സ്വർഗ്ഗവുംനരകവും
എടുത്ത്:-ഷെർബിൻ ആന്റണി
കാലന് പറ്റിയ അബദ്ധമായിരുന്നു തങ്കപ്പേട്ടനെ കാലപുരിക്ക് എത്തിച്ചത്. സ്വർഗ്ഗത്തിലേക്കും നരകത്തിലേക്കുമുള്ള ഇടനാഴിയിൽ തങ്കപ്പേട്ടൻ തല കുമ്പിട്ടിരിന്ന് ചിന്തിക്കുകയായിരുന്നു അന്നേരവും. സ്വർഗ്ഗോം നരകവുമൊക്കെ ഭൂമിയിൽ തന്നെയാണെന്ന് പറഞ്ഞത് ഏത് തെiണ്ടിയാണെന്ന്.
ചെയ്തു കൂട്ടിയ പാപങ്ങളുടേയും പുണ്യങ്ങളുടേയും കണക്ക് പുസ്തകം നോക്കി സ്വർഗ്ഗത്തിലേക്കാണോ നരകത്തിലാണോ ഇനിയുള്ള കാലമെന്ന് വിധി എഴുതുവാൻ പുസ്തകം കൈയ്യിലെടുത്ത യമരാജൻ ഞെട്ടി.തങ്കപ്പേട്ടന് മരിക്കാൻ സമയമായിട്ടില്ല.
തങ്കപ്പേട്ടാ….. വികാരഭരിതനായ് യമരാജാവ് വിളിച്ചു.
തെല്ലു കൂസലില്ലാതെ തങ്കപ്പേട്ടൻ ചോദിച്ചു, എങ്ങോട്ടേയ്ക്കാ….? എവിടാണേലും നോ പ്രോബ്ലം.
അതല്ല മിസ്റ്റർ…ചെറിയാരു മിസ്റ്റേക്ക് പറ്റി. നിങ്ങളുടെ സമയ മായിട്ടില്ലായിരുന്നു…!
അതു കൊണ്ട് ഞാനിനി തിരിച്ച് ഭൂമിയിലേക്ക് ചെല്ലെണമെന്നാണോ പറഞ്ഞ് വരുന്നത്….? ചെറിയ ഒരു അങ്കലാപ്പാടോയിരുന്നു അദ്ദേഹമത് ചോദിച്ചത്, ഇനിയും പണി എടുത്ത് ജീവിക്കാൻ വയ്യ…!
അതിനി സാധ്യമല്ല, തെറ്റ് പറ്റിയ സ്ഥിതിക്ക് ഞാനൊരു ഓഫർ തരാം. നിങ്ങളുടെ ഡെയ്റ്റ് ഓഫ് ഡെത്ത് ആകുന്നത് വരെ നിങ്ങൾക്ക് എവിടെ വേണമെങ്കിലും തങ്ങാം. സ്വർഗ്ഗമോ നരകമോ യു ക്യാൻ ഡിസൈഡിറ്റ്.
ആ ഓഫർ തങ്കപ്പേട്ടനിഷ്ട്ടായി. ഞാനൊന്ന് ചുറ്റി കറങ്ങീട്ട് ഫിക്സ് ചെയ്യാം.
ഒറ്റയടിക്ക് സ്വർഗ്ഗം സെലക്ട് ചെയ്യ്താൽ, അവിടെ പോയി എല്ലാ ദിവസവും പള്ളീല് പോകേണ്ടി വന്നാലോ, അതായിരുന്നു പുള്ളിക്ക് പേടി. മാത്രവുമല്ല ഒന്ന് മിണ്ടീം പറഞ്ഞുമിരിക്കാൻ തൻ്റെ ബന്ധുക്കളോ സ്വന്തക്കാരോ പരിചയക്കാരോ ആരും അവിടെ ഉണ്ടാകില്ലെന്ന് അദ്ദേഹത്തിനുറപ്പായിരുന്നു.
സ്വർഗ്ഗ കാവടത്തിലെത്തിയപ്പോൾ അവിടെത്തെ സെക്യൂരിറ്റി തടഞ്ഞിട്ട് പറഞ്ഞു താങ്കൾക്ക് വഴിതെറ്റിയതാവും, താങ്കളുടെ മുഖം കണ്ടിട്ട് ഇങ്ങോട്ട് വരേണ്ട ആളല്ല. പ്ലീസ് ഗോ ട്ടു ദി ഹെൽ.
തങ്കപ്പേട്ടന് അടിമുടി വിറഞ്ഞ് കയറി, ഒറ്റ കീiറങ്ങ് കൊടുത്താലോന്ന് തോന്നി. സ്വയം അടങ്ങി കൊണ്ട് തനിക്ക് കിട്ടിയ ഓഫർ ലെറ്റർ കാണിച്ചിട്ട് ഗെയ്റ്റ് തുറന്ന് അകത്ത് കയറി.
