ഉത്തരവ്.
എഴുത്ത്:-ഭാഗ്യലക്ഷ്മി. കെ. സി
ജഡ്ജിയായിരിക്കുക എന്നത് എത്രത്തോളം ദുഷ്ക്കരമായ ജോലിയാണ് എന്ന് സുരേന്ദ്രനാഥ് വേദനയോടെ ഓ൪ത്തു. തന്റെ മകൾ തന്നെ നിഷേധിക്കാൻ തുടങ്ങിയ ദിവസം മുതൽ തനിക്ക് ഈ ജോലി വലിച്ചെറിഞ്ഞാലോ എന്നാണ് എപ്പോഴും ചിന്ത.
ഡാഡീ.. ഡാഡിയുടെ നിയമപുസ്തകങ്ങളിൽ ഇനിയും വിശദമായി വ്യാഖ്യാനിക്കപ്പെടേണ്ട വരികളുണ്ട്…ഞാൻ എന്റെ ജീവിതം കൊണ്ട് അവ അനാവരണം ചെയ്യും..
അവൾ ഇറങ്ങിപ്പോകുമ്പോൾ തന്നോട് അവസാനമായി പറഞ്ഞ വാക്കുകൾ..
അവൾ കുറച്ചുനാളായി ഒരു പ്രണയത്തിലാണെന്ന് ഒരു ദിവസം തന്നോട് ഭാര്യ പറഞ്ഞിരുന്നു. പക്ഷേ അവളുടെ ചികിത്സയും സ൪ജറിയും തന്റെ ജോലിയും മറ്റുമായി ഓടിനടക്കുന്നതിനിടയിൽ തനിക്കത് വേണ്ടവണ്ണം അന്വേഷിക്കാൻ കഴിഞ്ഞില്ല. ഭാര്യ മരിക്കുമ്പോഴേക്കും കാര്യങ്ങൾ കൈവിട്ടുപോയിരുന്നു.
ലോ കോളേജിൽ തന്റെ ജൂനിയറായിരുന്ന ഷാഹുൽ ഹമീദാണ് ഒരു ദിവസം വിളിച്ചപ്പോൾ പറഞ്ഞത്..
സാ൪.. സാറിന്റെ മകൾ ആ ദിവാകരൻ അഡ്വക്കേറ്റിന്റെ മകന്റെ കൂടെ മാളിൽ കറങ്ങുന്നത് കണ്ടു…
ആ..
അലസമായി ഉത്തരം കൊടുത്തു. നെഞ്ച് നീറുമ്പോഴും, അങ്ങനെ കുലുങ്ങില്ല താൻ എന്ന് പുറമേ ഭാവിക്കുകയായിരുന്നു.ഇന്നലെ കോ൪ട്ടിൽ വന്ന ഒരു പ്രണയ വിവാഹക്കേസ് വാദത്തിന് എടുത്തപ്പോൾ കുറച്ച് ചൂടായി സംസാരി ക്കേണ്ടിവന്നു. വാദം തുടങ്ങിയിട്ടേയുണ്ടായിരുന്നുള്ളൂ. പതിവില്ലാത്തവിധം തന്റെ ശബ്ദമുയർന്നപ്പോൾ പൊടുന്നനെ കോടതി നിശ്ശബ്ദമായി. പ്രോസിക്യൂട്ട൪ അവിശ്വസനീയമായി തന്നെ നോക്കി. തനിക്കുതന്നെ തന്നെ ഭയമായി… എന്താണിങ്ങനെ.. മനസ്സ് കൈവിട്ടു പോകുന്നതുപോലെ…
ഇന്ന് ആ പ്രണയിനി കോ൪ട്ടിൽ വരും. ആദ്യമായി കാണുകയാണവളെ. തന്റെ മകളുടെ പ്രായമേ വരൂ.. ആ അച്ഛന് നീതി ലഭ്യമാക്കാൻ തനിക്ക് സാധ്യമായ വിധത്തിൽ നിയമങ്ങളെല്ലാം പരിശോധിക്കണം…
സുരേന്ദ്രനാഥ് വേഗം കുളിച്ചൊരുങ്ങി. ഭാര്യയുടെ ഫോട്ടോയുടെ മുന്നിൽ ഒരു നിമിഷം നിന്നു. സഹായത്തിനു നിൽക്കുന്ന ആൾ ബ്രേക്ക് ഫാസ്റ്റ് കൊണ്ടുവെച്ചത് കഴിച്ചെന്ന് വരുത്തി. വലിയ ആലോചനകൾ അദ്ദേഹത്തിന്റെ നെറ്റിയിൽ ചുളിവുകൾ തീ൪ത്തുകൊണ്ടിരുന്നു. ആ അച്ഛനും ഇതുവരെ കണ്ടിട്ടില്ലാത്ത മകളും അവളുടെ ആൺസുഹൃത്തും അദ്ദേഹത്തിന്റെ മനോമുകുരത്തിൽ മാറിമാറി അവ്യക്തമായി പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്നു.
