സെക്കന്റുകൾ മിനിറ്റുകളായി പോയിക്കൊണ്ടിരുന്നു… ഇതിനിടയിൽ എന്റെ മുഖത്ത് വെള്ളരിക്ക പൂശിയ കാര്യമൊക്കെ ഞാൻ മറന്നു പോയി…അത് മുഖത്തു നിന്ന് കഴുകി കളയാനും മറന്നു……

_upscale

Story written by Divya Kashyap…

ഒന്ന് രണ്ടാഴ്ചകളായിട്ട് നല്ല തിരക്കാണ്.. ഓഫീസിൽ നിന്ന് ഇറങ്ങുമ്പോൾ തന്നെ ആറ് ആറര ആകും… ഏത് സമയവും സിസ്റ്റത്തിലേക്ക് നോക്കി കുത്തിയിരുന്നു തിരിച്ചുവന്ന് ഒരു കുളിയും പാസാക്കി എന്തെങ്കിലും ഒന്ന് കഴിച്ചിട്ട്പി ന്നെ ഫോൺ കയ്യിലെടുക്കും.. പിന്നെ കുറച്ചു മണിക്കൂറുകളോളം ഫോണിൽ കുത്തലും തോണ്ടലും അതിനിടയിൽ കഥകൾ എഴുതി പോസ്റ്റ് ചെയ്യലും…അങ്ങനെ എല്ലാം കൂടി കണ്ണിന് വല്ലാത്തൊരു തെളിച്ച കുറവ്….

ഇന്നലെ രാവിലെ കുളി കഴിഞ്ഞ് വന്നു കണ്ണാടിയിൽ ഒന്ന് സൗന്ദര്യം നോക്കിയപ്പോഴാണ് മൊത്തത്തിൽ ആകപ്പാട് ഒരു വശപ്പെശക് തോന്നിയത്… കണ്ണിന് കീഴെ ഒക്കെ കറുപ്പ് വീണിരിക്കുന്നു…മുഖത്തിന് മൊത്തത്തിൽ ഒരു സൗന്ദര്യമില്ലായ്മ…. ഫ്രഷ്നസ് അത്ര പോരാ…..

ഓഹ്..രാവിലെ തന്നെ നെഗറ്റീവ് എനർജി…

ഇതിപ്പോ എന്ത് നാടൻ മരുന്ന് പ്രയോഗിക്കും..?? മൂക്കത്ത് വിരൽ വെച്ച് കുറച്ചുനേരം നിന്ന് ആലോചിച്ചപ്പോഴാണ്… വീട്ടിലെ അമ്മയുടെ അലമാരയിലെ ആയുർവേദ പുസ്തകത്തെ എൻ്റെ മനസ് സജസ്റ്റ് ചെയ്തത്…ഒരു പത്ത് അഞ്ഞൂറ് പേജ് ഉണ്ടതിന്… അതിൽ ഉണ്ടാവും…ഓടി ചെന്ന് അലമാര തുറന്നു പുസ്തകമെടുത്ത് അതിൽ നിന്ന് മുഖസൗന്ദര്യത്തിന്റെ പേജ് തിരഞ്ഞെടുത്തു…

“ഹാ.. കൊള്ളാം ലോ…. പലയിടത്തും വായിച്ചിട്ടും കേട്ടിട്ടും ഉള്ളതു തന്നെയാണ് അതിൻറെ ആദ്യവരിയിൽ തന്നെ കിടക്കുന്നത്…

വെള്ളരിക്ക അടിച്ചു നീരാക്കി പുരട്ടിയാൽ മതി.. കണ്ണിൻറെ കീഴിലുള്ള കറുപ്പ് എല്ലാം അപ്പാടെ മാറും… ഒന്നുകിൽ രാവിലെ കുളിക്കുന്നതിനു മുൻപ് തേച്ചുപിടിപ്പിച്ചിട്ട് അരമണിക്കൂർ കഴിയുമ്പോൾ കുളിയോട് കൂടി കഴുകിക്കളയുക ഇളം ചൂടുവെള്ളത്തിൽ കഴുകി ഒപ്പിയെടുക്കുന്നതാണ് ഉത്തമം…

അപ്പൊ പിന്നെ വിട്ടു കളയണ്ട… നാളെ മുതൽ തുടങ്ങിയേക്കാം…. വൈകിട്ട് ഓഫീസിൽ നിന്ന് വരുന്ന വഴി കടയിൽ കയറി അത്യാവശ്യം മുഴുത്ത ഒരു വെള്ളരിക്ക തന്നെ വാങ്ങി…

ഇനി ഇത് അരച്ച് പുരട്ടുന്നതാണ് പ്രശ്നം വെള്ളരിക്കയൊക്കെ അരയ്ക്കുന്നത് കണ്ടാൽ അമ്മ (അമ്മായിയമ്മ) വന്നു കാര്യമൊക്കെ തിരക്കും… പുള്ളിക്കാരിയാണെങ്കിൽ എന്നെക്കാളും സുന്ദരി ആയതുകൊണ്ട് ഞാൻ എന്തെങ്കിലും സൗന്ദര്യവർദ്ധക വസ്തുക്കൾ ഉപയോഗിക്കുന്നതൊക്കെ പരമ പുച്ഛത്തോടെയാണ് നോക്കി കാണുന്നത്.. പുള്ളിക്കാരിക്ക് സൗന്ദര്യവർദ്ധക വസ്തുക്കൾ ഒന്നും ഉപയോഗിക്കാതെ തന്നെ ഭഗവാൻ സൗന്ദര്യം വാരിക്കോരി കൊടുത്തിട്ടുണ്ട്….

