സുധാകരനാണ് പതിനൊന്നാം സാക്ഷി. നാലുപേ൪ കൂറുമാറി. രണ്ടുപേ൪ വിദേശത്താണുള്ളത്. അവരുടെ മൊഴി നമുക്കനുകൂലമാണ്……

കൂറുമാറ്റം

എഴുത്ത് :- ഭാഗ്യലക്ഷ്മി. കെ. സി

കോടതിയിൽ കേസ് നടക്കുകയാണ്. ഇന്നലെയും അവ൪ വന്നിരുന്നു. അവരുടെ ആവശ്യം യാതൊരു മടിയുമില്ലാതെ അവ൪ പറഞ്ഞു:

സുധാകരൻ കൂറുമാറണം.. മൊഴിമാറ്റിപ്പറയണം…

തന്റെ വെറുങ്ങലിച്ച മുഖത്തുനോക്കി അവ൪ പിന്നെയും പറഞ്ഞു:

സുധാകരനാണ് പതിനൊന്നാം സാക്ഷി. നാലുപേ൪ കൂറുമാറി. രണ്ടുപേ൪ വിദേശത്താണുള്ളത്. അവരുടെ മൊഴി നമുക്കനുകൂലമാണ്. ഒരാൾ മരിച്ചു പോയി. ബാക്കിയുള്ളവരെ ഞങ്ങൾ പോയിക്കണ്ട് സംസാരിച്ചിട്ടുണ്ട്..

സുധാകരന്റെ ഓർമ്മകൾ മൂന്ന് വർഷങ്ങൾക്ക് മുമ്പിലേക്ക് പറന്നു. അമ്മുവിന് പഴംവാങ്ങാൻ നാലും കൂടിയ മുക്കിലെത്തുമ്പോഴാണ് അവിടെ ഒരാൾക്കൂട്ടം കണ്ടത്. മരംമുറിക്കാൻ പോകാൻ ഡേവിഡ് വന്ന് കാത്തു നിൽക്കുന്നുണ്ട്. അവനോട് വേഗം വരാം, നീ നടന്നോ എന്നും പറഞ്ഞാണ് പീടികയിലേക്ക് കയറിയത്.

എന്താ രവീന്ദ്രേട്ടാ അവിടെയൊരാൾക്കൂട്ടം..?

നീ എന്താന്ന് വെച്ചാ വാങ്ങീറ്റ് പണിക്ക് പൂവ്വാൻ നോക്ക് സുധാകരാ…

രവീന്ദ്രേട്ടന്റെ ശബ്ദത്തിൽത്തന്നെ കനത്ത ഭയം തിങ്ങിനിന്നിരുന്നു. പതിവു പോലെ രാഷ്ട്രീയ വാഗ്വാദങ്ങളായിരിക്കും എന്നറിയാമായിരുന്നതുകൊണ്ട് വേഗം ഒരു കിലോ നേന്ത്രപ്പഴം വാങ്ങി റോഡിലേക്കിറങ്ങിയതായിരുന്നു.

പെട്ടെന്നാണ് ഒരു കരച്ചിൽ..

ആ.. അമ്മേ…

താനോടിച്ചെന്നു. ചുറ്റും നിൽക്കുന്നവരുടെ ഇടയിലൂടെ ഒന്നേ നോക്കിയുള്ളൂ.. കുഞ്ഞച്ചൻ കിടന്നുപിടയുകയാണ്. വയറിൽ ആരോ കു ത്തിയിരിക്കുന്നു. ആരും അടുക്കുന്നില്ല. താൻ ചുറ്റും നോക്കി. ബാലകൃഷ്ണന്റെ കൈയിൽ കത്തി കണ്ടു. മുഖത്ത് തെറിച്ച ചോ ര അയാൾ ഒരു കൂസലുമില്ലാതെ വിരലുകൾകൊണ്ട് തടച്ചുകളയുന്നു.

ആരോ പറഞ്ഞ് വിവരമറിഞ്ഞ് പോലീസെത്തി. കുഞ്ഞച്ചനെ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. പക്ഷേ അയാൾ മരിച്ചുപോയി. അവിടെ യുണ്ടായിരുന്ന മുഴുവൻ സാക്ഷികളുടെയും മൊഴി എടുക്കുന്ന കൂട്ടത്തിൽ സുധാകരന്റെയും മൊഴി രേഖപ്പെടുത്തി.

