അഭീ… എന്റെ ലീവ് എനിക്ക് എക്സ്റ്റന്റ് ചെയ്യണം. എനിക്ക് ഒന്ന് കൂടി എന്റെ ചിലങ്ക കെട്ടണം. ഒരു പ്രാവശ്യം എങ്കിലും. ഒരു മാസം എനിക്ക് ഇവിടെ നിൽക്കണം…..

_upscale

Story written by Sajitha Thottanchery

“അമ്മയുടെ എന്തെങ്കിലും വലിയ ആഗ്രഹം സാധിച്ചു കൊടുക്കാനായി ബാക്കി നിൽക്കുന്നുണ്ടോ കുട്ട്യേ. ഒരു തൃപ്തിക്കുറവ് കാണിക്കുന്നു”. അമ്മയുടെ മരണാനന്ദര ചടങ്ങുകൾക്ക് ശേഷം തിരുമേനി ചോദിച്ചു.

“ഏയ്, അങ്ങനെ ആഗ്രഹങ്ങൾ ഒന്നും ഉള്ള ആളല്ല അമ്മ”. ചിരിച്ചു കൊണ്ട് വിസ്മയ പറഞ്ഞു.

“മം… നിങ്ങളെ പോലെ ഉള്ള ഇപ്പോഴത്തെ കുട്ടികൾക്ക് ഇതൊന്നും അത്ര വിശ്വാസം കാണില്ല. എന്നാലും ഞാൻ പറഞ്ഞുന്നെ ഉള്ളു”. അവളുടെ മറുപടിയിൽ ഒരു നിഷേധം തോന്നിയപ്പോൾ അയാൾ പറഞ്ഞു.

പൂജയും ചടങ്ങുകളും കഴിഞ്ഞു തിരുമേനി പോയി. വന്ന ബന്ധുക്കളും അയൽവാസികളും എല്ലാം ഭക്ഷണം കഴിച്ചു പിരിഞ്ഞു. ഒന്നു പുറത്ത് പോയി വരാമെന്ന് അഭി പറഞ്ഞപ്പോൾ അവൾക്ക് താല്പര്യം തോന്നിയില്ല. മകനെയും കൂട്ടി അഭി ഒന്ന് പുറത്തിറങ്ങി.

പിന്നീട് ആ വീട്ടിൽ അവൾ മാത്രമായി. പണ്ടത്തെ ഓർമകൾ അവളെ വല്ലാതെ ശ്വാസം മുട്ടിച്ചു. അമ്മയുമായി ചേർന്നിരുന്നു കൊഞ്ചിയ പൂമുഖവും ഹാളും, അമ്മയെ കെട്ടിപ്പിടിച്ചു ചേർന്ന് കിടന്ന റൂമും അവളെ വല്ലാതെ നൊമ്പരപ്പെടുത്തി. അവളും അമ്മയും ചേർന്നിരിക്കുന്ന ചുമരിലെ ആ ഫോട്ടോകൾ അവളെ ഒരുപാട് ദൂരം പിറകിലേക്ക് നടത്തി. ചെറിയ കാര്യങ്ങൾക്ക് വഴക്ക് കൂടിയിരുന്നതും ഒരുമിച്ചിരുന്നു ചെറിയ
വിശേഷങ്ങൾ പോലും പങ്കു വയ്ക്കുന്നതും ഓർത്തു അവളുടെ കണ്ണ് നിറഞ്ഞു.

“നീ എന്ന വരുന്നേ. അടുത്തെങ്ങാനും ലീവ് കിട്ടോ നിനക്ക് “. ഫോൺ വിളികളിലെ ഈ പരിഭവങ്ങൾ ഇനി ഓർമകൾ മാത്രമെന്ന് അവൾ സങ്കടത്തോടെ ഓർത്തു.

