എഴുത്ത് :- അബ്രാമിൻ്റെ പെണ്ണ്
“അമ്മച്ചീ,, എനിക്ക് കൊറച്ചു വാർത്ത വേണം…
അടുക്കളയിൽ ഇരുമ്പ് ചട്ടിയിൽ ഒട്ടിപ്പിടിച്ചിരിക്കുന്ന ഉപ്പുമാവ് കസേരയുടെ മോളിൽ കേറി നിന്ന് കുത്തിയെളക്കി കൊണ്ട് നിക്കുവാണ് ഈ ഞാൻ..ഒരു ബുക്കും കയ്യിൽ പിടിച്ചോണ്ട് അടുക്കളയിലേയ്ക്ക് വന്ന കൊച്ചു പെങ്കൊച്ചിന്റെ ചോദ്യമാണ്.വാല് പോലെ കൂടെ കൊച്ചെർക്കനുമുണ്ട് .
“സോറി,, വാർത്ത ഞാനിളക്കിക്കൊണ്ടിരിക്കുവാണ്,, വേവുമ്പോ പാത്രത്തിലോട്ട് ഇട്ടേക്കാം..
രാവിലെ തന്നെ വായ്ക്ക് രുചിയായി നല്ല ഫ്രഷ് കോമഡിയടിച്ച സംതൃപ്തിയിൽ ഞാനൊന്നു ചിരിച്ചു.. ന്നിട്ട് കൊച്ചുങ്ങളെ നോക്കിയപ്പോ അവര് ചിരിക്കുന്നില്ല..
“അമ്മച്ചി രാവിലെ ചളിയടിച്ചയാണോ,,ഒത്തില്ല കേട്ടോ,, അമ്മച്ചിയ്ക്ക് വേണോങ്കി ഞങ്ങള് ചിരിക്കാം.. ല്യോടാ..
ലവള് അതും പറഞ്ഞിട്ട് മറ്റവനെ നോക്കി.. ന്നിട്ട് രണ്ട് പേരും കൂടെ “ക ക ക ” എന്ന് കിണിക്കുന്നു..
“രാവിലെ നല്ല ചൂട് സമ്മാനം വേണോ,, സ്കൂളിൽ പോണ്ടേടീ..
ചട്ടുകം കയ്യിൽ പിടിച്ചു വളരെ ശാന്തമായി ഞാൻ ചോദിച്ചു..
“ഇന്ന് ഞാനാ വാർത്ത വായിക്കേണ്ടത്.. പ്രധാനപ്പെട്ട കുറച്ചു വാർത്തകൾ വേണം.. അമ്മച്ചിയൊന്ന് പറഞ്ഞു താ..
അപ്പൊ അതാണ് കാര്യം.. വാർത്ത വേണം..വാർത്ത പറഞ്ഞു കൊടുക്കാൻ നിക്കുന്നതൊക്കെ മെനക്കേടല്ലിയോ.. ആ സമയം കൊണ്ട് ഫോണിൽ രണ്ട് തോണ്ട് തോണ്ടാവല്ലോ..
“നീയാ ഐ പാഡെടുക്ക്,, ന്നിട്ട് യുട്യൂബിൽ ഏതെങ്കിലും വാർത്താ ചാനൽ സെർച്ച് ചെയ്തു നോക്ക്.. ഒരുപാട് വാർത്തയൊന്നും വേണ്ട.. ഏറ്റവും പ്രധാനപ്പെട്ട ഒരു വാർത്ത നോക്കിയിട്ട് അതിന് പറ്റിയൊരു തലക്കെട്ട് കൊടുക്കണം.. എന്നിട്ട് വലിച്ചു നീട്ടിയങ്ങെഴുതിക്കോ… എപ്പോളും ഞാൻ കൂടെ കാണുവോ.. ഇങ്ങനെ ഓരോന്നും തനിച്ചെഴുതി ശീലിക്കണം…നമ്മൾ വായിക്കുന്ന വാർത്ത കേട്ട് ആളുകൾ നമ്മളെത്തന്നെ നോക്കിയിരിക്കണം… അതാണ് വായനയുടെ മിടുക്ക്… അമ്മച്ചി പണ്ടൊക്കെ എന്തോരം വാർത്ത വായിച്ചിട്ടുണ്ടെന്നറിയാവോ…
കേട്ടതിൽ വിശ്വാസക്കുറവുണ്ടായോണ്ടാണോ എന്തോ കൊച്ച് എന്നെയൊന്നു നോക്കി.. എന്നിട്ട് ഐ പാഡും എടുത്ത് സിറ്റൗട്ടിലോട്ട് പോയി…
“പണ്ട് അമ്മച്ചി ടീവീൽ വാർത്ത വായിക്കുവാരുന്നോ..
