അനുപമ മിടുക്കിയാട്ടോ, ഒന്നുരണ്ടു ഷോർട്ട് ഫിലിമുകളിൽ നായികയായിട്ടുണ്ട്. തരക്കേടില്ലാണ്ട് പഠിക്കും ചെയ്യും. ഞാൻ പറഞ്ഞിട്ടില്ലേ അവൾ, പറഞ്ഞു നിർത്തി……..

പ്രണയപ്പൂക്കൾ

എഴുത്ത്:- രഘു കുന്നുമ്മക്കര പുതുക്കാട്

വെയിലാറാൻ തുടങ്ങിയിരുന്നു. വൃശ്ചികത്തിലെ സായന്തനങ്ങൾക്കും സന്ധ്യയ്ക്കുമിടയിലെ അകലം വല്ലാതെ നേർത്തതാണെന്നു ശ്രീഹരിക്കു തോന്നി..ചെമ്പുനിറം ചാലിച്ച പോക്കുവെയിലിൽ നാൽക്കവല തിരക്കു നിറഞ്ഞു ശബ്ദമുഖരിതമായി നിലകൊണ്ടു. എങ്ങോ നിന്നും വന്ന്, എവിടേയ്ക്കൊക്കെയൊ പോയ് മറയുന്ന അസംഖ്യം വാഹനങ്ങൾ..അവയുടെ മുരൾച്ചയും ചീറിയകലുകളും മനുഷ്യന്റെ തിരക്കുകളുടെ കഥ, പറയാതെ പറയുന്നു.

ബസ് സ്റ്റോപ്പിനരികിലെ വലിയ വാകമരത്തിന്റെ നിഴൽ, കിഴക്കോട്ടു ചരിഞ്ഞു നീണ്ടുകിടന്നു. നിരനിരന്നു കിടക്കുന്ന ഓട്ടോറിക്ഷകൾ. പച്ചക്കറിക്കടകളിലും, പലവ്യഞ്ജനക്കടകളിലും മാത്രം തിരക്കവശേഷിക്കുന്നു. അന്നത്തെ തൊഴിലും കഴിഞ്ഞ്, കൂടാരം പുൽകാൻ വെമ്പുന്നവരുടെ വ്യഗ്രതയേറ്റുവാങ്ങി അകലുന്ന ഇരുചക്രവാഹനങ്ങൾ.

കടന്നുപോയ യുവത്വങ്ങളിൽ ഭൂരിപക്ഷവും, ഹരിയ്ക്കു നേരെ പുഞ്ചിരിയുതിർത്തു. ഹരിമാഷെ അവരിലേറെ പേർക്കും പരിചയമാണ്. കവലയിൽ, പത്താംക്ലാസ്സുകാർക്കും പ്ലസ്ടുകാർക്കും വിവിധ വിഷയങ്ങളിൽ ട്യൂഷനെടുക്കുന്ന സെന്റർ നടത്തുന്ന മാഷ്, മിക്കവരുടെയും ഗുരുവാണ്.
പോരാതെ, കഥയും കവിതയുമെഴുതുന്നൊരാളു കൂടിയാകുമ്പോൾ അറിയുന്നവർ ഏറും. ഹരിയുടെ രണ്ടു കവിതാസമാഹാരങ്ങളും ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. വരാനിരിക്കുന്ന ഒരു ചലച്ചിത്രത്തിലെ ഒന്നുരണ്ടു ഗാനങ്ങളുടെ രചനയും നിർവ്വഹിച്ചിട്ടുണ്ട്. പരിചയമുള്ളവർക്കെല്ലാം നേർത്തൊരു പുഞ്ചിരി പകരം നൽകി, ഹരിയങ്ങനെ നിൽക്കുമ്പോളാണ്, ബസ് വന്നു നിന്നത്.