എന്നുവച്ച് ഇവിടെ പാവപ്പെട്ടവർക്കും ജീവിക്കണ്ടെ…എന്നിലെ സൗന്ദര്യ നഷ്ടബോധം സട കുടഞ്ഞ് എഴുന്നേറ്റ് നിന്നു…കുറച്ച് നേരം എഴുന്നേറ്റ് നിന്ന് കാല് കഴച്ചിട്ട് ആണെന്ന് തോന്നുന്നു പിന്നെ അത് കിടന്നു..

ഒരു കാര്യം ചെയ്യാം എൻ്റെ കുരുട്ടുബുദ്ധി ഉണർന്നു… അതിരാവിലെ തന്നെ പുരട്ടാം… അമ്മ എഴുന്നേൽക്കുമ്പോൾ ഏകദേശം 7 മണിയോളം ആകും.. അപ്പോൾ അതിനു മുമ്പ് ഒരു ആറുമണിക്ക് തന്നെ എഴുന്നേറ്റു വെള്ളരിക്ക അരച്ച് അപ്പോൾ തന്നെ മുഖത്ത് പുരട്ടാം… ആരും അറിയത്തില്ല… ഇനിയിപ്പോൾ മിക്സിയുടെ ശബ്ദം കേട്ടാലും രാവിലത്തെ പലഹാരത്തിനുള്ള കറിക്ക് എന്തെങ്കിലും അരയ്ക്കുന്നതോ മറ്റോ ആണെന്ന് കരുതിക്കോളും….

പിറ്റേന്ന് ആറുമണിക്കൊന്നും പാവം ഞാൻ ഉണർന്നില്ല.. എഴുന്നേറ്റപ്പോൾ ആറരയോളമായി..

വേഗം തന്നെ ഓടിച്ചെന്ന് വെള്ളരിക്കയുടെ തോല് കളഞ്ഞ് കുരുവും കളഞ്ഞു മിക്സിയിലിട്ട് അരച്ചു…

വെള്ളരിക്കയുടെ ബോഡിയുടെതാണോ മിക്സിയുടെ ബ്ലേഡിന്റേതാണോ എന്നറിയില്ല വെള്ളരിക്ക നല്ലത് പോലെ ഒന്നും അരഞ്ഞില്ല…

അമ്മ എഴുന്നേൽക്കാൻ നേരമായി ഞാൻ വേഗം തന്നെ അരഞ്ഞ അത്രയുമൊക്കെ മതി എന്ന് കരുതി എല്ലാം എടുത്തു എൻറെ മുഖത്ത് പൂശി…

സെക്കന്റുകൾ മിനിറ്റുകളായി പോയിക്കൊണ്ടിരുന്നു… ഇതിനിടയിൽ എന്റെ മുഖത്ത് വെള്ളരിക്ക പൂശിയ കാര്യമൊക്കെ ഞാൻ മറന്നു പോയി…അത് മുഖത്തു നിന്ന് കഴുകി കളയാനും മറന്നു… സമയം 7 കഴിഞ്ഞു… അമ്മ എഴുന്നേറ്റു…..

അമ്മ എഴുന്നേറ്റൂ… ഞാൻ എൻറെ രാവിലത്തെ പണികൾ തുടർന്നുകൊണ്ടിരുന്നു… എഴുന്നേറ്റ് വന്നതും അമ്മ പതിവുപോലെ ഗ്യാസിലേക്ക് ഒരു ഗ്ലാസ് കട്ടൻ ചായക്കുള്ള വെള്ളം വെച്ചിട്ട് ബ്രഷും പേസ്‌റ്റുമെടുത്തു പുറത്തേക്ക് ഇറങ്ങി…

അപ്പോഴാണ് എന്തോ ഹോം വർക്ക് ചെയ്തുകൊണ്ടിരുന്ന എൻറെ കാശുട്ടൻ ചാടിത്തുള്ളി അടുക്കളയിലേക്ക് വന്നത്..

വന്നതും കണ്ണും മിഴിച്ച് അന്തംവിട്ട് എന്നെ കുറച്ച് നേരം നോക്കി നിന്നു…

“എന്നാ പറ്റി.. അമ്മാ” ???