വീടിന്റെ ഓരോ മുക്കും മൂലയും എന്ത് ഭംഗി ആയാണ് അമ്മ സൂക്ഷിക്കുന്നത്. കയറി വരുമ്പോൾ ഉള്ള ചെടികൾ മുതൽ അകത്തെ അടുക്കളയിൽ ഇരിക്കുന്ന പാത്രങ്ങൾ വരെ ഇപ്പൊ അമ്മയെ കാണാത്തത്തിൽ കരയുന്നുണ്ടാകും. ഞാനും അമ്മയും ഉള്ളപ്പോൾ തന്നെ ചെടികളോടും പൂക്കളോടും ഒക്കെ സംസാരിച്ച് നിൽക്കുന്നത് അമ്മയുടെ ശീലമായിരുന്നു. തനിച്ചായപ്പോൾ പിന്നെ പറയണ്ടാലോ. ഞാനും അഭിയും U.K യിലേക്ക് വരാൻ ആവുന്നത് പറഞ്ഞതാ. ഒരു പൊടിക്ക് കൂട്ടാക്കിയില്ല. അടഞ്ഞിരുന്നു ജീവിക്കാൻ വയ്യാന്നു പറഞ്ഞു ഒഴിഞ്ഞു മാറി. ഇനി ഈ വീട് പൂട്ടി ഇടേണ്ടി വരും. നാട്ടിൽ ലീവിന് വരുമ്പോൾ എന്റെ ഇഷ്ടങ്ങൾക്ക് അനുസരിച്ചു ഓരോന്നു ചെയ്തു തരാനും, എനിക്ക് ഒന്ന് പരാതി പറയാനും ആളില്ലല്ലോ എന്നോർത്തു അവൾക്ക് സഹിക്കാൻ ആയില്ല.

അമ്മ വയ്യാതെ ഹോസ്പിറ്റലിൽ ആണ് വേഗം വരണമെന്ന് നാട്ടിൽ നിന്നും വിളിച്ചിരുന്നെന്ന് അഭി വന്നു പറഞ്ഞപ്പോൾ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. എന്നോട് ഒന്ന് യാത്ര പോലും പറയാതെ അമ്മ അമ്മയുടെ ആഗ്രഹം പോലെ തന്നെ ആരെയും ബുദ്ധിമുട്ടിക്കാതെ ഇങ്ങനെ പോകുമെന്ന്. സാധാരണ നാട്ടിൽ വരുമ്പോൾ വീടിന്റെ ഉമ്മറത്തു നിന്നും ഇറങ്ങി ഓടി വന്നു കെട്ടിപ്പിടിക്കാറുള്ള അമ്മ അന്ന് കണ്ണ് തുറന്നൊന്നു നോക്കുക പോലും ചെയ്യാതെ….. അതൊക്കെ ഓർത്തു അവൾ ഉറക്കെ കരഞ്ഞു.

“വീട്ടിലെ എല്ലാ സാധനങ്ങളും ഒതുക്കി എടുത്തു വച്ചോളു താൻ. നമുക്ക് ഇടയ്ക്ക് വന്നു ക്ലീൻ ആക്കാൻ ആരെയെങ്കിലും ഏല്പിക്കാം. നമുക്ക് തിരിച്ചു പോവണ്ടേ. മോനു ക്ലാസ്സ്‌ ഉള്ളതല്ലേ”. അഭി രാത്രിയിൽ പറഞ്ഞു.

അമ്മയില്ലാത്ത ആ ശൂന്യതയിൽ നിന്നും രക്ഷപ്പെടാൻ വേഗം തിരിച്ചു പോകുന്നത് തന്നെയാണ് നല്ലതെന്ന് അവൾ മനസ്സിൽ പറഞ്ഞു.

“പിറ്റേന്ന് അമ്മയുടെ അലമാരയിലെ സാരികളിൽ കുറച്ചൊക്കെ ആർക്കെങ്കിലും കൊടുക്കാം എന്ന് കരുതി നോക്കിക്കൊണ്ടിരിക്കു മ്പോഴാണ് പഴയ കുറെ സാധനങ്ങൾ അവളുടെ കണ്ണിൽ പെട്ടത്. തന്റെ LKG Muthal ulla ID കാർഡുകൾ, പുസ്തകങ്ങൾ, Report കാർഡുകൾ, ഫോട്ടോകൾ അങ്ങനെ അങ്ങനെ പലതും. അതിന്റെ ഇടയിൽ നിന്നാണ് അവൾക്ക് ഒരു ബോക്സ്‌ കിട്ടിയത്. അതിനുള്ളിൽ എന്താണെന്ന് ആ ബോക്സ്‌ എടുത്തപ്പോഴേ അവൾക്ക് മനസ്സിലായി.

