എഴുത്ത്:-ശ്രീജിത്ത് ഇരവിൽ
രാമേട്ടന്റെ വീട്ടിലേക്കുള്ള വഴിയരികിൽ ധാരാളം രാജമല്ലി ചെടികൾ വളർന്ന് പന്തലിച്ചിട്ടുണ്ട്. നാട്ടുവഴികളെ അലങ്കരിക്കുന്ന ഈ കുറ്റിച്ചെടികൾ മൂന്ന് മീറ്ററോളം ഉയരത്തിൽ തലപൊക്കും. രാമേട്ടനേക്കാളും. അല്ല. എന്നെക്കാളും…
എനിക്ക് നല്ല ഉയരമാണ്. മെലിഞ്ഞ ശരീരത്തിൽ പതിഞ്ഞ മൂക്കിന് പുറമേ ആനച്ചെവികളുമുണ്ട്. ഒരു രാജമല്ലി ചെടിയുടെ മറ പറ്റാനേ നീയുള്ളൂവെന്ന് രാമേട്ടൻ പറയും. നാട് വിട്ട് പോകുമ്പോൾ ആ മനുഷ്യനോട് മാത്രമേ യാത്ര പറഞ്ഞുള്ളൂ. ഈ തിരിച്ച് വരവിന്റെ കാരണവും രാമേട്ടൻ തന്നെ…
പിടിച്ച് നിർത്താൻ ആരുമില്ലെന്ന് തോന്നിയപ്പോൾ പോകാൻ തോന്നിയതാണ് നാട്ടിൽ നിന്ന്. എങ്ങോട്ടേക്കാണെന്ന് അറിയില്ല. രാമേട്ടൻ ചോദിച്ചപ്പോഴും അങ്ങനെ തന്നെയാണ് പറഞ്ഞത്.
എങ്ങോട്ടേക്കാണെന്ന് അറിയില്ല..’
“എന്നാൽ പിന്നെ പോകാതിരുന്നൂടെ… തല ചായ്ക്കാൻ ഇടമാണെങ്കിൽ നീ വീട്ടിലേക്ക് വാ…”
രാത്രിയായത് കൊണ്ടാണ് എന്റെ നിറഞ്ഞ കണ്ണുകളെ രാമേട്ടന് കാണാൻ സാധിക്കാതിരുന്നത്.
‘എത്രകാലം രാമേട്ടാ… പോയേ പറ്റൂ… എവിടെയെങ്കിലും ഒരു ജോലി തരപ്പെടാതിരിക്കില്ല. ഞാൻ എഴുതാം…’
എന്നും പറഞ്ഞാണ് പിൻവലിഞ്ഞത്. നിഴൽ വിരിച്ച് അനങ്ങുന്ന രാജമല്ലി ചെടികളുടെ ഇടയിലൂടെ നടന്നത് ഇന്നും ഓർത്തെടുക്കാം. എവിടം വരെ പോകുമെന്ന് അറിയാൻ നിലാവെട്ടവും എന്നെ പിന്തുടരുന്നു ണ്ടായിരുന്നു…
ബസ്റ്റോപ്പിൽ നിന്ന് ടൗണിലേക്ക് ജീപ്പ് കിട്ടി. റെയിൽവേ സ്റ്റേഷനിലേക്ക് നടന്നപ്പോൾ മംഗലാപുരത്തേക്കുള്ള വണ്ടിയാണ് ആദ്യം വന്നത്. എത്രയോ ലോറികളിലേക്ക് കൈ വീശി കാണിച്ചപ്പോൾ ഷിമോഗയിലേക്കും എത്തി. അവിടുത്തെ ഒരു ഹോട്ടലിൽ രണ്ട് മാസം ജോലി ചെയ്തിരുന്നു. ശേഷം, ഹുബ്ലിയും താണ്ടി കെരൂറിലേക്ക് എത്തി. ബാഗൽക്കോട്ട് നഗരത്തിന് തൊട്ട് മുമ്പുള്ള സ്ഥലമാണ് കെരൂർ. ആഴ്ചകളിൽ ചന്തയുണ്ടാകും. പഴങ്ങൾ, പച്ചക്കറികൾ, ആടുമാടുകൾ, അങ്ങനെ, വിൽക്കാൻ പറ്റുമെന്ന് തോന്നുന്നതെല്ലാം എടുത്ത് ഉൾഗ്രാമങ്ങളിൽ നിന്ന് ജനം എത്തും.
