എഴുത്ത്:-ശ്രീജിത്ത് ഇരവിൽ
അന്ന്, ഗുൽബർഗ്ഗയിലെ തെരുവിലായിരുന്നു സർക്കസ്സ്. ഇന്ന്, കൽബുർഗ്ഗിയെന്ന് പേര് മാറ്റിയിരിക്കുന്ന ആ ജില്ല കർണ്ണാടകയിലാണ്. സുൽത്താൻമ്മാരുടെ കേന്ദ്രമായിരുന്ന ഈ പ്രദേശം, മുമ്പ് ഹൈദരാബാദ് രാജ്യത്തിന്റെ ഭാഗമായിരുന്നു. തെരുവുകളിളെല്ലാം സൂഫിസത്തിന്റെ അവശേഷിപ്പുകൾ പോലെ ദരിദ്ര സംഗീതജ്ഞർ ഉണ്ട്. അവരുടെ പരിസരമായിരുന്നു ഞങ്ങളുടെ തെരുവ് സർക്കസ്സിന്റെ വേദി.
അഭ്യാസം കഴിഞ്ഞപ്പോൾ പ്രതീക്ഷിച്ചതിലും കൂടുതൽ കയ്യടികളും കാശും കിട്ടി. ആൾക്കാരൊക്കെ പിരിഞ്ഞ് പോകുകയും ചെയ്തു. ശേഷവും പരിഹാസത്തോടെ ഞങ്ങളെ നിരീക്ഷിച്ച് ചിരിക്കുന്നയൊരു മനുഷ്യനെ അപ്പോഴാണ് ഞാൻ ശ്രദ്ധിക്കുന്നത്. അഭ്യാസം ഇഷ്ട്ടപ്പെട്ടിട്ടുണ്ടാകില്ല. സാരമില്ല. എല്ലാവരെയും തൃപ്തിപ്പെടുത്തിയിട്ട് ആർക്കും ഈ ഭൂമിയിൽ ജീവിക്കാൻ സാധിക്കില്ലല്ലോ…
ഞങ്ങൾ ടെന്റിലേക്ക് നടന്നു. ഒരാഴ്ച്ച കൂടി കഴിഞ്ഞാൽ ഇവിടം വിട്ട് പോകും. അങ്ങനെ എത്രയെത്ര തെരുവുകൾ താണ്ടിയിരിക്കുന്നു. എല്ലാവരും സംതൃപ്തരാണ്. സാഹസികമായി ജീവിക്കുമ്പോൾ കിട്ടുന്ന ലiഹരി അവരും അനുഭവിക്കുന്നുണ്ട്. എന്റെ കൂട്ടത്തിലേക്ക് ചേരുന്ന ഓരോ ആളോടും ജീവന്റെ കാര്യത്തിൽ യാതൊരു ഗ്യാരണ്ടിയും തരില്ലെന്ന് ഞാൻ പറയുമായിരുന്നു. ഒന്നുമില്ലായ്മയിൽ നിന്ന് ജീവിതം ഉയർത്താൻ സാഹസമെങ്കിൽ സഹാസമെന്ന് ചേർന്നവരെല്ലാം കരുതി.
കാരമുള്ള് ചെത്തി മിനുക്കിയുണ്ടാക്കുന്ന കമ്പാണ് ആദ്യ കാലങ്ങളിൽ കസർത്ത് കാട്ടാൻ ഞാൻ ഉപയോഗിച്ചിരുന്നത്. ഇപ്പോഴാണ് രണ്ടു വശവും ദ്വാരമുള്ള ഇരുമ്പു പൈപ്പ് ഉപയോഗിക്കുന്നത്. ഏതിലായാലും ആള് താഴെ വീഴുമോയെന്ന് അറിയാൻ തന്നെയാണ് ആൾക്കാർ കൂടുന്നത്. എന്നെ പോലെയുള്ള തെരുവ് അഭ്യാസികൾക്ക് ജീവൻ തുലാസ്സിൽ വെച്ച് ശ്വസിക്കാൻ പറ്റുന്നത്, ഇങ്ങനെ കൂടി നിൽക്കുന്നവരുടെ കണ്ണുകളിലെ ആകാംഷ കാണുമ്പോഴാണെന്ന് പറഞ്ഞാലും തെറ്റാകില്ല.
പണ്ടൊരു സർക്കസ് കണ്ട ഓർമ്മയുണ്ട്. കൂടാരത്തിന് പുറത്ത് അമ്മ ബലൂണുകൾ വിൽക്കുമ്പോഴാണ് ആദ്യമായി ആ കസർത്ത് കാണാൻ എനിക്ക് അവസരമുണ്ടാകുന്നത്. അഞ്ച് രൂപ ടിക്കറ്റ് എടുത്താൽ അകത്തിരിക്കാം. ആകെയുള്ള മകൻ വെറുതേ വെയിലുകൊണ്ട് വിയർക്കണ്ടായെന്ന് അമ്മ കരുതിക്കാണും. വലിയവരുടെ ഇടയിൽ ഇരുന്ന് ഞാൻ ആ സർക്കസ്സ് ഗമയിൽ ആസ്വദിക്കുകയായിരുന്നു.
