സ്നേഹസമ്മാനം-ഭാഗം 06, എഴുത്ത്: ശ്രീജ ശ്രീജിത്ത്‌

മുൻ ഭാഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

രാവിലെ അഞ്ചു മണിക്ക് ഫോൺ അടിക്കുന്ന ശബ്ദം കേട്ടാണ് അഞ്ജു ഉറക്കമുണർന്നത്. അവൾ ഊഹിച്ചതു പോലെ തന്നെ…..അത് നരേനായിരുന്നു.

ഹലോ നരേട്ടാ…. എന്തേ രാവിലെ?.ഞാൻ എഴുന്നേറ്റില്ല..അതു നന്നായി അല്ലെങ്കിലും നിനക്ക് രാവിലെ എഴുന്നേൽക്കുന്ന പതിവില്ലല്ലോ.

ഞാൻ അമ്പലത്തിൽ പോകാൻ എഴുന്നേറ്റതാ…..അപ്പോൾ നിന്നെ ഒന്നു വിളിക്കണമെന്നു തോന്നി. വേറൊരു കാര്യം കൂടിയുണ്ട്. ഇന്ന് രാവിലെ പത്ത് മണി ആകുമ്പോൾ ഞങ്ങൾ അവിടെ എത്തും..

ആണോ നരേട്ടാ… ഈ ഞങ്ങൾ എന്നു പറയുമ്പോൾ ആരൊക്കെ കാണും?രഞ്ജു ചെറിയ ഒരു ടെൻഷനോടെ ആണ് ചോദിച്ചത്.

നീ ടെൻഷൻ അടിയ്ക്കണ്ട . നിന്റെ വീട്ടിലേക്ക് ഞാനും അച്ഛനും അമ്മയും പിന്നെ ഗൗരി മോളും കാണും . ബാക്കി ഉള്ളവരെല്ലാം പതിനൊന്നു കഴിയുമ്പോൾ ടെക്സ്റ്റൈൽസിലേക്ക് വന്നോളും.

അതൊക്കെ ഇരിക്കട്ടെ അഞ്ജൂ ഇന്ന് നല്ല ഒരു ദിവസമല്ലേ ? നിനക്ക് രാവിലെ എഴുന്നേറ്റ് കുളിച്ച് അമ്പലത്തിൽ പൊയ്ക്കൂടേ….? നിന്റെ അമ്മ നിനക്ക് ഇതൊന്നും പറഞ്ഞു തന്നിട്ടില്ലേ?

എന്റെ നരേട്ടാ ഇന്നലെ ഞാനിങ്ങോട്ട് വന്നതല്ലേ ഉളളൂ… എത്ര നാളുകൂടിയാ ഞാൻ നാട്ടിൽ വന്നത്? ഒന്നുമറിയാതെ നല്ല ഉറക്കം കിട്ടിയത് ഇവിടെ വന്ന് എന്റെ ഈ റൂമിൽ എന്റെ കിടക്കയിൽ കിടന്നപ്പോഴാ…. അതുകൊണ്ട് എഴുന്നേൽക്കാൻ ഒരു മടി.അതാ.. രണ്ടാഴ്ച കഴിഞ്ഞാൽ ഞാൻ ഈ വീട്ടിൽ നിന്നും അങ്ങോട്ട്‌ പോരില്ലേ? അപ്പോൾ ഇങ്ങനെ കിടക്കാൻ ഇപ്പോഴല്ലേ പറ്റൂ….

ഓക്കേ അഞ്ജൂ.നമുക്ക് വരുമ്പോൾ കാണാം..

ശരി നരേട്ടാ….കോൾ കട്ട്‌ ആയതും അഞ്ജു അടുക്കളയിലേയ്ക്ക് ഓടിചെന്നു.

അമ്മേ അമ്മേ…. അഞ്ജു നീട്ടി വിളിച്ചു..

എന്താ അഞ്ജു എന്തിനാ നീ ഇങ്ങനെ വിളിച്ചു കൂവുന്നത്?

അമ്മേ നരേട്ടൻ എന്നെ ഇപ്പോൾ വിളിച്ചിരുന്നു അവരെല്ലാവരും പത്തു മണിയാകുമ്പോൾ ഇവിടെത്തുമെന്ന്.എനിക്കാകെ പേടിയാകുന്നു. ഞാൻ അവരെ ആരെയും ഇതുവരെ നേരിട്ടു കണ്ടിട്ടില്ലല്ലോ. നരേട്ടനോടും അമ്മയോടും അച്ഛനോടും ഗൗരിയോടും വീഡിയോ കോളിൽ സംസാരിച്ചിട്ടുണ്ട്. നരേട്ടനെ അമ്മ കണ്ടതല്ലേ? അവരുടെ വീടും വീട്ടുകാരും ഒക്കെ എങ്ങനെയുണ്ട്? എല്ലാം ഓക്കേ ആണല്ലോ അല്ലേ?