കുറച്ച് ദൂരം നടന്നപ്പോൾ ഒരു പൂന്തോട്ടം കാണാനിടെയായി. അവിടെ വെള്ളയും വെള്ളയും ഉടുത്ത് കുറച്ച് പേർ ചേർന്ന് ചെടി നനയ്ക്കുന്നുണ്ടായിരുന്നു. കുറച്ച് വെള്ള സാരിയുടുത്ത സ്ത്രീകൾ അതിലേം ഇതിലെയുമൊക്കെ പാറി പറന്ന് നടക്കുന്നുമുണ്ടായിരുന്നു. കാണാൻ ചൊവ്വുള്ള ഒരു പീസു പോലുമുണ്ടായിരുന്നില്ല. കളർഫുൾ ഉലകം കനവ് കണ്ട തങ്കപ്പെട്ടൻ നിരാശനായി മുന്നോട്ട് നടന്നെത്തിയത് വെള്ള പൂശിയ ഒരു ബംഗ്ലാവിന് മുന്നിലായിരുന്നു. അല്പനേരം വിശ്രമിച്ചിട്ട് പോകാമെന്ന് കരുതി അകത്തേക്ക് പ്രവേശിച്ചു.അതിനകത്തും പ്രാർത്ഥനാ മൂകരായിരിക്കുന്ന വെള്ള കുപ്പായക്കാരെ കണ്ടതും തങ്കപ്പെട്ടൻ്റെ ഉള്ള മൂഡും പോയി. ഇതിനേക്കാൾ ഭേദം നരകമാണെന്ന് വിചാരിച്ച് അങ്ങേര് തിരിച്ച് നടന്നു.
ഗെയ്റ്റിനടുത്ത് ചെന്നപ്പോൾ സെക്യൂരിറ്റി ചേട്ടൻ ചോദിച്ചു എന്തേയ് ഇവിടെ തങ്ങുന്നില്ലേ…?
ഇതെന്തോന്നാടേയ് ഉജാല കമ്പനിയോ….? തനിക്കും കൂടി വെള്ളേം വെള്ളം ഇടാമായിരുന്നില്ലേ…? ഞാനപ്പുറത്തെ ഷോറൂമിലേക്ക് പോകുവാ.
തന്നെ ആക്കിയതാണെന്ന് മനസ്സിലാക്കിയ സെക്യൂരിറ്റി ഗെയ്റ്റടച്ച് തങ്കപ്പേട്ടനെ പുറത്താക്കി.
നരക കവാടത്തിൽ വെൽക്കം ടൂ നഗരം എന്നെഴുതിയ ബോർഡ് കണ്ട് തങ്കപ്പേട്ടൻ നെറ്റിച്ചുളിച്ചു. സ്പെല്ലിംഗ് മിസ്റ്റേക്കാണോ അതോ ഇനി ആൾക്കാരെ പറ്റിക്കാനുള്ള പരിപാടിയാണോ ഒരു പിടുത്തവും കിട്ടുന്നില്ലല്ലോ എൻ്റെ കാലമാiടാന്ന് ഉള്ളിൽ പറഞ്ഞിട്ട് വെളിയിൽ ആരേയും കാണാത്തത് കൊണ്ട് ബെല്ലടിച്ചു കാത്ത് നിന്നു.
വാതിൽ തുറക്കാൻ പോകുന്നത് ഗദയും പിടിച്ച് വരുന്ന ഏതെങ്കിലും കാട്ടാളനായിരിക്കുമെന്ന് കരുതിയ തങ്കപ്പേട്ടന് തെറ്റി.
വെൽക്കം ഡ്രിങ്ക്സുമായ് രണ്ട് തരുണീ മണികൾ.ഗൗരവ ഭാവം മാറ്റി തങ്കപ്പേട്ടൻ അവരെ നോക്കി പല്ലിളിച്ചു കാണിച്ചു. സ്വർഗ്ഗത്തിൽ നിന്ന് വന്നതാണെന്ന് പറഞ്ഞപ്പോൾ അകത്തെ ക്യാബിനിൽ നിന്ന് ഒരുത്തി ഡിറ്റക്ടറുമായിട്ട് വന്ന് പരിശോധിച്ചു.
സോറി സാർ, ബോംബ് വല്ലതും ഒളിപ്പിച്ചിട്ടുണ്ടോന്നറിയാനാ….?
ബോംബിട്ട് പൊളിക്കാൻ ഇതെന്നാ ലുലു മാളാണോ നരകമല്ലേ…നരകം.തങ്കപ്പേട്ടന് അരിശം വന്നു.