കുട്ടി കുപ്പായങ്ങൾ ധരിച്ച്, അര കൊണ്ട് വളയത്തെ കറക്കി നൃത്തം ചെയ്യുന്ന സുന്ദരികളായ പെൺകുട്ടികൾ! അവരെല്ലാം നേപ്പാളികൾ ആയിരുന്നു. ജംബോ സർക്കസെന്ന് പേരെഴുതിയ വസ്ത്രമണിഞ്ഞ ആനകളെ വിസ്മയത്തോടെ ഞാൻ നോക്കി നിന്നിട്ടുണ്ട്. മരണക്കിണറുകളിൽ മോട്ടോർസൈക്കിൾ ഓടിക്കുന്നവർ അതിശയമായിരുന്നു. ഉയരം കൂടിയതും കുറവുമായ കോമാളികളുടെ കോപ്രായങ്ങൾ കണ്ട് ഊറിയൂറി ചിരിച്ചത് ഇന്നും ഓർത്തെടുക്കാൻ സാധിക്കുന്നു.
അതിൽ ഉയരം കൂടിയയൊരു കോമാളി എന്റെ അടുത്തേക്ക് വരുകയും, എന്നെ റിംഗിലേക്ക് കൊണ്ടുപോകുകയും ചെയ്തു. പ്രദർശനം കഴിഞ്ഞിട്ടും പോകാതിരുന്നപ്പോഴായിരുന്നു സംഭവം. അയാളുടെ ബലമുള്ള കൈ കൊണ്ട് എന്നെ ഉയർത്തി കറക്കിയത് മനസ്സിൽ നിന്ന് മായുന്നില്ല. ആ ചെറുപ്പക്കാരന്റെ കൈത്തണ്ടയിൽ ഹനുമാന്റെ മുഖം പച്ച കുത്തിയിട്ടുണ്ടായിരുന്നു.
സർക്കസ്സ് കഴിഞ്ഞിട്ടും എന്നെ കാണാതിരുന്നപ്പോൾ ടിക്കറ്റ് വാങ്ങാൻ നിൽക്കുന്ന ആളോടു തർക്കിച്ചുകൊണ്ട് അമ്മ അകത്തേക്ക് വന്നു. ശേഷമാണ് ഞാൻ ആ കോമാളിയിൽ നിന്ന് വേർപെട്ട് പോകുന്നത്…
അന്ന്, അഞ്ചും ആറുമൊക്കെ പ്രായമേയുണ്ടാകൂ.. അതൊ, എഴോ! കൃത്യമായി ഓർത്തെടുക്കാൻ സാധിക്കുന്നില്ല. ഏറ്റവും കൂടുതൽ നോക്കി നിന്നതുകൊണ്ട് ആയിരിക്കണം ജംബോ സർക്കസ്സെന്ന് എവിടെ എഴുതിയാലും എനിക്ക് വായിക്കാൻ പറ്റും.
എന്തായാലും ഉത്സവ പറമ്പിലും കാർണിവൽ ഗ്രൗണ്ടിലും തെണ്ടുന്ന ചിന്തയിൽ നിന്നു തന്നെയാണ് എന്റെ തുടക്കം. അമ്മ ഊതി വീർപ്പിച്ച് വിൽക്കാൻ കൊണ്ട് പോകുന്ന ബലൂണുകൾ പോലെ എന്റെ കുഞ്ഞ് മനസ്സ് പാറി നടന്നു…
വൈകിയാണ് അമ്മയ്ക്ക് ബുദ്ധി വന്നതെന്ന് പറയാം. എന്നെ പിടിച്ച് സ്കൂളിൽ ചേർത്തു. ലീലാമ്മയായിരുന്നു അങ്ങനെ ഉപദേശിച്ചത്. അവരുടെ മക്കളെ ചേർത്ത സ്കൂളിൽ തന്നെ ഞാനും പഠിക്കാൻ തുടങ്ങി. കൂടെ ഇരുന്ന ക്ലാസ്സിലെ കുട്ടികളെല്ലാം പ്രായത്തിൽ ചെറുതായിരുന്നു…
പാഠ പുസ്തകങ്ങൾ തുറക്കുമ്പോഴും ഞാൻ കണ്ടത് സർക്കസ്സ് കൂടാരം തന്നെയായിരുന്നു. ആളുകളുടെ ആകാംഷകളായിരുന്നു. അതെല്ലാം എന്നിലേക്കും വീഴണമെന്ന് എപ്പോഴോ ഞാനും ആഗ്രഹിക്കാൻ ആരംഭിച്ചു. ചിലപ്പോഴൊക്കെ തോന്നും അമ്മയുടെ കൈകളിൽ നിന്ന് കെട്ടു പൊട്ടി ഉയർന്നയൊരു ബലൂണാണ് ഞാനെന്ന്. ഇന്നുമതു പൊട്ടാതെ നിൽക്കുന്നത് എന്നെ അത്ഭുതപ്പെടുത്താറുണ്ട്…