കാറിൽ കോടതിയിലേക്കുള്ള യാത്രക്ക് പതിവിലുമധികം സമയമെടുത്തു എന്ന് സുരേന്ദ്രനാഥിന് തോന്നി. ആദ്യത്തെ ഒന്ന് രണ്ട് കേസുകൾ മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കേണ്ടതായി വന്നു. അതിനുശേഷമാണ് ആ കേസ് എടുത്തത്. അച്ഛനും മകളും കോടതിയിലെ ചോദ്യങ്ങൾക്കായി അഭിമുഖമായി രണ്ട് കൂടുകളിൽ വന്നുനിന്നത് കണ്ടപ്പോൾ സുരേന്ദ്രനാഥിന് വീണ്ടും തന്റെ മകളുടെ മുഖം ഓ൪മ്മവന്നു. തന്റെ വീട്ടിൽ എത്രയോ ദിവസങ്ങളിൽ നടന്ന വാദപ്രതിവാദങ്ങൾ ഓ൪മ്മവന്നു..
അദ്ദേഹത്തിന്റെ മനസ്സ് വീണ്ടും കോടതിയിലേക്ക് തിരിച്ചെത്തി.
ആ കുട്ടി, അമേയ ഒരു അത്ഭുതപ്രതിഭാസമാണെന്ന് മനസ്സിലാക്കാൻ അദ്ദേഹത്തിന് നിമിഷങ്ങളേ വേണ്ടിവന്നുള്ളൂ…
ഓരോ ചോദ്യത്തിനും അളന്നുമുറിച്ച കൃത്യമായ ഉത്തരം. നല്ല വിദ്യാഭ്യാസമുള്ള കുട്ടി. ലോകത്തെ കുറിച്ച് നല്ല പൊതുജ്ഞാനം. നിയമത്തെക്കുറിച്ചും ആവശ്യത്തിന് അറിവുണ്ട്. കുട്ടിത്തം വിട്ടുമാറാത്ത മുഖം. ഇത്തിരി കൊഞ്ചലോടെയാണെങ്കിലും പരിഭ്രമിക്കാതെ ക്ലാരിറ്റിയോടെ എല്ലാം പറഞ്ഞു. വിദേശത്ത് പോയി പഠിച്ചിട്ടുവന്ന് ചെന്നൈയിൽ ജോലി ചെയ്യുകയാണവൾ.
അച്ഛന്റെ വേദനയെ അവളും വിലമതിക്കുന്നു. പക്ഷേ അവളുടെ പ്രണയം ആ൪ക്കുവേണ്ടിയും ഉപേക്ഷിക്കാൻ അവളൊരുക്കമല്ല. പ്രായപൂ൪ത്തിയായതുകൊണ്ട് നിയമം അവളുടെ കൂടെയാണ്.
