സദ്യ
എഴുത്ത്:-ഭാഗ്യലക്ഷ്മി. കെ. സി
പീതാംബരേട്ടാ ഇത്രേം മതിയോ..?
ജോസൂട്ടി പാത്രത്തിലൊഴിച്ച പാൽ പീതാംബരനെ കാണിച്ചിട്ട് ചോദിച്ചു. പീതാംബരൻ തല കുലുക്കി. മുറുക്കിക്കൊണ്ടിരുന്ന വായിലെ മുറുക്കാൻ, എഴുന്നേറ്റ് തൊടിയിലേക്ക് പോയി നീട്ടിത്തുപ്പി വായും കഴുകി തിരിച്ചുവന്ന് പീതാംബരൻ വീണ്ടും കiത്തി കൈയ്യിലെടുത്ത് പച്ചക്കറി നുiറുക്കിത്തുടങ്ങി.
അതാരാടാ തെക്കേമിറ്റത്ത് നിക്കണ ട്രൌസറ്കാരി..? കല്യാണം കൂടാൻ വന്നതാ..?
അയാൾ ജോസൂട്ടിയോട് ശബ്ദം താഴ്ത്തി ചോദിച്ചു.
ജോസൂട്ടി ചുമൽ കുലുക്കി തനിക്കറിയാമ്പാടില്ല എന്ന് കാണിച്ചു.
ജോസൂട്ടിക്ക് ഓ൪മ്മവെച്ചനാൾ മുതൽ പീതാംബരന്റെ ശിങ്കിടിയായി സദ്യവട്ടം ഒരുക്കാൻ നടക്കലാണ് പണി. സ്കൂളിൽ എട്ടാം ക്ലാസ്സ് വരെയേ ജോസൂട്ടി പോയിട്ടുള്ളൂ. പക്ഷേ പീതാംബരേട്ടൻ കോളേജി ലൊക്കെ പോയി വലിയ പഠിപ്പൊക്കെ പഠിച്ചതാണെന്ന് അവനറിയാം. ജോലി, സദ്യ ഉണ്ടാക്കലാണെങ്കിലും പീതാംബരേട്ടന് പാചകത്തോടുള്ള ഇഷ്ടം കൊണ്ടാണ് ഈ ജോലി തിരഞ്ഞെടുത്തതെന്നും വലിയ ഏതോ ജോലി കളഞ്ഞിട്ട് വന്നതാണെന്നും അതിന്റെ പിറകിൽ അധികമാരുമറിയാത്ത എന്തോ ചില ഗുട്ടൻസുണ്ടെന്നും ഏതോ പാചകപ്പുരയിൽനിന്ന് ജോസൂട്ടി ആരുടെയോ വാക്കുകൾ കേട്ട് മനസ്സിലാക്കിയിട്ടുണ്ട്.
അതുകൊണ്ടെന്താ ജോസൂട്ടി ഇന്നേവരെ പീതാംബരേട്ടന്റെ മുൻകാലചരിത്രം നേരിട്ട് ചോദിക്കാൻ പോയിട്ടില്ല. അവനങ്ങോട്ട് കാണിക്കുന്ന ബഹുമാനോം അവനിങ്ങോട്ട് കിട്ടുന്ന വാത്സല്യോം കാണുന്നോ൪ക്കൊക്കെ പെരുത്തിഷ്ടാ. ഏത് സദ്യ ഉണ്ടാക്കുന്ന സ്ഥലാവട്ടെ അവരുടെ ചങ്ങാത്തവും പാചകവും വാചകമടിയും ചുവടുവെപ്പും കാണുന്നോരുടെ മനസ്സ് നെറക്കും.
ഒരിക്കൽ മനസ്സ് നെറച്ചാൽ പിന്നെ അവിടുന്നെറക്കിവിടാതെ എല്ലാവരും നെഞ്ചോട് ചേ൪ത്തുപിടിക്കേം ചെയ്യും. അങ്ങനാണ് അവര് രണ്ടുപേരും ആ നാട്ടിലെ പേരുകേട്ട സദ്യക്കാരായത്.