സ്കൂളിൽ ആര് ചോദിച്ചാലും ഒരു സർക്കസ്സുകാരൻ ആകണമെന്നേ ഞാൻ പറയാറുള്ളൂ. തുടർന്നാണ്, എന്നോളം ഉയരമുള്ള കാരക്കമ്പിൽ നിൽക്കാനൊക്കെ ഞാൻ അഭ്യസിച്ച് തുടങ്ങിയത്. അങ്ങനെ തോന്നിയത് എന്തുകൊണ്ട് ആയിരിക്കാമെന്ന് പിന്നീട് ഞാൻ ചിന്തിച്ചിരുന്നു. കൈത്തണ്ടയിൽ ഹനുമാന്റെ മുഖം പച്ച കുത്തിയ ഒരു കോമാളിയിൽ നിന്ന് ജീവനിൽ പകർന്നാതാണോയെന്ന് സംശയിക്കാതെയില്ല. പക്ഷെ, കോമാളിയാകാൻ തോന്നിയില്ല. ധീരനാകണമെന്നായിരുന്നു തലച്ചോറിൽ. അങ്ങനെയാണ്, എല്ലാവർക്കും സാധ്യമാകാത്ത എന്തെങ്കിലുമൊക്കെ ചെയ്യണമെന്ന തോന്നൽ ഉടലെടുക്കുന്നത്.
ആ നാൾവഴികളിലാണ് ബലൂണുകളും സഞ്ചിയുമൊക്കെ തൂക്കി കൊണ്ടുപോകുന്ന അമ്മയുടെയൊരു നീളൻ കമ്പ് ശ്രദ്ധയിൽ പെടുന്നത്. കാഞ്ഞിരത്തിന്റേത് ആണെന്ന് തോന്നുന്നു. ഉദ്ദേശ്യം അമ്മയുടെ ഉയരമുണ്ട്. നല്ല ബലവുമുണ്ട്. കസർത്തുകൾ അതിലാണ് ആദ്യമായി ഞാൻ ആരംഭിക്കുന്നത്. മണ്ണിൽ കുത്തി ചെരിച്ച് പിടിച്ച് ഞാൻ അതിൽ കയറാൻ ശ്രമിച്ചു. ആദ്യമൊക്കെ കാലുകൾ ഇടറി വീഴുമായിരുന്നുവെങ്കിലും പതിയേ മുകൾ ഭാഗം വരെ ആടിയുലഞ്ഞ് കയറാൻ എനിക്ക് സാധിക്കുകയായിരുന്നു.
അപകടം പിടിച്ച പണിയാണെന്ന് അമ്മ അന്നുതൊട്ടേ പറയാറുണ്ട്. ഈ വടി മേലാൽ എടുത്തു പോകരുതെന്ന് കൽപ്പിക്കുകയും ചെയ്തു. ഞാൻ അനുസരിച്ചില്ല. മണ്ണിൽ കിടത്തി വെച്ച കമ്പിൽ കാലെടുത്ത് വെക്കുമ്പോൾ, എന്റെ സങ്കൽപ്പത്തിൽ ഞാനൊരു ബലൂൺ ആകുമെന്നാണ്. കൈകൊണ്ട് കമ്പ് ഉയർത്തുന്തോറും ആടിയാടി ഉയരാൻ എനിക്ക് സാധിക്കുമെന്ന് ഞാൻ വിശ്വസിച്ചു. മണ്ണിൽ കുത്തനെ നിൽക്കുന്ന കമ്പിന്റെ അറ്റത്ത് കെട്ടിയിട്ട ബലൂൺ പോലെ അനങ്ങി നിൽക്കണമെന്നത് എന്റെ സ്വപ്നമായിരുന്നു…
ഒരിക്കൽ സ്കൂൾ ഗ്രൗണ്ടിൽ പരിശീലിച്ചിരുന്ന എന്നെ ക്ലാസ്സുമാഷ് ആ വടികൊണ്ട് തന്നെ തiല്ലിയ സംഭവമൊക്കെ ഉണ്ടായിട്ടുണ്ട്. എന്നിട്ടും താമസിക്കുന്ന ഷെഡിന്റെ പിറകിലെ ഒഴിഞ്ഞ ഇടത്ത് നിന്നും അമ്മ കാണാതെ ആ വിദ്യ ഞാൻ കാരക്കമ്പിൽ പരിശീലിച്ചു.
