മറപ്പുരയിൽ നിന്ന് മോളുടെ നിലവിളി കേട്ട് ,പല്ല് തേച്ച് കൊണ്ടിരുന്ന സുലോചന കൈയ്യിലുണ്ടായിരുന്ന ഉമിക്കരി തട്ടിക്കളഞ്ഞിട്ട് അങ്ങോട്ടേക്ക് ഓടി…….

എഴുത്ത്:-സജി തൈപ്പറമ്പ്.

അമ്മേ ,,, ഓടി വരണേ ,,

മറപ്പുരയിൽ നിന്ന് മോളുടെ നിലവിളി കേട്ട് ,പല്ല് തേച്ച് കൊണ്ടിരുന്ന സുലോചന കൈയ്യിലുണ്ടായിരുന്ന ഉമിക്കരി തട്ടിക്കളഞ്ഞിട്ട് അങ്ങോട്ടേക്ക് ഓടി

എന്താ മോളേ,,, എന്ത് പറ്റി?

അമ്മേ,, ഞാൻ മൂ ത്രമൊഴിക്കാൻ വന്നതാണ്, അപ്പോൾ ദേ ഇത് കണ്ടോ ,അമ്മ എപ്പോഴും പറയാറില്ലേ? ഇങ്ങനെ  കാണുമ്പം പറയണമെന്ന് ,, ഇപ്പോൾ ഞാൻ വലിയ പെണ്ണായോ അമ്മേ ?

തൻ്റെ അiടിവiസ്ത്രത്തിൽ വൃത്താകൃതിയിൽ പടർന്നിരിക്കുന്ന ചുവന്ന നിറം കാട്ടി മണിക്കുട്ടി ജാള്യതയോടെ ചോദിച്ചു.

ഉം,, എൻ്റെ മോളിപ്പോൾ വലിയ പെണ്ണായി ,ഇനി കുറച്ച് ദിവസത്തേയ്ക്ക് മോൾക്ക്ഇ ങ്ങനെ തന്നെ യായിരിക്കും,  പിന്നെ ,വയറ് വേദനയൊക്കെ ഉണ്ടാവും കെട്ടോ?

അതെനിക്കറിയാമ്മേ ,, എൻ്റെ ക്ളാസ്സിലെ നിരഞ്ന എന്നോട് പറഞ്ഞിട്ടുണ്ട്, ഇങ്ങനായപ്പോൾ അവള് കുറച്ച് ദിവസം,സ്കൂളിൽ വന്നില്ലായിരുന്നു, ഞാൻ സ്കൂളിൽ  പോകണോ അമ്മേ ?

വേണ്ട, മോളും ഒരാഴ്ച കഴിഞ്ഞിട്ട് പോയാൽ മതി,,

സംസാരത്തിനിടയിൽ തന്നെ സുലോചന ,മണിക്കുട്ടിയുടെ മുഷിഞ്ഞ വസ്ത്രങ്ങളൊക്കെ മാറ്റി അവളെ എണ്ണ തേച്ച് കുളിപ്പിച്ചിട്ട് മുറിയിൽ കൊണ്ടിരുത്തി.

മോൾക്ക് വിശക്കുന്നുണ്ടാവും, അമ്മ എന്തേലും കഴിക്കാൻ തന്നിട്ട് മേലേക്കണ്ടിയിലേയ്ക്ക് പോകാം,,

സുലോചന ജോലിക്ക് നില്ക്കുന്ന ഹാജ്യാരുടെ വീടാണ് മേലേക്കണ്ടി ,അയൽവക്കമാണെങ്കിലും ,കുറച്ച് മേലെയാണ് ഹാജ്യാരുടെ ബംഗ്ളാവുള്ളത്.

സുലോചന ചെന്ന് കോഴിക്കൂട് തുറന്ന് നോക്കി , ഒരു പൂവൻകോഴിയെയും മൂന്ന് പിടക്കോഴിയെ യുമാണ് സുലോചന വളർത്തുന്നത്, കൂടിനകത്താകെ ഉണ്ടായിരുന്നത് രണ്ട് മുട്ടകളായിരുന്നു ,അതെടുത്ത് പുഴുങ്ങി, കട്ടൻ ചായയും തിളപ്പിച്ച് മണിക്കുട്ടിക്ക് കൊണ്ട്  കൊടുത്തു.

