ക്രിസ്തുമസ് കേക്ക്
എഴുത്ത്:-രാജീവ് രാധാകൃഷ്ണപണിക്കർ
ഓഫീസിലെ ക്രിസ്തുമസ് ആഘോഷം കഴിഞ്ഞപ്പോൾ നേരം നന്നേ വൈകിയിരുന്നു.
വെൽഫയർ അസോസിയേഷന്റെ വകയായി കിട്ടിയ ക്രിസ്തുമസ് കേക്കുമായി പുറത്തിറങ്ങുമ്പോൾ വീട്ടിൽ കേക്കിന് കാത്തിരിക്കുന്ന മരിയ മോളുടെ മുഖമായിരുന്നു മനസ്സിൽ.
ആഘോഷത്തിന്റെ ഭാഗമായി രണ്ടു പെഗ് അടിച്ചിരുന്നതിനാൽ വണ്ടി എടുക്കാൻ ഒരു മടി.
ക്രിസ്തുമസിന്റെ തലേന്നായതിനാൽ പോലീസ് ചെക്കിങ് കൂടുതലാണ്.
പിടിച്ചാൽ ഫൈൻ അടക്കുന്നതൊ പോകട്ടെ
നാണക്കേട് മിച്ചം.
എട്ടു മണിക്കാണ് വീടിനടുത്തു കൂടി പോകുന്ന അവസാന ബസ്.
ഇനിയും സമയമുണ്ട് .
അല്പസമയം മൊബൈലിൽ സല്ലപിക്കാം എന്ന ചിന്തയോടെ വെയ്റ്റിംഗ് ഷെഡ്ഢിനുള്ളിലേക്ക് ഒരു മൂളിപ്പാട്ടുമായി കയറി ചെല്ലുമ്പോഴാണ് ആ കരച്ചിൽ കേട്ടത്.
“അമ്മച്ചി മോൾക്ക് കേക്ക് വേണം.”
ഒരു കുഞ്ഞിന്റെ കരച്ചിൽ ആണ്.
അരണ്ട വെളിച്ചത്തിൽ അയാളാ കരച്ചിലിന്റെ ഉറവിടം തേടി.
സിമന്റ് ബഞ്ചിൽ ഇരിക്കുന്ന സ്ത്രീക്കു സമീപം വിങ്ങി കരഞ്ഞു കൊണ്ടിരിക്കുന്ന ചെറിയൊരു പെൺകുട്ടി.
മരിയ മോളുടെ പ്രായം തോന്നും.
മോളെ ഇന്ന് അമ്മച്ചിക്ക് കാശ് കിട്ടാത്തോണ്ടല്ലേ.നാളെ കാശു കിട്ടുമ്പോൾ വാങ്ങി തരാട്ടോ.
ആ സ്ത്രീ ആ കുഞ്ഞിനെ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്.
പക്ഷേ അവളുടെ കരച്ചിൽ അടക്കാൻ അത് പര്യാപ്തമായിരുന്നില്ല.
അവളുടെ കരച്ചിലിന് ശക്തി കൂടി വന്നു.
അവരാണെങ്കിൽ തലക്കു കൈ കൊടുത്ത് ഇരിക്കുകയാണ്.
ഒരു നിമിഷം അയാൾ തന്റെ കയ്യിലുള്ള കേക്കിലേക്ക് നോക്കി.
താൻ ചെല്ലുമ്പോഴേക്കും മകൾ ഉറങ്ങിയിരിക്കും. ഇത് ഈ കുട്ടിക്ക് നൽകി മോൾക്ക് നാളെ രാവിലെ ഒരെണ്ണം വാങ്ങി നൽകാം.
“സഹോദരി നിങ്ങൾ ആരാണെന്ന് എനിക്കറിയില്ല.ഇത് എനിക്ക് സമ്മാനം കിട്ടിയ കേക്ക് ആണ്. ഇത് മകൾക്ക് കൊടുക്കു. തടസ്സം പറയരുത്.”
ആ കുഞ്ഞിന്റെ കയ്യിലേക്ക് കേക്ക് ഏല്പിച്ചപ്പോൾ അവൾ സന്തോഷത്തോടെ ആ പൊതി വാങ്ങി കൈകളിൽ ഒതുക്കി.
“അയ്യോ വേണ്ട സാറെ. ഇന്ന് പൈസ കിട്ടുമെന്ന് കരുതിയാ കേക്ക് വാങ്ങി തരാം എന്ന് പറഞ്ഞു ഇവളെ കൂടി കൂട്ടിയത്.. ഇത്രേം വൈകുന്നത് വരെ കാത്തുനിന്നിട്ടും മുതലാളി വന്നില്ല. അതാ വാങ്ങാതിരുന്നത്.”
ആ സ്ത്രീ തടസ്സം പറയാൻ ശ്രമിച്ചു.
സാരമില്ല പെങ്ങളെ ഇത് പോലുള്ള ചെറിയ സമ്മാനങ്ങൾ ആണ് ക്രിസ്തുമസിന്റെ സത്ത തന്നെ. നിങ്ങൾ ഇത് സ്വീകരിക്കു. സാന്തക്ളോസ് തന്നതാണെന്ന് കരുതിയാൽ മതി.
അയാളുടെ കണ്ണുകളിൽ തെളിഞ്ഞ ആത്മാർത്ഥതയുടെ തിരയിളക്കം തിരിച്ചറിഞ്ഞു കൊണ്ട് അവർ പറഞ്ഞു “മെറി ക്രിസ്‌തുമസ് “