കല്യാണവീട്ടിലെ കാരണവരും അളിയന്മാരും പാചകപ്പുരയിൽ ഇടക്കിടെ വന്ന് കാര്യങ്ങളൊക്കെ അന്വേഷിക്കുന്നുണ്ട്. വേണ്ടുന്ന സഹായങ്ങളൊക്കെ ചെയ്യാൻ വേറെയും മൂന്നുനാല് പേരെ നി൪ത്തിയിട്ടുമുണ്ട്. വലിയ തറവാടായതുകൊണ്ട് നാല് ദിവസത്തേക്കാണ് അവരുടെ മുഴുവൻ സേവനവും ബുക്ക് ചെയ്തിരുന്നത്. ലിസ്റ്റ് പ്രകാരമുള്ള മുഴുവൻ സാധനങ്ങളും എത്തിയിട്ടുണ്ട്.
സുന്ദരിമാരായ കോളേജ് കുട്ടികളുടെ ആട്ടവും പാട്ടും ഒരു ഭാഗത്ത്. പന്തലിൽ ഡസ്കിനടിച്ച് പാട്ട് പാടി ഇത്തിരി ലiഹരിസേവ തുടങ്ങിയവ൪ മറ്റൊരു ഭാഗത്ത്. കല്യാണത്തലേന്നായപ്പോൾ അന്തരീക്ഷം കൊഴുത്തു.
ജോസൂട്ടിയേ.. നീയാ കുട്ടിയെക്കുറിച്ച് ആരോടെങ്കിലും ഒന്നന്വേഷിക്കെടാ…
പീതാംബരേട്ടൻ ഉള്ളിയരിഞ്ഞ് നീറിയ കണ്ണുകൾ തുടച്ചുകൊണ്ട് പറഞ്ഞു.
എന്താ പീതാംബരേട്ടാ.. അവളെ കാണുമ്പോൾ വല്ല ഫ്ലാഷ്ബാക്കും ഓ൪മ്മ വരുന്നുണ്ടാ..?
ബിരിയാണിച്ചെമ്പിലേക്ക് അരിയിട്ടുകൊണ്ട് ജോസൂട്ടി ചിരിയോടെ ചോദിച്ചു.
പീതാംബരൻ കൈയ്യിലിരിക്കുന്ന കiത്തി കാട്ടി മൂക്ക് മുiറിക്കുമെന്ന് ആംഗ്യം കാട്ടി.
പക്ഷേ ജോസൂട്ടിക്ക് അറിയാമായിരുന്നു ഈ പ്രാവശ്യം ഇവിടെ വന്നതുമുതൽ പീതാംബരേട്ടനെ എന്തോ ചില ചിന്തകൾ അലട്ടുന്നുണ്ട് എന്ന്. രണ്ട് ദിവസമായി അയാൾ നേരാംവണ്ണം ഉറങ്ങിയിട്ട്. എന്തായാലും ആ കുട്ടിയുടെ കാര്യം രഹസ്യമായി ഒന്നന്വേഷിച്ചിട്ട് തന്നെ കാര്യം.. ജോസൂട്ടി തീരുമാനിച്ചു.
അടുപ്പിലേക്ക് ഒരു കണ്ണ് വേണമെന്ന് പീതാംബരേട്ടനോട് ആംഗ്യം കാണിച്ച് കിണറിൽനിന്നും ശുദ്ധജലമെടുക്കാനെന്ന മട്ടിൽ ജോസൂട്ടി അടുക്കളപ്പുറത്തേക്ക് പോയി. അവിടെ പിള്ളേരുടെ സെൽഫിയെടുക്കലും റീൽസ് പിടുത്തവും മുറ്റത്തും വടക്കേ ഇറയത്തും തകൃതിയായി നടക്കുന്നുണ്ട്. അവരിൽനിന്ന് മാറി ഒറ്റപ്പെട്ട് ആ പെൺകുട്ടി മാത്രം ദൂരെ എവിടെയോ നോക്കിനിൽപ്പാണ്. കാഴ്ചയിൽ പത്തിരുപത് വയസ്സുണ്ട്. ചന്തമൊക്കെയുണ്ടെങ്കിലും മിഴികളിൽ ഒരു വിഷാദഭാവം പെട്ടെന്ന് ശ്രദ്ധിക്കപ്പെടും.
അടുത്തുകണ്ട ഒരു ചേച്ചിയോട് ജോസൂട്ടി ചോദിച്ചു:
ഇതെന്താ ബാക്കിയെല്ലാരും ഡാൻസും പടം പിടിക്കലുമായി നടക്കുമ്പോൾ ആ കുട്ടി മാത്രം ഇവരുടെ കൂടെ കൂടാതെ മാറി നിൽക്കുന്നത്..?
കഴുകുന്ന പാത്രം നിലത്തുവെച്ച് അവ൪ തിരിഞ്ഞുനോക്കി.
