ലാലേട്ടൻ്റെ പുതിയ സിനിമ റിലീസായ ദിവസം, ബ്ളാക്കിൽ ടിക്കറ്റ് കിട്ടുമോന്ന് അന്വേഷിച്ച് നടക്കുമ്പോഴാണ് ,പോക്കറ്റിൽ കിടന്ന് മൊബൈൽ റിങ്ങ് ചെയ്യുന്നത് കേട്ടത്
എടുത്ത് നോക്കിയപ്പോഴാണ് വിജിലേഷാണെന്ന് മനസ്സിലായത്, പൈസ കടം ചോദിക്കാനാണ് , ആദ്യമൊക്കെ, അവൻ അത്യാവശ്യം പറയുമ്പോൾ കൊടുക്കുമായിരുന്നു, പക്ഷേ, കൊടുത്താൽ പിന്നെ തിരിച്ച് കിട്ടാൻ പ്രയാസമായപ്പോഴാണ്, കൊടുക്കാതായത് ,ചോദിക്കുമ്പോഴൊക്കെ അക്കൗണ്ട് കാലിയാണെന്ന് പറഞ്ഞ് ഒഴിവാക്കും ,ഇപ്പോൾ കുറെ നാളായി, അവൻ്റെ ശല്യം ഇല്ലാതിരിക്കുകയായിരുന്നു.
എടുക്കണോ വേണ്ടയോ എന്ന് ആലോചിച്ചോണ്ടിരുന്നപ്പോൾ തന്നെ കോള് കട്ടായി.
രക്ഷപെട്ടെന്ന് കരുതി. വീണ്ടും ഞാൻ ടിക്കറ്റിനായി അലയാൻ തുടങ്ങി ,അല്പം കഴിഞ്ഞ് വീണ്ടും അവൻ്റെ കോള് വരുന്നു ,ഇനി ചിലപ്പോൾ, വേറെ എന്തെങ്കിലും കാര്യത്തിനാണ് അവൻ വിളിക്കുന്നതെങ്കിലോ?
അങ്ങനെ ചിന്തിച്ച് ഞാൻ കോള് അറ്റൻ്റ് ചെയ്തു.
ഡാ സുമേഷേ,, നീയെവിടാ?
ഞാൻ കുറച്ച് ദൂരെയാടാ, കമ്പനിയുടെ ഒരു എമർജൻസി മീറ്റിങ്ങിന് പോകുന്ന വഴിയാ,,
ആണോ ?എങ്കിൽ നീ പൊയ്ക്കോ പിന്നെ ,നിൻ്റെ കൈയ്യിൽ ഫണ്ട് വല്ലതുമുണ്ടെങ്കിൽ, ഒരു രണ്ടായിരം ഒന്ന് G pay ചെയ്തേയ്ക്ക്, അമ്മയ്ക്ക് നല്ല സുഖമില്ല, ഹോസ്പിറ്റലിൽ കൊണ്ട് പോകണം, എൻ്റെ കൈയ്യിലാണെങ്കിൽ നയാ പൈസയില്ല,,
അത് കേട്ട്, സുമേഷിന് അരിശം വന്നു, പൈസ കടം ചോദിക്കാൻ അവൻ പുതിയ ഐഡിയയുമായിട്ടിറങ്ങിയിരിക്കുവാണ് ,എന്നോടാണ് അവൻ്റെ കളി?
ഡാ വിജിലേഷേ,, മാസാവസാനമല്ലേ? സാലറി മുഴുവൻ തീർന്നിരിക്കുവാണ്, നീ വേറെ ആരോടെങ്കിലും ചോദിക്ക്,,
ഓഹ് എന്നാൽ സാരമില്ലെടാ, ഞാൻ വേറെ എന്തേലും വഴിയുണ്ടോന്ന് നോക്കട്ടെ,,
അവനെ ഒഴിവാക്കാൻ പറ്റിയ ആശ്വാസത്തിൽ, ഞാൻ ഫോൺ കട്ട് ചെയ്തു.
മൂന്നിരട്ടി പൈസ കൊടുത്ത്, ടിക്കറ്റെടുത്ത്, ഞാനാഗ്രഹിച്ചത് പോലെ ,റിലീസ് ദിവസം തന്നെ ഫസ്റ്റ് ഷോയും കണ്ട് , വീട്ടിലേക്ക് മടങ്ങി.
വീട്ടിലെത്തിയപ്പോൾ, വരാന്തയിൽ അമ്മാമ്മയോടൊപ്പം ഇരിക്കുന്ന വിജിലേഷിൻ്റെ അമ്മയെ കണ്ട് എനിക്ക് ചിരി പൊട്ടി , പൂർണ്ണാരോഗ്യത്തോടെ ഇരിക്കുന്ന ഈ അമ്മയെ രോഗിയാക്കിയിട്ടല്ലേ, ആ കള്ള സുവറ് എന്നോട് കടം ചോദിച്ചത്?
