ശ്രീഹരി ~~ ഭാഗം 28 ~ എഴുത്ത്:- അമ്മു സന്തോഷ്

ശ്രീഹരി വീട്ടിൽ എത്തി

അവന് തiല പൊiട്ടിത്തെiറിച്ചു പോകുന്ന പോലെ തോന്നി

തോമസ് ചേട്ടൻ അവന്റെയരികിൽ വന്നിരുന്നു

അയാൾ ആദ്യമൊന്നും അവനോട് ഒന്നും ചോദിച്ചില്ല

അവന് നന്നേ മനോവിഷമം ഉണ്ടെന്ന് മാത്രം അയാൾക്ക് മനസിലായി

ചോദിക്കണ്ട എന്ന് കരുതിയെങ്കിലും പിന്നീട് അവന്റെയവസ്ഥ കണ്ടപ്പോൾ ചോദിച്ചു പോയി

ഹരി അയാളുടെ മടിയിൽ വീണു പൊട്ടിക്കരഞ്ഞു

പിന്നെ എല്ലാം പറഞ്ഞു

അയാൾ അവന്റെ ശിരസിൽ തലോടി

“നമ്മൾ കരുതും പോലെയൊന്നുമാവില്ല മോനെ ചിലതൊക്കെ. അവസ്ഥ അവരെ കൊണ്ട് പറയിക്കുന്നതാ അത് . അഞ്ജലിയെ കൊണ്ട് ഇതൊക്കെ പറയിച്ചത് അവളുടെ അവസ്ഥയാ. അവളെ കുറച്ചു നാള് ഒറ്റയ്ക്ക് വിട്…. എന്റെ മോൻ ഈ നാട്ടിൽ നിന്ന് കുറച്ചു നാൾ മാറി നിൽക്ക്.. എല്ലാം ഒന്ന് കലങ്ങി തെളിയും വരെയെങ്കിലും.”

ഹരി മറുപടി ഒന്നും പറഞ്ഞില്ല വെറുതെ കിടന്നു

അവന്റെ ഹൃദയത്തിൽ വേദനയുടെ ഒരു കടലായിരുന്നു ആ നേരം

അഞ്ജലിയുടെ വാചകം

ശ്രീ ഇപ്പൊ എനിക്ക് ഒരു ബാധ്യതയാണ്

ഏത് അവസ്ഥയിലും ആ നാവിൽ നിന്ന് അത് വരാൻ പാടുണ്ടോ?

തന്റെ സ്നേഹം അത്രയ്ക്ക് ഉണ്ടായിരുന്നുള്ളോ?

ഓരോരുത്തരും ചോദിക്കുമ്പോൾ തന്നെ കുറിച്ച് പറയാൻ അപമാനം ആണെന്ന്…

താൻ ഒരു പാവപ്പെട്ടവൻ

ആരുമില്ലാത്തവൻ

അതല്ലേ?

അവൻ എഴുന്നേറ്റു

“പോവാ തോമസ് ചേട്ടാ ഞാൻ.. ചിലപ്പോൾ ഇനി ഞാൻ ഇങ്ങോട്ട് വരില്ലായിരിക്കും. പക്ഷെ ഞാൻ ഒരു വിളിപ്പുറത്ത് ഉണ്ടാവും. പക്ഷെ ഞാൻ എവിടെയെന്ന് ആരോടും പറയില്ല എന്ന് വാക്ക് തന്നാൽ മാത്രം “

തോമസ് ചേട്ടൻ അവനെ കെട്ടിപിടിച്ചു ഏങ്ങി കരഞ്ഞു പോയി

“എന്റെ സ്ഥലം,വീട് എല്ലാം നിങ്ങൾക്കുള്ളതാ. എനിക്ക് ഇനി ഇവിടെ ഒന്നും വേണ്ട. എല്ലാം ഓർമ്മകളാ. നീറുന്ന ഓർമ്മകൾ. മതിയായി “

