ വീട്ടിൽ ഭയങ്കര പ്രശ്നം. അമ്മായിഅമ്മ ഭയങ്കര ടെറർ ആണ്. എപ്പോഴും ദേഷ്യം കാണിക്കുക, തുടക്കാൻ മഫ് ഉണ്ടെങ്കിലും നിലത്തിരുന്ന് തുണികൊണ്ട് തുടപ്പിക്കുക, രാവിലെ നാല് മണിക്ക് എഴുന്നേറ്റില്ലേൽ ആ ദിവസം മുഴുവൻ മുഖം വീർപ്പിച്ച് കുറ്റപ്പെടുത്തുക, ഭർത്താവ് ഗൾഫിൽ നിന്നും വിളിക്കുമ്പോൾ വാതിലടച്ച് സംസാരിച്ചാൽ ഒളിഞ്ഞ് കേൾക്കുക, ഓൺലൈൻ ക്ലാസ്സിൽ ഇരുന്നാൽ കാമുകനോട് സംസാരിക്കാണ് എന്ന് അയൽവാസികളോട് ഏഷണി പറയുക, സ്വന്തം വീട്ടിലേക്ക് ഒന്നോ രണ്ടോ മാസത്തിൽ ഒരിക്കൽ പോവാൻ നേരത്ത് ആ ദിവസം അമ്മായിഅമ്മക്ക് സുഖം ഇല്ലാതാവുക അങ്ങനെ എല്ലാം കൊണ്ടും ഒരു പുരാതന അമ്മായിഅമ്മ ആയിരുന്നു ഇത്തയുടേത്.
ഇതൊക്കെ ഭർത്താവിനോട് പറയുമ്പോൾ
“വയസ്സായോരല്ലേ, നീ അതൊന്നും വല്യ കാര്യം ആക്കേണ്ടാ. ഒരു ചെവിയിൽ കൂടെ കേട്ട് മറ്റേ ചെവിയിലൂടെ കളഞ്ഞാൽ മതി”
എന്ന സ്ഥിരം പല്ലവി ആയിരുന്നു. പക്ഷേ, ഒരിക്കൽ ഇത്തയുടെ സകല നിയന്ത്രണവും വിട്ടു. സ്കൂൾ ഗ്രൂപ്പിൽ ഭയങ്കര ക്യൂട്ട്നസ് ഒക്കെ ഇട്ട് തള്ളി മറിക്കുന്നതിന്റെ ഇടയിൽ അമ്മായിഅമ്മ ഫോൺ പിടിച്ച് വാങ്ങി സ്കൂൾ ഗ്രൂപ്പിൽ ഒരു വോയ്സ് മെസ്സേജ് ഇട്ട് അലറി
“ഇങ്ങളെ ഒരു സ്കൂൾ ഗ്രൂപ്പ്. ഇരുപതിനാല് മണിക്കൂറും ഇതിലാണ് ഇവൾ. കക്കൂസ് പോലും കഴുകീട്ട് നാല് ദിവസായി. ഇങ്ങക്കൊന്നും വേറെ ഒരു പണിയും ഇല്ലേ പിള്ളേരേ”
അമ്മായിഅമ്മയുടെ കയ്യിൽ നിന്നും ഫോൺ വാങ്ങി ആ വോയ്സ് ഡിലീറ്റ് ചെയ്യുമ്പോഴേക്കും കുറേപേർ ആ വോയ്സ് കേട്ടിരുന്നു. തൊലി ഉരിയുന്ന പോലെ തോന്നി അവൾക്ക്. പിന്നെ ഒന്നും നോക്കിയില്ല. ഡ്രെസ്സൊക്കെ കൂട്ടികെട്ടി ഒരൊറ്റ വരവായിരുന്നു വീട്ടിലേക്ക്.