ഓ.. അതോ.. ആ കൊച്ച് കല്യാണത്തിന് കൂടാൻ വന്നതൊന്നുമല്ല…
പിന്നെ..?
അവൾ എന്നതോ പഠിക്കാൻ രണ്ടാഴ്ചത്തേക്ക് തെക്കേമിറ്റത്തെ ശാരദേച്ചിയുടെ വീട്ടിൽ വാടകക്ക് താമസിക്കാൻ വന്നതാ..
ഓ.. അതുശരി..
അവിടെ വന്നപ്പോൾ ഇവിടെ കല്യാണത്തിരക്ക്.. അതിന്റെ പഠിത്തം ഏതായാലും രണ്ടാഴ്ച കൂടെ നീട്ടേണ്ടിവരും.. എപ്പോഴും എഴുത്താ.. എഴുത്ത്…
അതിപ്പോ.. ഈ നാട്ടിൽ കോളേജൊന്നുമില്ലല്ലോ.. ഇവിടെ താമസിച്ചു പഠിക്കാൻ..?
ജോസൂട്ടി കൊളുത്ത് ഒന്നുകൂടി ആഞ്ഞെറിഞ്ഞു.
അതുപിന്നെ.. ടൌണീന്ന് ഗൌരീശങ്കരൻ പറഞ്ഞയച്ചതായാ ഇവ൪ക്ക് അമ്മാവനും മരുമോൾക്കും തള്ളാൻ പറ്റ്വോ.. അപ്പുറത്തും ഇപ്പുറത്തുമായി നാല് മക്കളും വീടെടുത്ത് ഐക്യത്തോടെ താമസിക്കുന്നതല്ലേ.. ഗൌരിയല്ലേ മൂത്തവൻ..
ജോസൂട്ടിക്ക് ഒന്നും മനസ്സിലായില്ലെങ്കിലും ശബ്ദം കുറച്ച് ആ ചേച്ചി പറഞ്ഞതിൽ എന്തോ ചില രഹസ്യങ്ങൾ ഒളിഞ്ഞുകിടപ്പുണ്ട് എന്ന് ജോസൂട്ടിക്ക് തോന്നി. കിണറിൽനിന്നും വെള്ളവുമെടുത്ത് അവൻ വേഗം തന്നെ പീതാംബരസമക്ഷം ഹാജരായി ചൂടോടെ താൻകേട്ട വിശേഷങ്ങൾ വിളമ്പി.
പീതാംബരൻ കറിക്ക് നുറുക്കുന്നത് നി൪ത്തി കത്തിയും പച്ചക്കറിയുടെ അടുക്കും സഹായിയുടെ നേരെ നീക്കിവെച്ചു. പെട്ടെന്ന് എഴുന്നേറ്റ് പുറത്തിറങ്ങി. പീതാംബരേട്ടന്റെ ഭാവമാറ്റം ജോസൂട്ടിക്കും ആശ്ചര്യ മുണ്ടാക്കി. തിരക്കിലായിപ്പോയി.. അല്ലാരുന്നെങ്കിൽ പിടിച്ചിരുത്തി കഥ മുഴുവൻ പറയിപ്പിച്ചേനേ.. താൻ സ്നേഹത്തോടെ ചിലതെല്ലാം ചോദിച്ചാൽ നല്ല മൂഡിലാണേൽ പീതാംബരേട്ടൻ എല്ലാം വിസ്തരിച്ച് പറയും. ഇനി അതല്ല ഒട്ടും ഇഷ്ടപ്പെടാത്ത സമയമാണെങ്കിൽ നേരിട്ട് കണ്ണിലല്ലാതെ ചരിഞ്ഞ ഒരു നോട്ടം നോക്കും.. ഒരു മാതിരി കലിപ്പിലാണെന്ന് മനസ്സിലായാൽ പിന്നെ ജോസൂട്ടി ഒന്നും തന്നെ ചോദിക്കാൻ നിൽക്കാതെ വേഗം പാചകത്തിലേക്ക് തിരിയും.
ഇതിപ്പോ.. പീതാംബരേട്ടൻ എങ്ങോട്ടാ മാറിനിൽക്കുന്നത് എന്നറിയാൻ ജോസൂട്ടി താണും ചരിഞ്ഞും ആവുന്നതും നോക്കി.
ആരെയാ നോക്കുന്നത്..?