കൊച്ചെർക്കന് സംശയം..
“പിന്നെ ഏഷ്യാനെറ്റ് ന്യൂസിൽ ഞാനാരുന്നു ആദ്യം വാർത്ത വായിച്ചോ ണ്ടിരുന്നത്… പിന്നാ മറ്റുള്ളോരൊക്കെ വായിച്ച് തൊടങ്ങിയെ.. പോയി കുളിയെടർക്കാ.. ഓരോ തൊലിഞ്ഞ സംശയവും കൊണ്ട് വന്നോളും..
ലവൻ ഓടി കുളിമുറീലോട്ട് പോയി.. മറ്റേ കൊച്ച് വാർത്തയൊക്കെ എഴുതി വെച്ചിട്ട്..
“അമ്മച്ചീ ഞാനൊന്ന് വായിക്കട്ടെ..
എന്ന് ചോദിക്കുന്ന്.. മണി ഏട്ടേമുക്കാലായി.. വാർത്ത വായനകഴിയുമ്പോ ഒൻപത് മണിയാവും.. ഒൻപതേകാലിന് സ്കൂൾ ബസ് റോഡിൽ വരും…
“നീ പോയി കുളിച്ചിട്ട് വാ.. വാർത്തയൊക്കെ സ്കൂളിൽ ചെന്നിട്ട് വായിച്ചാൽ മതി…
ഞാനവളെ നിരുത്സാഹപ്പെടുത്തി..
എന്റെയല്ലേ മോള്.. അവള് നീട്ടി പരത്തി അടിപൊളിയാക്കി വെക്കുമെന്ന് എനിക്കറിഞ്ഞൂടെ..
കൊച്ച് മനസ്സില്ലാ മനസോടെ പേപ്പർ മടക്കി ബാഗിൽ വെച്ചിട്ട് കുളിക്കാൻ പോയി…
കൊച്ചുങ്ങൾ സ്കൂളിൽ പോയിക്കഴിഞ്ഞ് അല്ലറ ചില്ലറ പണികളും തീർത്ത് ഞാൻ ഫോണെടുത്തു.. അമ്മയുടെ മുറിയിൽ ഫാനിടാൻ ചെന്നിട്ട് വെളീലോ ട്ടിറങ്ങിയപ്പോ..
“ഈ സാമാനത്തിനാത്തൂന്ന് ആനയെറങ്ങി വരുന്നോ.. ഇരുപത്തിനാല് മണിക്കൂറും ഇതിനാത്തോട്ട് നോക്കിയിരിക്കുന്ന കാണാം..
ഞാൻ ഫോണിൽ തോണ്ടുന്നത് കണ്ട് സഹികെട്ട, കാല് വയ്യാതെ കിടക്കുന്ന പ്രപഞ്ചത്തിലെ ഏറ്റവും വലിയ പോരാളി പതുക്കെ പുറുപുറുക്കുവാടെ..ഇച്ചിരി കാറ്റ് കൊടുക്കാൻ പോയ ഞാൻ ആരായി..
ഫോണിൽ കൂടെ ആന മാത്രവല്ല,മയിൽ, ഒട്ടകം, വെള്ളിമൂങ്ങാ വരെ ഇറങ്ങി വരുമെന്ന് എന്റെ പൊന്നമ്മച്ചിയ്ക്ക് അറിഞ്ഞൂടാല്ലോ..
ഞാനൊന്നും പണയാൻ പോയില്ല..അല്ലെങ്കിലും എന്തോ പണയാൻ…
നമ്മള് പിന്നെ ഫേസ്ബുക്കിലും വാട്സ്ആപ്പിലും മെസഞ്ചറിലുമൊക്കെയായി ഓടി നടന്നു തിരക്കിലായിപ്പോയി.. എല്ലായിടത്തും ഓടിയെത്തണ്ടേ.. ഒന്നിനും ഒരു കുറവും വരുത്തരുത്തല്ലോ.. കുഞ്ഞുങ്ങളുടെ മനസാ ചിലർക്ക്.. നമ്മൾ ഇത്തിരി നേരം മിണ്ടാതിരുന്നാൽ പിണങ്ങികളയും.. തിരക്ക് കാരണം ചോറുണ്ടത് മൂന്ന് മണിക്കാ.. അത്രേം ബിസിയാർന്നു..
മൂന്നെമുക്കാലായപ്പോ കൊച്ചിന്റെ ക്ലാസ് ടീച്ചർ വിളിക്കുന്ന്..ദെന്താപ്പോ ഈ നേരത്ത്.. എനിക്ക് ടെൻഷൻ..