നടന്ന കാര്യങ്ങളൊക്കെ ഉപ്പാനോടും ഉമ്മാനോടും പറഞ്ഞപ്പോൾ ഉപ്പയിലെ മരണ മാസ് മനുഷ്യൻ ഉണർന്നു
“അതുശരി, ഇതങ്ങനെ വിട്ടാൽ പറ്റില്ലല്ലോ. ഇവൾക്ക് ചോദിക്കാനും പറയാനും ആരുമില്ലാന്ന് കരുതിയോ ആ തള്ളാ. ഇത് ചോദിച്ചിട്ട് തന്നെ കാര്യം”
ആസിഫ് മിച്ചറും തിന്ന് ഇതൊക്കെ കേട്ട് നിൽക്കുന്നുണ്ടായിരുന്നു. ഉപ്പ അവനെ നോക്കി അലറി
“നീ ഇങ്ങനെ മിച്ചറും തിന്ന് നിന്നോ. നിന്റെ ഒരേയൊരു പെങ്ങളല്ലേ ഇത്. പോയി ചോദിക്കടാ ആ തള്ളയോട്”
ഞാൻ എന്ത് ചോദിക്കാൻ എന്ന മട്ടിൽ ഉപ്പയെ നോക്കി രണ്ട് പാർലെ ജി ബിസ്കറ്റ് എടുത്ത് പാൽ ചായയിൽ മുക്കി പതുക്കെ വായിലേക്ക് വെച്ച് ആസ്വദിച്ച് തിന്നു. ഇത് കണ്ടപ്പോൾ ഇത്താക്ക് സങ്കടം സഹിക്കാൻ കഴിഞ്ഞില്ല. അവൾ ആസിഫിനെ നോക്കി തേങ്ങി തേങ്ങി കരഞ്ഞു
“അല്ലേലും എനിക്ക് ചോദിക്കാനും പറയാനും ഇവിടെ ആരുമില്ലല്ലോ. അതുകൊണ്ടാണല്ലോ എന്നെ എല്ലാവരും തട്ടി കളിക്കുന്നത്. ഇത്രേം തണ്ടും തടിയുമുള്ള ഒരു ആങ്ങള എനിക്ക് ഉണ്ടായിട്ടും എന്റെ ഗതി ഇതാണല്ലോ പടച്ചോനേ”
ഉപ്പ ഇത്തയെ ചേർത്ത് പിടിച്ച് ആശ്വസിപ്പിച്ചു. എന്നിട്ട് ആസിഫിനെ നോക്കി
“ടാ, എന്റെ മോള് വീട്ടിൽ ഇരുന്നാലും വേണ്ടില്ല. പോയി ചോദിക്കടാ ആ തള്ളയോട്. നിന്റെ പെങ്ങളാ ഇവൾ, പോടാ പോയി ചോദിക്ക്”
ഉപ്പയുടെ ബിൾട്ടപ്പ് ഡയലോഗ് കേട്ടപ്പോൾ കയ്യിലുണ്ടായിരുന്ന ബിസ്കറ്റും മിച്ചറും പ്ലേറ്റിലേക്കിട്ട് ആസിഫ് ഇത്തയെ നോക്കി
“ഞാൻ ചോദിക്കാം. പക്ഷേ ഞാൻ എന്തെങ്കിലും ദേഷ്യപ്പെട്ട് പറഞ്ഞാൽ അത് നിനക്ക് വിഷമാവോ”
ഇത്തയുടെ മുഖത്ത് പുച്ഛവും ദേഷ്യവും മിന്നി മറഞ്ഞു
“നീ ആ തള്ളയെ രണ്ട് പൊട്ടിച്ചാലും ഒരു കുഴപ്പോം ഇല്ല. എനിക്ക് വേണ്ടി ആ തള്ളയെ രണ്ട് തെ റിയെങ്കിലും വിളിക്കണം നീ. ഉപ്പ പറഞ്ഞപോലെ ഞാൻ വീട്ടിലിരിക്കൊന്നും ഇല്ല. ഞാൻ പഠിക്കും, എന്നിട്ട് ഒരു ജോലി നേടി സ്വന്തം കാലിൽ നിന്ന് ജീവിച്ച് ഈ സമൂഹത്തെ കാണിച്ച് കൊടുക്കും”
ഇത് കേട്ടപ്പോൾ ആസിഫിന് ആശ്വാസമായി. ഡിവോഴ്സ് ആയാലും ഇത്ത തളരില്ലല്ലോ. വലിയൊരു ലക്ഷ്യം ഉണ്ടല്ലോ ഇത്താക്ക്. ദാറ്റ്സ് ഗ്രേറ്റ്. ഐആം പ്രൌഡ് ഓഫ് യൂ ഇത്താ.