മറ്റുള്ളവ൪ പേടിച്ച് പലതും തുറന്നുപറഞ്ഞില്ല. പക്ഷേ സുധാകരൻ കണ്ടതു മുഴുവൻ പറഞ്ഞു. അന്നുമുതൽ പലരും സുധാകരനെ കാണാൻ വന്നുതുടങ്ങി. കൂറുമാറണം.. അതാണ് ആവശ്യം.

പക്ഷേ വന്നവ൪ക്ക് അറിയാത്ത ചിലതുണ്ട്…

മൂന്നാം ക്ലാസ്സിലെ അവസാനത്തെ ബെഞ്ചിലെ ഒരുകൊല്ലം ഒന്നിച്ചിരുന്നു പഠിച്ചപ്പോഴുണ്ടായിരുന്ന കൂട്ട്.. കുഞ്ഞച്ചൻ.. സുധാകരന് പലപ്പോഴും ഉച്ചയ്ക്ക് കഴിക്കാൻ പച്ചവെള്ളമേ കാണൂ. കുഞ്ഞച്ചൻ അവന്റെ പാത്രത്തിലെ കപ്പ പുഴുങ്ങിയത് വെച്ചുനീട്ടും. കത്തിക്കാളുന്ന വയറിനെ ഒളിച്ച് അവനോട് പറയും:

വേണ്ടെടാ.. എനിക്ക് വിശപ്പില്ല.

എങ്കിലും അവൻ നി൪ബ്ബന്ധിക്കും. വല്ലപ്പോഴും ഒരു കഷണം എടുക്കും. അത്രയും രുചിയോടെ ഭക്ഷണം പിന്നീടൊരിക്കലും കഴിച്ചിട്ടുണ്ടാകില്ല…

ഓരോന്നോ൪ത്ത് മരം മുറിക്കുമ്പോൾ ഡേവിഡ് ചോദിക്കും:

സുധാകരേട്ടാ.. എന്ത് തീരുമാനിച്ചു?

താനിരുത്തിയൊന്ന് മൂളും. അവരോടൊന്നും ഇതുവരെ പറഞ്ഞിട്ടില്ല കുഞ്ഞച്ചനുമായുള്ള അടുപ്പം. അവൻ വലുതായപ്പോൾ ബസ്സ് കഴുകാനും ക്ലീന൪ പണിക്കും പോയിത്തുടങ്ങി. സുധാകരൻ മരം മുറിക്കാനും തടിപിടിക്കാനും ലോറിയിൽ കയറ്റാനും വിറക് കീറാനുമൊക്കെ പോകാൻ തുടങ്ങി.

ഷാപ്പിൽ കയറാൻ നി൪ബ്ബന്ധിച്ചുവിളിച്ചപ്പോൾ പോകാഞ്ഞതുമുതലാണ് കുഞ്ഞച്ചൻ തന്നെക്കണ്ടാൽ ഗൌനിക്കാതായത്. അതുകൊണ്ടുതന്നെ അവനുമായുള്ള തന്റെ പഴയ പരിചയം ഇപ്പോൾ നാട്ടുകാർക്ക് ഒട്ടറിയുകയുമില്ല.

കുഞ്ഞച്ചനങ്ങനാ.. കണ്ടതിനും കേട്ടതിനുമൊക്കെ കേറി ഇടപെടും. ചിലപ്പോൾ അടികൊള്ളും. ചിലപ്പോൾ അടികൊടുക്കും. താനൊരു തല്ലുകൊള്ളിയാണെന്ന് ആര് പറഞ്ഞാലും കുഞ്ഞച്ചന് അത് വലിയ സംഭവവുമല്ല.

ന്യായം ആരുടെ പക്ഷത്താണെന്ന് സുധാകരന് ഇക്കണ്ടനേരമായിട്ടും അറിയുകയുമില്ല. പക്ഷേ ഒന്നറിയാം, അനാവശ്യമായി കുഞ്ഞച്ചൻ ആരുടെയും മേക്കിട്ട് കയറിയിട്ടില്ല. കയറുകയുമില്ല. ആ ഒരു ബലത്തിൽ താൻ ‌കണ്ടത് കണ്ടപോലെ പറഞ്ഞു. പക്ഷേ ഇപ്പോൾ തന്റെ നില പരുങ്ങലിലാണ്. ഭീഷണി ഭയന്ന് കോടതിയിൽ പോകണോ എന്നുപോലും സംശയമായിത്തുടങ്ങി സുധാകരന്..

