സർവീസിൽ കയറിയതോടുകൂടി അയാൾ ജീവിതത്തിന്റെ തിരക്കുകളിലേക്ക് അലിഞ്ഞുപോയി. വിവാഹം, കുട്ടികൾ, അച്ഛനെപ്പോലെ പലയിടത്തായി ട്രാൻസ്ഫർ എല്ലാം കഴിഞ്ഞ്……

സാധാരണക്കാരിൽ ഒരുവൻ.

എഴുത്ത്:-ഭാഗ്യലക്ഷ്മി. കെ. സി.

അയാൾ സാധാരണക്കാരിൽവെച്ച് ഏറ്റവും സാധാരണ ക്കാരനായിരുന്നു. അയാൾക്ക് തന്റെ പേര് ശശിയെന്നോ ഹരികൃഷ്ണനെന്നോ ബാബു എന്നോ ഷാജിയെന്നോ പ്രദീപ് എന്നോ വിനോദ് എന്നോ ഏത് പേരായിരുന്നാലും ഒരുപോലെയായിരുന്നു. തന്റെ അതേ പേരുള്ള ഒരു കുട്ടി അയാളുടെ ക്ലാസ്സിൽ എല്ലാവർഷവും പഠിച്ചിരുന്നു. അതുകൊണ്ടുതന്നെ തന്റെ പേരിന് ഒരു വ്യത്യസ്തതയും ഇല്ലെന്ന് അയാൾ എപ്പോഴും ആകുലപ്പെട്ടുമിരുന്നു.

അയാളുടെ മുഖമാകട്ടെ ചുമന്ന് തുടുത്തതോ നീണ്ടുവെളുത്തതോ ആനച്ചെവിയുള്ളതോ പൊങ്ങിയ പല്ലുള്ളതോ ഒന്നുമായിരുന്നില്ല. അയാൾ അധികം നീളമുള്ളതോ നീളം കുറഞ്ഞതോ നീണ്ടുരുണ്ടതോ കറുത്തതോ ഒന്നുമായിരുന്നില്ല. എല്ലാ രൂപഭംഗിയിലും അയാൾ ആവറേജ് ആയിരുന്നു. ഒന്നുകൊണ്ടും അയാളെ പ്രകൃതി വ്യത്യസ്തനായി അടയാളപ്പെടുത്തിയിരുന്നില്ല.

കുട്ടിയായിരുന്നപ്പോഴേ തന്റെ മുടിചീകലിൽ അല്പം ഒരു വ്യത്യാസം കൊണ്ടുവരുവാൻ അയാൾ ആവുന്നതും ശ്രമിച്ചതാണ്. പക്ഷേ ഏറ്റവും സാധാരണമായ മുടി അയാളെ തോൽപ്പിച്ചുകളഞ്ഞു. അതിലും അമ്പേ പരാജയപ്പെട്ടതോടുകൂടി അയാൾ തന്റെ സ്ഥലത്തിന്റെ പേര് തന്റെ പേരിന്റെകൂടെ ചേർക്കാൻ പദ്ധതിയിട്ടു. അങ്ങനെയെങ്കിലും താനൊന്ന് വ്യത്യസ്തനാവട്ടെ.

പക്ഷേ അച്ഛനും അമ്മയും മക്കളെയും കൂട്ടി അച്ഛന്റെ ട്രാൻസ്ഫർ നിമിത്തം പലയിടത്തായി മാറിമാറി താമസിച്ചതോടുകൂടി ആ ശ്രമവും നടന്നില്ല. ഡിഗ്രി കഴിഞ്ഞതോടുകൂടി അയാൾ തന്റെ ഭാവി പരിപാടികൾക്കായി ചില പദ്ധതികൾ തയ്യാറാക്കി. തനിക്കൊരു ബിസിനസുകാരൻ ആവണം. തന്റെ ബിസിനസ് ഫേമിന് അതുല്യമായ ഒരു പേര് നൽകണം. ആ പേരിനോടൊപ്പം താനും അറിയപ്പെടണം എന്നിങ്ങനെയായി അയാളുടെ മോഹങ്ങൾ..

അയാളുടെ നിരാശ വർദ്ധിപ്പിക്കാനായി പത്താം ക്ലാസ് വരെ അയാളുടെ ഒന്നിച്ചു പഠിച്ചിരുന്ന നാലുപേർ നാലഞ്ചുവ൪ഷങ്ങൾ കഴിഞ്ഞപ്പോൾ ഓരോ സ്ഥാപനങ്ങൾ തുടങ്ങി ആ പേരിൽ അറിയപ്പെട്ടുതുടങ്ങി. ചെറുപ്പത്തിലേ ഡാൻസ് നന്നായി കളിച്ചു പേരെടുത്ത ശ്യാം, മുദ്ര ഡാൻസ് സ്കൂൾ തുടങ്ങുകയും ‘മുദ്രശ്യാമാ’യി അറിയപ്പെടുകയും ചെയ്തു.