“ങ്ഹാ..എന്തുണ്ട് മഞ്ജിമേടെ അമ്മേ വിശേഷം.. പനിയൊക്കെ മാറിയോ.. അമ്മച്ചി ഭയങ്കര എഴുത്താണെന്ന് മോള് വന്നു പറയാറുണ്ട്.. അവള് മിടുക്കിയാ കേട്ടോ..
അത് കേട്ടപ്പോ എനിക്കങ്ങു സന്തോഷമായി.. വീട്ടിൽ വെച്ചു ട്രോളുമെങ്കിലും പുറത്തിറങ്ങുമ്പോ അവളെന്നെ പൊക്കിയാണ് സംസാരിക്കുന്നത്.. മൗത്ത് പബ്ലിസിറ്റി കിട്ടുന്നത് നാളെയൊരു ബുക്കിറക്കുമ്പോ ഉപകാരപ്പെടും..
“വിശേഷം ഒന്നുമില്ല ടീച്ചറെ.. പനിയൊക്കെ കുറഞ്ഞു.. അവള് പഠിയ്ക്കാനൊക്കെ എങ്ങനുണ്ട്..
ഞാൻ വിനയ കുനിയയായി..
“അവള് പഠിയ്ക്കാനൊക്കെ മിടുക്കിയാ.. ഇത്തിരി വർത്താനം പറച്ചില് കൂടുതലാ . ന്നാലും ക്ലാസ്സ് ഫസ്റ്റാ..
ജനുസിന്റെ കൊണം കൊണ്ട് കിട്ടിയതാണ് ഈ വർത്താനം പറച്ചില്.. അത് ടീച്ചറിനോട് പറയാനൊക്കുവോ.. നമ്മള് ചമ്മി പോവത്തില്ലിയോടെ..
“ഞാൻ വിളിച്ചത് വേറൊരു കാര്യം പറയാനാ,, മഞ്ജിമയ്ക്ക് വാർത്ത സെലക്ട് ചെയ്ത് കൊടുക്കുമ്പോ ഇത്തിരി പ്രാധാന്യമുള്ള വാർത്ത എടുത്ത് കൊടുക്കണേ.. അത് പ്രെസന്റ് ചെയ്യാൻ അവള് മിടുക്കിയാ.. ഇന്ന് കൊടുത്തു വിട്ട പോലെയുള്ള വാർത്ത സ്കൂളിൽ വന്നു വായിക്കേണ്ടല്ലോ.. അത് നമ്മള് സ്ഥിരം കാണുന്നതല്ലേ.. അവളോട് ചോദിച്ചപ്പോ പറഞ്ഞു അമ്മയാണ് വാർത്ത സെലക്ട് ചെയ്തു കൊടുത്തതെന്ന്.. അതാ പറഞ്ഞത്..ന്നാ വെയ്ക്കട്ടെ,, ഞാനിത് പറയാൻ വേണ്ടി വിളിച്ചതാ..
ടീച്ചർ ഫോൺ വെച്ചു..
ഏത് വാർത്ത.. ലവള് ഏത് വാർത്തയാ എഴുതിക്കൊണ്ട് പോയത്.. അത് ഞാൻ സെലക്ട് ചെയ്ത് കൊടുത്തെന്ന് പറഞ്ഞതെന്തിനാരിക്കും.. ടീച്ചർ വിളിച്ച് പറയണോങ്കി എന്തോ കിടിലൻ പീസാണ് കൊണ്ടോയി വായിച്ചിരിക്കുന്നത്..
കൊറേ കഴിഞ്ഞപ്പോ പർവ്വതാരോഹകർ പൊക്കണോം തൂക്കി വരുന്ന പോലെ ബാഗും തൂക്കി രണ്ടെണ്ണോം കൂടെ കാര്യോം പറഞ്ഞോണ്ട് വന്നു വീട്ടിൽ കേറി..
“ടീ,, ഇന്ന് എഴുതിയ വാർത്ത ഇങ്ങെടുക്ക്.. ഞാനൊന്ന് നോക്കട്ടെ..
കൊച്ച് മടിയോടെ ആ പേപ്പറിങ്ങു തന്നു.. ഞാൻ പേപ്പർ നൂത്ത് നോക്കി..
“നമസ്ക്കാരം..
ഞാൻ മഞ്ജിമാ സുനിൽ,,,
ഇന്നത്തെ പ്രധാന വാർത്തകൾ..
ആരാധകരെ കണ്ണീരിലാഴ്ത്തി ദിൽ റോബ് വേർപിരിയുന്നു..കാരണം സൂരജാണെന്നാണ് റോബിനോട് അടുപ്പമുള്ളവർ പറയുന്നത്..