പിന്നെ ആസിഫൊരു പോക്കായിരുന്നു. അളിയന്റെ വീട്ടിലെത്തി ആദ്യം അവൻ കോളിങ് ബെൽ അടിച്ചു. അമ്മായിഅമ്മ വാതിൽ തുറന്നതും ഫോൺ എടുത്ത് ഗൾഫിലുള്ള അളിയനെ വിളിച്ചു
“ടാ അളിയാ, നീയെന്താടാ എന്റെ ഇത്തയെ കൊണ്ട് കരുതിയിരിക്കുന്നേ. നാണമില്ലാത്തവനേ, എന്ത് തള്ളയാടാ നിന്റേത്. ഏത് പാരലൽ വേൾഡിലാടാ നിന്റെ ഈ ഡാങ്കിനി തള്ള ജീവിക്കുന്നത്. തള്ളയെ മര്യാദക്ക് നിർത്തിയില്ലേൽ കെട്ടിയ വീട്ടിലെ ചെക്കന്മാർ ഇങ്ങനെ വന്ന് അടിച്ച് മോന്തേടെ ഷേപ്പ് മാറ്റും പറഞ്ഞേക്കാം. നീ ഒഴിവാക്കിയാൽ എന്റെ ഇത്താക്ക് കോ പ്പാണ് പു ല്ലേ, അവൾക്ക് വലിയൊരു ലക്ഷ്യം ഉണ്ട്. കേട്ടോടാ, നാണമില്ലാത്ത കോന്തൻ ഭർത്താവേ”
ഇതും പറഞ്ഞ് ആസിഫ് ഫോൺ കട്ട് ചെയ്തു. എന്നിട്ട് അമ്മായിഅമ്മയെ നോക്കി
“നിങ്ങളെ നോക്കി ഇതൊന്നും പറയാൻ അറിയാഞ്ഞിട്ടല്ല. പക്ഷേ, വിഷ വിത്തായ നിങ്ങളോട് എന്ത് പറഞ്ഞിട്ടും കാര്യമില്ല, കേട്ടോ തള്ളേ”
ഇതും പറഞ്ഞ് കൂളിംഗ് ഗ്ലാസും വെച്ച് പോക്കറ്റിൽ നിന്നും ഒരു സി ഗരറ്റ് എടുത്ത് കത്തിച്ച് സ്ലോമോഷനിൽ ഒരു നടത്തായിരുന്നു ആസിഫ്, യാ മോനേ രോമാഞ്ചം.
ഈ മരണ മാസ് സീൻ കഴിഞ്ഞ് അവൻ നേരെ പോയത് വീട്ടിലേക്കാണ്. ബുള്ളറ്റിൽ നിന്നും കാൽ മുന്നിലൂടെ പൊക്കിവെച്ച് താഴെ ഇറങ്ങി വീട്ടിലേക്ക് കയറി
“ഉപ്പാ, ഇത്ത എവിടെ…?”
ഉപ്പയുടെ മുഖം കടുന്നൽ കുത്തിയ പോലെ വീർത്തിരിക്കുന്നു
“അവള് പോയി”
“എങ്ങോട്ട്…?”
“അവളുടെ ഭർത്താവിന്റെ വീട്ടിലേക്ക്”
ഒരു ഞെട്ടലോടെയാണ് ആസിഫിന്റെ കാതിലേക്ക് ഉപ്പയുടെ വാക്കുകൾ തുളച്ച് കയറിയത്
“ന്ത്…?”
