അതിനിടയില് ഏതോ സാമദ്രോഹി കെട്യോളെയും വിവരമറിയിച്ചു. വിവരമറിഞ്ഞെത്തിയ…..

Story written by Ezra Pound

നൈറ്റി.. നിറയേ വർണ്ണപ്പൂക്കളുള്ള മനോഹര വസ്ത്രം..

ഉപയോഗിക്കാനും അലക്കാനും എളുപ്പം.. പാചകം ചെയുമ്പോഴാണെങ്കിൽ കൈ തുടക്കാനും സങ്കടം വരുമ്പൊ മുഖം തുടക്കാനുമുള്ള സൗകര്യങ്ങളും..

ഇത്രയൊക്കെ ആയിട്ടെന്താ ആണിന് ഇത്‌ ഇടാനുള്ള ഭാഗ്യമില്ലാലോ.. poഅറബികളൊക്കെ നൈറ്റി പോലുളള വസ്ത്രങ്ങളുപയോഗിക്കുന്നത് പതിവാണെങ്കിലും കേരളത്തിലത് പ്രായോഗികമാവാത്തതു എന്തു കൊണ്ടാരിക്കും..

കൂലങ്കുഷമായി ചിന്തിച്ചിട്ടും ഉത്തരമൊന്നും കിട്ടീല..

പക്ഷെ നൈറ്റി ഒരു നഷ്ടസ്വപ്നമായി നൈറ്റിലെന്നോ പകലെന്നോ ഭേദമില്ലാതെ ഉറക്കം കെടുത്തിത്തുടങ്ങിയ ദിവസങ്ങളിലൊരിക്കൽ ഞാനാ കടുംകൈ ചെയ്തു..

അവധി ദിവസമായതു കൊണ്ട്‌ കെട്യോള് രാവിലേ കുട്യോളേം കൊണ്ടവളുടെ വീട്ടിലേക്കിറങ്ങി… ഇനി വൈകുന്നേരമേ മടങ്ങുള്ളൂ.. ആ ഗ്യാപ്പിൽ നൈറ്റിയുടെ സുഖമൊന്നു പരീക്ഷിച്ചാലോ..

അലമാരയിൽ അടുക്കിവെച്ചിരുന്ന സുന്ദരമായ നൈറ്റികളിലൊന്നെടുത്ത്‌ ഇട്ടുനോക്കി.. ആഹ നല്ല സുഖം.. ആവശ്യത്തിന് വായുസഞ്ചാരവുമുണ്ട്.. ചുമ്മാതല്ല അവളിതീന്നിറങ്ങാതെ..

കണ്ണാടിയിൽ ചെന്നുനോക്കി.. നല്ല ചേർച്ചയുണ്ട്.. ഒരു മൂളിപ്പാട്ടും പാടി നേരേ അടുക്കളയിലേക്കു ചെന്നു..

വല്ലതും വെച്ചുണ്ടാക്കണ്ടേ.. പണ്ടൊക്കെ കഴിക്കാനുള്ളത്‌ വെച്ചുണ്ടാക്കിയിട്ടേ അവള് വീട്ടിലേക്കു പോവാറുണ്ടാരുന്നുള്ളൂ.. ഇപോ വേണമെങ്കിൽ ഉണ്ടാക്കി കഴിച്ചോളുന്നുള്ള മട്ടായി.. കാലം കാത്തുവെച്ച പ്രതികാരം..

ഫ്രിഡ്ജിൽ മുട്ടയും ബ്രെഡുമിരിപ്പുണ്ട്.. അതുമതി.. ധാരാളം.. മുട്ട പൊട്ടിച്ച് പാനിലേക്കൊഴിച്ചപ്പോഴാണ് കാളിങ് ബെല്ലടിച്ചത് .. തീ സ്ലോ ആക്കി ചെന്നു നോക്കി..

