Story written by Sowmya Sahadevan
മുറ്റത്തു ഒരു ചെടി നട്ടുകൊണ്ട് എണീക്കുന്നതിനിടയിലാണ് സാറ ഇന്ന് വീണത്. വീണു എന്നു മാത്രമല്ല അവളുടെ നെറ്റി പൊiട്ടി ചോiര വരികയും ചെയ്തു. അവളുടെ അമ്മ അവളെ വഴക്കുപറച്ചിലൊക്കെ തുടങ്ങി.
ആന്റണി ചേട്ടന്റെ വീട്ടിൽ തന്നെയാണ് മെക്കാനിക് വർഷോപ്, ഞങ്ങൾ ഒരു 4 പണിക്കാർ ഉള്ള വലിയ വർഷോപ് ആണു. ഞാൻ ഇവിടെ വന്നിട്ട് ഇപ്പോൾ 1 മാസമേ ആയിട്ടുള്ളു. ഇതിനു മുന്നേ നിന്നിരുന്ന വർഷോപ് ആന്റണി ചേട്ടൻ വാങ്ങി. ആന്റണി ചേട്ടൻ അതു വാങ്ങി പിറ്റേന്നായിരുന്നു ചേട്ടന്റെ മോളു സാറക്കു ആക്സിഡന്റ് പറ്റിയതും കാഴ്ച്ച നഷ്ടപ്പെട്ടതും.എം ബി എ അഡ്മിഷൻ കാത്തിരിക്കുകയായിരുന്നു അവൾ. അവളായിരുന്നു ഡ്രൈവ് ചെയ്തിരുന്നത്. വണ്ടി ട്രയൽ കൊണ്ടു പോയതായിരുന്നു.
സാറ എപ്പോഴും ഉള്ളിലായിരുന്നു. പുറത്തേക്ക് വല്ലപ്പോഴും മാത്രം വന്നിരുന്നു. മുല്ലയുടെ കൊമ്പ് വേണംന്ന് അവൾ അപ്പനോട് പറയുന്നത് കേട്ടപ്പോഴാണ് ഞാൻ അതു കൊണ്ടു കൊടുത്തത്.അവളോട് ഒന്നു മിണ്ടാൻ വേണ്ടിയായിരുന്നു ചെയ്തത്. വേണ്ടിയിരുന്നില്ല, പാവം!!
രണ്ടു മൂന്ന് ദിവസം കഴിഞ്ഞാണ് ഞാൻ സാറയെ വീണ്ടും കാണുന്നത്. അവൾ ഉമ്മറത്തിരിക്കുകയായിരുന്നു.
സാറ…. നെറ്റിയിലെ മുറിവ് ഉണങ്ങിയോ??
നെറ്റിയിൽ തൊട്ടുകൊണ്ട് അവൾ പറഞ്ഞു വേദന കുറവുണ്ട് ഉറങ്ങിയിട്ടില്ല തോന്നുന്നു.
സാറ…
അവൾ വീണ്ടും എന്നെ ശ്രദ്ധിച്ചു.
സാറക്കു ഞാൻ ആണു മുല്ലയുടെ കൊമ്പ് കൊണ്ട് തന്നത്. സാറക്കു മുല്ല പൂവ് ഇഷ്ടാണോ??
മുല്ലപൂവ്
എനിക്ക്…
എനിക്ക്…
പറയു…
അവളുടെ അപ്പൻ അപ്പോഴേക്കും പുറത്തേക്കു ഇറങ്ങിവന്നു, ഇറങ്ങി വന്നപ്പോൾ അയാൾ സാറയുടെ നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു. നേരെ വർഷോപ് ലേക്ക് നടന്നു.
തിരക്കൊഴിഞ്ഞ നേരമില്ലായിരുന്നു വർഷോപ്പിൽ . സാറ എപ്പോഴും അപ്പനെ അടുത്തു ഇരിക്കാൻ വിളിക്കും. ആന്റണി ചേട്ടന്റെ തോളിൽ ചാരികൊണ്ട് അവൾ ഇരിക്കും. അപ്പനോട് ചേർന്ന് അവൾ ഇരിക്കുന്നത് കാണുമ്പോൾ നമുക്കും സങ്കടം തോന്നും.