മോള് തല്ക്കാലം ഈ മുട്ട കഴിച്ചിട്ടിരിക്ക്, അമ്മ ഹാജ്യാരുടെ വീട്ടിലേയ്ക്ക് പോയിട്ട് ഇടയ്ക്ക് വരാം,,

അമ്മ പോകുവാണോ? ഇനി എപ്പോഴാ വരിക?

പാത്തിതാത്തയോട് മോളുടെ കാര്യം പറയുമ്പോൾ, കഴിക്കാനായി അവരെന്തേലും തരാതിരിക്കില്ല, അതും വാങ്ങി ,ഒരാഴ്ചത്തേക്കിനി അമ്മയ്ക്ക് അങ്ങോട്ട് ചെല്ലാൻ കഴിയില്ലെന്നും,  ലീവ് എടുക്കുവാന്നും പറഞ്ഞിട്ട് വരാം ,മോള് സ്കൂളിൽ പോകാൻ ആകുന്നത് വരെ, അമ്മ മോളോടൊപ്പമിരിക്കാം , എന്താ സന്തോഷായില്ലേ?

ഉം ശരിയമ്മേ ,,,

എന്നാൽ പിന്നെ, അമ്മ പോയിട്ട് വേഗം വരാം,, ഇപ്പോൾ തന്നെ
നേരം ഒരു പാടായി ,,

പനമ്പായ കൊണ്ട് മറച്ച , ചുമരിൽ തൂക്കിയ ഗ്ളാസ്സ് പൊട്ടിയ ക്ളോക്കിൽ നോക്കിയിട്ട്, സുലോചന ധൃതി പിടിച്ചിറങ്ങി.

അല്ല സുലോചനേ,, നീയറിഞ്ഞാ വിശേഷങ്ങള് ?

താമസിച്ചതിന് വഴക്ക് കേൾക്കേണ്ടി വരുമെന്ന ആധിയിലാണ് സുലോചന കുന്ന് കയറി ബംഗ്ളാവിൻ്റെ പിന്നിലുള്ള അടുക്കള വാതില്ക്കലെത്തിയത്

പക്ഷേ മുഖം നിറയെ ചിരിയുമായി നില്ക്കുന്ന പാത്തിതാത്തയെ കണ്ടപ്പോൾ അവൾ അമ്പരന്നു.

എന്താ പാത്തി താത്ത? മൂസാക്കാൻ്റെ ബീവിക്ക് പിന്നേം വിശേഷമായാ ?

സുലോചന ആകാംക്ഷയോടെ ചോദിച്ചു

ഹാജ്യാരുടെ ഗൾഫിലുള്ള അനുജനാണ് മൂസാ,, ഇപ്പോൾ ലീവ് കഴിഞ്ഞ് പോയതേയുള്ളു ,അയാള് കഴിഞ്ഞ മൂന്ന് പ്രാവശ്യവും ലീവിന് നാട്ടിൽ വന്ന് പോയപ്പോഴൊക്കെ ഭാര്യ ഗർഭിണി ആയായിരുന്നു ,അത് കൊണ്ടാണ് സുലോചന അങ്ങനെ ചോദിച്ചത്.

ഹേയ്, അതിലും വലിയൊരു വിശേഷമുണ്ട്, നമ്മുടെ കുഞ്ഞോള് വയസ്സറിയിച്ചേക്കുന്നു ,,

പാത്തി താത്ത ചിരിയോടെ പറഞ്ഞു

ആര് ഐഷ മോളോ?

അതേന്ന്,,, ഇനീപ്പോ ഒരാഴ്ച സുലോചയ്ക്ക് പിടിപ്പത്പ ണീണ്ടാവും, ഇവിടെ വലിയൊരു ഉത്സവം നടക്കാൻ പോകുവല്ലേ? ഇന്ന് മുതല് നമ്മടെ സ്വന്തക്കാരും ബന്ധുക്കാരുമൊക്കെ വന്നും പോയുമിരിക്കും ,സുലോചനയ്ക്ക് കുത്തിയിരിക്കാൻ നേരണ്ടാവില്ലാട്ടാ, ‘

അത് കേട്ട് സുലോചന അല്പനേരം നിർനിമേഷയായി നിന്നു,
ഇനിയിപ്പോൾ മണിക്കുട്ടിയുടെ കാര്യം ഇവിടെ പറഞ്ഞിട്ട് കാര്യമൊന്നുമില്ല

സമയം കളയാതെ സുലോചന ജോലിയിൽ വ്യാപൃതയായി ,മണി പത്തായി ,മണിക്കുട്ടി താൻ കൊണ്ട് ചെല്ലുന്ന ഭക്ഷണവും കാത്ത് വിശന്ന് പൊരിഞ്ഞിരിക്കുകയാവും, എന്ത് പറഞ്ഞാണ്, ഇവിടെ നിന്ന് ഒന്നിറങ്ങുന്നത്?