മീറ്റർ റീഡിങ്ങിന് വന്നതാ.. എന്നെക്കണ്ടതും പതിവില്ലാതെ അയാളൊരു നോട്ടം..മീറ്റർ റീഡാൻ വന്ന ഇയാളെന്തിനാണിപ്പ എന്നെ റീഡുന്നേ.. ബില്ല് കയ്യീ തന്ന് ആക്കിയ ഒരു ചിരിയും ചിരിച്ചോണ്ടു അയാള് തിരികെ നടന്നപ്പോഴാണ് പന്തികേട് മനസിലായത്..

നൈറ്റി പണി പറ്റിച്ചതാ.. ചെ.. ഇനി പറഞ്ഞിട്ട് കാര്യമില്ലാലോ..

അപ്പോഴാണ് അടുക്കളയിൽ നിന്ന് പുക ഉയരുന്നത് കണ്ടത്… പടച്ചോനെ പണി പാളീല്ലോ.. എന്നോർത്തങ്ങോട്ടേക്ക് ഓടിയതെ ഓർമ്മയുണ്ടാരുന്നുള്ളൂ..

കാല് തടഞു മുഖമടച്ചു താഴെവീണു.. കണ്ണ്‌ തുറന്നപ്പോ ആശുപത്രീലാണ്.. തലക്ക് ഒന്നുരണ്ടു സ്റ്റിച്ചുണ്ട്.. വീർത്ത മുഖഭാവവുമായി അവളടുത്തു തന്നെയുണ്ട്.. വീണതു ഞാനല്ലെ.. പിന്നെങ്ങനാ ഇവളുടെ മുഖം വീർത്തത്..

അപ്പോഴല്ലേ കാര്യം മനസിലായത്.. പുക ഉയരുന്ന കണ്ട് ഓടിവന്ന അയല്പക്കത്തുള്ളവരാണത്രെ വെട്ടിയിട്ട ചക്ക പോലെ താഴെകിടക്കുന്ന എന്നെയാദ്യം കണ്ടത്.. നൈറ്റിയല്ലേ വേഷം.. സ്വഭാവികമായും അവളാണെന്നു തെറ്റിദ്ധരിച്ചു പെണ്ണുങ്ങളൊക്കെ ചുറ്റുംകൂടി തിരിച്ചു കിടത്തിയപ്പോഴാണ് കാര്യം മനസിലായത് പോലും… അതൊടെ കൂട്ടച്ചിരിയായി..

പിന്നാരൊക്കെയൊ കൂടി വണ്ടീലേക്ക് കേറ്റി.. അതിനിടയില് ഏതോ സാമദ്രോഹി കെട്യോളെയും വിവരമറിയിച്ചു.. വിവരമറിഞ്ഞെത്തിയ അവളെ കണ്ടപ്പോഴും ദ്രോഹികള് ചിരി നിർത്തീല.. ഡോക്ടറുടെയും നഴ്‌സുമാരുടെയും ചിരി വേറെയും.. മുഖം വീർത്തില്ലെങ്കിലല്ലേ അത്ഭുതമുള്ളു..

എന്തായാലും വരാനുള്ളത് വഴിയിൽ തങ്ങില്ലാലൊ.. സംഭവം നാടൊട്ടുക്കും അറിഞ്ഞു.. അറിയാത്തവരെയൊക്കെ അറിഞ്ഞവര് പൊടിപ്പും തൊങ്ങലും ചേർത്ത് അറിയിച്ചു നിർവൃതി പൂണ്ടു..

അതൊടെ എനിക്കൊരു കാര്യം മനസ്സിലായി.. നൈറ്റി ഒരു നിസ്സാരക്കാരിയല്ല നോക്കീം കണ്ടും ഉപയോഗിച്ചില്ലെങ്കിൽ ഇതായിരിക്കും അനുഭവം.

അന്നത്തോടെ നൈറ്റിയിട്ടു നോക്കണമെന്ന മോഹവും ഇല്ലാതായി..

അല്ലെങ്കിലും മുണ്ടു മടക്കിക്കുത്തി നടക്കുന്ന സുഖോന്നും ഒരു നൈറ്റിക്കും കിട്ടൂലാന്ന്.

Leave a Reply

Your email address will not be published. Required fields are marked *