ആന്റണി ചേട്ടന്റെ മൂത്തമോൾക്ക് പ്രസവത്തിനായി ആശുപത്രിയിൽ അഡ്മിറ്റ് ആയി. സാറയുടെ അടുത്തു ഒരു വല്യമ്മയെ ഏല്പിച്ചിരുന്നു. വർഷോപിൽ ഞാൻ മാത്രം ഉണ്ടായിരുന്ന സമയം ആയിരുന്നു അപ്പോൾ അവൾ അങ്ങോട്ട് വന്നു. അവൾ വരുന്നത് കണ്ടപ്പോൾ ഞാൻ വേഗം അവളുടെ അടുത്തേക്ക് ചെന്നു.
സാറയെ വല്യമ്മ ആന്റണി ചേട്ടന്റെ ചെയറിൽ ഇരുത്തിയിട്ട് ഉള്ളിലേക്ക് പോയി.അവളെ നോക്കാൻ എന്നോട് ആംഗ്യം കാണിച്ചു അവർ.
കേശു… ബൈജു ഏട്ടൻ എന്നെ വിളിച്ചു.
ഒരു വണ്ടി സ്റ്റാർട്ട് ആവാതെ കിടപ്പുണ്ട് ന്ന് പറഞ്ഞു വിളിക്കുന്നു, ഞാൻ പോയിട്ട് വരാം.ബൈജുഏട്ടൻ പോയി, ഞാനും സാറയും മാത്രമായി.
കേശുന്നാണോ പേര്??
കാശിനാഥ് ആണു അച്ചാച്ഛന്റെ പേര് കേശവൻ ആണ് അതു ഇവരെല്ലാം കൂടെ കേശു കേശു വിളിച്ചു ഇപ്പോ അതു തന്നെ ആയി.
സാറ ചിരിച്ചു.
സാറ!! ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ??
ആഹ് ചോദിച്ചോളൂ.
ഞാൻ സാറയുടെ കൂടെ പഠിച്ചിട്ടുണ്ട് സാറക്ക് എന്നെ ഓർമ്മയുണ്ടോ? എൽ. പി. സ്കൂളിൽ ആണ്. ഓർമ്മയുണ്ടോ? റൂബി ടീച്ചർ ടെ ക്ലാസ്സിൽ മൂന്നാം ക്ലാസ്സിൽ..
ഇല്ലല്ലോ
ആണോ
എനിക്ക് സാറയെ ഓർമ്മ ഇണ്ട്. അപ്പന്റെ സ്കൂട്ടറിൽ ഫ്രന്റിൽ ഇരുന്നു വരണത്.
അവൾക്കു ഓർമ്മ വരാൻ ഞാൻ കുറെ കാര്യങ്ങൾ പറഞ്ഞു. അവളുടെ കണ്ണ് നിറഞ്ഞു തുടങ്ങിയപ്പോൾ ഞാൻ നിർത്തി
സോറി ഡി, ഓർമ്മയുണ്ടോന്ന് അറിയാൻ…. അയ്യോ കരയല്ലേ..അപ്പൻ കണ്ടാൽ കൊiല്ലും എന്നെ..
ഏയ്… അവൾ മുഖത്തൊരു ചിരി വരുത്താൻ നോക്കി.
സഹതാപം ഇല്ലാത്ത സാധരണമായ ആ വർത്തനങ്ങൾ അവരെ പെട്ടെന്ന് സുഹൃത്തുക്കളാക്കി മാറ്റി.