അവന്റെ നില തെറ്റി പോയ പോലെയായിരുന്നു

അവൻ ഒരു ബാഗ് എടുത്തു കുറച്ചു വസ്ത്രങ്ങൾ അടുക്കി വെച്ചു

“എനിക്ക് കുറച്ചു പൈസ വേണം “

“തരാം മോനെ.. പക്ഷെ വിളിക്കണം അല്ലെങ്കി ഞാൻ ചiത്ത് പോകും “

ഹരി അയാളെ ചേർത്ത് പിടിച്ചു

വിളിക്കും അവൻ വാക്ക് കൊടുത്തു

നകുലൻ കുറച്ചു നാൾ കൂടി വീട്ടിൽ വന്നത് കൊണ്ട് വീടൊക്കെ വൃത്തി ആക്കുകയായിരുന്നു

ഹരിയെ കണ്ട് അയാൾ ഒന്ന് അമ്പരന്നു

ആകെ മുഷിഞ്ഞ രൂപം ചുവന്നു കലങ്ങിയ കണ്ണുകൾ തകർന്ന് തളർന്നു പോയ ഒരു രൂപം

“പോകും മുന്നേ സാറിനോട് യാത്ര പറയണം എന്ന് തോന്നി “

“എന്താ ഹരി? എന്താ?”

“എന്നെങ്കിലും ബാലചന്ദ്രൻ സാർ ചോദിക്കുവാണെങ്കിൽ പറയണം. ഹരി സാറിനെ ഒരു പാട് സ്നേഹിച്ചിരുന്നെന്ന്.. ഇനി കാണില്ലാന്നും “

ഹരി ഇറങ്ങി. നകുലൻ പിന്നാലെ ചെന്നു

“ഹരി എന്താ കുഞ്ഞേ?”

“അഞ്‌ജലിക്ക് ഇപ്പൊ ഞാൻ ഒരു ബാധ്യതയാണെന്ന് പറഞ്ഞു. അങ്ങനെ പറയുമ്പോൾ സ്വയം ഒഴിഞ്ഞു കൊടുക്കേണ്ടത് എന്റെ കടമയാണ്. അഞ്ജലിയോടും പറയണം ഇനി ശല്യപ്പെടുത്താൻ ശ്രീഹരി വരില്ലെന്ന്. ഒരിക്കലും വരില്ലെന്ന് “

നകുലൻ സ്തംഭിച്ചു നിൽക്കെ അവൻ യാത്രയായി.

അഞ്ജലി എത്ര ധൈര്യവതിയാകാൻ ശ്രമിച്ചിട്ടും തളർന്നു പോയി

അവൾ അവനെയോർത്തു നീറി നീറി ദിവസങ്ങൾ കഴിച്ചു

“അഞ്ജലിമാം .. ഡോക്ടർ വിളിക്കുന്നു “

നഴ്സ് വന്ന് പറഞ്ഞു

അവൾ അങ്ങോട്ട് ചെന്നു

മുറിയിൽ കമ്മീഷണർ ഉൾപ്പെടെ ഉള്ള പോലീസ് സംഘം ഉണ്ട്

“ഗ്രേറ്റ്‌ ന്യൂസ്‌ അഞ്ജലി.. ബാലചന്ദ്രൻ സാറിന് ബോധം വന്നു “

അവൾ നെഞ്ചിൽ കൈ വെച്ചു ദൈവത്തെ വിളിച്ചു പോയി

“അദ്ദേഹം ഇപ്പൊ ഒബ്സെർവഷനിൽ ആണ്. പക്ഷെ ഇവർക്ക് മൊഴിയെടുക്കണം. സമ്മതമല്ലേ?”

അഞ്ജലി തലയാട്ടി

“അച്ഛനെ എനിക്ക് ഒന്ന് കാണാൻ പറ്റുമോ?”

“why not? come “

അച്ഛൻ കണ്ണ് തുറന്ന് അവളെ നോക്കുന്നത് കണ്ട് അവൾ പുഞ്ചിരിക്കാൻ ശ്രമിച്ചു കൊണ്ട് ആ കയ്യിൽ പിടിച്ചു.

“മോളെ…” ഇടറിയ വിളിയൊച്ച

അവൾ കണ്ണീരോടെ അദ്ദേഹത്തിന്റെ മാiറിലേക്ക് മുഖമണച്ചു

പോലീസിന്റെ മൊഴിയെടുപ്പിന്റെ ഊഴമായി

ആദിത്യനും ഗോകുലിനും സുഭദ്രക്കും ആ വാർത്ത ചെറിയ നടുക്കമൊന്നുമല്ല ഉണ്ടാക്കിയത്

തങ്ങൾ പിടിക്കപ്പെടാൻ ഇനി അധികം സമയമില്ല എന്നറിഞ്ഞ അവർ രക്ഷപെട്ടു പോകാൻ പരമാവധി ശ്രമിച്ചു