താങ്കൾ അകത്തേക്ക് ചെന്ന് നോക്കൂ, അപ്പോഴറിയാം നരകമാണോ നഗരമാണോന്ന്.
തർക്കിച്ച് നില്ക്കാൻ സമയമില്ലാത്തിനാൽ തങ്കപ്പേട്ടൻ അകത്തേക്ക് പ്രവേശിച്ചു. ഉള്ളിലെ കാഴ്ചകൾ കണ്ട തങ്കപ്പേട്ടൻ അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി.
ഒരു ഉത്സവ പറമ്പിൽ ചെന്നാലുള്ള പ്രതീതിയായിരുന്നു അവിടം. കുറച്ച് പേർ ചേർന്ന് ചീട്ട് കളിക്കുന്നു, വേറൊരിടത്ത് കിലുക്കി കുiത്ത് നടക്കുന്നു, അപ്പുറത്ത് മാറി ചിലർ മiദ്യപിക്കുന്നു, പോരാത്തതിന് മറ്റൊരിടത്ത് ക്യാiബറയും…!
ആഹഹ…ഇതല്ലേ താൻ സ്വപ്നം കണ്ട കിനാശ്ശേരി….!എല്ലാം കണ്ട് മതി മറന്നങ്ങനെ നില്ക്കുമ്പോൾ തോളിലൊരു തട്ട്. ആരാണെന്ന് പോലും തിരിഞ്ഞ് നോക്കാതെ തങ്കപ്പേട്ടൻ തട്ടി വിട്ടു എനിക്കിപ്പോൾ സ്മോളൊന്നും വേണ്ട ഞാനിതൊക്കെ ഒന്ന് ആസ്വഥിക്കട്ടേടോന്ന്.
അതല്ല സാർ, സാറിനെ ഓഫീസിലേക്ക് വിളിക്കുന്നുണ്ട്.
ഇവിടേം ഓഫീസോ…? തങ്കപ്പേട്ടന് ആശ്ചര്യമായി.
യെസ് സാർ, താങ്കളിവിടെ തങ്ങുകയാണെങ്കിൽ രെജിസ്റ്റർ ബുക്കിൽ സമ്മതമാണെന്ന് സൈൻ ചെയ്യണം, ദാറ്റ്സ് ആൾ.
എന്താ സംശയം ഞാൻ ഡബിൾ വോക്കേ.എവിടെയാണ് സൈനിടേണ്ടത് തങ്കപ്പേട്ടന് തിരക്കായി.
ഒപ്പിട്ടതിനു ശേഷം തങ്കപ്പേട്ടൻ പറഞ്ഞു ആദ്യമെനിക്കൊന്ന് ഫ്രഷാവണം എന്നിട്ട് മതി കലാപരിപാടികൾ.
പറഞ്ഞ് തീർന്നതും രണ്ട് പേർ വന്ന് കൂട്ടികൊണ്ട് പോയി. അവിടെ അടുപ്പത്ത് ഒരു വലിയ വാർപ്പ് വെച്ചിട്ടുണ്ടായിരുന്നു, അതിനടുത്ത് ചെന്നപ്പോൾ തങ്കപ്പേട്ടൻ ചോദിച്ചു ഇന്നത്തെ സ്പെഷ്യൽ പായസം ആയിരിക്കും ല്ലേ…?
കൂടെ വന്നവർ പരസ്പരം നോക്കിയിട്ട് തങ്കപ്പേട്ടൻ്റെ രണ്ട് കൈകളിലും പിടിച്ച് പൊക്കിയിട്ട് പറഞ്ഞു നിങ്ങൾക്ക് കുളിക്കുന്നതിനു മുമ്പ് എണ്ണ ഇടണ്ടേ? അതാണീ ചൂടാക്കുന്നത്.പറഞ്ഞ് തീർന്നതും അവരങ്ങേരെ എടുത്ത് തിiളച്ച എണ്ണയിലേക്ക് എടുത്തിട്ടു.
ദേഹമാസകലം പൊiളളിയെങ്കിലും ഒരു കണക്കിന് പുള്ളിക്കാരൻ ചെമ്പിനുള്ളിൽ നിന്ന് വെളിയിൽ ചാടിയിട്ട് അവരോട് ചൂടായി.
എന്തോന്നാടേയ് ഇത്… ഞാൻ നിങ്ങടെ ഗസ്റ്റല്ലേടേയ്, ഒരു മര്യാദയില്ലാത്ത പണി കാണിക്കുന്നോടാ മ…മ.. അല്ലേ വേണ്ട മലരoമ്പന്മാരേ.