സാറ എപ്പോഴും വർഷോപ്പിൽ വന്നിരിക്കും. ചിലപ്പോൾ അപ്പനോട് ചേർന്നിരിക്കും അല്ലെങ്കിൽ വെറുതെ മേശയിൽ തല വച്ചു കിടക്കും. എഫ്എം റേഡിയോയിലെ സ്റ്റേഷൻ വെറുതെ മാറ്റി കൊണ്ടിരിക്കും, ചിലപ്പോൾ പാട്ടു വക്കും.
ആരും ഇല്ലാത്ത പ്പോഴൊക്കെ ഞാൻ അവളോട് മിണ്ടികൊണ്ടേയിരിക്കും.
സാറ, അന്നു എന്തിനാ മുല്ലയുടെ കൊമ്പുകൾ ചോദിച്ചത്? പറഞ്ഞില്ല ലോ എന്നോട്?
കേശു, എനിക്ക് വെറുതെ മണക്കാൻ, പൂക്കൾ അവിടെ ഉണ്ടെന്നു അറിയാൻ.
ഓഹ് അതിനു ആണോ, എങ്കിൽ സാറക്കു ഞാൻ വേറൊരു ചെടി കൊണ്ടുതരാം.
ഏത് ചെടി?
ഏയ് അതു പറയില്ല. ഞാൻ കൊണ്ടു തരാം.
പിറ്റേന്ന് ഞാൻ ഒരു ലാങ്കി ലാങ്കി യുടെ ഹൈബ്രിഡ് തൈ ഒന്നു കൊണ്ടുവന്നു അവൾക്കു കൊടുത്തു.
ഞാൻ തന്നെ അതു നടാൻ അവളെ സഹായിച്ചു, അവൾ അതു മുറ്റത്തു നട്ടു.
ഈ പച്ച ചെമ്പകം വിരിയുമ്പോൾ ഇവിടെ മുഴുവൻ മണം നിറയും. സാറ ചിരിച്ചു.
സാറക്കു വണ്ടികളോട് വല്ലാത്ത ഭ്രമം ആണു അതാണ് അവളെപ്പോഴും ഈ വർഷോപ് ലേക്ക് ആകർഷിച്ചു കൊണ്ടിരിക്കുന്നത്. എന്റെ ബൈക്ക്ന്റെ ശബ്ദം കേട്ടാൽ അവൾ ഉമ്മറത്തുണ്ടാവും.
അവൾ എല്ലാ വണ്ടികളുടെയും കംപ്ലയിന്റ്കൾ ചോദിച്ചോണ്ടിരിക്കും. പക്ഷെ സാറ വീണ്ടും വണ്ടിയിൽ കയറാൻ മാത്രം കൂട്ടാക്കില്ല. മനസ്സിൽ ഇപ്പോഴും ആ ആക്സിഡന്റ് ന്റെ പേടിയാണ്.
ദിവസങ്ങൾ കടന്നുപോയി
കേശവൻ നായർ തിരക്കിലാണോ??
വണ്ടിക്കടിയിൽ നിന്നും തല പുറത്തേക്ക് ഇട്ടിട്ട് ഞാൻ പറഞ്ഞു
അല്ലാലോ സാറമ്മേ…
അപ്പൻ വരുമ്പോളേക്കും എനിക്ക് ഈ വണ്ടി ശരിയാക്കണം. കംപ്ലയിന്റ് കണ്ടുപിടിക്കാൻ വണ്ടി ഒന്നു സ്റ്റാർട്ട് ആക്കണം. സാറാമ്മ ഒന്നു ഹെൽപ് ചെയ്യോ??
അയ്യോ ഞാനോ… എനിക്ക് പറ്റില്ല ഡാ
സാറാമ്മയ്ക്കു പറ്റും കേശവൻ നായർ ആണു പറയണത് പ്ലീസ്….
എന്റെ പൊന്നല്ലേ പ്ലീസ്…
കേശു എനിക്ക് പറ്റില്ല! നീ എന്നെ നിർബന്ധിക്കല്ലേ. നീ വണ്ടിക്കടിയിൽ കിടക്കുമ്പോൾ എനിക്ക് അതു തീരെ പറ്റില്ല.