അവരെ അറസ്റ്റ്‌ ചെയ്തത് പോലിസ് ഡിപ്പാർട്മെന്റ്ന് തന്നെ ആശ്വാസമായി

അത്രത്തോളം പോലീസ് നാണം കെട്ട കേസ് ആയിരുന്നു അത്

ആദിത്യന്റെ ഭാര്യ നാട്ടിലേക്ക് പിന്നെ വന്നില്ല

തന്നെ കാണാൻ എന്ത് കൊണ്ടാണ് ശ്രീഹരി വരാത്തത് എന്ന് പലതവണ ചോദിച്ചു ബാലചന്ദ്രൻ

അദ്ദേഹത്തിന് ഷോക്ക് ഉണ്ടാകുന്നതൊന്നും  പാടില്ല എന്ന് ഡോക്ടർമാർ പ്രത്യേക നിർദേശം കൊടുത്തിരുന്ന കൊണ്ട് അഞ്ജലി ഓരോ കള്ളങ്ങൾ പറഞ്ഞു

അദ്ദേഹത്തെ ഡിസ്ചാർജ് ചെയ്തു വീട്ടിൽ എത്തിച്ചപ്പോൾ അനന്തു എവിടെ എന്ന ചോദ്യത്തിനും അവൾക്ക് ഒത്തിരി നുണകൾ പറയേണ്ടി വന്നു

“അഞ്ജലി നീ എന്നോട് പറയുന്ന നുണകൾ മുഴുവൻ എനിക്ക് ദുഃഖമുണ്ടാക്കുകയാണ്. എന്റെ മോൾ എന്നോട് കള്ളം പറയുന്നല്ലോ എന്ന ദുഃഖം. എന്റെ അനിയത്തിയും എന്റെ ബന്ധുക്കളും എന്നെ കൊiല്ലാൻ നോക്കിയതിനെ ക്കാൾ വലിയ ഷോക്ക് ഇനി എനിക്ക് ഉണ്ടാകാനില്ല. സത്യം പറ. എന്റെ അനന്തു എവിടെ? ശ്രീഹരി എന്താ എന്നെ കാണാൻ വരാത്തത്?”

അവൾ കണ്ണീർ തുടച്ചു

“അനന്തുവിനെ അവര് കൊiന്നു “

അയാൾ നടുങ്ങി പോയി

“ശ്രീഹരിയേ ഞാൻ ഉപേക്ഷിച്ചു “

“അഞ്ജലീ നിനക്ക് ഭ്രാന്ത് പിടിച്ചോ? നീ എന്തൊക്കെയോ പറയുന്നത്?”

“അതേ എനിക്ക് ഭ്രാന്ത് ആണ്.. മുഴു ഭ്രാന്ത് “

അവൾ പൊട്ടിക്കരഞ്ഞു കൊണ്ട് അച്ഛന്റെ നെഞ്ചിലേക്ക് വീണു

വിങ്ങി പൊട്ടി അവളെല്ലാം പറഞ്ഞു കൊണ്ടിരുന്നു

“ഞാൻ എന്ത് വേണം അച്ഛാ?ശ്രീയുടെ ഭാവി എന്റെ ജീവിതവുമായി ചേർന്നു നശിച്ചു പോകാൻ അനുവദിക്കണമായിരുന്നോ? ഒന്നും വേണ്ട എന്ന് വെച്ചു  ശ്രീ നിൽക്കുമ്പോൾ  ശ്രീ ഇവിടെ നിന്നോളൂ എന്റെ നിഴലായ് നിന്നോളൂ എന്ന് പറയണമായിരുന്നോ?ശ്രീ പോട്ടെ അച്ഛാ. റഹ്മാൻ സാറിന്റെ ഒരു പാട്ട് ഇനി ചിലപ്പോൾ ശ്രീയേ തേടി വന്നില്ലെങ്കിലോ? ശ്രീ പോയി പാടട്ടെ. എന്റെ ശ്രീ ഉയരങ്ങളിൽ എത്തണം. എന്നെങ്കിലും ശ്രീക്ക് എന്നെ മനസിലാകും. അന്ന് ശ്രീ എന്നെ തേടി വരും.അത് വരെ എനിക്ക് അച്ഛനും അച്ഛന് ഞാനും മാത്രം മതി “