നേരം കഴിയുന്തോറും സുലോചനയ്ക്ക് വെപ്രാളം കൂടി വന്നു

പാത്തിതാത്ത ഞാനൊന്ന് വീട് വരെ പോയിട്ട് വേഗം വരാം ,മണിക്കുട്ടി പനിയായിട്ട് ഇന്ന് സ്കൂളിൽ പോയിട്ടില്ല, ചൂട് കുറവുണ്ടോന്ന് നോക്കീട്ട് പെട്ടെന്ന് തന്നെ വന്നേക്കാം

അതെന്താ നീയിത് വരെ പറയാതിരുന്നത് ?എന്നാൽ വേഗം ചെല്ല് ,പോകുമ്പോൾ ഓൾക്ക് വേണ്ട നാസ്ത കൂടി കൈയ്യിലെടുത്തോ ,
ഇടിയപ്പവും പത്തിരിയും ഒക്കെ ഇരിപ്പുണ്ടല്ലോ ?

ഒരു ചോറ്റ് പാത്രത്തിൽ നാലഞ്ച് ഇടിയപ്പവും, അതിന് മേലെ കുറച്ച് ഇറച്ചിക്കറിയുമൊഴിച്ചെടുത്തിട്ട് സുലോചന വേഗം വീട്ടിലേയ്ക്ക് പാഞ്ഞു.

എന്താ അമ്മേ അവിടെ കുറേ ആളുകളൊക്കെ വന്നിട്ടുണ്ടല്ലോ?

മണിക്കുട്ടി ആകാംക്ഷയോടെ ചോദിച്ചു

അത് മോളേ,, അവിടുത്തെ ഐഷാ, മോളെ പോലെ വലിയ പെണ്ണായി, അവളെ കാണാനായി, ബന്ധുക്കളൊക്കെ മധുര പലഹാരങ്ങളും, പഴങ്ങളുമൊക്കെ വാങ്ങിച്ചോണ്ട് വരുന്നതാണ്,,

എന്നിട്ട്, എന്നെ കാണാൻ ആരും വരാത്തതെന്താ ?

അത് കേട്ട് ,സുലോചനയുടെ ഉള്ള് പിടഞ്ഞു.

നമുക്ക് അവരെ പോലെ ബന്ധുക്കളൊന്നുമില്ലല്ലോ മോളേ? മാത്രമല്ല, ഉള്ളോരൊക്കെ നമ്മളെക്കാൾ ദാരിദ്ര്യം പിടിച്ചവരുമാണ്,, മോള് വിഷമിക്കണ്ടാ,, അവിടെ കൊണ്ട് വരുന്ന പലഹാരങ്ങള് ,പാത്തിതാത്ത തരാതിരിക്കില്ല ,അത് അമ്മ കൊണ്ട് തരാം, മോള് ഇപ്പോൾ ഈ ഇടിയപ്പം വയറ് നിറച്ച് കഴിക്ക്,,

വിശന്നിരിക്കുന്ന മണിക്കുട്ടി ,ആർത്തിയോടെ വാരി തിന്നുന്നത് കണ്ട്, സുലോചനയുടെ കണ്ണ് നിറഞ്ഞു.

നാലഞ്ച് ദിവസങ്ങൾ കൂടി കടന്ന് പോയി, പതിവ് പോലെ സുലോചന വീട്ടിലേയ്ക്ക് പോകുവാൻ ധൃതിവച്ചു.

അല്ല സുലോചനേ ,, മോളുടെ പനി ഇത് വരെ മാറിയില്ലേ ?അവൾക്ക് സ്കൂളിൽ പോകണ്ടേ?

പാത്തിതാത്ത സംശയത്തോടെ ചോദിച്ചു.

ഇല്ല, അവളെ രണ്ട് ദിവസം കൂടി കഴിഞ്ഞിട്ട് സ്കൂളിൽ വിടാമെന്ന് വിചാരിക്ക്യാ,

ഞാനൊരു കാര്യം ചോയ്ച്ചോട്ടെ സുലോചനേ,, മണിക്കുട്ടിക്ക് പനിയാണോ? അതോ അവളും വയസ്സറിയിച്ചിട്ടിരിക്കുവാണോ?