പറ്റും! സാറ ഒന്നു കയറി ഇരിക്കു പ്ലീസ് വേഗം തീർക്കണം എനിക്ക് ഇതു.
മനസില്ലാമനസോടെ സാറ ഡ്രൈവിംഗ് സീറ്റിൽ ഇരുന്നു ഞാൻ പറഞ്ഞപ്പോൾ സ്റ്റാർട്ട് ആക്കുകയും ഓഫ് ആക്കുകയും ചെയ്തു. കംപ്ലയിന്റ് തീർത്തു ഞാൻ എഴുന്നേറ്റ് വരുമ്പോൾ സ്റ്റിയറിങ്ങിൽ തല വച്ചു അവൾ കരയുകയായിരുന്നു.ഡോർ തുറന്നു ഞാൻ അവളെ വിളിച്ചപ്പോൾ അവൾ എന്നെ വiയറിൽ കെട്ടിപിടിച്ചു കരഞ്ഞു. കുറച്ചു സമയത്തേക്ക് അവൾ അങ്ങനെയിരുന്നു. പിടി വിട്ടു കണ്ണുകൾ തുടച്ചപ്പോൾ അവളെ ഞാൻ കാറിന്റെ ഫ്രണ്ട് സീറ്റിൽ കൊണ്ടിരുത്തി.
കൈ പെട്ടെന്ന് കഴുകി ഷർട്ട് മാറി ഞാൻ ആ വണ്ടി സ്റ്റാർട്ട് ചെയ്തു. ബൈജു ഏട്ടാ… കാർ ഞാൻ ട്രയൽ നോക്കിയിട്ടു വരാം സാറയുണ്ട് എന്റെ കൂടെ…. മറുപടി കാത്തു നില്കാതെ ഞങ്ങൾ പുറത്തേക്കു പോയി…
കുറച്ചു ദൂരം മുന്നോട്ടുപോയപ്പോൾ ഞാൻ വണ്ടി നിർത്തി. അവളുടെ മുഖം കൈകളിൽ ചേർത്തു പിടിച്ചു,
എന്തിനാ നീ ഇങ്ങനെ കരയണേ?
എനിക്ക് എനിക്ക് ഇനി ഒന്നും കാണാൻ പറ്റില്ലലോ എനിക്ക് എനിക്ക്…. വാക്കുകൾ മുറിഞ്ഞു മുറിഞ്ഞു പോയി
എന്റെ പൊന്നെ കരയല്ലേ….
സാറമ്മക്കു ദൈവത്തിൽ വിശ്വാസം ഉണ്ടോ?
അറിയില്ല
സാറമ്മക്കു ഇത്രയും നാളു കാഴ്ച കിട്ടിയില്ലേ എല്ലാവരെയും കാണാൻ പറ്റി, നിറങ്ങൾ അറിയാൻ പറ്റി. ഇനി ഇതൊക്കെ സ്വപ്നം പോലെ ഓർക്കാലോ, വെറുതെ കരയല്ലേ, കരയുമ്പോൾ സങ്കടം വരുന്നു.
മ്മ്
അവൾ കരച്ചിൽ നിർത്തി
സാറാമ്മക്ക് ഇനി ആരെയെങ്കിലും കാണണം എന്നുണ്ടോ??
മ്മ്
ആരെ
അത്
അത്
പറ
അറിയില്ല…
ഛെ, ഞാൻ കരുതി എന്നെ കാണണം ന്ന് പറയുമെന്ന്.
അവളുടെ രണ്ടു കവിളിലും മെല്ലെ പിച്ചിക്കൊണ്ട് ഞാൻ പറഞ്ഞു.
സാറാ ഞാൻ ഒരു പണി പറഞ്ഞാൽ നീ ചെയ്യോ?
എന്തു പണി മുഖം ഉയർത്തികൊണ്ട് അവൾ ചോദിച്ചു. എനിക്ക് അയ്നു എന്തു ചെയ്യാൻ പറ്റും.