കുഴിച്ചിടാത്ത എന്റെ ഉയരമുള്ള കമ്പിൽ പത്ത് മിനുട്ടോളം നിൽക്കാൻ ഒടുവിൽ ഞാൻ പഠിക്കുക തന്നെ ചെയ്തു. പരിശ്രമങ്ങളിലൂടെ അല്ലാതെ യാതൊന്നും നമ്മളിലേക്ക് എത്തുന്നില്ല. അല്ലാതെ എത്തിയതൊന്നും നിരന്തരമായി നിലനിൽക്കുന്നുമില്ല.
അന്ന്, ഞാൻ ഏഴാം തരത്തിലായിരുന്നു. സ്കൂൾ വിട്ട് വന്നപ്പോൾ ഷെഡിൽ അമ്മ ഉണ്ടായിരുന്നില്ല. ആശുപത്രിയിൽ ആണെന്ന് അറിഞ്ഞപ്പോൾ നേരെ അങ്ങോട്ടേക്ക് പോയി. ആ നടത്തം എനിക്ക് ഇപ്പോഴും ഓർമ്മയുണ്ട്. തനിച്ച് നടക്കാൻ അറിയാമെന്ന ചിന്തയിൽ ലീലാമ്മയുടെ കൈ ഞാൻ തട്ടി മാറ്റിക്കൊണ്ടേയിരുന്നു…
നടന്ന് കയറിയത് മരിച്ച് കിടക്കുന്ന അമ്മയുടെ അരികിലേക്കായിരുന്നു. ആ രംഗം ഞാൻ പ്രതീക്ഷിച്ചതേയില്ല. പിടിക്കുന്തോറും തട്ടി മാറ്റിയ ലീലാമ്മയുടെ കൈകളിലേക്ക് ഞാൻ ആ നേരം മുറുക്കെ പിടിച്ചു. അമ്മയ്ക്ക് മഞ്ഞപ്പിത്തം ആയിരുന്നു പോലും… കൃത്യമായ ചികിത്സ തേടാതിരുന്നതു കൊണ്ടാണ് മരണം സംഭവിച്ചിരിക്കുന്നതു പോലും…
ഞാൻ ഒന്നും അറിഞ്ഞില്ല. അമ്മയ്ക്ക് വയ്യായ്ക വല്ലതുമുണ്ടോയെന്നും പോലും മനസിലാക്കാൻ എനിക്ക് സാധിച്ചില്ലെന്ന് പറയുന്നത് എത്ര പരാജയമാണ്. എന്നെ പോറ്റാൻ വേണ്ടി രാപ്പകൽ ഇല്ലാതെ ബലൂണുകൾ വിൽക്കാൻ പാതയോരം നിൽക്കുന്ന അമ്മയുടെ ഓർമ്മകൾ ഇപ്പോഴും വല്ലാത്തയൊരു കുറ്റബോധത്തിലേക്ക് എന്നെ തള്ളിയിടാറുണ്ട്. ഒപ്പമുള്ളവരുടെ വയ്യായ്കൾ ചോദിച്ചു മനസിലാക്കാൻ കുഞ്ഞുനാളിലെ മനുഷ്യർ പരിശീലിക്കേണ്ടിയിരിക്കുന്നു…
ലീലാമ്മയെ പരിചയപ്പെടുത്താം. ഞാൻ താമസിക്കുന്ന പുറം പോക്ക് ഷെഡിൽ നിന്നും നൂറു മീറ്ററോളം അകലത്തിൽ വരുന്ന റോഡരികിലെ കരിക്ക് വിൽപ്പനക്കാരിയാണ് ലീലാമ്മ. ഇപ്പോൾ ഉണ്ടാവോ ആവോ! അമ്മയെ പലപ്പോഴും സഹായിച്ചിരുന്നത് ആ സ്ത്രീയായിരുന്നു.
സഞ്ചരിച്ച വഴികളിലൊന്നും തൊടാതെ അവിടങ്ങളിലേക്ക് തിരിച്ച് പോകാൻ സാധിച്ചിരുന്നുവെങ്കിലെന്ന് ഇടയ്ക്കൊക്കെ ഞാൻ കരുതാറുണ്ട്. ജീവിതത്തെ സ്വാധീനിച്ചുവെന്ന് തോന്നുന്ന ഇടങ്ങളെയെല്ലാം വീണ്ടും കണ്ടാൽ വിയർത്തു പോകും! അടർന്ന് മാറാൻ പറ്റാത്ത വിധം ചിലപ്പോൾ ആ ഇടങ്ങളിലെല്ലാം ഞാൻ കുരുങ്ങി നിന്ന് പോകും! മിനുക്കാൻ ചെന്ന മനുഷ്യരിലും തങ്ങിപ്പോകുമോയെന്ന ഭയവും ചെറുതായുണ്ട്! ആരെങ്കിലുമൊക്കെ ഉണ്ടെന്ന് തോന്നിയാൽ ജീവിക്കാൻ വല്ലാത്തയൊരു സ്വസ്ഥതക്കുറവാണ്. കാത്തിരിക്കാൻ ആൾക്കാരുള്ളവർക്ക് പറഞ്ഞ പണിയല്ല തെരുവ് സർക്കസ്സ്…
അമ്മയുടെ മരണ ശേഷവും ലീലാമ്മയുടെ സഹായത്തോടെ എന്റെ പഠനം തുടർന്നിരുന്നു. പഠിക്കാൻ മിടുക്കനായിരുന്നുവെങ്കിൽ ആരെങ്കിലുമൊക്കെ തുടർന്നും സഹായിക്കുമായിരുന്നു. പക്ഷെ, എന്തു ചെയ്യാം! എട്ടിൽ ഞാൻ തോറ്റു പോയി. അതിന്റെ സങ്കടത്തിൽ ആണോ, ഇനിയൊരു സർക്കസ്സുകാരൻ ആകണമെന്ന ആശ കൊണ്ടാണോയെന്ന് അറിയില്ല; അന്ന് തന്നെ ഞാൻ ആ നാട് വിടുകയായിരുന്നു.