ബിഗ്ഗ് ബോസ്സ് ഷോയിലൂടെ നിരവധി ആരാധകരെ നേടിയെടുത്ത മത്സരാർത്ഥികളായ ഡോക്ടർ റോബിനും ദിൽഷയും തമ്മിൽ പ്രണയത്തിലായിരുന്നു.. ഇരുവരും തമ്മിൽ വേർപിരിയുന്നുവെന്നാണ് ഇപ്പോൾ പുറത്തു വരുന്ന വാർത്ത… ഷോയുടെ ആദ്യാവസാനം റോബിനെ സപ്പോർട്ട് ചെയ്ത ദിൽഷ, റോബിൻ പുറത്തായതോടെ റോബിന്റെ ആരാധകരുടെ വോട്ട് നേടി ഷോയിൽ വിന്നറാവുകയായിരുന്നു.. എന്നാൽ ഷോ അവസാനിച്ചു പുറത്തു വന്ന ദിൽഷ റോബിനോട് തനിക്കുള്ളത് വെറും സൗഹൃദം മാത്ര മാണെന്ന് പറയുകയായിരുന്നു..ഇപ്പോൾ ദിൽഷയുമായി പ്രണയത്തിലാണെന്ന് പറഞ്ഞ് സൂരജ് എന്നൊരാളും രംഗത്തെത്തിയിട്ടുണ്ട്…
ദിൽഷയ്ക്കെതിരെ സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധമാണ് ഉയർന്നു വന്നിരിക്കുന്നത്..
ദിൽഷയേക്കാളും നല്ലൊരു പെൺകുട്ടിയെ ഡോക്ടർ റോബിന് കിട്ടുമെന്നാണ് പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്…
ഇത് പോലുള്ള വാർത്തകൾ കാണാൻ ഞങ്ങളുടെ ചാനൽ സബ്ക്രൈബ് ചെയ്യൂ…
വാർത്ത വായിച്ചെന്റെ കിളി പോയി..കൊച്ച് എന്റെ മുഖത്തോട്ട് നോക്കി നിക്കുവാ.. ഞാൻ ആഗ്രഹിച്ചത് പോലെ യെവള് വാർത്ത വായിച്ചപ്പോ ആ സ്കൂള് മൊത്തം ഇവളുടെ വായനയിൽ ലയിച്ചു പോയിക്കാണും.. ഉറപ്പ്.. ഭാവിയിൽ നല്ലൊരു എഴുത്തുകാരിയാവും.. നീട്ടിപരത്തി വൃത്തിയായി എഴുതീട്ടുണ്ട്..
“മക്കളിത് വായിച്ചു കഴിഞ്ഞപ്പോ എന്തായിരുന്നു അവിടുത്തെ അവസ്ഥ..
ഞാൻ ദുർബലയായി ചോദിച്ചു..
“എല്ലാരും ചിരിച്ചമ്മച്യേ.. ഞാൻ എഴുതീട്ട് വായിച്ച് കേപ്പിക്കാമെന്ന് പറഞ്ഞയല്ലേ.. അമ്മച്ചിയല്ലേ സമ്മയ്ക്കാഞ്ഞേ..
ശരിയാണ്.. എന്റെ പി ഴ,, എന്റെ പി ഴ,,എന്റെ വലിയ പി ഴ…
കൊച്ചിനെ കുറ്റം പറയാനൊക്കില്ല.. എങ്ങോട്ട് തിരിഞ്ഞാലും ഈ രണ്ട് ഏപ്പരാച്ചികളുടെ വാർത്തയാണ്.. ഇതിനെയൊക്കെ പേടിച്ച് യൂട്യൂബിൽ നോക്കിയിട്ട് കുറെയായി..ഹെന്തൊരു ഊദ്രമാണെന്ന് പറ…
രണ്ടിലേതെങ്കിലും ഒന്നിനെ ആരെങ്കിലും കല്യാണം കഴിച്ചോണ്ട് പോണേന്നാ എന്റെ ഇപ്പോളത്തെ ഏറ്റോം വലിയ പ്രാർത്ഥന.. ദൈവത്തിനാണെ സത്യം…
ഇനി മുതൽ പ്രധാന വാർത്തകൾ ഞാനെഴുതിക്കൊടുക്കാം.. അതല്ലിയോ നല്ലത്…
ദിൽഷയുടെ മനസ് മാറി റോബിനെ കല്യാണം കഴിക്കാൻ ആ പെങ്കൊച്ചിന് തോന്നണേന്ന് പ്രാർത്ഥിച്ചു കൊണ്ട് തല്ക്കാലം ഞാനങ്ങട് നീങ്ങുവാ കേട്ടോ..