ശാരദേച്ചി വലിയ സ്റ്റീൽ പാത്രങ്ങൾ അഞ്ചാറെണ്ണം അട്ടിക്കെടുത്തു കൊണ്ടുവന്ന് മേശമേൽ വെച്ചുകൊണ്ട് ചോദിച്ചു.
അതുപിന്നെ .. പീതാംബരേട്ടൻ അങ്ങോട്ട് തെറ്റിയാൽ എനിക്ക് പാചകത്തിന്റെ അളവ് കിട്ടില്ല… എല്ലാം അതാതുസമയം ചോദിച്ചോണ്ട് ചെയ്യണം..
അയാളിപ്പോൾ വരും.. നമ്മുടെ കുഞ്ഞോളോട് എന്തോ മിണ്ടീം പറഞ്ഞും നിൽക്കുന്നതുകണ്ടു..
ശാരദേച്ചി പാത്രങ്ങൾ അവിടെവെച്ച് മടങ്ങുമ്പോൾ ജോസൂട്ടി ചോദിച്ചു:
അതാരാ ഈ കുഞ്ഞോള്..?
ഗൌരീശങ്കരൻ പറഞ്ഞയച്ച ആ കുട്ടിയില്ലേ.. അവളെ ഞങ്ങള് കുഞ്ഞോള്ന്നാ വിളിക്കണതേ…
അത് ശങ്കരേട്ടന്റെ മോളാ..?
മോളോ..?!! ഹാ.. കേമായി.. എവിട്ന്നോ എടുത്ത് വള൪ത്തിയതാ.. അതിന്റെ പേരില് പുകില് ണ്ടാക്കി എമ്പാടുംന്നല്ലാതെ കല്യാണം കഴിക്കവരെ ചെയ്യാതെ അവളെ പഠിപ്പിക്കയല്ലേ….
അതും പറഞ്ഞ് ശാരദേച്ചി പോയി.
അതുശരി.. എന്നാലിത് പീതാംബരേട്ടന്റെ മകളായിരിക്കും.
പീതാംബരനും ഗൌരീശങ്കരനും ഒന്നിച്ച് കളിച്ച് വള൪ന്നതല്ലേ .. അവരെ ചെറുപ്പത്തിൽ ഒന്നിച്ചല്ലാതെ കണ്ടിട്ടുണ്ടോ…
മുറ്റത്തുനിന്ന് ആരോ ഇന്നലെ പറഞ്ഞ വാക്കുകൾ ജോസൂട്ടിയുടെ ചെവിയിൽ ഇരമ്പി.
കള്ളക്കാമുകാ …
പീതാംബരൻ തിരിച്ചുവന്നതും ജോസൂട്ടി ഒന്ന് കളിയാക്കാൻ ശ്രമിച്ചു.
പക്ഷേ ആ മുഖത്ത് വളരെ സന്തോഷവും അതിലേറെ നിഗൂഢതയും ഒളിച്ചിരിക്കുന്നത് ജോസൂട്ടി കണ്ടു.
പ്രകോപനത്തിൽ തരിമ്പും വീഴാതെ പീതാംബരൻ പാചകത്തിലേ൪പ്പെട്ടു. നാസാദ്വാരങ്ങളെ തൊട്ടുണ൪ത്തുന്ന പാചകം. എല്ലാവരും അടുപ്പിനടുത്തുകൂടി പലവട്ടം കടന്നുപോയി. ഒടുവിൽ ബിരിയാണിച്ചെമ്പ് തുറക്കുന്ന സമയമായി. എല്ലാവരും ധൃതിയിൽ കസേര പിടിക്കാനുള്ള ശ്രമത്തിലായി. പാട്ടും ഡാൻസും തത്കാലം നിന്നു. സുഗന്ധം വായുവിൽ കുതിച്ചുയ൪ന്നു.
നാല് പന്തിയിൽ എല്ലാവരും ഇരുന്ന് കഴിഞ്ഞു. ഊണ് തീരാറായി.
ഇനിയാരാ ബാക്കി..?
സച്ചിയേട്ടൻ വിളിച്ചു ചോദിച്ചു.
ജോസൂട്ടീ.. നീയിരുന്നോ… ഞാൻ ശങ്കരൻ വന്നിട്ട് കഴിച്ചോളാ…
പീതാംബരൻ പറഞ്ഞു.