എന്താണ് കാര്യം എന്ന് മനസ്സിലാകാതെ ഞാൻ അവനെ നോക്കുന്ന നിമിഷം കൊണ്ട് തന്നെ അവൻ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു…

“അച്ചേ… ദേ അമ്മയുടെ മുഖത്ത് കറിയുടെ അരപ്പ് തെറിച്ച് വീണു…”

പറഞ്ഞു തീരേണ്ട താമസം എവിടെനിന്നോ എൻറെ കെട്ടിയോൻ പാഞ്ഞ് വന്ന് എൻ്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടു..

“എന്നാ പറ്റിയെടി…”? ഉണ്ടക്കണ്ണും മിഴിച്ചുള്ള ആ ചോദ്യം കേട്ട് എൻറെ കണ്ണും കൂടി മിഴിഞ്ഞു പോയി…

ഇടയ്ക്കിടയ്ക്ക് അതിരാവിലെ ഉണക്കചെമ്മീൻ വിൽക്കാൻ വരുന്ന സ്നേഹലത ചേച്ചി എന്താണോ അന്ന് ആ സമയത്ത് തന്നെ കയറി വന്നു..

എൻറെ മുഖവും നിൽപ്പും കണ്ട് സ്നേഹം ഒട്ടും കുറയാതെ സ്നേഹലത ചേച്ചിയും ചോദിച്ചു

“എന്നാ പറ്റി… മോളെ..”?

മഴ കാരണം കുറച്ച് കേടുപാടുകൾ സംഭവിച്ച ഞങ്ങളുടെ വിറക് പുരയിലെ മേൽക്കൂര ഒന്ന് റെഡിയാക്കാൻ പണിക്കാരൻ കുട്ടൻ ചേട്ടനോട് വരാൻ പറഞ്ഞിട്ട് നാള് കുറച്ചായി… അഞ്ചെട്ടു തവണ വിളിച്ചിട്ടും വരാതിരുന്ന കുട്ടൻ ചേട്ടൻ അന്ന് അതിരാവിലെ വന്നു പുര പുറത്തു കയറിയിരിക്കുന്ന കാര്യം ഞാൻ കണ്ടില്ലായിരുന്നു….

സണ്ണി ലിയോൺ ബി*ക്കിനിയിട്ട് ഇരിക്കുന്നത് പോലെ കൊച്ചുകള്ളി മുണ്ടും ഉടുത്ത് അതും ഒതുക്കി പിടിച്ച് കയ്യില്ലാത്ത നിറംമങ്ങിയ ബനിയനും ഇട്ട് വിറകു പുരയുടെ പുറത്തിരിക്കുന്ന കുട്ടൻ ചേട്ടനെ കണ്ട് ഞാനൊന്ന് വിജ്രംഭിച്ചു…

കുട്ടൻ ചേട്ടനും ചോദിച്ചു….

” എന്നാ പറ്റി കൊച്ചേ….”

ചെറിയ ഒച്ചയും ബഹളവും ഒക്കെ കേട്ട് മുറ്റത്തേതോ തെങ്ങും ചുവട്ടിൽ പല്ല് തേച്ച് കൊണ്ടിരുന്ന അമ്മയും ഓടിയെത്തി..

“എന്നാ പറ്റി ദേവു…”??

“അത്…പിന്നെ..ഞാൻ.. ഇഡലിക്ക് ചമ്മന്തി അരചപ്പോ തെറിച്ച് വീണതാ…”ഞാൻ പരുങ്ങലോടെ പറഞ്ഞു…

“ശ്രദ്ധിക്കേണ്ടെ…”.. പറഞ്ഞുകൊണ്ട് അമ്മ വീണ്ടും പുറത്തേക്കിറങ്ങാൻ തുടങ്ങി…

അപ്പോഴാണ് എൻറെ കുരുപ്പിന്റെ വക അടുത്ത ഡയലോഗ് വന്നത്…

” അതിനിവിടെ എപ്പോഴും റെഡ് ചമ്മന്തി ആണല്ലോ ഉണ്ടാക്കുന്നത്.. അമ്മയുടെ മുഖത്തിരിക്കുന്നത് വൈറ്റ് ചമ്മന്തി ആണല്ലോ…”

പുറത്തേക്കിറങ്ങാൻ തുടങ്ങിയ അമ്മ തിരിഞ്ഞുനിന്ന് എന്നെ സൂക്ഷിച്ചു ഒന്നു നോക്കുന്നത് ഞാൻ കണ്ടു….

“പാളി..പാളി…പണി പാളി…”

കള്ളി വെളിച്ചത്തായ ആഘാതത്തിൽ മുഖം കൂർപ്പിച്ച് ഒന്ന് കെട്ടിയോനെ നോക്കി…

“എന്നാ പറ്റി…”?? വീണ്ടും ആ ഉണ്ടക്കണ്ണ് മിഴിയുന്നത് ഞാൻ കണ്ടു…

“ഓ…ഇതിലും കൂടുതൽ ഇതെന്നാ പറ്റാനാ..”

&&…

ലെ ഞാൻ :: എനിക്കിത് എന്തിൻറെ കേടാരുന്ന്…

♡♡♡♡♡♡♡♡

Leave a Reply

Your email address will not be published. Required fields are marked *