അതൊക്കെ പറ്റും
എങ്കിൽ പറയു
നീ എന്നെ വിളിക്കുന്ന കേശവൻ നായർ പണ്ടൊരു സാറാമ്മക്കു കൊടുത്ത അതെ പണി…. വെറുതെ വേണ്ടന്നെ പണ്ടത്തെക്കാൾ കൂലി തരാം…
അവളുടെ മുഖം ചുവന്നു തുടുത്തു, ചുണ്ടുകളിൽ ചിരി വിടർന്നു, കാഴ്ചയില്ലെങ്കിലും അവളുടെ കണ്ണിലും ഒരു കുഞ്ഞു തിളക്കം നിറഞ്ഞു….
കേശു എനിക്ക് അതിനുള്ള അർഹതയൊന്നും.. വേണ്ട
അതിന് എന്തു അർഹതയാണ് വേണ്ടത് ഒരാൾക്കു ഒരാളെ സ്നേഹിക്കാനൊരു മനസ്സ് മാത്രം മതി സാറമ്മേ…
ഞാൻ… കേശു…. പ്ലീസ്
ഇഷ്ടമല്ല എന്നു പറയൂ എങ്കിൽ,
അത്….
എങ്കിൽ ഞാൻ നാളെ തൊട്ട് വരുന്നില്ല….
അങ്ങനെ പറയല്ലേ….
അങ്ങനെ പറഞ്ഞാൽ
എനിക്ക് സങ്കടാവും… സാറയുടെ കണ്ണുകൾ വീണ്ടും നിറഞ്ഞു…
എന്തു പറഞ്ഞാലും എന്തിനാ കണ്ണു നിറയണേ….
ഇഷ്ടല്ലാത്തോണ്ട്…. അവൾ ചിരിച്ചു..
ഇഷ്ടല്ലെങ്കിൽ വേണ്ട…. വാ തിരിച്ചു പോവാം..
ഒരു അഞ്ചു മിനുട്ട് കഴിഞ്ഞു പോവാം അവൾ പറഞ്ഞു…
അഞ്ചു മിനുട്ട് ആയി പോയാലോ…
ജോലി എനിക്ക് ഇഷ്ടമില്ലെങ്കിൽ ഞാൻ റിസൈൻ ചെയ്യും… അവൾ പറഞ്ഞു.
ഇഷ്ടപെട്ടാൽ..
ഇഷ്ടപെട്ടാൽ..
ഈ നട്ട് ലൂസായ പെണ്ണിനെ ഞാൻ ഒരു സ്പാനർ ഇട്ടു മുറുക്കും എന്നിട്ടു എന്റെ വീട്ടിൽ കൊണ്ടുപോവും…
വർഷോപ്പിൽ തിരിച്ചു ചെല്ലുമ്പോൾ ആന്റണി ചേട്ടൻ ഉണ്ടായിരുന്നു. വണ്ടി നിറുത്തി ഇറങ്ങിയപ്പോൾ ആന്റണി ചേട്ടൻ സാറക്ക് ഡോർ തുറന്നുകൊടുത്തു. അവൾ അപ്പനെ കെട്ടിപിടിച്ചപ്പോൾ അയാൾ പോക്കറ്റിൽ നിന്നും രണ്ടു ലാങ്കി ലാങ്കി അവൾക്കു കൊടുത്തു. അവൾ അതു മണത്തുകൊണ്ട് അപ്പന്റെ താടിയിൽ മെല്ലെ തൊട്ടു.
ഒന്നു അവനു കൊടുത്തേക്ക് അവനും കൂടെ കൂടി അല്ലേ ആ തൈ നട്ടത് അതിലെ ആദ്യത്തെ പൂക്കൾ ആണ്.
അവിടെ നിറയെ ആ പച്ച ചെമ്പകതിന്റെ മണം നിറഞ്ഞു. സാറയുടെ ചിരി പോലെ അവ അവിടെ നിറയെ സൗരഭ്യം പരത്തി.