സർക്കസ്സുകാരൻ ആകണമെന്ന ആഗ്രഹം തന്നെ ആയിരിക്കണം അതിനുള്ള യഥാർത്ഥ കാരണം. അല്ലെങ്കിൽ, എന്റെ ഉയരമുള്ള ആ കാരക്കമ്പ് ഞാൻ ഒപ്പം കരുതില്ലായിരുന്നുവല്ലോ…
പലയിടത്തും അതുമായി ഞാൻ തെണ്ടി നടന്നു. പല നാടോടി കൂട്ടത്തിലേക്കും കലർന്ന് നോക്കി. നല്ലതും ചീiത്തയുമായ ഒട്ടേറെ അനുഭവങ്ങളിലൂടെ തന്നെയാണ് ഞാൻ വളർന്നത്. അതെല്ലാം എണ്ണിയെണ്ണി പറഞ്ഞാൽ ഇങ്ങനെയും ലോകമോയെന്ന് കേൾക്കുന്നവർ ആശ്ചര്യപ്പെട്ടുപോകും.
തിരിഞ്ഞ് നോക്കാൻ വയ്യ! അയവിറക്കാൻ മനോഹരമായ എത്രയോ കാര്യങ്ങൾ ഉണ്ടെങ്കിലും തികട്ടി വരാൻ പാകം ചിലതൊക്കെ ഓർമ്മയുടെ തൊണ്ടയിൽ കുടുങ്ങി കിടക്കുന്നുണ്ട്. പെണ്ണായിരുന്നുവെങ്കിൽ ചിലരൊക്കെ പണ്ടേക്ക് പണ്ടേ എന്നെ കൊല്ലുമായിരുന്നു. അവരിൽ പെണ്ണുമുണ്ടെന്നത് എന്നെ അത്ഭുതപ്പെടുത്തിയിരുന്നു.
അവിടങ്ങളിൽ നിന്നൊക്കെ കുതറി ഓടിയില്ലായിരുന്നുവെങ്കിൽ ഞാൻ മറ്റ് ആരെങ്കിലുമൊക്കെ ആകുമായിരുന്നുവെന്ന് ഇടയ്ക്ക് ആലോചിക്കാറുണ്ട്. തിരിച്ച് കയറാൻ പറ്റാത്ത വിധം ലiഹരിയിലോ, രiതി വിപണിയിലോ, അക്രമ ജീവിതത്തിലേക്കോ ഞാൻ ആണ്ട് പോകുമായിരുന്നു. എല്ലാത്തിനും അപ്പുറം സർക്കസ്സുകാരൻ ആകുകയെന്നത് മാത്രമായിരുന്നു എന്റെ തലയിൽ. സകലമാന വികാരങ്ങളും അതിനോടു തന്നെ…
കൗമാരത്തിന്റെ ഒരു വേളയിൽ ഞാൻ എത്തിപ്പെട്ടതൊരു സാധു തെരുവ് കുടുംബത്തിന്റെ മേൽക്കൂരയിൽ ആയിരുന്നു. വെളിച്ചം ചോരുന്ന നാലു പ്ലാസ്റ്റിക് ഷീറ്റായിരുന്നു ആ കൂര. അവർ ആത്മാർത്ഥയുള്ളവരാണെന്ന് എനിക്ക് തോന്നി. ഞാൻ എന്നെ വാർത്തെടുക്കുന്നത് അവിടെ നിന്നാണ്.
ഏറെ പദ്ധതികളോടെ കാരക്കമ്പുമായി ഞാൻ തെരുവിൽ ഇറങ്ങി. പട്ടിണി പ്പാവങ്ങൾ വയറ് കൊട്ടി പാടുമ്പോൾ അന്നം കൊടുക്കുന്ന ആ തെരുവ് എന്നെയും സ്വാഗതം ചെയ്യുകയായിരുന്നു.