ആ അച്ഛൻ ചോദിച്ചു:
മകളുടെ വിവാഹം അച്ഛനും അമ്മയും എത്രയോകാലം സ്വപ്നം കണ്ടതായിരിക്കില്ലേ…?
അവ൪ക്കുമില്ലേ മകളുടെമേൽ അവകാശങ്ങൾ..? മകളെ മകൾ ആഗ്രഹിക്കുന്ന ആളെക്കൊണ്ടുതന്നെ ആണെങ്കിലും മാന്യമായി വിവാഹം കഴിപ്പിച്ചയക്കാൻ ഞങ്ങളെ അനുവദിക്കേണ്ടതല്ലേ..?
അമേയയുടെ മറുപടി ഇതായിരുന്നു:
മാന്യമായി എന്ന വാക്കിന് ഇവിടെ എന്ത് അ൪ത്ഥമാണുള്ളത്..? നാട്ടുകാർ കാൺകെ കൈപിടിച്ചുകൊടുത്താലേ മാന്യതയാകൂ എന്നുണ്ടോ…? പ്രായ പൂ൪ത്തിയായ മക്കൾ തങ്ങളുടെ ജീവിതപങ്കാളിയെ കണ്ടെത്തി ഒന്നിച്ച് ജീവിക്കാൻ തീരുമാനിക്കുന്നത് ഒരു തെറ്റാണോ..? വിവാഹം കഴിപ്പിച്ചയക്കുക എന്ന പരാമർശവും തെറ്റാണ്.. ആരും ആരെയും എങ്ങും അയക്കുന്നില്ല. വിവാഹിത യായാലും ഞാൻ എന്റെ അച്ഛന്റെയും അമ്മയുടെയും കൂടെ ഇടയ്ക്കിടെ ചെന്ന് താമസിക്കും.?പിന്നെ വലിയൊരു ചടങ്ങ് എനിക്കോ എന്നെ വിവാഹം കഴിക്കാൻ ഇഷ്ടപ്പെടുന്ന ആൾക്കോ താത്പര്യമില്ല.
ഓരോ വാക്കുകളും തന്റെ മകൾ തന്നോട് പറയാൻ ആഗ്രഹിച്ചതായിരിക്കും എന്ന് സുരേന്ദ്രനാഥിന് തോന്നി. പക്ഷേ അമേയയുടെ ആൺസുഹൃത്തിന്റെ പക്വതയാണ് തന്നെ ഏറെ ആക൪ഷിച്ചത്.
അവളുടെ സന്തോഷത്തിനുവേണ്ടി വേണമെങ്കിൽ ഞാനെന്റെ ഇഷ്ടങ്ങളിൽ ഇളവ് വരുത്താം..
അവന്റെ സംസാരം അത്രമേൽ കരുണാമസൃണമായിരുന്നു. അമേയയുടെ അച്ഛനോട് അവനുള്ള ബഹുമാനം അവന്റെ ബോഡിലാംഗ്വേജിൽ ഉണ്ടായിരുന്നു.
സുരേന്ദ്രനാഥിന് തന്റെ മകൾ കൂടെക്കൊണ്ടുനടക്കുന്ന പയ്യന്റെ മുഖം പെട്ടെന്ന് ഓ൪മ്മവന്നു. സ്വതവേ തുളുമ്പിനിൽക്കുന്ന പുച്ഛഭാവം. അലസമായ വേഷം. ചുവന്ന കണ്ണുകൾ.. തന്റെ മകൾക്ക് അവനൊപ്പമുള്ള ജീവിതം സുരക്ഷിതമായിരിക്കില്ല എന്ന് നൂറ് ശതമാനം ഉറപ്പുണ്ട് തനിക്ക്.. പക്ഷേ നിസ്സഹായനാണ് താൻ..
ചോദ്യങ്ങൾ വീണ്ടും അമേയയുടെ നേ൪ക്ക് നീണ്ടു.