അവനെ കുറിച്ചുള്ള എൻ്റെ നിഗമനം തെറ്റിയില്ല ,എന്ന അഭിമാനത്തോടെയാണ്, ഞാൻ ബൈക്ക് സ്റ്റാൻ്റിൽ വച്ചിട്ട്, അകത്തേയ്ക്ക് കയറിയത്.
എന്താ രമണിയേച്ചീ,, അമ്മാമ്മേടടുത്ത് കiത്തി വച്ച് കഴിഞ്ഞില്ലേ?
ചിരിയോടെയാണ് ഞാനത് ചോദിച്ചത്.
അല്ല സുമേഷേ,, അമ്മയെ കണ്ടോ ?സുധയ്ക്ക് ഇപ്പോൾ കുറവുണ്ടോ ?
ആകാംക്ഷ മുറ്റിയ രമണിയേച്ചിയുടെ ചോദ്യം ,എന്നെ പരിഭ്രാന്തനാക്കി.
അല്ല, അമ്മയ്ക്ക് എന്ത് പറ്റി?
അപ്പോൾ നീ ഒന്നുമറിഞ്ഞില്ലേ? എടാ സുധയ്ക്ക് സന്ധ്യ ആയപ്പോൾ ഒരു ശ്വാസം മുട്ടലുണ്ടായി ,ആ സമയത്താണ് ഭാഗ്യത്തിന് വിജിലേഷ് ഇങ്ങോട്ട് വന്നത്, നീ കമ്പനിയിൽ നിന്ന് വരാൻ താമസിക്കുമെന്ന് പറഞ്ഞപ്പോൾ, അമ്മയെ ഹോസ്പിറ്റലിലേക്ക് അവൻ കൊണ്ട് പൊയ്ക്കൊള്ളാമെന്ന് പറഞ്ഞു, പോകുന്ന വഴി നിന്നെ വിളിച്ച് പറയാമെന്നും പറഞ്ഞു, അങ്ങനെ രമണിയെ എനിക്ക് കൂട്ടിരുത്തിയിട്ട് അവനും വിജിതയും [വിജിലേഷിൻ്റെ പെങ്ങൾ ] കൂടിയാണ് ,സുധയേയും കൊണ്ട് ഹോസ്പിറ്റലിലേക്ക് പോയത് , അല്ല,, നിന്നെ അവൻ വിളിച്ച് പറഞ്ഞില്ലേ?
അമ്മാമ്മ ജിജ്ഞാസയോടെ എന്നോട് ചോദിച്ചപ്പോൾ, എന്ത് മറുപടി പറയണമെന്നറിയാതെ തളർന്ന് നില്ക്കുകയായിരുന്നു ഞാൻ ,അപ്പോൾ അവൻ പറഞ്ഞത് സത്യമായിരുന്നല്ലേ? പിന്നെ എന്താണവൻ എൻ്റെ അമ്മയ്ക്കാണ് സുഖമില്ലെന്ന് പറയാതിരുന്നത് ?
ഞാൻ സ്വയം ചോദിച്ച് കൊണ്ട്, ബൈക്ക് സ്റ്റാർട്ട് ചെയ്ത് അമ്മാമ്മ പറഞ്ഞ ഹോസ്പിറ്റലിലേക്ക് പാഞ്ഞു.
അവിടെ അത്യാഹിത വിഭാഗത്തിലെ ബെഡ്ഡിൽ, ഓക്സിജൻ മാസ്ക് വച്ച് കിടക്കുന്ന അമ്മയെ കണ്ടപ്പോൾ എനിക്ക് സങ്കടം വന്നു ,തൊട്ടടുത്ത് വിജിത നില്പുണ്ടായിരുന്നു.
ഒരു നഴ്സ് വന്ന്, അമ്മയുടെ വിരൽതുമ്പിൽ പൾസ് ഓക്സിമീറ്റർ ഘടിപ്പിച്ച് നോക്കിയിട്ട്, എൻ്റെ നേരെ തിരിഞ്ഞു.
പേടിക്കേണ്ട ചേട്ടാ ,, ഇപ്പോൾ നോർമലായിട്ടുണ്ട് , കുറച്ചു കൂടെ കഴിഞ്ഞിട്ട് ,ഡോക്ടറോട് ചോദിച്ച് വേണമെങ്കിൽ വീട്ടിലേക്ക് പോകാം,,
അത് കേട്ടപ്പോൾ, എനിക്ക് നല്ല സമാധാനമായി.
അല്ല അവനെങ്ങോട്ട് പോയി ?
ഞാൻ വിജിതയോട് ചോദിച്ചു.
ഇത് വരെ ഇവിടെ നില്പുണ്ടായിരുന്നു, പുറത്ത് എവിടെയെങ്കിലും കാണും ചേട്ടാ ,,
ഞാൻ അവനെയുമന്വേഷിച്ച് പുറത്തേയ്ക്കിറങ്ങി.
ഇടത് വശത്തേയ്ക്ക് തിരിയുന്ന ഇടനാഴിയുടെ അരികിൽ നിന്ന് അവൻ ആരോടോ ഫോണിൽ സംസാരിക്കുന്നത് കേട്ട്, ഞാൻ അടുത്തേയ്ക്ക് ചെന്നു.