ചിലങ്ക

അമ്മയുടെ വിയർപ്പിൽ അതിലെ കോർത്ത മണികൾ അവളോട് ഉറക്കെ ചിരിച്ചു. “മറന്നു കളഞ്ഞില്ലേ നീ എന്നെ. ഉപേക്ഷിച്ചില്ലേ.” എന്ന് അത് പറയാതെ പറയുന്നു.

“നീ ഇതൊന്നു കെട്ടി അമ്മയ്ക്ക് ഇനി കാണാൻ പറ്റൊ മോളെ. എത്ര ആഗ്രഹിച്ച ഞാൻ അന്ന് ഇതൊക്കെ ചെയ്തേ. വല്ലപ്പോഴും നേരം പോക്കിന് എങ്കിലും നിനക്ക് ഇതൊക്കെ ഒന്ന് നോക്കിക്കൂടെ. അമ്മേടെ വല്ലാത്ത ആഗ്രഹം ആണ് നിന്നെ ഒന്ന് കൂടി ഇത് കെട്ടി കാണുവാൻ. സാധിച്ചു തരോ നീ ഞാൻ മരിക്കണേനു മുന്നേ.” കഴിഞ്ഞ പ്രാവശ്യം നാട്ടിൽ വന്നപ്പോൾ ഇത് കാണിച്ചു അമ്മ പകുതി സങ്കടത്തോടെയും പിന്നേ ഒരിത്തിരി ഉപദേശം പോലെയും പറഞ്ഞു.

“പിന്നേ ഇതിപ്പോ കെട്ടി കണ്ടിട്ട് വേണ്ടേ മരിക്കാൻ. എന്തെങ്കിലും പറഞ്ഞാൽ അപ്പൊ സെന്റി അടിക്കും. ഞാൻ ഒരു കാര്യം ചെയ്യാം. ഇതും കൊണ്ട് പോയി ജോലിക്ക് പോകുമ്പോ ഡെയിലി കാലിൽ കെട്ടി നടക്കാം. മതിയോ? അതൊന്ന് എടുത്ത് വച്ചേ അമ്മേ.ഓരോന്നു കൊണ്ട് വന്നേക്കാ.”താനത് പറഞ്ഞപ്പോൾ അമ്മ തല കുനിച്ചിരുന്നു. ഒന്നും പറയാതെ അത് തിരിച്ചു കൊണ്ട് പോയി. പോന്നു പോലെ പൊതിഞ്ഞു ഒരു ബോക്സിൽ ഒക്കെ ആക്കിയാണ് അത് സൂക്ഷിച്ചു വച്ചിരിക്കുന്നത്.

ആ സമയത്താണ് പൂജയ്ക്ക് വന്ന തിരുമേനി പറഞ്ഞത് ഓർത്തത്. അമ്മയുടെ ഒരുപാട് വലിയ ആഗ്രഹം.

“അഭീ… എന്റെ ലീവ് എനിക്ക് എക്സ്റ്റന്റ് ചെയ്യണം. എനിക്ക് ഒന്ന് കൂടി എന്റെ ചിലങ്ക കെട്ടണം. ഒരു പ്രാവശ്യം എങ്കിലും. ഒരു മാസം എനിക്ക് ഇവിടെ നിൽക്കണം.” പെട്ടെന്ന് വിസ്മയ അത് പറഞ്ഞപ്പോൾ അഭി അവളെ കളിയാക്കി ചിരിച്ചു.

” നിനക്കെന്താ. അതിനു വേണ്ടി ലീവൊക്കെ എക്സ്റ്റന്റ് ചെയ്ത് ഇവിടെ തനിയെ നിൽക്കണോ.അടുത്ത പ്രാവശ്യം നോക്കിയാൽ പോരെ”. അവൾ പറഞ്ഞതിന് ഒട്ടും വില കൊടുക്കാതെ അഭി പറഞ്ഞു.