അങ്ങനെ എന്റെ അഭ്യാസം കൊണ്ട് എനിക്കും ഒപ്പമുള്ളവരുടെയും വയറു നിറഞ്ഞു. പതിയേ സർക്കസ്സിനോട് കമ്പമുള്ളവരെയെല്ലാം ചേർത്ത് ഞാനൊരു തെരുവ് സർക്കസ്സ് കൂട്ടത്തെ തന്നെയുണ്ടാക്കി. കയറിൽ നടക്കാനും, സൈക്കിൾ കൈ കൊണ്ട് വൃത്തത്തിൽ ചവിട്ടാനും, വശ്യമായി നൃത്തം ചെയ്യാനും എനിക്ക് താഴെ ആൾക്കാരുണ്ടായി. ഞാൻ എപ്പോഴും മുകളിൽ ആണല്ലോ… എന്റെ ഉയരമുള്ള ഇരുമ്പ് പൈപ്പിനു മുകളിൽ ഇവരുടെയെല്ലാം നടുവിൽ ഒരു ബലൂണ് പോലെ ഞാൻ ആടി നിൽക്കുകയാണല്ലോ…
സത്യത്തിൽ കെട്ടു പൊട്ടിയ ബലൂണുകളുടെ സർക്കസ്സോളം മറ്റൊന്നും ഇല്ലായെന്ന് പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്. കാറ്റിൽ ഉരുണ്ട് പറന്ന് പലയിടത്തും തങ്ങുന്ന അഭ്യാസം. ഏതെങ്കിലും മൂർച്ചയിൽ തട്ടി പൊട്ടുന്നത് വരെ തന്റെ പ്രകടനം ബലൂണുകൾ തുടർന്നു കൊണ്ടേയിരിക്കും. ആരുമില്ലാത്തവരുടെ കാര്യത്തിലും അങ്ങനെ തന്നെയാണ്. എന്ത് കസർത്ത് കാട്ടിയിട്ടാണെങ്കിലും ജീവിക്കണമെന്ന് കരുതുന്ന ദരിദ്ര മനുഷ്യരെല്ലാം ബലൂണുകളാണ്. പൊട്ടുന്നത് വരെ ഗതിയില്ലാതെ അലയാൻ വിധിക്കപ്പെട്ടവർ. പൊട്ടിയാൽ, അതുവരെ സൂക്ഷിച്ച ശ്വാസത്തെ വായുവിൽ കലർത്തി രൂപം വെടിയുന്നവർ…
അങ്ങനെ ചിന്തിക്കുമ്പോൾ സർക്കസ്സുകാർ മാത്രമല്ല ബലൂണുകൾ എന്ന് തോന്നിപ്പോകുന്നു. സ്വയം ഊതി വീർപ്പിച്ച് പൊട്ടാതെ ജീവിക്കുന്ന മനുഷ്യരും ഏറെയുണ്ടാകും. പരസ്പരം കുiത്തി പൊട്ടിക്കുന്നവർ, തട്ടി കളിക്കുന്നുവർ, മറ്റുള്ളവരുടെ കൗതുകത്തിനായി നിന്ന് കൊടുക്കുന്നവർ, ആന മയിൽ ഒട്ടകം തുടങ്ങി മനുഷ്യരുടെ സകല ഗുണങ്ങളുമായി ഈ ലോകമൊരു വലിയ സർക്കസ്സ് കൂടാരം പോലെയുണ്ട്….
‘ കഴിച്ചാലോ…!’
ചന്ദ്രബാബു പറഞ്ഞു. തെരുവ് പ്രകടനത്തിൽ ട്യൂബ് കടിച്ചു പൊട്ടിക്കുന്നത് അവനാണ്. വന്നോളാമെന്ന് പറഞ്ഞപ്പോൾ അവൻ പോയി. ടെന്റിൽ നിന്നും അൽപ്പം മാറിയൊരു കസേരയിൽ ഞാൻ ഇരിക്കുകയായിരുന്നു. കാതുകളിൽ ആരോ വിരലുകളിൽ ഉയർത്തുന്ന ഷാഹിബാജയുടെ സംഗീതം കേൾക്കാം. ഇസ്ലാമുകൾ ആരംഭകാലം തൊട്ടേ ഏർപ്പെടുന്നയൊരു ആത്മീയ സംസ്ക്കാരം തന്നെയാണ് സൂഫിസവും. അർബനയും, ദഫും പോലെയൊരു സംഗീതോപകരണമാണ് ഷാഹിബാജ.
കെട്ടില്ലാത്ത ബലൂണുകളുടെ സർക്കസ്സാണ് മനസ്സിൽ തെളിയുന്നത്. പല നിറങ്ങളിലും ആകൃതിയിലും സ്വയം ഊതി വീർത്തവർ എല്ലാം മറന്ന് ആടുകയാണ്. അതിന്റെ പശ്ചാത്തല സംഗീതം പോലെ ഷാഹിബാജയുടെ താളം ഞാൻ ആസ്വദിക്കുകയാണ്.
സൂഫി സംഗീതത്തിന്റെ ചരിത്രമൊക്കെ ബോംബെയിലെ തെരുവുകളിൽ നിന്ന് പണ്ടെന്നോ അറിഞ്ഞതാണ്. എത്രയെത്ര പാട്ടുകാരായ കൂട്ടുകാർ ഉണ്ടായിരിക്കുന്നു. വർഷങ്ങൾ ഏറെ കഴിഞ്ഞ് പോയി. സമ്പാദിച്ചിരിക്കുന്നു. നാഗ്പൂരിൽ ഒരു ചെറിയ വീടുണ്ട്. വാടകയ്ക്ക് കൊടുത്തിരിക്കുകയാണ്. എന്നാലും അഭ്യാസം നിർത്താൻ സാധിക്കുന്നില്ല. ത്രസിച്ച കണ്ണുകളുമായുള്ള കൈയ്യടികൾ കാതുകളിൽ പതിയുമ്പോൾ ഇപ്പോഴുമൊരു ആവേശമാണ്. മരിച്ച് പോകാത്ത വിധം വീണു പോയാലും കിടക്കാനൊരു മേൽക്കൂരയുണ്ടെന്നത് ധൈര്യം കൂട്ടിയതേയുള്ളൂ…
‘ഹ്ഹഹ്ഹ… ഹഹ്ഹഹഹ… സൊൽപ്പ മത്താഡ ബേക്കൂ… ഹ്ഹ് ഹാ ?’
അസാധാരണമായ ചിരിയോടെ ഒരു കന്നഡ ചോദ്യമായിരുന്നു. നോക്കിയപ്പോൾ തെരുവിൽ കണ്ട അതേ മനുഷ്യൻ.അടുത്ത് കാണുമ്പോൾ നല്ല ഉയരമുണ്ട്. സർക്കസ്സ് കഴിഞ്ഞപ്പോഴും ഞങ്ങളെ പരിഹസിക്കുന്നുണ്ടായ ആ മധ്യവയസ്കന് എന്നോടു സംസാരിക്കണമെന്നാണ് പറഞ്ഞിരിക്കുന്നത്. ടെന്റ് വരെ തേടി വന്നതുകൊണ്ട് ചിരി നിർത്തിയിട്ട് കാര്യം പറയൂയെന്ന് ഞാൻ അയാളോടു പറഞ്ഞു. അതിനും ചിരി തന്നെയായിരുന്നു മറുപടി.
ദേഷ്യത്തിന്റെ തിളപ്പിൽ ഞാൻ എഴുന്നേറ്റ് അയാളെ പിടിച്ച് തള്ളി. പരിഹസി ക്കുന്നതിന് ഒരു പരിധിയില്ലേ.. മര്യാദയ്ക്ക് പോയില്ലെങ്കിൽ നിന്നെ കൊല്ലുമെന്നു വരെ കന്നഡയിൽ ഞാൻ അയാളോടു പറഞ്ഞു. അപ്പോഴും അയാൾ ചിരിക്കുക യായിരുന്നു. നീ കോമാളിയാണോയെന്നും കോമാളിത്തരം കാട്ടാതെ പോകൂവെന്നും ഞാൻ ആവർത്തിച്ചു. തiല്ലിപ്പോകുമെന്ന് കണ്ടപ്പോൾ അയാളെ വീണ്ടും ഞാൻ തള്ളുകയായിരുന്നു…
‘ഔതു…’
പിറകിലേക്ക് ആഞ്ഞപ്പോൾ ആ മനുഷ്യൻ പറഞ്ഞു. കൃത്യമായി ശ്രദ്ധിച്ചപ്പോൾ ചിരിക്കുന്നുണ്ടെങ്കിലും അയാൾ പറയുന്നത് വ്യക്തമാണ്. ഔതുവിലൂടെ എന്റെ ചോദ്യത്തിന്റെ മറുപടിയെന്നോണം താനൊരു കോമാളിയായിരുന്നുവെന്ന് അയാൾ സമ്മതിക്കുകയായിരുന്നു. ആ ഉത്തരം ഞാൻ പ്രതീക്ഷിച്ചതേയില്ല.
‘നിമ്നു ഹസ്രേനു…?’
മുത്തു എന്നാണെന്ന് അയാൾ പറഞ്ഞു. തന്റെ ഏട്ടാമത്തെ പ്രായം തൊട്ട് സർക്കസ്സിലായിരുന്നുവെന്നും, നാൽപ്പതു വർഷം കോമാളി ആയിരുന്നുവെന്നും അയാൾ ചേർത്തൂ. അന്ന് ചായം തേക്കുമ്പോൾ ചിരിച്ചു വലിഞ്ഞിരുന്ന ചിറികളെ അയാൾക്ക് ഇപ്പോഴും നിയന്ത്രിക്കാൻ പറ്റുന്നില്ല. സന്തോഷം വന്നാലും സങ്കടം വന്നാലും അയാൾ ചിരിച്ച് കൊണ്ടേയിരിക്കും. ചിരിക്കാതെ രണ്ടുവാക്ക് സംസാരിക്കാൻ പോലും പറ്റാത്ത അവസ്ഥ. ഇങ്ങനെ ചിരിക്കുന്ന ഒരാളുമായി ആർക്കാണ് പൊരുത്തപ്പെടാൻ സാധിക്കുക!ഉണ്ടായിരുന്നവരെല്ലാം മുത്തുവിനെ വിട്ടുപോയി. ഭ്രാന്താണെന്ന പൊതു മുദ്ര കുത്തലിൽ എപ്പോഴോ ഈ തെരുവിലേക്ക് അടിഞ്ഞ് കൂടിയതാണ്.