രഘുവിന്റെ അച്ഛൻ ഉത്സവങ്ങൾക്കും പരിപാടികൾക്കും ലൈറ്റ് ആൻഡ് സൗണ്ട് നൽകുന്ന ആളായിരുന്നു. രഘുവും അച്ഛന്റെ കൂടെക്കൂടി ആ ബിസിനസ് ഒന്നുകൂടി വിപുലപ്പെടുത്തി. നാടകത്തിനും ഗാനമേളക്കും മറ്റു പരിപാടികൾക്കും ഒക്കെ പോയിത്തുടങ്ങി. ഒപ്പം പുതിയ പേരും ഇട്ടു. ധന്യ ലൈറ്റ് ആൻഡ് സൗണ്ട്. 9 c യിൽ പഠിച്ചിരുന്ന ധന്യയെ അവൻ രാവിലെയും വൈകിട്ടും അനുധാവനം ചെയ്തത് ഇങ്ങനെ ഒരു മോഹം ഉള്ളിൽ വെച്ചുകൊണ്ടായിരുന്നു എന്ന് അയാൾക്ക് മനസ്സിലായത് ആ പേര് കേട്ടപ്പോഴാണ്. രഘുവിന് സ്കൂളിൽ പഠിക്കുമ്പോഴേ ഒരു ചെല്ലപ്പേരുണ്ടായിരുന്നു. ആർട്ടിസ്റ്റ് രഘു എന്ന് കൂട്ടുകാർ വിളിക്കാൻ കാരണം പറയാൻ കൊള്ളാത്ത ഏതോ ഒരു ചുമരിൽ രഘു തന്റെ കലാപരമായ ചില കരവിരുതുകൾ കോറിയിട്ടതും അത് ഹെഡ്മാസ്റ്റ൪ കൈയ്യോടെ പിടിച്ച് തുടയിൽ നാല് പൊട്ടീര് കൊടുത്തതും കൊണ്ടാണ് എന്ന് അപൂർവ്വം ചില കൂട്ടുകാർക്ക് മാത്രമേ അറിയുകയുള്ളൂ. ഇവൻ ഇത്ര വലിയ വരക്കാരനാണോ എന്ന് പുതുതായി പരിചയപ്പെടുന്ന ആരെങ്കിലും ചോദിച്ചാൽ കൂട്ടുകാർ അടക്കിച്ചിരിക്കും. ആർട്ടിസ്റ്റ് രഘു പതിയെ ആർട്ടിസ്റ്റ് ധന്യയായി അറിയപ്പെട്ടുതുടങ്ങി.

വിവേക് കമ്പ്യൂട്ടർ സെന്ററാണ് തുടങ്ങിയത്. ഒബ്രോയ് ഹോട്ടലിന്റെ പേര് കട്ടെടുത്ത് അവൻ ഒബ്രോയ് കമ്പ്യൂട്ടർ സെൻറർ എന്ന് പേരിട്ടതോടെ അവനെ കൂട്ടുകാർ വിവേക് ഒബ്രോയ് എന്ന് കളിയാക്കി വിളിച്ചു. ദാസൻ തുടങ്ങിയത് ലോട്ടറിക്കച്ചവടമായിരുന്നു. ലക്കി ലോട്ടറിസ്റ്റാൾ.
എടാ ലക്കിദാസാ എന്ന് നാട്ടുകാർ അവനെ വിളിക്കുന്നത് കേൾക്കാത്ത ദിവസങ്ങളില്ല.

പരീക്ഷാഫലം കാത്തു നിൽക്കുമ്പോഴായിരുന്നു അയാളുടെ അച്ഛന്റെ മരണം. സർക്കാർ സർവീസിൽനിന്നും റിട്ടയർ ചെയ്യുന്നതിനുമുമ്പ് മരിച്ചതുകൊണ്ട് അനന്തരാവകാശി എന്ന നിലക്ക് അയാൾക്ക് ആ ജോലി ലഭിച്ചു. അങ്ങനെ അയാൾക്ക് ബിസിനസുകാരൻ ആവാനും നിയോഗം ഇല്ലാതെ പോയി. സർവീസിൽ കയറിയതോടുകൂടി അയാൾ ജീവിതത്തിന്റെ തിരക്കുകളിലേക്ക് അലിഞ്ഞുപോയി. വിവാഹം, കുട്ടികൾ, അച്ഛനെപ്പോലെ പലയിടത്തായി ട്രാൻസ്ഫർ എല്ലാം കഴിഞ്ഞ് പത്തമ്പത് വയസ്സായപ്പോഴാണ് അയാൾക്ക് വീണ്ടും തന്റെ പേരിന്റെ പ്രസക്തിയില്ലായ്മ ഓർമ്മവന്നത്.

ഇനിയിപ്പോൾ എന്തു ചെയ്യും?

അയാൾ വിഷണ്ണനായി.

രാവിലെ പേപ്പർ വായിക്കാനിരുന്നാൽ സാധാരണ അരമണിക്കൂർ കൊണ്ട് തീർക്കുന്നതാണ്. ഇതെന്താ ഇപ്പോൾ ഇങ്ങനെ ഒരു ഇരിപ്പ്.. കുറേ ദിവസങ്ങളായല്ലോ ഇങ്ങനെ കാണുന്നത്..

ഭാര്യ പരിഭവിച്ചുതുടങ്ങി.

അവളോട് പറഞ്ഞാലോ..

അയാൾക്ക് ആദ്യം അങ്ങനെ ചിലതൊക്കെ തോന്നി. പക്ഷേ പിന്നീട് തോന്നി അവൾ കളിയാക്കുകയേയുള്ളൂ.

മകന്റെയും മകളുടെയും വിവാഹമൊക്കെ കഴിഞ്ഞു. അവർക്ക് കുട്ടികളുമായി. ഒരാളുടെ ചോറൂണ് ഗുരുവായൂർ വെച്ചായിരുന്നു. അവിടെ പോയപ്പോഴാണ് തന്റെ പേര് ആരോ ആൾക്കൂട്ടത്തിനിടയിൽനിന്ന് ഉച്ചത്തിൽ വിളിക്കുന്നത് കേട്ടത്. ഒരേ സമയം ഏഴുപേരാണ് തിരിഞ്ഞു നോക്കിയത്. അയാൾക്ക് സ്വയം ചെറുതായതുപോലെ തോന്നി.

അന്ന് മടങ്ങിവന്നപ്പോൾ മുതലാണ് രാവിലെ പത്രവായനയ്ക്കിടയിൽ സ്വയം മറന്നുള്ള ഇരിപ്പ് തുടങ്ങിയത്. തന്റെ പേര് ഇനി അല്പം മാറ്റിയെന്നിരിക്കട്ടെ. അതിനി എങ്ങനെ മറ്റുള്ളവരെ അറിയിക്കും.
മറ്റുള്ളവരൊക്കെ ഇത്രയും നാൾ തന്നെ എങ്ങനെ വിളിച്ചുവോ അതുപോലൊക്കെത്തന്നെയേ ഇനിയും വിളിക്കുകയുള്ളൂ.

എന്തെങ്കിലും വ്യത്യസ്തമായ ഒരു പേരിട്ടാൽ അതുവച്ച് പരിഹസി ക്കാനാണ് ആളുകൾ ഒരുങ്ങുന്നതെങ്കിലോ..

ഇങ്ങനെ ഒരു ചിന്ത വന്നതോടുകൂടി അയാൾ തൽക്കാലം തന്റെ പേരുമാറ്റം മറവിയുടെ ഉൾത്താലത്തിലേക്ക് മാറ്റിവെച്ചു.

ജോലി കഴിഞ്ഞ് തിരിച്ചെത്തിയതിനുശേഷം പേരക്കുട്ടികളോടൊപ്പം ഉള്ള കളി, മുറ്റത്തുള്ള ചെടികളൊക്കെ നനക്കൽ, അത്യാവശ്യം വാർത്തകൾ കണ്ടിരിക്കൽ ഒക്കെയായി അയാളുടെ ദിനങ്ങൾ കൊഴിഞ്ഞുതുടങ്ങി. എങ്കിലും നടക്കാൻ പോകുമ്പോഴും, ക്ഷേത്രത്തിൽ പോകുമ്പോഴും, ടെറസിലൂടെ ഉലാത്തുമ്പോഴും പല പേരുകളും തന്റെ പേരിനോട് ചേർത്തുനോക്കി അയാൾ രഹസ്യമായി രസിക്കാറുണ്ടായിരുന്നു.

അങ്ങനെയിരിക്കെ ഒരു ദിവസം ഭാര്യ പറഞ്ഞു:

ഗേറ്റ് ഒന്ന് പുതുക്കണം. പണ്ട് വീടുവെച്ചപ്പോൾ കെട്ടിയ മതിലും ഗേറ്റും ആണ്. അതൊക്കെ തുരുമ്പെടുത്തിരിക്കുന്നു. അപ്പുറത്തെ സായികൃഷ്ണന്റെ ഗേറ്റ് പോലൊരെണ്ണം നി൪മ്മിച്ച് ഫിറ്റ് ചെയ്യണം. വീട് പെയിന്റ് ചെയ്യണം. ഒപ്പം മതിലിന്മേൽ നെയിം പ്ലേറ്റും തൂക്കണം. വീടിന്റെ പേരും ഗൃഹനാഥന്റെ പേരും വേണം.

അയാൾ ആശങ്കയിലായി. തന്റെ പേരിന് ഒരു വ്യത്യസ്തതയും ഇല്ലല്ലോ എന്നയാൾ ഖേദിച്ചു. ഭാര്യയുടെ പേര് വെച്ചാലോ.. ജ്യോതി൪മയീദേവി. എന്താ ഒരു തേജസ്.. അയാൾക്ക് അഭിമാനം തോന്നി. മക്കളുടെ പേരും അതിഗംഭീരമായാണ് അയാൾ നാമകരണം ചെയ്തത്. മകൻ ശ്രീശരൺ. മകളാവട്ടെ ദേവാംഗന. കൊച്ചുമക്കൾ നവ്ജോത്, നവ്തേജ്.

ഭാര്യ പറഞ്ഞതൊക്കെ നടന്നു. ഗേറ്റും മതിലുമൊക്കെ പുതുക്കി. നെയിം പ്ലേറ്റും വന്നു. വീടിന്റെ പേരായ നികുഞ്ജം എന്ന് മാത്രം എഴുതിച്ചു കൊണ്ടുവന്നു. പണിക്കാർ അതൊക്കെ ഫിറ്റും ചെയ്ത് പോയതിനു ശേഷമാണ് ഭാര്യ മാർക്കറ്റിൽ പോയി തിരിച്ചെത്തിയത്.

അയ്യോ.. നിങ്ങളുടെ പേര് എന്തേ എഴുതാഞ്ഞത്..?

അവർ വേപഥുവോടെ ചോദിച്ചു. അവർക്ക് ഭർത്താവ് എന്നുവെച്ചാൽ ജീവനാണ്. തന്റെയുള്ളിൽ ഇങ്ങനെയൊരു വിഷമം ഉണ്ടെന്ന് അവളറിഞ്ഞാൽ സഹിക്കില്ല. അയാൾ ഒന്നും പറഞ്ഞില്ല.

അന്ന് രാത്രി അയാൾ ഉറങ്ങിയതേയില്ല. തിരിഞ്ഞും മറിഞ്ഞും കിടന്നു. വല്ലാത്തൊരു പരവേശം.. ഒട്ടനവധി പ്രാവശ്യം എഴുന്നേറ്റിരുന്നു. ഇടയ്ക്ക് വെള്ളം കുടിച്ചുനോക്കി. ഉറങ്ങാൻ പറ്റുന്നില്ല. നെഞ്ചുവേദന എടുക്കുന്നുണ്ടോ.. ഇല്ല. വിയർക്കുന്നുണ്ടോ.. ഇല്ല. ഭാര്യയെ വിളിക്കണോ.. വേണ്ട. അവൾ സുഖമായി ഉറങ്ങുകയാണ്. കുറച്ചുദിവസമായി പെയിൻറിംഗ് കാരണം ക്ലീനിങ് ഒക്കെയായി ബുദ്ധിമുട്ടിലായിരുന്നു. ഇപ്പോഴാണ് എല്ലാം ഒന്ന് തീർന്നുകിട്ടിയത്. അവൾ സ്വസ്ഥമായി ഉറങ്ങട്ടെ.. അയാൾ ഓരോന്നാലോചിച്ചു കിടന്നു. പുലർച്ചെ ആകാറായപ്പോഴാണ് ശാന്തമായി ഒന്നുറങ്ങിയത്. നല്ല ഉറക്കത്തിലേക്ക് വഴുതിവീണപ്പോഴാണ് അയാൾ ഒരു കാഴ്ച കണ്ടത്. തൂമഞ്ഞുകൊണ്ട് നിർമ്മിച്ച ഒരു വെള്ളിത്തേര്. അതിനകത്ത് ഒരുപാട് മാലാഖമാരെ പ്പോലുള്ള പെൺകുട്ടികൾ വെൺചാമരം വീശുന്നു. താൻ അതിന്റെ നടുക്ക് വെളുവെളുത്ത വെള്ളിക്കസേരയിൽ ഇരുന്നു വിളങ്ങുന്നു.

ചുറ്റിലും താഴോട്ടും ആകാശം മുഴുവനും നോക്കിയപ്പോൾ തന്നെപ്പോലെ അനേകം ആളുകൾ ഒരേപോലുള്ള രഥത്തിൽ ഒരേ ലക്ഷ്യത്തിലേക്ക് യാത്ര ചെയ്യുകയാണെന്ന് അയാൾക്ക് മനസ്സിലായി. യാത്രക്കൊടുവിൽ ഒരു വലിയ കൊത്തുപണിയോട് കൂടിയുള്ള കവാടത്തിനു മുന്നിൽ എല്ലാവരും എത്തപ്പെട്ടു. വാതിൽ തുറക്കാനായി എല്ലാവരും കാത്തുനിൽക്കുകയാണ്. പൊടുന്നനെ വെള്ളിവെളിച്ചം തൂകിക്കൊണ്ട് ആ വാതിൽ തുറക്കുകയായി.

ശാന്തശീലരായ, മിഴികളിൽ നിസ്സംഗത നിറഞ്ഞ, കാരുണ്യം വഴിഞ്ഞൊഴുകുന്ന മുഖത്തോടുകൂടിയ കുറേപ്പേർ പുറത്തുവന്ന് ഏതോ ഒരു ചാർത്ത് നോക്കി കുറേയേറെ പേരുകൾ വിളിച്ചുകൊണ്ടിരുന്നു. ഓരോ പേരുവിളിക്കുമ്പോഴും കുറെയേറെ പേർ എഴുന്നേറ്റു ഉള്ളിലേക്ക് പോയ്ക്കൊണ്ടിരുന്നു. ഇതിൽ തന്റെ പേര് എന്താണ് എന്ന് അയാൾ ഓർത്തെടുക്കാൻ ശ്രമിച്ചുനോക്കി. ഓരോ പേര് വിളിക്കുമ്പോഴും ഇത് തന്റെ പേരാണല്ലോ എന്ന് അയാൾ ആലോചിക്കുമ്പോഴേക്കും ആരെങ്കിലും എഴുന്നേറ്റ് ഉള്ളിലേക്ക് നടന്നുപോയിട്ടുണ്ടാകും.
അങ്ങനെ അയാൾ വലഞ്ഞു.

ഏകദേശം ഒരു മണിക്കൂറെങ്കിലും കഴിഞ്ഞുകാണും. ഇനി തന്റെ രഥം മാത്രമേ ബാക്കിയുള്ളുവോ എന്നറിയാൻ അയാൾ തിരിഞ്ഞുനോക്കി. തനിക്ക് പിറകിലും അനേകായിരങ്ങൾ വരിവരിയായി നിൽക്കുന്നുണ്ട്.
പേര് വിളി തുടർന്നപ്പോൾ പിറകിലുള്ള ആളുകളും എഴുന്നേറ്റ് പോയിത്തുടങ്ങി. ഓരോ പ്രാവശ്യവും അയാൾ എഴുന്നേൽക്കാൻ ആലോചിക്കുമ്പോഴേക്കും ആരെങ്കിലും നടന്ന് കവാടം കടന്നിരിക്കും. അയാൾ പരിഭ്രമിച്ചുതുടങ്ങി.

അപ്പോഴാണ് ഭാര്യ വന്ന് കാലിൽപിടിച്ച് കുലുക്കിവിളിച്ചത്.

എന്തൊരു ഉറക്കമാണ്.. എഴുന്നേറ്റ് ചായ കുടിക്കൂന്നേ…

കണ്ണു തുറന്നപ്പോൾ തൊട്ടുമുന്നിൽ ജ്യോതിർമയീദേവി ചായക്കോപ്പയുമായി നിൽക്കുന്നു. അയാൾക്കൊട്ടൊരു ആശ്വാസം തോന്നി. ഒരു കൈകൊണ്ട് കപ്പ് വാങ്ങിക്കൊണ്ട് മറുകൈകൊണ്ട് അവളെ തന്നിലേക്ക് ചേർത്തുപിടിച്ച് അയാൾ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു:

ഇനി എനിക്ക് പേര് മാറ്റേണ്ട..

Leave a Reply

Your email address will not be published. Required fields are marked *