ബിബിനേ,, നീ എന്നെയൊന്ന് വിശ്വസിക്ക്,, എനിക്കൊരു മൂവായിരം രൂപ നീയൊന്നയക്ക് ,പകരം നീയെൻ്റെ വീട്ടിൽ ചെന്ന് എൻ്റെ ബൈക്ക് എടുത്തോണ്ട് പൊയ്ക്കോ, ഞാൻ നിനക്ക് പൈസ തിരിച്ച് തരുമ്പോൾ, നീയെൻ്റെ ബൈക്ക് തന്നാൽ മതി ,ഞാൻ പറഞ്ഞത് നിനക്കിനിയും വിശ്വാസമായില്ലെങ്കിൽ, ഞാൻ ഇപ്പോൾ നില്ക്കുന്ന ഹോസ്പിറ്റലിൽ നിന്നും ,ഒരു സെൽഫി എടുത്ത് നിനക്കയച്ച് തരാം,,,
വിജിലേഷ്, ഹോസ്പിറ്റൽ ബില്ലടയ്ക്കാൻ വേണ്ടി , ആരോടോ പൈസ കടം ചോദിക്കുകയാണെന്ന് എനിക്ക് മനസ്സിലായി ,അവൻ പറഞ്ഞത്, വിശ്വാസ മാകാത്ത കൂട്ടുകാരന് അയച്ച് കൊടുക്കാൻ, എമർജൻസി icu എന്നെഴുതിയ ബോർഡിൻ്റെ മുന്നിൽ നിന്ന് , സെൽഫി ക്യാമറ ഓൺ ചെയ്ത് ഫോക്കസ് ചെയ്യുമ്പോഴാണ് ,പിന്നിൽ നില്ക്കുന്ന ,എന്നെ അവൻ കാണുന്നത്,
എടാ ,,നീയെത്തിയോ? ഞാനാ?ബിബിനോട് കുറച്ച് പൈസ കടം ചോദിക്കുവായിരുന്നു, ഇതൊരു സ്വകാര്യ ഹോസ്പിറ്റലല്ലേ? നല്ല ബില്ല് വരും ,,,
അവൻ എന്നോട് വിശദീകരിച്ചു.
എടാ വിജിലേഷേ,,, നീയെന്നെ വിളിച്ചപ്പോൾ, സുഖമില്ലാത്തത് എൻ്റെ അമ്മയ്ക്കായിരുന്നെന്ന് പറയാഞ്ഞതെന്താ?
ഞാൻ നീരസത്തോടെ അവനോട് ചോദിച്ചു.
എടാ, അത് പിന്നെ,, ഞാനൊരിക്കലും, എൻ്റെ അമ്മ, നിൻ്റെ അമ്മ എന്നൊന്നും വേർതിരിച്ച് കണ്ടിട്ടില്ലെടാ,, നമ്മുടെ അമ്മ, അങ്ങനെയേ കരുതീട്ടുള്ളു,,,
അവൻ്റെ ആ ഒരു ചോദ്യം എൻ്റെ ഹൃദയം നുറുക്കി കളഞ്ഞു ,എനിക്കില്ലാതിരുന്നൊരു മാനുഷിക മൂല്യം, ഞാനവനിൽ കണ്ടു,
സോറി ഡാ ,, ഞാനത്രയ്ക്ക് ചിന്തിച്ചില്ല,,
കുറ്റബോധത്തോടെ ഞാനവനെ ചേർത്ത് പിടിച്ചു.
നീ ആർക്കും സെൽഫിഅയച്ച് കൊടുത്ത് വിശ്വസിപ്പിക്കാൻ നില്ക്കണ്ടാ, പൈസയൊക്കെ എൻ്റെ കൈയ്യിലുണ്ട് ,നീ കടം ചോദിക്കാൻ വേണ്ടി , അമ്മയ്ക്ക് അസുഖമാണെന്ന് കളവ് പറഞ്ഞതാണെന്ന് ഞാൻ തെറ്റിദ്ധരിച്ചു ,അതാണ് ഞാനപ്പോൾ അങ്ങനെ പറഞ്ഞത് ,നീ വാ, നമുക്ക് നമ്മുടെ അമ്മയെയും കൂട്ടി വീട്ടിലേയ്ക്ക് പോകാം,,
താമസിയാതെ തന്നെ ,ഞങ്ങൾ തിരിച്ച് വീട്ടിലേയ്ക്ക് മടങ്ങി.
NB :-ചില കൂട്ടുകാർ അങ്ങനെയാണ്, നമ്മളെ വല്ലാതെ വെറുപ്പിക്കും, എന്നാൽ, ചില ആപൽഘട്ടങ്ങളിൽ, അവർ കൂടപ്പിറപ്പുകളെക്കാൾ ഉപകരിക്കുകയും ചെയ്യും ,
Story Written By Saji Thaiparambu