അവൾ കണ്ണീരോടെ ചിരിച്ചു

“പക്ഷെ മോളെ ഇത് നിനക്ക് വേറെ ഒരു വിധത്തിൽ അവനോട് പറയാമായിരുന്നു. മോളെ ആരുമില്ലാത്ത ഒരു പാവപ്പെട്ടവനോട് അവനീ ഭൂമിയിൽ ഏറ്റവും സ്നേഹിക്കുന്ന ആള് തന്നേ നിയെനിക്ക് ഒരു ബാധ്യത ആണെന്ന് പറഞ്ഞാൽ അവൻ ഒരിക്കലും പിന്നെ തിരിച്ചു വരില്ല. അത് വേണ്ടായിരുന്നു. അത് മാത്രം വേണ്ടായിരുന്നു “

അവൾ ഒന്നും പറഞ്ഞില്ല

അപ്പൊ അങ്ങനെ പറയാനാണ് തോന്നിയത്

പറഞ്ഞു

ശ്രീ പോയി

അവൾ കഴുത്തിൽ തടവി

“എന്റെ മാല നിനക്കിനി വേണ്ട.. നീ ഇനി എന്നെ കാണില്ലടി “

വാശിക്കാരനാണ്

അവൾ ഓർത്തു

വരില്ല… ഇനി വരില്ല

താൻ..

താൻ എത്ര നാൾ കാണാതെ ജീവിക്കും

കാളിംഗ് ബെൽ അടിക്കുന്നത് കേട്ട് അവൾ ചെന്നു വാതിൽ തുറന്നു

നകുലൻ

“അച്ഛനെ വിളിക്കാം അങ്കിൾ “

“ഒന്ന് നിന്നേ “പരുഷമായ സ്വരം

“ഞാൻ നിന്നേ കുറിച്ച് ഇങ്ങനെ ഒന്നുമല്ല കരുതിയത് അഞ്ജലി. ഹരി എന്റെ അരികിൽ വന്നിരുന്നു. നിന്നോട് പറയാൻ പറഞ്ഞു ഇനിയൊരിക്കലും ഒരു ശല്യമായി അവൻ വരില്ലാന്ന്. അവൻ പോയി. ഈ നാട്ടിൽ നിന്ന് തന്നെ. ഇനിയൊരിക്കലും ഈ നാട്ടിലേക്ക് വരില്ലാന്ന് പറഞ്ഞു പോയി. ഒരു ഗ്രാമത്തിന്റെ മൊത്തം സ്നേഹം അവൻ ഉപേക്ഷിച്ചു പോയെങ്കിൽ അവൻ നിന്നേ എത്ര മാത്രം സ്നേഹിച്ചു കാണും?നീ അവനെയെത്ര മാത്രം വേദനിപ്പിച്ചു കാണും?”

അവൾ തളർന്നു പോയ കണ്ണുകൾ ഉയർത്തിയില്ല കുനിഞ്ഞു നിന്നു മുഴുവൻ കേട്ടു

“അവനെ വേണ്ട എന്ന് വെയ്ക്കാൻ ഇത്രയും ദൂരം മുന്നോട്ട് പോകേണ്ട തില്ലായിരുന്നു. നിനക്ക് നാണക്കേട് ആയിരുന്നു എങ്കിൽ ഈ തമാശ അവനോട് തുടക്കത്തിൽ തന്നെ ഒഴിവാക്കാമായിരുന്നു. പാവമായിരുന്നില്ലേ അഞ്ജലി അവൻ?”

അതിനും അഞ്ജലി മറുപടി പറഞ്ഞില്ല

“ബാലു എവിടെ?”

അവൾ അകത്തേക്ക് കൈ ചൂണ്ടി

അയാൾ പോയപ്പോൾ ഓടി സ്വന്തം മുറിയിൽ വന്നു വാതിലടച്ച് കിടക്കയിൽ വീണു

ശ്രീ പോയി

നെഞ്ചിൽ ഒരു വേദന വന്നിട്ട് അവൾ നെഞ്ചു പൊത്തി

എവിടെയാണെങ്കിലും എന്റെ ശ്രീ സന്തോഷം ആയിട്ടിരിക്കണേ ദൈവമേ എന്നൊരു പ്രാർത്ഥന അവളുടെ ഉള്ളിൽ നിറഞ്ഞു

ഞാൻ ഇല്ലാതെയായാലും എന്റെ ശ്രീ നന്നായിരിക്കണേ
അവൾ കൈ കൂപ്പി പ്രാർത്ഥിച്ചു കൊണ്ടിരുന്നു

തുടരും…..

മുന്‍ ഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *