സത്യത്തിൽ ടീച്ചർ,എനിക്ക് കൃഷ്ണൻ ഉണ്ടെന്ന് വലിയ വിശ്വാസം ഒന്നു മില്ലായിരുന്നു കേട്ടോ.. ഒരു ദിവസം അച്ഛൻ വീട്ടിൽ ഇല്ലാതിരുന്ന….

ഹരേ കൃഷ്ണ

story written by Ammu Santhosh

സാധാരണ എന്റെ ട്യൂഷൻ ക്ലാസ്സിലേ കുട്ടികളോട് ഞാൻ വീട്ടിലേ കാര്യങ്ങൾ ഒന്നും ചോദിക്കാറില്ല. വിഷമം ഒക്കെ ഉണ്ടെങ്കിൽ അവർ തന്നേ വന്നു പറയും വരെ. ശ്രീകൃഷ്ണജയന്തി പ്രമാണിച്ച് അവധി കൊടുത്തിരുന്നുവെങ്കിലും ഒരു കുട്ടിക്ക് പരീക്ഷ ഉള്ളത് കൊണ്ട് അത് വന്നു. എട്ടാം ക്ലാസ്സിൽ ആണ് കക്ഷി. ഞാൻ ഒരു ലഡു ഒക്കെ കൊടുത്തു. ആ മോൾ ആസ്വദിച്ചു ആ ലഡു ഒക്കെ തിന്നുന്നത് നോക്കി ഞാൻ ഇരുന്നു. പെൺകുട്ടികൾ എന്ത് ഭംഗിയായി സംസാരിക്കുമെന്നോ. അത് നല്ലോണം സംസാരിക്കും.

“ടീച്ചർ എന്റെ അമ്മയും ടീച്ചറെ പോലെ ഒരു കൃഷ്ണ ഭക്തയാ” പെട്ടെന്ന് കുട്ടി പറഞ്ഞു. ഞാൻ ചിരിച്ചു കൊണ്ട് തലയാട്ടി.

“എന്റെ അമ്മ എപ്പോഴും ജപിക്കും അമ്മയ്ക്ക് ജപമാല ഉണ്ട്. “വീണ്ടും പറഞ്ഞു.

എനിക്കുമുണ്ട് ഞാൻ പറഞ്ഞു.

കുട്ടി വീണ്ടും പറഞ്ഞു

“സത്യത്തിൽ ടീച്ചർ,എനിക്ക് കൃഷ്ണൻ ഉണ്ടെന്ന് വലിയ വിശ്വാസം ഒന്നു മില്ലായിരുന്നു കേട്ടോ.. ഒരു ദിവസം അച്ഛൻ വീട്ടിൽ ഇല്ലാതിരുന്ന ഒരു സമയം എന്റെ വീട്ടിൽ ഒരു മൂർഖൻ പാമ്പ് വന്നു. ഞാനും അമ്മയും ഒരു മുറിയിൽ പേടിച്ചു ഇരുന്നു അമ്മയ്ക്ക് പേടിയൊന്നുമില്ലാരുന്നു പക്ഷേ ഞാനങ്ങ് പേടിച്ചു. അമ്മ അനങ്ങാതെ ഇരുന്ന് നാമം ജപിക്കുന്നത് കണ്ടു ഞാനമ്മയോട് പേടി ഇല്ലെ എന്ന് ചോദിച്ചു. അപ്പൊ അമ്മ പറഞ്ഞു എനിക്ക് കൃഷ്ണൻ ഉണ്ട് എന്ന്. അപ്പൊ തന്നെ ഒരു ഫ്ലൂട്ട് വായിക്കുന്ന ശബ്ദം കേട്ടു. ഞാനും അമ്മയും മാത്രം അത് കേട്ടുള്ളു. ആ പാമ്പ് വീട്ടിൽ നിന്ന് ഇഴഞ്ഞു പോകുകയും ചെയ്തു. അന്ന് ആണ് ഞാനും വിശ്വസിച്ചു പോയെ കൃഷ്ണൻ ഉണ്ടെന്ന് “

കുട്ടി പറഞ്ഞു നിർത്തിയപ്പോ എന്റെ ദേഹത്ത് കൂടി ഒരു കറന്റ്‌ പാസ്സ് ചെയ്ത പോലെ…

ഞാനങ്ങനെ നിശ്ചലയായി ഇരുന്നു പോയി

എനിക്ക് അത്ഭുതം ഒന്നും തോന്നിയില്ല

എത്രയോ സന്ദർഭങ്ങൾ എനിക്കുണ്ട്

എനിക്ക് എന്തെങ്കിലും വിഷമം വന്നാൽ ഞാനും പറയുന്ന ആദ്യ വാചകം അതാണ്

“എനിക്ക് എന്റെ കൃഷ്ണനുണ്ട് “

അത് ഒത്തിരി ധൈര്യം തരുന്ന ഒരു വിശ്വാസം ആണ്

നിന്നെ തകർക്കാൻ എന്തും വരട്ടെ

നിനക്ക് നേരിടാൻ ഏതു പ്രതിസന്ധിയും വരട്ടെ

നിനക്ക് നീന്തി കടക്കാൻ ഏത് കണ്ണീർ പുഴയും വരട്ടെ

നിനക്ക് കയറാൻ ഏത് മലയു മുണ്ടാകട്ടെ

“നിനക്ക് എന്നും ഞാനുണ്ട് “അത് കൃഷ്ണന് മാത്രമേ പറയാൻ കഴിയു

എന്നോട് അത് കൃഷ്ണൻ മാത്രമേ പറഞ്ഞിട്ടുള്ളു

നിന്നേ ഞാൻ ഒരിക്കലും വിട്ടുകളയില്ല ഉപേക്ഷിച്ച് പോകുകയുമില്ല എന്ന് വേറെ ഒരാളും എന്നോട് പറഞ്ഞിട്ടില്ല.

അത് കൊണ്ട് തന്നെ ജീവിതം പുഞ്ചിരിച്ചു കൊണ്ട് നേരിടാൻ പറ്റാറുണ്ട്

എന്റെ വിദ്യാർത്ഥിയുടെ അമ്മ പറയാറുണ്ടത്രേ. വലിയ കൃഷ്ണ ഭക്ത ആണ് നമ്മൾ എന്ന് പറയാൻ പാടില്ല. ചെറിയവരാണ് നമ്മൾ നമ്മളെക്കാൾ വലിയ ഭക്തർ ഉണ്ട് എന്ന്.

ഉണ്ടാവും.

അല്ല ഉണ്ട്

എന്നേക്കാൾ ഭഗവാനോട് ഭക്തി ഉള്ളവർ ഉണ്ട്

പക്ഷെ എന്നേക്കാൾ കൃഷ്ണനെ സ്നേഹിക്കുന്നവർ ഉണ്ടൊ..?

ഉണ്ടായിരിക്കും..

അല്ല ഉണ്ട്

ഞാൻ കുറച്ചു കൂടി ശുദ്ധി ആകാൻ ഉണ്ട്. അപ്പൊ അവരെ പോലെ ആകുമ്പോൾ എനിക്കും പറയാം

ഞാനാണ് ഭഗവാന്റെ ഏറ്റവും വലിയ ഭക്ത..

അതാണ് എന്റെ ഏറ്റവും വലിയ സ്വപ്നം

ഹരേ കൃഷ്ണ 🙏

Leave a Reply

Your email address will not be published. Required fields are marked *