മുൻ ഭാഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ….
ഏട്ടത്തി…. നോക്കിയേ…. എല്ലാവരും ഇപ്പോൾ ആരെയാ നോക്കുന്നതെന്ന്? ഗൗരി ഒന്നുമറിയാത്തത് പോലെ രഞ്ജുവിന്റെ കാതിൽ മന്ത്രിച്ചു.
എടി ഗൗരീ…നീ ഇവിടെ കിടന്ന് വിളിച്ചു കൂവിയിട്ടല്ലേ എല്ലാവരും ഇങ്ങോട്ട് നോക്കുന്നത്? രഞ്ജു ചിണുങ്ങി കൊണ്ട് ചോദിച്ചു.
എന്റെ പൊന്നേട്ടത്തി… ഞാൻ കിടന്ന് ഒച്ച വച്ചിട്ടില്ല എല്ലാവരും ഇങ്ങോട്ട് നോക്കിയത്.ഈ ആഭരണങ്ങളെല്ലാം ഇട്ടപ്പോൾ എന്റെ ഏട്ടത്തി ഭയങ്കര സുന്ദരിയായി ….. ഞാൻ അങ്ങനെ പറഞ്ഞെന്ന് വച്ച് ഏട്ടത്തി ഒരുപാടങ്ങ് പൊങ്ങിപോക ണ്ട..കെട്ടോ.
ഏട്ടത്തി ഇത്രയും സുന്ദരി ആകാൻ വേറൊരു കാരണം കൂടി ഉണ്ട്. ഏട്ടത്തി ഇട്ടിരിക്കുന്ന ഈ ആഭരണങ്ങൾ. ആഭരണങ്ങളോ… രഞ്ജു സംശയത്തോടെ ഗൗരിയെ നോക്കി.
ഉം…..ഈ ആഭരണങ്ങൾ എല്ലാം സെലക്ട് ചെയ്തത് ആരാന്നാ വിചാരം? വിവേകാ….. വിവേകമുള്ളവനാണ് ഏട്ടത്തി ആള്. മനസ്സിലായോ…. വിവേകിന്റെ സെലക്ഷൻ എല്ലാം സൂപ്പറാ…
എടീ … എടീ … ഗൗരി പറഞ്ഞു തീരുന്നതിനു മുൻപേ രഞ്ജു ഇടയിൽ കയറി.
എന്റെ പൊന്ന് ഗൗരി മോളേ മോള് പോകുന്ന റൂട്ട് ഈ ഏട്ടത്തിക്ക് മനസ്സിലായി. നീയും സൂപ്പറാ…അതല്ലേ പൊന്നുമോൾ ഉദ്ദേശിച്ചത്?
ഇനി ഒരക്ഷരം നീ മിണ്ടിപ്പോകരുത്. മര്യാദയ്ക്ക് എന്റെ കൂടെ അടങ്ങി നിന്നോ. ഇല്ലെങ്കിൽ ഇപ്പോൾ ഞാൻ തന്നെ എല്ലാം കുളമാക്കി നിന്റെ കയ്യിൽ വച്ച് തരും.
രഞ്ജു കുറുമ്പോടെ ഗൗരിയെ നോക്കി….
അതേ അത്യാവശ്യ കാര്യങ്ങൾ പറയാൻ എനിക്ക് അനുവാദമുണ്ടോ?
ഗൗരിയുടെ ചോദ്യം കേട്ടപ്പോൾ രഞ്ജു അറിയാതെ ചിരിച്ചുപോയി.
എന്താ രണ്ടും കൂടി ഇത്ര തമാശ…ശംഭു അവരുടെ അടുത്തേയ്ക്ക് വന്നു. ആഭരണങ്ങളെല്ലാം ഊരി അവരെ ഏൽപ്പിക്ക്. അല്ലെങ്കിൽ ബില്ല് അടിയ്ക്കാൻ താമസിക്കും.
ഏട്ടാ നിങ്ങളെല്ലാവരും ഒരു പ്രധാനപ്പെട്ട കാര്യം മറന്നില്ലേ? കല്യാണ മോതിരം എടുത്തോ?
അയ്യോ..എന്റെ പൊന്നുമോളെ ഞാൻ മറന്നു പോയി.ഒരുപാട് നന്ദിയുണ്ട്. ഇപ്പോൾ മനസ്സിലായോ നോക്കിയും കണ്ടും നീ കാര്യങ്ങളെല്ലാം ചെയ്യും എന്നെനിക്കറിയാവുന്നത് കൊണ്ടാണ് നിന്നോടിങ്ങോട്ട് വരാൻ ഞാൻ പറഞ്ഞത്.