“ഇല്ല…. പോരാ. എനിക്ക് അത് ഉടനെ ചെയ്യണം. എന്റെ അമ്മേടെ ആഗ്രഹം ആയിരുന്നു. ഞാൻ സാധിച്ചു കൊടുക്കാത്ത ആഗ്രഹം. ഇന്നലെ ആ പൂജ ചെയ്ത തിരുമേനി പറഞ്ഞില്ലേ. അത് ഇത് തന്നെ ആകും. എന്നെ ഒന്ന് കൂടി അങ്ങനെ കാണാൻ ആഗ്രഹിച്ചിട്ടുണ്ട് വല്ലാതെ. നേരത്തെ ഒന്നും ഞാൻ അതിനു വില കൊടുത്തിട്ടില്ല. പക്ഷേ ഇപ്പൊ എനിക്ക് അത് ഒന്ന് ചെയ്യണം അഭീ. ഒരു പ്രാവശ്യം എങ്കിലും. അല്ലെങ്കിൽ മനസ്സിന് സമാധാനം ഉണ്ടാകില്ല എനിക്ക്. ഞാൻ അത് ചെയ്തിട്ടേ വരുന്നുള്ളു.” വിതുമ്പലോടെ അവൾ പറഞ്ഞു.

“നീ ഇതൊക്കെ വിശ്വസിക്കുന്നുണ്ടോ. ചുമ്മാ ഓരോ ഭ്രാന്ത് പറയാതെ. അയാൾ വല്ല പൂജയും നടത്തി ക്യാഷ് ഉണ്ടാക്കാൻ പറഞ്ഞതാകും. “അവളുടെ കണ്ണുകൾ തുടച്ചു അഭി പറഞ്ഞു.

“ആയിരിക്കാം.ചിലപ്പോൾ എന്റെ ഭ്രാന്ത് ആകാം. എന്നാലും ഞാൻ അത് ചെയ്തോട്ടെ അഭീ. അമ്മയ്ക്ക് വേണ്ടി അത് ചെയ്യണമെന്ന് വല്ലാത്ത ആഗ്രഹം. നീ എതിർക്കേണ്ട. പെട്ടെന്ന് തീർത്തോളം ഞാൻ. ഒരു മാസം. അത് മതി. ഞാൻ എന്നിട്ട് വരാം.”വിസ്മയ ഉറപ്പിച്ചു പറഞ്ഞു.

“നിന്റെ ആഗ്രഹം നടക്കട്ടെ. എന്തായാലും നീ നൃത്തം ചെയ്യും എന്ന് കേട്ടതല്ലാതെ ഞാനും കണ്ടിട്ടില്ലാലോ. എന്റെ ലീവും നീട്ടാൻ പറ്റുമോ എന്ന് നോക്കട്ടെ. മോനു ഓൺലൈൻ ക്ലാസ്സ്‌ ഫെസിലിറ്റി കിട്ടുമോ എന്ന് നോക്കാം. അങ്ങനെ ആണേൽ നമുക്ക് ഒരുമിച്ച് തിരിച്ചു പോവാലോ.”അവളെ തടഞ്ഞിട്ട് കാര്യം ഇല്ലെന്നു അറിയാവുന്നതിനാൽ അഭി പറഞ്ഞു.

വളരെ ചുരുങ്ങിയ സമയത്തെക്കാണ് അവൾക്ക് ഗുരുവായൂരിൽ സ്റ്റേജ് അനുവദിച്ചു കിട്ടിയത്. അത് തന്നെ അഭിയുടെ ഫ്രണ്ടിന്റെ ഇൻഫ്ലുൻസിൽ. പക്ഷേ അവൾക്ക് അത് മതിയായിരുന്നു തൽക്കാലത്തേക്ക്.ഒരു മാസം കൊണ്ട് ചെറിയ രീതിയിൽ പരിശീലനം നടത്തി അവൾ മനസ്സ് നിറഞ്ഞു നൃത്തം ചെയ്തു. മുന്നിലെ വേദിയിൽ അമ്മ വന്നു ഇരിക്കുന്നതായി അവൾക്ക് തോന്നി.

☆☆☆☆☆☆☆☆

ജീവിച്ചിരിക്കുമ്പോൾ നമ്മുടെ പ്രിയപ്പെട്ടവർ പറയുന്ന ചെറിയ ചില ആഗ്രഹങ്ങൾ, നിറവേറ്റി കൊടുക്കാൻ നമ്മൾ മടിച്ചാൽ…..
ചിലപ്പോൾ അവരുടെ അഭാവത്തിൽ അത് നമ്മളെ വല്ലാതെ വേദനിപ്പിച്ചേക്കാം…..

Leave a Reply

Your email address will not be published. Required fields are marked *