പല കാരണങ്ങൾ കൊണ്ടും കെരൂറിൽ തന്നെ തങ്ങാമെന്ന് ഞാൻ തീരുമാനിച്ചു. വാടകമുറിയും സംഘടിപ്പിച്ചു. ചന്തയുള്ള നാളുകളിൽ ഇഞ്ചിച്ചായ ഉണ്ടാക്കി വിൽപ്പനയ്ക്കായി നടക്കുമായിരുന്നു. അതിലൊരു വലിയ സാധ്യതയുണ്ടെന്ന് എനിക്ക് തോന്നി. വർഷം ഒന്നാകു മ്പോഴേക്കും ചന്തയിൽ വരുന്ന മിക്കവർക്കും അറിയാൻ പാകം എനിക്കൊരു പെട്ടിക്കട ഉണ്ടായി. ചായയും ബിസ്ക്കറ്റും മാത്രമല്ല. ബീiഡിയും, സിiഗരറ്റും, വാഴപ്പഴവും കിട്ടും. കടയെ അർഭാടമാക്കാൻ പാകം കിട്ടാവുന്ന സകല പാiൻമസാലകളും കൊളുത്തി വെച്ചിട്ടുണ്ട്. ചന്തയുടെ നിയമം മാത്രമേ തലയിൽ ഉണ്ടായിരുന്നുള്ളൂ. എന്റെ ആ നാലടി ചതുരത്തിലുള്ള പെട്ടിക്കടയിൽ വിൽക്കാൻ പറ്റുമെന്ന് തോന്നുന്നതെല്ലാം ഞാൻ കുiത്തിനിറച്ചു.
വർഷങ്ങൾ എട്ട് പത്തെണ്ണം കഴിഞ്ഞിരിക്കുന്നു. രാമേട്ടന് എഴുതാറുണ്ട്. തിരിച്ച് വരാൻ ഉദ്ദേശമില്ലേയെന്ന് ചോദിച്ച് മറുപടിയും വരും. ഞാൻ ചിരിക്കും. ചിതയിൽ തീർന്ന ഉറ്റവരെയെല്ലാം ഓർക്കും. കൂടെ ഉണ്ടായാലും ഇല്ലെങ്കിലും കണക്കെന്ന് കരുതുന്ന ബന്ധുക്കളും മുന്നിൽ തെളിയും. കാണണമെന്ന് തോന്നുന്ന ഒരേയൊരു ആളേയുള്ളൂ… രാമേട്ടൻ…
ആയിടയ്ക്കാണ് മൊബൈൽ ഫോണുകളെല്ലാം വ്യാപകമാകുന്നത്. ഞെക്കിയാൽ നീല വെളിച്ചം വ്യാപിക്കുന്ന മോട്ടോറോളയുടെ ഒരു ഫോൺ ഞാനും സംഘടിപ്പിച്ചു. ഡോക്കോമയുടെ സിമ്മും എടുത്തു. രാമേട്ടനുള്ള പിന്നീടുള്ള കത്തിൽ ആ നമ്പറും ഉൾപ്പെടുത്തിയിരുന്നു. ആ മനുഷ്യന്റെ കൈയ്യിൽ ഫോണില്ല. വേണുവിന്റെ ഫോണിൽ നിന്ന് ഇടയ്ക്ക് വിളിക്കും. വേണു നാട്ടിലെ ടാക്സി ഡ്രൈവറാണ്. നാട്ടിലേക്ക് പോയി വരണമെന്ന ആഗ്രഹം കൂടി വന്ന കാലമായിരുന്നുവത്. വരുന്നുണ്ടെന്ന് രാമേട്ടനോട് പറയുകയും ചെയ്തു. കാത്തിരിക്കുന്നുവെന്ന മറുപടിയും കേട്ടു.
ടിക്കറ്റ് കിട്ടുമോയെന്ന് അറിയാൻ ബാഗൽക്കോട്ട് റെയിൽവേ സ്റ്റേഷനിലേക്ക് പോയ നാളിൽ വേണുവിന്റെ നമ്പറിൽ നിന്ന് ഫോൺ വന്നു. വിഷയം രാമേട്ടനായത് കൊണ്ട് പുറപ്പെടാതിരിക്കാൻ സാധിച്ചില്ല. അന്ന് തന്നെ…. ആ രാത്രിയിൽ… തിക്കിയും തിരക്കിയും മണിക്കൂറുകളോളം ഞാൻ നിന്നു. നാട്ടിലേക്കുള്ള ദൂരം കുറയുന്നുണ്ട്. ചെറു പരിഭവത്തോടെ ആ യാത്രയിൽ ഉടനീളം രാമേട്ടനെയാണ് ഞാൻ ഓർത്തത്. ആ മനുഷ്യൻ എന്നോട് ഇങ്ങനെ കാട്ടുമെന്ന് കരുതിയതേയില്ല…
‘വേണൂ… ഞാൻ എത്തിയിട്ടുണ്ട്. രാമേട്ടന്റെ വീട്ടിൽ കാണും..’