ഓ വെറുതെ എന്നെ സുഖിപ്പിക്കണ്ടേട്ടാ. ഏട്ടത്തിയ്ക്ക് മാത്രേ ഉള്ളോ ആഭരണങ്ങൾ…? എനിക്കെന്തെങ്കിലും എടുക്കാനുദ്ദേശം ഉണ്ടെങ്കിൽ പെട്ടെന്ന് പറയണേ…. ഗൗരി ശംഭുവിനോട് ചേർന്ന് നിന്ന് കൊഞ്ചി പറഞ്ഞു.
പിന്നെ എന്റെ പൊന്ന് മോൾക്ക് എടുക്കാതിരിക്കുമോ? നിനക്കെന്താ വേണ്ടതെന്ന് വച്ചാൽ വാങ്ങിച്ചോ….
ശംഭുവിന്റെ സമ്മതം കിട്ടിയതും ഗൗരി തനിക്ക് കല്ലുവച്ച മോതിരം മതിയേട്ടാ എന്ന് പറഞ്ഞ് മോതിരം ഇരിക്കുന്നിടത്തേയ്ക്ക് സെലക്ട് ചെയ്യാനായി തിടുക്കപ്പെട്ട് പോയി. അതിനിടയ്ക്ക് അവൾ ദിവാകരന്റെയും മാലതിയുടെയും അടുത്തു ചെന്നു. എന്റേട്ടനെ കണ്ടുപഠിയ്ക്ക്…. എന്റേട്ടന് മാത്രേ ഉളളൂ എന്നോട് സ്നേഹം.
ഓ ഒരേട്ടനും അനിയത്തിയും… ദിവാകരൻ കളിയായി പറഞ്ഞു.
മോനെ കല്യാണ മോതിരം പണിയിപ്പിച്ചാൽ മതി. രണ്ടുപേരുടെയും അളവ് കൊടുത്തിട്ട് മോഡലും സെലക്ട് ചെയ്യ്. നമ്മൾ എടുത്തുവച്ച സ്വർണ്ണം അവരിവിടെ തന്നെ വച്ചോളാം എന്ന് പറഞ്ഞിട്ടുണ്ട്. കല്യാണത്തിന് ഒരു ദിവസം മുൻപ് നമുക്ക് ഇവിടെ വന്ന് എടുത്താൽ മതിയല്ലോ….
അത് മതി അച്ഛാ. അതാ നല്ലത്.ശംഭു അഭിപ്രായപ്പെട്ടു.
എടാ ശംഭു നീയും രഞ്ജുവും കൂടി പോയി മോതിരം നോക്ക്. എന്നിട്ട് ഗൗരിയോട് പെട്ടെന്ന് വരാൻ പറയ്. മാലതി തിടുക്കപ്പെട്ടു.
രഞ്ജുവും ശംഭുവും കൂടി മോതിരം സെലക്ട് ചെയ്തു. രണ്ടുപേരുടെയും പേര് എഴുതേണ്ടതും പറഞ്ഞ് കൊടുത്തിട്ട് വന്നപ്പോഴേക്കും ഗൗരിയും മോതിരം വാങ്ങിച്ചിട്ട് അവർക്കിടയിലേയ്ക്ക് ചെന്നു.
ബില്ല് വളരെ പെട്ടെന്ന് തന്നെ റെഡി ആക്കി കിട്ടി. ശംഭു അത്ഭുതത്തോടെ രണ്ട് പ്രാവശ്യം ബില്ല് നോക്കി. കൊടുക്കേണ്ട തുകയിൽ നിന്ന്ന ല്ല ഒരു എമൗണ്ട് ഡിസ്കൗണ്ട് ഇട്ടിരിക്കുന്നു.. ദൈവമേ… ഇവർക്ക് മാറിപ്പോയതാകുമോ?ശംഭു നേരെ ക്യാഷ് കൗണ്ടറിലേയ്ക്ക് ചെന്നു.
കൗണ്ടറിൽ ചന്ദനകുറി തൊട്ട് നല്ല സുന്ദരനായ ഒരു മധ്യവയസ്കൻ ഇരിപ്പുണ്ട്.നല്ല ചിരിച്ച മുഖം. ചെറുതായി നരച്ചു തുടങ്ങിയ മുടി ചീകി ഒതുക്കിവച്ചിരുന്നു.ഇൻസർട്ട് ചെയ്ത പാന്റും ഷർട്ടും ആയിരുന്നു വേഷം. ഒറ്റനോട്ടത്തിൽ തന്നെ അയാൾ ആണ് ആ ജ്വല്ലറിയുടെ മുതലാളി എന്ന് ആർക്കും മനസ്സിലാകും.