എന്റെ അഞ്ജൂ ഈ ചോദ്യമൊക്കെ നീ എന്നോട് അവിടെവച്ച് ചോദിച്ചതല്ലേ? അന്നതിനു വ്യക്തമായ മറുപടിയും ഞാൻ തന്നതല്ലേ? പിന്നെ നിനക്കെന്താ ഇപ്പോൾ ഒരു പേടി? നീ അവരെയെല്ലാം വിളിക്കാറുഉള്ളതല്ലേ? ഇനി ഈ മൂന്നാം മുഹൂർത്തത്തിൽ ആണോ നിന്റെ പേടി?ഗിരിജയുടെ വാക്കുകൾ കേട്ടപ്പോൾ അഞ്ജു നെടുവീർപ്പിട്ടു.

അമ്മേ അച്ഛനോട് അവര് വരുന്ന വിവരം വിളിച്ചു പറഞ്ഞിരുന്നോ?അവർക്ക് എന്തെങ്കിലും കൊടുക്കണ്ടേ?

എന്റെ അഞ്ജൂ നീ എന്തിനാ ഇങ്ങനെ വെപ്രാളപ്പെടുന്നത്? അവര് നിന്നെ കാണാൻ വരുമെന്ന് ഉള്ള കാര്യം നേരത്തെ തന്നെ ഇവിടെ അറിയിച്ചിരുന്നതാ. അവരാരും നിന്നെ ഇതുവരെ കണ്ടിട്ടില്ലല്ലോ. അവർക്കും ആകാംക്ഷ കാണില്ലേ? അയ്യോ അമ്മേ അതിന് അവരെന്നെ കാണാൻ വരുന്നതിന് എനിക്ക് ഒരു കുഴപ്പവും ഇല്ല. എന്തെങ്കിലും കരുതിവയ്‌ക്കണ്ടേ? അതാ ചോദിച്ചത്.

ബേക്കറി പലഹാരങ്ങൾ എല്ലാം വാങ്ങിച്ചു വച്ചിട്ടുണ്ട്. നാരങ്ങാ വെള്ളം ഞാൻ കുറച്ചു കഴിഞ്ഞു കലക്കി വയ്ക്കാം.പിന്നെ അവര് വരുമ്പോഴേക്കും റെഡി ആയി നിൽക്കണ്ടേ.ഡ്രസ്സ്‌ എല്ലാം എടുത്തിട്ട് നമുക്ക് എല്ലാവർക്കും കൂടി ഉച്ചയ്ക്ക് പുറത്തുനിന്നും കഴിക്കാം. രാവിലത്തെ ഭക്ഷണമെല്ലാം റെഡി ആക്കി വച്ചതിനുശേഷം ഗിരിജയും ഡ്രസ്സ്‌ മാറാൻ പോയി.

അഞ്ജുവും രഞ്ജുവും ശിവരാമനും നേരത്തെ തന്നെ റെഡി ആയി..കാർ വന്ന് മുറ്റത്തു നിന്നപ്പോൾ ശിവരാമൻ അവരെ സ്വീകരിക്കുവാൻ ഓടിചെന്നു. പക്ഷെ അയാൾ പ്രതീക്ഷിച്ച പോലെ കാറിൽ നിന്നിറങ്ങിയത് അഞ്ജുവിന്റെ ചെറുക്കൻ വീട്ടുകാരായിരുന്നില്ല.. കാറു തുറന്ന് ആദ്യമിറങ്ങിയത് ദിവാകരനായിരുന്നു തൊട്ടുപുറകെ മാലതിയും. ഒരു നിമിഷം ശിവരാമൻ ഒന്ന്അന്ധാളിച്ചുനിന്നു.

എന്താ ശിവരമാ ഞങ്ങളെ കണ്ടിട്ട് താനകെ വിളറി നിൽക്കുന്നത്? എന്താടോ തനിക്ക് ഞങ്ങളെ മനസിലായില്ലേ?

അയ്യോ എന്താ ദിവാകരേട്ടാ ഈ പറയുന്നത്? നിങ്ങളെ ഞാൻ മറക്കുമോ? വാ കയറിവാ. ശംഭു മോൻ കയറുന്നില്ലേ?എന്താ കാറിൽ തന്നെ ഇരുന്നത്? അവൻ കാർ ഒതുക്കിയിട്ടിട്ട് വന്നോളും.. എവിടെയോ പോകാൻ റെഡി ആയിരിക്കുവാണെന്ന് തോന്നുന്നല്ലോടോ..ഒന്നുമറിയാത്ത ഭാവത്തിൽ ദിവാകരൻ ചോദിച്ചു.

ദിവാകരേട്ടാ അഞ്ജു മോൾക്ക് സ്വർണ്ണവും ഡ്രസ്സും ഇന്നെടുക്കാൻപോകാൻ തുടങ്ങുവാ. തിരക്കിനിടയിൽ ദിവാകരേട്ടനോട് പറയാൻ വിട്ടു പോയി. അതിന് തന്നോട് ഞാൻ പരാതി ഒന്നും പറഞ്ഞില്ലല്ലോ…. കാര്യങ്ങളൊക്കെ നടക്കട്ടെടോ… അല്ല അഞ്ജു മോളേ ഞാൻ വന്നിട്ട് കണ്ടില്ലല്ലോ… ഗിരിജ എവിടെ?ദിവാകരൻ അന്വേഷിച്ചു.