സാർ ഇതാണിവിടുത്തെ സ്വിമ്മിങ്ങ് പൂൾ. കുളിയും തേവാരോം കഴിഞ്ഞ സ്ഥിതിക്ക് ഇനി നമ്മുക്ക് പോയി ഭക്ഷണം കഴിക്കാമെന്ന് പറഞ്ഞ് തീൻ മേശയിലേക്ക് അവര് അങ്ങേരേ എടുത്തോണ്ട് പോയി.
കുടല് പോലും വെന്ത് പോയി കാണും സോഫ്റ്റായിട്ടെന്തങ്കിലും കഴിക്കാമെന്ന് കരുതിയ തങ്കപ്പേട്ടൻ മെനു കൊണ്ട് വരാൻ ആവശ്യപ്പെട്ടു.
മെനു കണ്ട തങ്കപ്പേട്ടൻ്റെ കണ്ണ് രണ്ടും പുറത്തേക്ക് വന്നു. മണ്ണിര നൂiഡിൽസ്, തേരട്ട ഫ്രൈ, തേങ്ങയിട്ട തേളൊലത്തിയത്, പiഴുതാര പുഴുങ്ങിയത്….etc
എന്തോന്നാടേയിത്…. മനുഷ്യനെ പൊട്ടനാക്കുന്നോ നീയൊക്കെ കൂടി.തങ്കപ്പേട്ടന് കലി കയറി.
ഭക്ഷണം കഴിക്കുന്നില്ലെങ്കിൽ വേണ്ട നമ്മുക്കിനി ഡ്യൂട്ടിക്ക് ജോയിൻ ചെയ്യേണ്ട സമയമായി.തങ്കപ്പേട്ടൻ്റെ അനുവാദം കൂടാതെ രണ്ട് പേരും അദ്ദേഹത്തെ ബലമായി പിടിച്ച് ഒരു റൂമിനുള്ളിലേക്ക് കയറ്റി വാതിലടച്ചു.
അതിനുള്ളിൽ ഒരു തരി വെളിച്ചം പോലും ഉണ്ടായിരുന്നില്ല. എന്തോന്നാടേയ് പരലോകത്തും പവർകട്ടോ…?
വെളിച്ചം വന്നതും തങ്കപ്പേട്ടൻ കണ്ടത് തൊട്ട് മുന്നിൽ ഒരു മiലമ്പാമ്പിനെയാണ്. മഞ്ഞച്ചേരയെ കണ്ടാൽ പോലും മൂന്ന് ദിവസം ഉറങ്ങാൻ പറ്റാത്ത തങ്കപ്പേട്ടൻ നിന്ന നില്പിൽ വിറയ്ക്കാൻ തുടങ്ങി.
ഇതിനെയാണ് നിങ്ങൾ മൂന്ന് നേരവും തേച്ച് ഉരച്ച് കുളിപ്പിക്കേണ്ടത്. അതിനു ശേഷം വേറെ ഡ്യൂട്ടി തരാം.
പോകാനൊരുങ്ങിയ ആ കാലന്മാരുടെ കാലിൽ പിടിച്ച് തങ്കപ്പേട്ടൻ കെഞ്ചി. എനിക്കൊരു സത്യമറിയണം, ഈ നരകത്തിലേക്ക് കേറിയ വഴിക്ക് ഞാനൊരു ഉത്സവ പറമ്പ് കണ്ടല്ലോ അവിടെ ആളുകൾ വെള്ളമടിച്ചും ചീട്ട് കളിച്ചും രസിക്കുന്നുണ്ടായിരുന്നല്ലോ.എനിക്കത് പോലത്തെ പണി കിട്ടാൻ എന്താണൊരു വഴി….?
എടോ അതിവിടുത്തെ പരസ്യമാണ്.
പരസ്യമോ…? തങ്കപ്പേട്ടന് ആകെ ഒരു അന്താളിപ്പിലായി.
അതേന്ന്… നരകത്തിലേക്ക് ആളുകളെ ആകർഷിക്കാനുള്ള തന്ത്രമായിരുന്നത്. പഴയത് പോലൊന്നുമല്ല ആളുകൾ തീരെ കുറവാണ് ഇവിടെ. മാത്രവുമല്ല ഇവിടത്തെ ജോലികൾ ചെയ്തു ഞങ്ങളുടെ നടു ഒടിയാറായി. അതുകൊണ്ടാണ് ആളുകെ ആകർഷിക്കാനായ് പരസ്യം വെച്ചിരിക്കുന്നത്.
പരസ്യം കണ്ട് വെട്ടിലകപ്പെട്ട തങ്കപ്പേട്ടൻ അലറി എട കാലാമാiടാ എന്നോടീ ചiതി വേണ്ടായിരുന്നെടാ.നിന്നോടൊക്കെ ദൈവം പോലും പൊറുക്കൂല്ലെടാ….!!