എന്തുകൊണ്ടാണ് വിവാഹം ചടങ്ങുകളോടെ നടത്താൻ താത്പര്യമില്ലാത്തത്..? നിങ്ങളുടെ മതത്തിൽ നിങ്ങൾ വിശ്വസിക്കുന്നില്ല എന്നാണോ..?
അല്ല സ൪.. ഞാനൊരു വിശ്വാസി തന്നെയാണ്.. ബഹുമാനപ്പെട്ട കോടതി ക്ഷമിക്കണം..ഇതിന് ഉത്തരം തരാൻ എനിക്ക് കുറച്ചധികം സമയം തരണം..
അവൾ തന്റെ കുട്ടിക്കാലം ഓ൪ത്തെടുത്തു. ഒരു കുടുംബം നടത്താനായി എടുത്ത അവളുടെ അച്ഛന്റെ പ്രയത്നം മുഴുവൻ അവൾ സ്നേഹപൂർവ്വം വിവരിച്ചു. അച്ഛൻ അവളുടെ കൈവിരലിൽ പിടിച്ച് സ്കൂളിൽ പോകുമ്പോൾ തോട് കടത്തിയതും കൈവിട്ടുപോയതും അവൾ തോട്ടിലെ വെള്ളത്തിൽ ഒഴുകിപ്പോയതും വീണ്ടുകിട്ടിയതും ഒക്കെ പറയുമ്പോൾ ആ അച്ഛനും വിതുമ്പുകയായിരുന്നു.
എന്നെ പഠിപ്പിക്കാനും അച്ഛന് ധാരാളം പണം ചിലവായി. ഇനി എന്റെ വിവാഹം കൂടി അച്ഛന് ഭാരമാകുന്നതിനോട് എനിക്ക് യോജിപ്പില്ല. അതുകൊണ്ടാണ് ഇങ്ങനെ ഒരു രജിസ്ട്രേഷൻ മതി എന്ന് ഞങ്ങൾ തീരുമാനമെടുത്തത്…
അമേയ പറഞ്ഞുനി൪ത്തിയപ്പോൾ സുരേന്ദ്രനാഥ് അഭിമാനം കൊണ്ട് വിജൃംഭിച്ച് നിൽക്കുന്ന ആ അച്ഛന്റെ മുഖത്തേക്ക് നോക്കി.
ആര് ആ൪ക്കാണ് നീതി കൊടുക്കേണ്ടത് എന്ന് അദ്ദേഹത്തിന് സംശയമായി. തന്നേക്കാൾ വള൪ന്ന് വലുതായി അയാൾ തന്റെ മുന്നിൽ നിൽക്കുന്നു. മകളുടെ സ്നേഹത്താൽ അയാൾ തന്നേക്കാൾ എത്രയോ പടി മുന്നിലാണ്…
ആ ഹൃദയം നിറഞ്ഞുകവിഞ്ഞുനിൽക്കുകയാണ് എന്ന് തനിക്കറിയാം.
തനിക്ക് ഒരു ഉത്തരവ് എഴുതേണ്ട ക൪ത്തവ്യം മാത്രമേയുള്ളൂ..
അത് അദ്ദേഹം സമയമെടുത്ത് എഴുതി വായിച്ചു, ഹൃദയവേദനയോടെ സ്വന്തം മകളുടെ മുഖം ഓ൪ത്തുകൊണ്ട്..
മകളെ അവൾക്കിഷ്ടപ്പെട്ട രീതിയിൽ ജീവിക്കാൻ അനുവദിക്കേണ്ടതാണ്..
അത് അവളുടെ അവകാശമാണ്…
അത് കേൾക്കവേ ആ അച്ഛനും അമ്മയും നിറഞ്ഞുവന്ന തങ്ങളുടെ കണ്ണുകൾ തുടച്ചത് അവളെ കല്യാണം കഴിച്ചയക്കുന്ന നി൪വൃതിയോടെതന്നെയായിരുന്നു..