കവലയിൽ ഒത്തിരി പേർ ഇറങ്ങാനുണ്ടായിരുന്നു. മിക്കവാറും പേർ വിദ്യാർത്ഥികളായിരുന്നു. നഗരത്തിലെ പ്രസിദ്ധമായ വനിതാ കോളേജിന്റെ സുപരിചിതമായ യൂണിഫോം ധരിച്ച് ഏതാനും പെൺകൊടികൾ ഒരുമിച്ചു നീങ്ങുന്നു. ജോലി കഴിഞ്ഞ്, മാർക്കറ്റിൽ നിന്നും ഒത്തിരി സാധനങ്ങളും വാങ്ങി, തൂക്കിപ്പിടിച്ച സഞ്ചിയുമായി വീട്ടമ്മമാരിൽ ചിലർ ഓട്ടോ നിരകൾക്കു നേരെ നടന്നു. സുഷുപ്തിയിലമർന്ന ഓട്ടോകളിൽ ചിലതുണർന്നു മുരണ്ടു നീങ്ങി.ഊഴം അടുത്ത ആശ്വാസത്തിൽ, ഓട്ടം പോകാത്തവർ അടുത്ത യാത്രികനെയും കാത്തു നിന്നു.

“മാഷെ, എന്താണിത്ര ആലോചന? ഞാനടുത്തു വന്നതു കണ്ടില്ലേ ?”

തൊട്ടരികിലെത്തിയാണു ശ്രീജിത ചോദിച്ചത്. കോളേജ് യൂണിഫോമിലെ ഷാളിൽ തെരുപ്പിടിച്ച് അവൾ, അയാൾക്കു മുമ്പിലേക്കു കയറി നിന്നു. അന്തിച്ചുവപ്പിൽ, അവളുടെ മുഖം ഒന്നുകൂടി തുടുത്തു. നിബിഢമായ ഇമകളും പുരികങ്ങളും അവളുടെ മിഴിച്ചേലിരട്ടിപ്പിച്ചു. ഇന്നലെ അവൾക്കൊപ്പം, അവളുടെ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരിയുമുണ്ടായിരുന്നു. ശ്രീജിതയുടെ പ്രിയപ്പെട്ട ഹരിമാഷെ നേരിട്ടു കാണാൻ ഹോസ്റ്റലീന്നു കൂടെക്കൂടിയതാണത്രേ. അവളിന്നലെ ശ്രീജിതയുടെ വീട്ടിലാണു താമസിച്ചത്. എന്തു നുണയായിരിക്കും, അവൾ ഹോസ്റ്റലിൽ ബോധിപ്പിച്ചിരിക്കുക. ഹരി, വെറുതെയോർത്തു.

”മാഷേ, പ്രിയ ശിക്ഷ്യയെ കണ്ടിട്ടു എന്താണൊരു ഗൗരവം? എന്താ ആലോചിക്കണത്? വേറെ വല്ല ശിക്ഷ്യകളെക്കുറിച്ചാണോ? എന്നാൽ അസ്സലാവും ട്ടാ, സന്ധ്യയാവണു, അച്ഛൻ വരാറാകുന്നേയുള്ളൂ. അരമണിക്കൂറു വൈകുന്നാ പറഞ്ഞേ, ഞാൻ, ബസ്റ്റോപ്പിലുണ്ടാകുമെന്നു പറഞ്ഞിട്ടുണ്ട്. അനുപമ ഇന്നലെ വീട്ടിൽ തങ്ങി. ഇന്നു രാവിലെ അവൾ, അവളുടെ വീട്ടിലേക്കു പോയി. മാഷേ ക്കുറിച്ചും, നമ്മുടെ ഇഷ്ടത്തെക്കുറിച്ചും ഞാൻ കഴിഞ്ഞ ദിവസമാണ് അവളോടു തുറന്നുപറഞ്ഞത്. കേട്ടപ്പോളെ അവൾക്കു മാഷെ നേരിൽ കാണണമത്രേ. അതാ, ഇന്നലെ ഹോസ്റ്റലീന്നു നുണ പറഞ്ഞു പോന്നത്. അനുപമ മിടുക്കിയാട്ടോ, ഒന്നുരണ്ടു ഷോർട്ട് ഫിലിമുകളിൽ നായികയായിട്ടുണ്ട്. തരക്കേടില്ലാണ്ട് പഠിക്കും ചെയ്യും. ഞാൻ പറഞ്ഞിട്ടില്ലേ അവൾ, പറഞ്ഞു നിർത്തി.

വൃശ്ചികക്കാറ്റിൽ അവളുടെ മെഴുക്കു പുരളാത്ത മുടിയിഴകൾ ചിതറിക്കൊണ്ടിരുന്നു. അവളുടെ പുഞ്ചിരിക്കു ഒരു മുൻനിലാവിന്റെ ചേലുണ്ടായായിരുന്നു. അവളെഴുന്ന കഥകൾ കണക്കേ ആഴമുള്ളതായിരുന്നു അവളുടെ പ്രണയവും. കേളികേട്ട സാഹിത്യമാസികകളിലെല്ലാം അവ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുമുണ്ട്.