അഞ്ജു ഇപ്പോൾ വരും നിങ്ങലിരിക്ക് . ഗിരിജ നിങ്ങളെ കണ്ടപ്പോൾ ചായ എടുക്കാൻ പോയിട്ടുണ്ടാവും.

ചായ ഒക്കെ ഞങ്ങൾ കുടിച്ചിട്ടാ ഇറങ്ങിയത്. താൻ ഒരു കാര്യം ചെയ്യൂ ഗിരിജയെയും അഞ്ജുവിനെയും രഞ്ജുവിനെയും ഒന്ന് വിളിക്കൂ. എനിക്ക് നിങ്ങളോട് ഒരു പ്രധാനപ്പെട്ട കാര്യം പറയാനുണ്ട്.അതാണ് ഞങ്ങൾ ഈ രാവിലെ തന്നെ വന്നത്.

ഇതിനിടയിൽ ശംഭുവും രംഗത്തെത്തി. ശംഭു അച്ഛന്റെയും അമ്മയുടെയും അടുത്തുതന്നെ ഇരുന്നു. ദിവാകരേട്ടാ ഗായത്രിമോൾ വന്നില്ലേ?.ഏയ്‌ അവള് വീട്ടിലുണ്ട്.

ഗിരിജ ചായയുമായി അവരുടെ അടുത്തേയ്ക്ക് വന്നു. അഞ്ജുവിന്റെ കയ്യിൽ ഒരു പ്ലേറ്റിൽ ബേക്കറി പലഹാരങ്ങളും ഉണ്ടായിരുന്നു. ഇതൊന്നും വേണ്ട മോളേ. ഞങ്ങൾ വന്ന കാര്യം പറയാം.ദിവാകരൻ കാര്യത്തിലേയ്ക്ക് കടന്നു.

എന്റെ മോൻ എന്നോട് ഒരാഗ്രഹം പറഞ്ഞു. ഇവിടുത്തെ രഞ്ജു മോളേ അവനു കല്യാണം കഴിക്കാൻ താല്പര്യമുണ്ടെന്ന്. എന്താ നിങ്ങളുടെ അഭിപ്രായം?തന്റെ പേര് ആരോ പറയുന്നത് കേട്ട് ഓടി വന്ന രഞ്ജു ഷോക്ക് അടിച്ചതുപോലെ നിന്നു. അപ്പോഴേക്കും ശിവരാമന്റെ മറുപടി വന്നു.

അല്ല ദിവാകരേട്ടാ ഒന്നും തോന്നരുത്. കുട്ടികൾ തമാശ ആയി എന്തെങ്കിലും പറഞ്ഞെന്നു കരുതി ഇത് കാര്യമാക്കി എടുക്കണോ? അവൾ പഠിക്കുകയല്ലേ? അത് കഴിയട്ടെ. അത് തന്നെയുമല്ല ശംഭുവിന്റെ വിദ്യാഭ്യാസവും ഒരു പ്രശ്നം തന്നെയാ. വിദ്യാഭ്യാസമോ? മാലതി മനസിലാകാത്ത ഭാവത്തിൽ ചോദിച്ചു.

അതേ മാലതി ഏടത്തി ശംഭു പ്ലസ് ടു കഴിഞ്ഞു പഠിപ്പു നിർത്തിയില്ലേ.ഈ ബന്ധം അത് ശരിയാവില്ല. എന്നാരാ അച്ഛനോട് പറഞ്ഞതെന്നു ചോദിച്ച് കൊടുങ്കാറ്റു വരുന്നത് പോലെയാണ് രഞ്ജു അവരുടെ ഇടയിലേയ്ക്ക് വന്നത്. മാലതി അവളെ തന്നെ നോക്കി നിന്നു. വെളുത്തു മെലിഞ്ഞ പെൺകുട്ടി അവളുടെ ഭംഗിയുള്ള കണ്ണുകളും.. ഇടതൂർണ്ണ മുടിയും…. മാലതി അറിയാതെ തന്നെ അവളുടെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു.കടും പച്ച നിറത്തിലുള്ള ചുരിദാറും അതിന് ചേരുന്ന വലിയ ജിമുക്കിയും മാലയും രഞ്ജുവിനെ കൂടുതൽ സുന്ദരിയാക്കി.അവളുടെ മുഖത്തുനിന്ന് മാലതിയ്ക്ക് കണ്ണെടുക്കാൻ തോന്നിയില്ല.അവൾ അപ്പോൾ തന്നെ മനസ്സിൽ കുറിച്ചിട്ടു എന്തൊക്കെ സംഭവിച്ചാലും ഇതാണ് എന്റെ മോന്റെ പെണ്ണ്.

തുടരും…..

Leave a Reply

Your email address will not be published. Required fields are marked *