ഏയ്.. അത് പറ്റില്ല.. ഞാൻ പീതാംബരേട്ടനൊപ്പമേ ഇരിക്കുന്നുള്ളൂ…
എടാ.. ഒരുപാട് ജോലിയുണ്ടെടാ.. നീ എന്നെ നോക്കേണ്ട വൈകുന്നേരവും നാളെയും സദ്യ കേമമാവണം.. എത്ര കാലം കൂടിയാ ശങ്കരന് എന്റെ കൈ കൊണ്ട് ഉണ്ടാക്കിയ സദ്യ കൊടുക്കാൻ പോകുന്നതെന്നറിയോ…
പറഞ്ഞുതീ൪ന്നില്ല. ഗേറ്റിനടുത്ത് ഒരു വലിയ ബെൻസ് വന്നുനിന്നു. ഗൌരീശങ്കരൻ ഇറങ്ങിവന്നു. ശാരദേച്ചിയും കുഞ്ഞോളും കല്യാണ പ്പെണ്ണും സച്ചിയേട്ടനും എല്ലാവരും ഓടി അടുത്തെത്തി. എല്ലാവരുടെയും സന്തോഷം ഒന്ന് കാണേണ്ടതുതന്നെ.. ഇതിനിടയിൽ കുഞ്ഞോള് ശങ്കരന്റെ കാതിലേക്ക് മുഖം ചേർത്ത് എന്തോ സ്വകാര്യം പറഞ്ഞു. അയാളുടെ കണ്ണുകൾ ചുറ്റിനും തിരഞ്ഞു..
എവിടെ..? എവിടെ..? പീതാംബരാ… കിട്ടുണ്ണീ..
പീതാംബരൻ ചിരിച്ചുകൊണ്ട് ശങ്കരന്റെ അരികിലെത്തി.
ചെണ്ടക്കാരാ… വേണ്ട.. വേണ്ട…
പരസ്പരം ആലിംഗനം ചെയ്തും ചിരിച്ചും സംസാരിച്ചും അവർ പന്തലിലേക്ക് നടന്നുവന്നു.
മുത്തശ്ശീ..
അകത്തുനിന്ന് ഏറെ പ്രയാസപ്പെട്ട് ശങ്കരനെ കാണാൻ വന്ന മുത്തശ്ശിയെ ഗൌരീശങ്കരൻ വാരിപ്പുണ൪ന്നു.
നീ നരച്ചല്ലോ കുട്ട്യേ..?
ഈ പീതാംബരനോ..? അവനല്ലേ എന്നേക്കാൾ കൂടുതൽ നര..?
ശങ്കരൻ കളിയായി പറഞ്ഞു.
എല്ലാവരും ആഹാരം കഴിക്കൂ.. എന്നിട്ടാവാം ബാക്കി…
പന്തലിൽ അവ൪ക്ക് മൂന്നുപേ൪ക്ക് മാത്രമായി ഒരു മേശപ്പുറത്ത് സദ്യ വിളമ്പി. എല്ലാവരും ചുറ്റിനും നിന്ന് രസങ്ങൾ പറഞ്ഞ് അവരെ ഊട്ടി.
എന്താ പീതാംബരേട്ടാ ശങ്കരേട്ടൻ കല്യാണം കഴിക്കാഞ്ഞത്..?
ജോസൂട്ടി വൈകുന്നേരത്തേക്കുള്ള പാചകത്തിന്റെ തീ താഴ്ത്തി ചട്ടുകം മാറ്റിവെച്ച് നെറ്റിയിലെ വിയ൪പ്പ് തുടച്ചുകൊണ്ട് ചോദിച്ചു. കനലിൽ വാ൪ത്തെടുത്ത കണ്ണുകൾ പോലെ പീതാംബരന്റെ കണ്ണുകൾ നീറിച്ചുകന്നു.
അല്പനേരത്തെ മൌനത്തിന് ശേഷം അയാൾ ആ കഥ പതിയെ പറഞ്ഞു.. ജോസൂട്ടിയോടായി മാത്രം…
ഒരു ദിവസം അവ൪ രണ്ടുപേരും റോഡിലൂടെ ഇരുട്ടത്ത് നടന്നുവരിക യായിരുന്നു. നായ്ക്കുട്ടികൾ കടിച്ചുവലിക്കുന്ന ഒരു കീറഭാണ്ഡക്കെട്ടിൽ രണ്ട് പിഞ്ചുപാദങ്ങൾ പുറത്തേക്ക് തള്ളിനിൽക്കുന്നത് കണ്ട് അവ൪ അന്തം വിട്ടു. നായകളെ ഓടിച്ച് അവരത് തുറന്നുനോക്കി. ശാന്തമായി ഉറങ്ങുന്ന ഒരു പെൺകുട്ടി. ഓമനത്തമുള്ള മുഖം.. ജനിച്ച് അധികം ദിവസമായിട്ടില്ല..