“അനുപമ, ഉറ്റ കൂട്ടുകാരിയോടു എന്തു പറഞ്ഞു?”

ഹരി, വെറുതേ ചോദിച്ചു.

“മാഷേ, അവൾ മാഷുടെ മിഴികളിലെ ഇഷ്ടങ്ങളുടെ നക്ഷത്രത്തിളക്കമൊന്നും കണ്ടില്ല. പക്ഷേ, മാഷിന്റെ ശരീരം തടിച്ചതാണെന്നും, അതിന് ഇരുണ്ട നിറമാണെന്നും കണ്ടു. എന്നോടു ചോദിച്ചു. എങ്ങനെ പ്രണയം തോന്നീന്ന്?”

അവളൊന്നു പുഞ്ചിരിച്ചു. എന്നിട്ട്, അയാളുടെ മിഴികളിലേക്കുറ്റു നോക്കി. കഴിഞ്ഞ കാലങ്ങളിൽ പലയിടങ്ങളിൽ വച്ച്, പലരിൽ നിന്നും ഒത്തിരിത്തവണ യേറ്റു വാങ്ങിയ പരിഹാസങ്ങൾ പകർന്നു തന്ന അപകർഷങ്ങൾ ആകണ്ണുകളിൽ വിഷാദമായി തിണർത്തു കിടന്നു. അവൾ, അയാളുടെ വിരൽത്തുമ്പിൽ പിടിച്ചു. മിഴികളിൽ നിന്നു മിഴിയെടുക്കാതെ മന്ത്രിച്ചു.

“എന്റെ കഥകൾക്ക് ഇത്രയും സൗന്ദര്യമുണ്ടെന്നു മാഷു പറഞ്ഞാണറിഞ്ഞത്..മാഷിന്റെ കവിതകൾ എന്റെ ഹൃദയത്തിൽ പെയ്തു നിറച്ച മഴകളെത്രയാണ്..ഞാൻ, അനുപമയോടു പറഞ്ഞിട്ടുണ്ട്, മാഷെന്നിൽ നിറച്ച പ്രണയത്തിന്റെ നിറഭേദങ്ങളെക്കുറിച്ച്, ആ മഴവിൽ ചന്തത്തേക്കുറിച്ച്, വെറുതെ മനസ്സു കലക്കേണ്ട. എനിക്കു നുണ പറയാൻ തോന്നിയില്ല. അതാ, ഞാൻ തുറന്നു പറഞ്ഞത്. മാഷേ, ഞാൻ ബസ് ഷെൽട്ടറിലേക്കു നീങ്ങി നിൽക്കട്ടേ, അച്ഛൻ വരാറായിട്ടുണ്ടാകും. ഞാൻ പോയിട്ടേ, മാഷു പോകാവൂ, നാളെയും ഞാനിതേ നേരത്തുണ്ടാകും. മാഷും ഉണ്ടാകണം ഇവിടെ…”

അവൾ, ബസ് ഷെൽട്ടറിൽ ചെന്നുനിന്നു. വാകമരത്തിന്റെ നിഴലും സന്ധ്യയും പരസ്പരം ഇഴ ചേർന്നു. ദൂരെ നിന്നും അവളെയും തേടി, ആ കാർ വന്നു നിന്നു. ഡോർ തുറന്ന്, അകത്തു കടക്കുംമുമ്പേ അവളയാളെ ഒന്നുകൂടി നോക്കി. ആ മിഴികളിലെ പ്രണയത്തിളക്കം വ്യക്തമായിരുന്നു. അവൾ കയറി, കാർ മുന്നോട്ടു പോയ്മറഞ്ഞു. സന്ധ്യ മാഞ്ഞു. ഇരുൾ പടർന്നു. ഇലകളടർന്ന വാകത്തരുവിൽ അയാൾക്കു വേണ്ടി മാത്രമായൊരു പൂ വിടർന്നു.

കടും ചുവന്നൊരു പ്രണയപ്പൂവ്….

Leave a Reply

Your email address will not be published. Required fields are marked *