അത് പിന്നേ ,, പാത്തി താത്താ രണ്ടുമുണ്ട്,,

എന്താ സുലോചനേ ?,എന്നിട്ടെന്താ നീയിതൊന്നും എന്നോട് പറയാണ്ടിരുന്നത് ? ഐഷ പ്രായമായ കാര്യം, നീ വന്നയുടനെ ഞാൻ പറഞ്ഞതല്ലേ? എന്നിട്ടും നീ എന്നോട് എല്ലാം മറച്ചു വച്ചു, നീ എന്നെ ഒരു അന്യയായിട്ടാ കണ്ടിരിക്കുന്നേ?

പത്തിതാത്തയുടെ ചോദ്യത്തിന് മുന്നിൽ സുലോചന പതറി നിന്നു.

ഉം,, നീയൊരു കാര്യം ചെയ്യ്, വേഗം പോയി മണിക്കുട്ടിയെ ഇങ്ങോട്ട് കൂട്ടികൊണ്ട് വാ, എപ്പോഴും എപ്പോഴും ആ പേരും പറഞ്ഞ് ഇവിടുന്ന് പോയാൽ ,ഇവിടുത്തെ പണികളൊക്കെ പിന്നെ ആര് ചെയ്യും ?

പാത്തി താത്തയുടെ മുഖം വലിഞ്ഞു മുറുകിയത് കണ്ട്, സുലോചന വേഗം വീട്ടിലേയ്ക്ക് പോയി.

മണിക്കുട്ടിയെയും കൂട്ടി തിരിച്ച് വന്ന സുലോചന, അവളെ അടുക്കളയിലെ സ്റ്റൂളിന് മുകളിലിരുത്തിയിട്ട്, ചെയ്ത് കൊണ്ടിരുന്ന ബാക്കി ജോലി തുടർന്നു.

സുലോചനേ,, നീ മോളെ വേഗമൊന്ന് ഒരുക്കി താ ,തിങ്കളാഴ്ച ഐഷാ മോളുടെ ചടങ്ങ് നടക്കുന്ന കാര്യം നിന്നോട് പറഞ്ഞായിരുന്നല്ലോ ?അവൾക്ക് വേണ്ട സ്വർണ്ണവും വസ്ത്രങ്ങളുമൊക്കെ എടുക്കാൻ ഞങ്ങള് ടൗണിലേയ്ക്ക് പോകുവാണ്, അക്കൂട്ടത്തിൽ മണിക്കുട്ടിക്കും വസ്ത്രവും സ്വർണ്ണവും എടുക്കണം, ഐഷ മോളുടെ ഒപ്പം തന്നെ, മണിക്കുട്ടിയുടെ ചടങ്ങും നടത്തണം, നിനക്കതിനുള്ള ശേഷിയോ, ബന്ധുബലമോ ഒന്നുമില്ലെന്ന് എനിക്കറിയാം, പക്ഷേ, ഐഷ മോളേ പോലെ ഒരുങ്ങാനും, സ്വർണ്ണാഭരണങ്ങൾ ധരിക്കാനുമൊക്കെ ,മണിക്കുട്ടിക്കും ആഗ്രഹമുണ്ടാവില്ലേ? നീ എന്നെ അന്യയായി കണ്ടാലും, എനിക്ക് നിന്നെ തള്ളിക്കളയാനാവില്ലല്ലോ? എൻ്റെ ചെറുപ്പം മുതലേ, നിന്നെ ഞാൻ കാണുന്നതല്ലേ ? കൂടെ പിറന്നില്ലെങ്കിലും , നിന്നെ ഞാൻ കൂടപ്പിറപ്പായിട്ട് തന്നെയാ കണ്ടിരിക്കുന്നത് ,,

പാത്തിതാത്ത പറഞ്ഞത് കേട്ട് സുലോചനയുടെ ഹൃദയം വിങ്ങിപൊട്ടി.

ഞാനൊന്ന് നിങ്ങളെ കെട്ടിപിടിച്ചോട്ടെ പാത്തിതാത്താ ,,,

അനുവാദത്തിന് കാത്ത് നില്ക്കാതെ, സുലോചന അവരുടെ നെഞ്ചിലേയ്ക്ക് വീണു.

NB :- ആവശ്യമുള്ളപ്പോൾ ചേർത്ത് പിടിക്കാൻ ബന്ധുക്കൾ വേണമെന്നില്ല ,ആരുമില്ലാത്തവരെ മനസ്സിലാക്കാൻ ഇത് പോലെ മനുഷ്യത്വമുള്ളവരും ഈ ലോകത്തുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *