വ്യാഴവട്ടം
എഴുത്ത്:- രഘു കുന്നുമ്മക്കര പുതുക്കാട്
ടാർനിരത്തിൽ നിന്നും ഇടുങ്ങിയ ചെമ്മൺവഴിയുടെ ആരംഭം കുറിക്കുന്നിടത്ത് വച്ച്, അവൻ പിന്തിരിഞ്ഞു നോക്കി. ഏറെ പുറകിൽ നിന്നും,?ഒരു യുവതി പതിയെ നടന്നു വരുന്നുണ്ട്. അവൾ, ഷാൾ കൊണ്ടു തലവഴി മറച്ചിരിക്കുന്നു. തട്ടം കണക്കെ….. ചെമ്മൺ വഴിയിലൂടെ അവൻ മുന്നോട്ടു സഞ്ചരിച്ചു. വഴിയുടെ ഒടുക്കം വൃക്ഷനിബിഢമായ പറമ്പാണ്. പറമ്പിൻ്റെ ഒത്ത നടുക്കായി പഴയൊരു തറവാട്ടു വീടു നിലകൊള്ളുന്നു. വീടിനു പുറകുവശത്തായി അവൻ മറഞ്ഞു നിന്നു. തെല്ലിട പിന്നിട്ടപ്പോൾ യുവതിയായൊരു വീട്ടമ്മ, പറമ്പിലെ നിഴലുകൾക്കിടയിലൂടെ ചെമ്മൺ പാതയിലേക്കു നടന്നു നീങ്ങി.
അവർ കാഴ്ചയിൽ നിന്നും മറഞ്ഞപ്പോൾ, അവൻ സാവധാനം ആ വീടിന്നു മുൻപിലേക്കു വന്നു. അയൽക്കാരുടെ ശ്രദ്ധയിൽ പതിയാത്ത വീട്, മൗനത്തിൽ പുതഞ്ഞു നിന്നു. ഇളയച്ഛൻ വിദേശത്താണ്. ഒമ്പതു മക്കളിൽ ഇളയതാണ് ഇളയച്ഛൻ. ഇളയച്ഛനു രണ്ടു മക്കളാണ്.?ലോവർ പ്രൈമറിയിൽ പഠിക്കുന്നവർ. ഇളയമ്മയ്ക്കു സഹകരണ ബാങ്കിൽ ജോലിയുണ്ട്. കുട്ടികളും ഇളയമ്മയും പോയിക്കഴിഞ്ഞാൽ വീട്, ഒഴിഞ്ഞൊരു കൂടാവും.
അവൻ, വീടിൻ്റെ പൂമുഖത്തു വന്നു. തറവാട്ടുവീടിൻ്റെ ഡ്യൂപ്ലിക്കേറ്റ് കീ കരുതിയി ട്ടുണ്ടായിരുന്നു. അവൻ, വാതിൽ തുറന്നു അകത്തു കയറി. അടുക്കളവാതിൽ തുറന്നിട്ടു. പിന്നെ, വീണ്ടും ഉമ്മറത്തു വന്നു. മുൻവാതിൽ താഴിട്ടു പൂട്ടി. പുറകുവശത്തു കൂടെ, അടുക്കളവാതിൽ തുറന്ന് അകത്തു കയറി. വർക്ക് ഏരിയായിൽ അനങ്ങാതെ നിന്നു. നിമിഷങ്ങൾ കടന്നുപോയി.
അടുക്കളവാതിൽ പതിയെ തുറന്നു, അവൾ അകത്തേക്കു കയറി. വാതിലടച്ചു കുറ്റിയിട്ടു. തലവഴി മൂടിയ ഷാൾ എടുത്തു, അടുക്കളയിലെ കസേരമേലിട്ടു. അവൻ, അവൾക്കരികിലേക്കുവന്നു. ചോദ്യങ്ങളും പറച്ചിലുകളും തുച്ഛമായിരുന്നു.അവർ, ഗാഢം പുiണർന്നു. ഉടലുകൾ അനാവൃതമായി. അകത്തളത്തിലെ ശയനമുറിയിലേക്ക് അവർ പiടർന്നാണു നീങ്ങിയത്. ശയ്യാവിരികളുലഞ്ഞു. ഒടുവിൽ, കിതപ്പും ശീiൽക്കാരങ്ങളും നിന്നു. ഉടൽ വൃത്തിയാക്കി, വസ്ത്രങ്ങളണിഞ്ഞു. പതിവുകളുടെ തനിയാവർത്തനം.
അന്നേരത്താണ്, ഉമ്മറത്ത് ഒരു പാദപതന ശബ്ദം കേട്ടത്. അവൻ തിടുക്കത്തിൽ ജാലകവിരി നീക്കി നോക്കി.?ഇളയമ്മ തിരിച്ചു വന്നിരിക്കുന്നു. എന്തെങ്കിലും മറന്നിട്ടാണോ എന്തോ ? അവനും അവളും, വർക്ക് ഏരിയായുടെ ഇരുൾവശത്തേക്കു നീങ്ങി നിന്നു. വാതിൽ തുറന്നു ഇളയമ്മ, ആദ്യം കിടപ്പുമുറിയിലേക്കു പോയി.
അറ്റാച്ച്ഡ് ബാത്ത്റൂമിൽ നിന്നും ഫ്ലഷ് ചെയ്യുന്നതിൻ്റെ ശബ്ദം കേട്ടു. അൽപ്പം കഴിഞ്ഞ്, കാലടിയൊച്ചകൾ വർക്കേരിയായിലേക്കു നീണ്ടു വന്നു.
അവൻ, അവളുടെ ഷാൾ കൊണ്ടു മുഖം മറച്ച് ഇളയമ്മയുടെ മുന്നിലേക്കു വന്നു.
അവരിൽ നിന്നും, നടുക്കം കൊണ്ട് വികൃതമായൊരു ശബ്ദമുണ്ടായി. അവൻ, അവരെ പുറകിലേക്കു ആഞ്ഞു തള്ളി. നിലത്തു തiലയടിച്ച വല്ലാത്തൊരു ശബ്ദമുണ്ടായി. അടുക്കള വാതിൽ ഉള്ളിൽ നിന്നും പൂട്ടിയ ശേഷം, അവരെ കവച്ചുവച്ച്, അവനും അവളും ഉമ്മറത്തേക്കു നടന്നു. അവൻ ഒരുവട്ടം തിരിഞ്ഞു നോക്കി. ഇളയമ്മയുടെ ചiലനമറ്റ ഉടൽ കണ്ടു. ആ മിഴികൾ വല്ലാതെ തുറിച്ചു നിന്നു.
പന്ത്രണ്ടു വർഷങ്ങൾക്കു ശേഷം, അവനും അവളും അവരുടെ ബാല്യക്കാരായ മക്കളുമൊന്നിച്ച് ആ വീട്ടിലേക്കു ചെന്നു. അവിടെ ആളുകൾ കൂടാൻ തുടങ്ങിയിരുന്നു.
അകത്തള ത്തിനപ്പുറത്തെ കട്ടിലിൽ, തീർത്തും മെല്ലിച്ചൊരു രൂപം ചലനമറ്റു കിടപ്പുണ്ടായിരുന്നു. ഇളയച്ഛനും, യുവതികളായ രണ്ടു മക്കളും കട്ടിലിനരികി ലുണ്ടായിരുന്നു. അവരെ കണ്ടതും രണ്ടു പെൺകുട്ടികളും ഉച്ചത്തിൽ കരഞ്ഞു.
” വല്ല്യേട്ടാ, ചേച്ചീ…. അമ്മ പോയി”
അവർ, ഇളയമ്മയുടെ നിശ്ചേതനമായ ദേഹത്തേക്കു നോക്കി. ആ മിഴികൾ പാതി തുറന്നിരുന്നു. അവളും കുട്ടികളും കരച്ചിലിൽ പങ്കു ചേർന്നു.?അവൻ, ഉമ്മറത്തേക്കു നടന്നു.?വന്നുചേർന്നവരിൽ ആരോ രണ്ടുപേർ പരസ്പരം പറഞ്ഞു.
“അതിനു ശാപമോക്ഷം കിട്ടി. വീടിന്നകത്തു വഴുതി വീണതാണ്. പിന്നെ എഴുന്നേറ്റിട്ടില്ല. ദേഹം തളർന്നുപോയി. പന്ത്രണ്ടു കൊല്ലത്തെ നരകജീവിതം കഴിഞ്ഞു..”
അവൻ, മുറ്റത്തേക്കിറങ്ങി. ആകാശത്ത് അപ്പോളൊരു പെരുമഴയൊരുക്കം രൂപപ്പെടുകയായിരുന്നു.