ബസ്സ് ഇറങ്ങിയപ്പോൾ വേണുവിനെ വിളിച്ച് പറഞ്ഞതാണ്. രണ്ട് നാളത്തെ യാത്രാക്ഷീണം ഉണ്ട്. ആദ്യം രാമേട്ടനെ കാണണം. ശേഷം വേണുവിന്റെ കാറിൽ ടൗണിലേക്ക് പോകാം. നാട് വലുതായിരിക്കുന്നു. ലോഡ്ജ് മുറി കിട്ടാതിരിക്കില്ല. ഞാൻ നടക്കുകയാണ്. ചെറുവഴികളെല്ലാം താറ് ഇട്ടത് കൊണ്ട് തിരിച്ചറിയാൻ പ്രയാസപ്പെട്ടു. പക്ഷേ, എത്താറായെന്ന് ചില രാജമല്ലി ചെടികൾ പറയുന്നത് പോലെ… ഇരുവശങ്ങളിലുമായി മൂന്നോ നാലോയെണ്ണം കാണും. വർഷങ്ങൾക്ക് ഇപ്പുറവും വഴി പറഞ്ഞ് തരാൻ കാത്തിരുന്നത് പോലെ…
‘അപ്പോൾ, ഈ വഴിയൊന്നും നീ മറന്നിട്ടില്ല. വേണമെന്ന് വെച്ചാൽ വരാവുന്നതേയുള്ളൂവല്ലേ…!’
രാമേട്ടന്റെ ശബ്ദമായിരുന്നു. ഇടത് വശത്തെ രാജമല്ലി ചെടിയുടെ മറവിൽ നിന്ന് രൂപവും തെളിഞ്ഞു. ദേഷ്യമാണ് തോന്നിയത്. വിവരം വേണുവിൽ നിന്ന് അറിഞ്ഞതിലുള്ള അമർഷമായിരുന്നു… സൂചിപ്പിക്കുക പോലും ചെയ്തില്ലല്ലോയെന്ന സങ്കടമായിരുന്നു…
‘അതൊക്കെ എങ്ങനെയാ… എല്ലാം വളരേ പെട്ടെന്നായിരുന്നു. ഞാൻ പോലും അറിഞ്ഞില്ല…’
ചിരിച്ചുകൊണ്ടാണ് രാമേട്ടനത് പറഞ്ഞതെങ്കിലും ചങ്കിലെ നോവ് എനിക്ക് മനസിലാകുമായിരുന്നു. എന്നിട്ടും, ആ മനുഷ്യനത് പ്രകടിപ്പിച്ചില്ല. എന്റെ വിശേഷങ്ങൾ ഓരോന്നായി ചോദിച്ചറിയുന്നു. പോകുമ്പോൾ കെരൂറിലേക്ക് താനും വരുമെന്ന് വാശി പിടിക്കുന്നു. ഞാൻ സമ്മതിച്ചു. തിരിച്ച് പോകുമ്പോൾ രാമേട്ടനും വരട്ടെ. അതിൽ ആഹ്ലാദമേയുള്ളൂ…
‘എന്തായാലും അമ്മയെ കണ്ടിട്ട് വരാം…’
ഒപ്പം വരാൻ എത്ര നിർബന്ധിച്ചിട്ടും രാമേട്ടൻ വന്നില്ല. എളുപ്പത്തിൽ പോയി വരൂവെന്ന് പറഞ്ഞ് എന്നെ തള്ളിവിടുകയും ചെയ്തു. രാമേട്ടന്റെ അമ്മ വളരേ സാധുവായ ഒരു സ്ത്രീയാണ്. തന്റെ മോനോടൊപ്പം വരുന്നവരോടെല്ലാം വലിയ കാര്യമായിരുന്നു. എത്രയോ തവണകളിൽ വിശപ്പറിഞ്ഞ് വിളമ്പി തന്നിട്ടുണ്ട്.