എനിക്കത് മനസ്സിലാകുമായിരുന്നു. ഏത് കമ്പ് കണ്ടാലും കുiത്തി നിർത്തി അതിന്റെ അറ്റത്തു നിൽക്കണമെന്ന ചിന്തയിൽ നിന്ന് പലപ്പോഴും എനിക്ക് പിന്തിരിയാൻ പറ്റാറില്ല. എല്ലാ അർത്ഥത്തിലും സർക്കസ്സുകാരുടെ ജീവിതമൊരു ബലൂണുകൾ പോലെ തന്നെയാണെന്ന് അപ്പോഴും എനിക്ക് തോന്നി. എപ്പോൾ വേണമെങ്കിലും പൊട്ടിത്തകർന്ന് പോകാം. അത് അറിഞ്ഞിട്ടും ഞങ്ങൾ ഇങ്ങനെ കൂടാരം ഉയർത്തി പൊട്ടാതെ തങ്ങുന്നു.
നിങ്ങളുടെ സർക്കസ്സിലേക്ക് തന്നേയും ചേർക്കുമോയെന്നായിരുന്നു ഒടുവിൽ മുത്തുവിന് ചോദിക്കാനുണ്ടായിരുന്നത്. ചിരിച്ച് കൊണ്ടായിരുന്നു ചോദ്യമെങ്കിലും ആ കണ്ണുകൾ നനഞ്ഞിരുന്നു. ഞാൻ അപ്പോഴും ബലൂണുകളെ കുറിച്ചു തന്നെയായിരുന്നു ചിന്തിച്ചിരുന്നത്. അമ്മയുടെ കൈയ്യിൽ നിന്നു വിട്ടുപോയ ബലൂൺ പോലെ പാറി നടന്ന കാലം. പലതും ഓർമ്മയിൽ തെളിഞ്ഞപ്പോൾ ഒരു കണ്ടെത്തൽ പോലെ എന്റെ കണ്ണുകൾ വിടർന്നു. ആ തെളിച്ചം, മുപ്പതു കൊല്ലങ്ങൾക്ക് മുമ്പ് ജംബോ സർക്കസ്സിൽ നിങ്ങൾ ഉണ്ടായിരുന്നുവോയെന്ന് ഇമ വെട്ടാതെ മുത്തുവിനോട് എന്നെക്കൊണ്ട് ചോദിപ്പിക്കുകയായിരുന്നു.
നിർത്താത്ത ചിരിയുടെ ഇടയിൽ അതിനും അയാൾ ഔതുവെന്ന് പറഞ്ഞു. അതേയെന്ന അർത്ഥമാണ് കന്നഡയിലെ ഔതുവിന്…
മുത്തുവിനോട് കുറച്ചു കൂടി ചേർന്ന് നിന്നതിന് ശേഷം ഞാൻ അയാളുടെ രണ്ടു കൈകളും മുറുക്കെ പിടിച്ചു. തിരിച്ച് നോക്കിയപ്പോൾ പ്രതീക്ഷിച്ചത് പോലെ അയാളുടെ കൈത്തണ്ടകളിൽ ഒന്നിൽ, പച്ച കുത്തി മാഞ്ഞു തുടങ്ങിയയൊരു ഹനുമാന്റെ മുഖം ഉണ്ടായിരുന്നു. പണ്ടൊരു സർക്കസ്സ് കൂടാരത്തിനകത്ത് എന്നെ ഉയർത്തി കറക്കിയ ആ ഉയരം കൂടിയ കോമാളിയുടെ കൈകൾ…
അമ്മയുടെ കൈകളിൽ നിന്ന് വിട്ടുപോയ ബലൂൺ പോലെ ഞാൻ ഭാരമില്ലാതെ ഉയരുകയാണ്. ലോകമൊരു സർക്കസ്സ് കൂടാരത്തോളം ചെറുതായി എന്റെ താഴെ നിന്ന നിമിഷങ്ങളായിരുന്നുവത്. അതിന്റെ വലിപ്പം കാണിക്കാൻ എന്നോണം മുമ്പ് തള്ളിക്കളഞ്ഞ മുത്തുവിനെ ആ നിമിഷം ഞാൻ വാരിപ്പുണരുകയായിരുന്നു…..!!!