ഉപ്പ അവനെ നോക്കി ഉറഞ്ഞു തുള്ളി
“പ്ഫാ നാ%₹@@ മോനേ, നീ എന്താ അവളുടെ കെട്ടിയോന്റെ വീട്ടിൽ പോയി കാണിച്ചത്…? അവർ തമ്മിൽ പല പ്രശ്നങ്ങളും ഉണ്ടാകും, അതിലൊക്കെ ഇടപെടാൻ നീ ആരാ…? ഓളെ ജീവിതം എങ്ങാനും ഇല്ലാണ്ടായാൽ ഉണ്ടല്ലോ %₹@@ മോനേ”
ഒന്നും മനസിലാകാതെ വായും പൊളിച്ച് ആസിഫ് ഉമ്മയേയും ഉപ്പയേയും മാറിമാറി നോക്കി തന്റെ കൂളിംഗ് ഗ്ലാസ് മെല്ലെ ഊരിമാറ്റി
“അല്ല… ഇങ്ങളും ഇത്തയും… പറഞ്ഞിട്ടല്ലേ… ഞാൻ… അങ്ങനെയൊക്കെ”
“ഞങ്ങൾ അങ്ങനെ പലതും പറയും. അത് കേൾക്കുമ്പോഴേക്ക് പോയി പ്രശ്നണ്ടാക്കാണോ ചെയ്യാ…? ബുദ്ധിയിയില്ലേ അനക്ക്…? ഒന്നും ഇല്ലേലും പോത്തിന്റെ അത്രേം വലിപ്പം ഇല്ലേ, പൊട്ടാ”
ഇത് കേട്ട് അന്തംവിട്ട് നിൽക്കുമ്പോഴാണ് ഇത്തയുടെ കോൾ വരുന്നത്
“എന്റെ കുടുംബം തകർത്തിട്ടേ നീ അടങ്ങൊള്ളൂ അല്ലേ ദുഷ്ടാ, ഇനി മേലാൽ എന്നോടോ എന്റെ ഭർത്താവിനോടോ മിണ്ടിപോവരുത്”
“അല്ല ഇത്താ… ഇങ്ങളൊക്കെ പറഞ്ഞിട്ടല്ലേ ഞാൻ…”
“മിണ്ടി പോവരുത്, എന്റെ അമ്മായിഅമ്മയും ഞാനും തമ്മിൽ ആയിരം പ്രശ്നങ്ങൾ ഉണ്ടാകും. അതിലൊക്കെ ഇടപെടാൻ നീ ആരാ…? ഒന്നും ഇല്ലേലും അത്രേം വയസുള്ള ആളല്ലേ ന്റെ ഉമ്മ, ആ ബഹുമാനം എങ്കിലും കൊടുത്തൂടെയിരുന്നോ നിനക്ക്. ന്റെ ഇക്കു വിളിച്ചപ്പോൾ എനിക്ക് സങ്കടം സഹിക്കാൻ കഴിഞ്ഞില്ല. അപ്പോൾ തന്നെ ഞാൻ ഇങ്ങോട്ടേക്ക് പോന്നു”
ഫോൺ കട്ട് ചെയ്ത് വായും പൊളിച്ച് ആസിഫ് ഉപ്പയെ നോക്കി
“ഞാൻ… ഇത്ത പഠിച്ച്… ജോലിക്ക്… സമൂഹത്തിന് മുന്നിൽ… ജീവിച്ച്”
“പ്ഫാ, പത്താം ക്ലാസ്സ് രണ്ട് പ്രാവശ്യം തോറ്റ് മൂന്നാം തവണ എഴുതാൻ നിക്കുന്ന അവള് എന്ത് ജോലിക്ക് പോവാനാ”
മര്യാദക്ക് ബിസ്കറ്റും പാൽ ചായയിൽ മുക്കി തിന്നോണ്ടിരുന്ന ആ പാവത്തിനെ എല്ലാവരും കൂടി പിരിക്കേറ്റി വിട്ടിട്ട് ഇപ്പൊ അവൻ കുറ്റക്കാരനായി. ആസിഫ് അടുക്കളയിൽ ചെന്ന് ഉമ്മയെ നോക്കി. കണ്ണ് നിറഞ്ഞിട്ടുണ്ടായിരുന്നു പാവത്തിന്റെ
“ഉമ്മാ…”
ഉമ്മ അവനെയൊന്ന് നോക്കി
“ആ പാൽ ചായ ബാക്കി ഇരിപ്പുണ്ടോ…? ബിസ്കറ്റ് മുക്കി തിന്നാനാ”
“പ്ഫാ”