മുറ്റത്തേക്ക് എത്തിയപ്പോൾ രാമേട്ടന്റെ ഭാര്യയെ കണ്ടു. പരിചയപ്പെ ടുത്തേണ്ടി വരുമെന്ന് തോന്നി. വേണ്ടി വന്നില്ല. അവർ എന്നെ തിരിച്ചറിഞ്ഞിരിക്കുന്നു…
‘അകത്തേക്ക് വാ… ബന്ധുക്കളെല്ലാം ഇന്നലെ പോയി. അമ്മ ഇറയത്തുണ്ട്. കയറി ഇരിക്ക്…’
ഞാൻ അകത്തേക്ക് പ്രവേശിച്ചു. രാമേട്ടന്റെ അമ്മയ്ക്ക് എന്നെ മനസ്സിലായില്ല. അടുത്തേക്ക് പോയി പലതും പറയേണ്ടി വന്നു ഓർത്തെടുക്കാൻ. ഓർമ്മയിൽ തെളിഞ്ഞപ്പോൾ ആ വൃദ്ധയുടെ ഹൃദയം മുളന്തണ്ട് പോലെ കീറിപ്പോയി. ശോഷിച്ച കൈകൾ എന്റെ തോളത്തേക്കിട്ട് പാവം വിങ്ങുകയാണ്.
‘എനിക്ക് മുന്നേ ഓൻ പോകുമെന്ന് കരുതില്ല മോനേ…’
എന്നും പറഞ്ഞ് ആ അമ്മ ഏങ്ങിയേങ്ങി കരഞ്ഞു. കണ്ടപ്പോൾ, മരിച്ച മനുഷ്യർക്കാണ് ഭാരം കൂടുതലെന്ന് തോന്നിപ്പോയി. ആ അമ്മയ്ക്ക് തന്റെ മകന്റെ വേർപാട് താങ്ങാൻ പറ്റുന്നില്ല. അത്രയ്ക്കും കനമോയെന്ന് ഞാൻ ഓർത്തൂ… അങ്ങനെയെങ്കിൽ ആ ഭാരം എന്തുകൊണ്ട് എനിക്ക് അനുഭവപ്പെടുന്നില്ല..!
ദൈനംദിന ജീവിതത്തിന്റെ ഭാഗമായവർക്കും, അല്ലാത്തവർക്കും പല തരത്തിലായിരിക്കണം മനുഷ്യരുടെ വേർപാട് കൊള്ളുന്നത്. എത്രകണ്ട് യാഥാർഥ്യമാണെന്ന് പറഞ്ഞാലും അവസാന ശ്വാസം വരെ ചില നഷ്ടങ്ങളെ അംഗീകരിക്കാൻ പറ്റാത്ത മനുഷ്യരും ഇവിടങ്ങളിൽ ഉണ്ടാകണം. രാമേട്ടന്റെ കാര്യത്തിൽ ഞാനും അങ്ങനെ തന്നെ ആയിരിക്കണം. കൂനിയിരുന്ന് വിതുമ്പുന്ന ആ അമ്മയോട് ഞാനത് പറയുകയും ചെയ്തു.
‘നമുക്കെന്ത് ചെയ്യാൻ പറ്റും അമ്മേ… നമ്മളൊക്കെ ജീവിച്ചിരിക്കുന്നത് വരെ രാമേട്ടനും ഉണ്ടാകും…’
ആ പാവം എന്നെ നോക്കി വെറുതേ കണ്ണുകൾ ചിമ്മി. കേൾക്കാത്തത് കൊണ്ടാണോ, കേട്ടിട്ടും മനസ്സിലാകാത്തത് കൊണ്ടാണോയെന്ന് അറിയില്ല. അമ്മ പിന്നീട് സംസാരിച്ചില്ല. കരയുന്നത് ഞാൻ കാണരുതെന്ന നിർബന്ധമുള്ളത് കൊണ്ടായിരിക്കണം അതുവരെ ഉണ്ടായിരുന്ന രാമേട്ടന്റെ ഭാര്യ അവിടെ നിന്ന് പോയത്.
കൂടുതലൊന്നും പറയാൻ സാധിക്കാതെ ഞാൻ പിൻവാങ്ങി. അല്ലെങ്കിലും, എന്ത് പറയാൻ… എന്നോടൊപ്പം രാമേട്ടനും കെരൂറിലേക്ക് വരുന്നുണ്ടെന്ന് മിണ്ടിയാൽ ആരെങ്കിലും വിശ്വസിക്കുമോ… വെറും വാക്കെന്നേ കേൾക്കുന്നവർ കരുതൂ… ചിലപ്പോൾ അവരെ കൂടുതൽ വിഷമപ്പെടുത്തിയേക്കാം.. അതുകൊണ്ട്, ഇന്നും അവശേഷിക്കുന്ന ആ ചുരുക്കം ചില രാജമല്ലി ചെടികളുടെ അടുത്ത് രാമേട്ടൻ എന്നെ കാത്തിരിക്കുന്ന കാര്യം പോലും ആരോടും ഞാൻ പറഞ്ഞില്ല…!!!