അവളാണോ ആ കുഞ്ഞോള്..?
ജോസൂട്ടി ആകാംക്ഷയോടെ ചോദിച്ചു.
പീതാംബരൻ അതെയെന്ന് തലയാട്ടി. ചുണ്ടിൽ വിരൽവെച്ച് ശൂ.. എന്ന് ആരോടും പറയരുത് എന്ന് ആംഗ്യം കാട്ടി.
അപ്പോഴേക്കും കല്യാണവീട്ടിൽ ലൈറ്റുകൾ തെളിഞ്ഞു. ചുവടുകൾ മുറുകി. ഗൌരീശങ്കരൻ കുഞ്ഞോളുടെ കൈയ്യും പിടിച്ച് മുറ്റത്ത് ഒരു നാടൻ പാട്ടിന്റെ ശീലുകൾ പാടിത്തുടങ്ങി. ആരവമുയ൪ന്നു. കൊട്ടും പാട്ടും തകൃതി.
ഇന്ന് നമ്മ പൊളിക്കും… അല്ലേ പീതാംബരേട്ടാ..?
ജോസൂട്ടിക്കും ഉത്സാഹം ഉച്ചസ്ഥായിലായി.
പിന്നല്ലാതെ..
പീതാംബരൻ സാലഡിനുള്ള കക്കിരി നുറുക്കിത്തീ൪ത്തു.
അപ്പോപ്പിന്നെ.. പീതാംബരേട്ടൻ എന്താ കല്യാണം കഴിക്കാഞ്ഞേ..?
എടാ.. അവന് വല്ലോം പറ്റിയാല്.. കുഞ്ഞോളെ നോക്കാൻ ഒരാള് കൂടെ ഈ ലോകത്ത് എവിടെയെങ്കിലും വേണ്ടേ..? അവൻ വലിയ പൈസ ക്കാരനല്ലേ.. അവന്റെ തണലില് തന്നെ അവള് വളരണമെന്ന് അവന് നി൪ബ്ബന്ധം… എന്നാപ്പിന്നെ.. ഇത്തിരി ദൂരെ മാറിനിന്ന് ഞാനത് കണ്ടോളാമെന്ന് ഞാനും തീരുമാനിച്ചു.. അവ൪ക്കിടയിലേക്ക് ഞാനൊരി ക്കലും കയറിച്ചെല്ലാതെ നോക്കി.. ഞാനൊരു പാചകക്കാരൻ… അവൾക്ക് കുറച്ചിലാവരുതല്ലോ…
ഹഹഹ..
ജോസൂട്ടി രസിച്ചു ചിരിച്ചു.
ശങ്കരേട്ടനേക്കാൾ ഉയരത്തിലെത്താൻ കെൽപ്പുള്ള മനുഷ്യനാണ് ഈ പറയുന്നത്…
പീതാംബരൻ ശബ്ദം താഴ്ത്തി ഒന്നുകൂടി പറഞ്ഞു:
ഇനീപ്പോ.. അവളൊരു ജോലിയൊക്കെ ആക്കീട്ടുവേണം എനിക്കും ശങ്കരനും പെണ്ണുനോക്കാൻ…
ജോസൂട്ടി ഒന്നുകൂടി പൊട്ടിച്ചിരിച്ചു.
ആ ചിരികേട്ടുകൊണ്ട് ശങ്കരൻ വിളിച്ചു:
പീതാംബരാ.. ജോസൂട്ടീ.. ഇങ്ങോട്ട് വാടാ.. ഒരു പാട്ട് പാടാം.. എല്ലാവർക്കും കൂടി രണ്ട് ചോട് വെക്കാം..
അവ൪ ആഹാരം നിറഞ്ഞ പാത്രങ്ങൾ മൂടിയെടുത്ത് ഭദ്രമായി മൂടിവെച്ച്, പരസ്പരം തോളിൽ കൈയ്യിട്ട് പന്തലിലേക്ക് താളത്തിൽ ചോടുവെച്ച് നടന്നു, ശങ്കരനും കുഞ്ഞോൾക്കുമൊപ്പം ആഘോഷം കെങ്കേമമാക്കാൻ.