ശംഭുവിനെ കണ്ടതും അയാൾ ചിരിച്ചു കൊണ്ട് ബില്ല് തരാൻ ആവശ്യപ്പെട്ടു. സർ, ക്യാഷ് ആയിട്ടാണോ അതെയോ കാർഡ് ആണോ?ശംഭുവിനോട് വളരെ ലാളിത്യത്തോടെയാണ് അയാൾ ചോദിച്ചത്. ശംഭുവിന് അയാളുടെ സംസാരം നന്നേ ഇഷ്ട്ടപെട്ടു.
സർ,ക്യാഷ് പേയ്മെന്റ് ആണ്. പക്ഷെ എനിക്കൊരു സംശയമുണ്ട്സ ർ.ആ ബില്ല് ഒന്ന് കൂടി നോക്കണം. നല്ല ഒരു തുക അതിൽ ഡിസ്കൗണ്ട് ഇട്ടിട്ടുണ്ട്. അത് നിങ്ങൾക്ക് മിസ്റ്റേക്ക് പറ്റിയതാണോ?.ശംഭു തന്റെ സംശയം ഉന്നയിച്ചു.
ഏയ് ഒരിക്കലുമല്ല. ഇതൊരു സ്പെഷ്യൽ ഡിസ്കൗണ്ട് ആണ്. ഒരുപക്ഷെ നിങ്ങൾക്ക് അതറിയില്ലായിരിക്കും.പക്ഷെ എന്റെ മോന് കാര്യങ്ങൾ വ്യക്ത മായറിയാം. ഇതാണ് എന്റെ ഒരേ ഒരു മോൻ. പേര്വി വേക് മേനോൻ . പഠനം കഴിഞ്ഞപ്പോൾ ഞാൻ അവനെ എന്റെ കൂടെ കൂട്ടി. ഇതിനിടയിൽ ഞാൻ എന്നെ പരിചയപ്പെടുത്താൻ മറന്നു. ഞാൻ കൃഷ്ണമേനോൻ. ഭാര്യ സുമിത്ര മേനോൻ.. അവൾ ഇപ്പോൾ തന്നെ വരും. വെയിറ്റ് ചെയ്താൽ കണ്ടിട്ട് പോകാം.പിന്നെ ഇയാളുടെ പേരെനിക്കറിയില്ല. എന്നെ സർ എന്ന് വിളിക്കണ്ട. കൃഷ്ണേട്ടാ എന്ന് വിളിച്ചോളൂ.
ഗൗരിയുടെ മുഖം വിളറി വെളുത്തു. വിവേക് അവന്റെ അച്ഛന്റെ അടുത്ത് ചിരിച്ച മുഖവുമായി നിന്നു.
കൃഷ്ണേട്ടാ… ഞാൻ മഹേഷ്. ഇത് എന്റെ അച്ഛൻ ദിവാകര മേനോൻ അമ്മ മാലതി ദിവാകർ. ഇതെന്റെ അനിയത്തി ഗൗരി ദിവാകർ. ഇതാണ് ഞാൻ കല്ല്യാണം കഴിക്കാൻ പോകുന്ന പെൺകുട്ടി രഞ്ജിത ശിവരാമൻ.
ശംഭുവിന്റെ പരിചയപ്പെടുത്തൽ കഴിഞ്ഞതും വിവേകിന്റെ അച്ഛൻ ചിരിച്ചുകൊണ്ട് ഗൗരിയുടെ അടുത്തു ചെന്നു. എടോ മഹേഷേ എനിക്കിതിൽ അറിയാവുന്ന ഒരാളേ ഉളളൂ. അത് തന്റെ അനുജത്തി ഗൗരിയാ…. എങ്ങനെയാണ് എന്നുചോദിച്ചാൽ എന്റെ മകൻ വിവേകിന്റെ ഫോണിൽ മുഴുവനും ഇവളുടെ ഫോട്ടോയാടോ…. എന്റെയോ സുമിത്രയുടെയോ ഒരൊറ്റ ഫോട്ടോ തനിക്ക് അവന്റെ ഫോണിൽ നിന്ന് ഒന്ന് കാണിക്കാമോ?
എടോ വളച്ചുകെട്ടില്ലാതെ ഞാൻ കാര്യം പറയാം. രണ്ടുപേരും നല്ല ഒന്നാന്തരം ഇഷ്ടത്തിലാ. നമ്മളായിട്ട് കല്ല്യാണം നടത്തി കൊടുത്താൽ നമുക്ക് കൊള്ളാം. എന്റെ മോൻ ആയതുകൊണ്ട് പറയുവല്ല. വിവേകിനു ചില സമയം തീരെ വിവേകമില്ല.ഇവൻ ഇവളെയും കൊണ്ട് ചാടും…. എനിക്കിത്രെ പറയാനുള്ളൂ…ഗൗരി തലയ്ക്കു കൈ കൊടുത്ത് കസേരയിലേയ്ക്കിരുന്നു.
തുടരും……..