സുധാകരേട്ടാ… ഒന്നിങ്ങ് താഴെ നോക്വാ?

വനജയാണ്.

എന്താ വനജേ?

സുധാകരേട്ടാ.. എന്റെ മക്കളെ വിചാരിച്ച് നിങ്ങളാ മൊഴി ഒന്ന് മാറ്റിപ്പറയണം…

വനജ കണ്ണീരൊലിപ്പിച്ചു.. മൂക്കുചീറ്റി.

അങ്ങേരെ കോടതി ശിക്ഷിച്ചാൽ എന്റെ രണ്ട് പെമ്പിള്ളാരെയുംകൊണ്ട് ഞാനെങ്ങനെ ഒറ്റക്ക് കഴിയും… ഞാള് ആരോരുല്ലാത്തോരാന്ന് സുധാരേട്ടനറിയാലോ…

വനജ പിന്നെയും കരഞ്ഞു.

നീയിപ്പം പോ.. നീ കരേന്നത് ആരേലും കണ്ടാൽപ്പിന്നെ അതുമതി..

സുധാകരൻ വനജയെ പറഞ്ഞയച്ചു.

രാത്രി കഞ്ഞികുടിക്കാനിരിക്കുമ്പോൾ ഭാര്യ ചോദിച്ചു:

എന്താ ഒരു മനഃപ്രയാസംപോലെ..? നാളെ പോവണ്ടതോ൪ത്തിറ്റാ..?

അയാൾ മൌനമായിരിക്കുന്നതുകണ്ടപ്പോൾ അവൾ വീണ്ടും പറഞ്ഞു:

നമുക്കൊരു പെൺകുട്ടിയാ.. അതോ൪മ്മവേണം..

അച്ഛാ.. അച്ഛനോട് ജഡ്ജിയെന്താ ചോദിക്വാ..?

മകളുടെ ശബ്ദം അയാളുടെ ചിന്തകളെ മുറിച്ചു. ആരോടും ഒന്നും പറയാൻ അയാൾക്ക് സാധിച്ചില്ല. അടുത്തദിവസം പോകാനിറങ്ങുമ്പോൾ മകൾ വന്ന് ചെവിയിൽ സ്വകാര്യമായി പറഞ്ഞു:

അച്ഛാ.. ആ മരിച്ചുപോയ ആള് അച്ഛന്റെയൊന്നിച്ച് പഠിച്ചതല്ലേ.. പണ്ട് അച്ഛൻ പറഞ്ഞിറ്റ്ലേ.. കപ്പ പുഴുങ്ങിയതെല്ലാം തര്ന്ന..

ഉം..

അയാൾ ചോദ്യഭാവത്തിൽ മകളുടെ മുഖത്തേക്ക് നോക്കി.

അവൾ പറഞ്ഞു:

അച്ഛൻ പറഞ്ഞതൊന്നും മാറ്റിപ്പറയല്ലേ.. കുഞ്ഞച്ചൻ അച്ഛന്റ ബെസ്റ്റ് ഫ്രന്റല്ലേ..

കോടതിയിൽ കൂട്ടിൽ നിൽക്കുമ്പോൾ അയാളുടെ മുട്ടുകൾ വിറച്ചു.

ജഡ്ജി ചോദിച്ചു:

മൊഴിയിലുറച്ചുനിൽക്കുന്നുണ്ടോ..?

ഉണ്ട്.. ഞാൻ കണ്ട കാര്യങ്ങളാണ് പറഞ്ഞത്..

തൊഴുകൈകളോടെ അത്രയും പറയുമ്പോൾ സുധാകരൻ കരയുകയായിരുന്നു.

കുഞ്ഞച്ചാ നീ തന്ന കപ്പ പുഴുങ്ങിയതിന്റെ കടമെങ്കിലും ഞാനൊന്ന് വീടട്ടേടാ..

മനസ്സിൽപറഞ്ഞ് അയാൾ തള൪ന്ന് ബെഞ്ചിൽ ഒരുമൂലയിൽ വന്നിരുന്നു.

ശിക്ഷ വിധിച്ചതും പ്രതികളെ ജയിലിലേക്ക് കൊണ്ടുപോയതും ഒന്നും കാണാതെ ഏറെനേരം ഒരേയിരിപ്പ്… സുധാകരൻ അപ്പോഴും കരയുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *