അമ്മേയെന്ന് ഒച്ചത്തിൽ വിളിക്കാൻ അമലയോട് ആവശ്യപ്പെട്ടു. ശ്രമിച്ചെങ്കിലും അവൾക്കതിന് കഴിഞ്ഞില്ല. സാരമില്ലെന്ന് പറഞ്ഞിട്ടും പെണ്ണിന്റെ കണ്ണുകളൊക്കെ നിറഞ്ഞിരിക്കുകയാണ്…..

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ

അമ്മേയെന്ന് ഒച്ചത്തിൽ വിളിക്കാൻ അമലയോട് ആവശ്യപ്പെട്ടു. ശ്രമിച്ചെങ്കിലും അവൾക്കതിന് കഴിഞ്ഞില്ല. സാരമില്ലെന്ന് പറഞ്ഞിട്ടും പെണ്ണിന്റെ കണ്ണുകളൊക്കെ നിറഞ്ഞിരിക്കുകയാണ്. അത്രത്തോളം ആ കുട്ടിയെ വേദനിപ്പിച്ചുവോയെന്ന് സംശയിച്ച് പോയി. വേണ്ടായിരുന്നുവെന്ന് തോന്നുകയും ചെയ്തു.

കാസർഗോഡ് മാർത്തോമ ഡെഫ് സ്കൂളിൽ നാടകം പഠിപ്പിക്കാൻ പോയപ്പോഴാണ് അമലയെ കാണുന്നതും, പരിചയപ്പെടുന്നതും. നാടകത്തിനായി കിട്ടിയ കുട്ടികളുമായി കൂടുതൽ ഇടപെടാൻ വേണ്ടി അവരിൽ നിന്നൊരാളെ കൂടെ വേണമെന്ന് തോന്നി. അതിനായി കണ്ടുപിടിച്ചത് ആറിൽ പഠിക്കുന്ന അമലയെ ആയിരുന്നു. മറ്റ് കുട്ടികളെ അപേക്ഷിച്ച് അവൾക്ക് കേൾവി കൂടുതലാണ്. ഒന്നോ രണ്ടോ ശബ്ദങ്ങളുമുണ്ട്. അതുകൊണ്ടാണ് അമ്മേയെന്ന് വിളിച്ച് കരയേണ്ട ആ രംഗത്തിനായി അവളെ നിർബന്ധിച്ചത്.

ജനനശേഷം ബധിരത ബാധിച്ചവർക്ക് ഭാഗികമായി സംസാരിക്കാൻ പറ്റുമെങ്കിലും, ജന്മനാ ബധിരതരായവരുടെ ആശയ വിനിമയം പൂർണ്ണമായും ആംഗ്യഭാഷയിലാണെന്നത് കേട്ടിട്ടുണ്ട്. എന്റെ കുട്ടികളുടെ ചുണ്ടുകൾ വിരലുകളായിരുന്നു. നിർഭാഗ്യവശാൽ, അത് കേൾക്കാനുള്ള ആവത് എനിക്ക് ഇല്ലാതായിപ്പോയി…

റിഹേഴ്സൽ പതിവിലും നേരത്തേ അവസാനിപ്പിച്ച് സ്കൂളിൽ നിന്ന് ഇറങ്ങി. ഡെഫ് സ്കൂളുകളുടെ യൂത്ത് ഫെസ്റ്റിവലിന് അതികനാൾ ഇല്ല. നാടകം കേമമാകണമെന്ന് പ്രിൻസിപ്പാൾ പ്രത്യേകം പറഞ്ഞതാണ്. വ്യക്തമായില്ലെങ്കിലും, കുട്ടികൾ സംഭാഷണം പറയാൻ ശ്രമിച്ചാൽ നാടകത്തിന് നല്ലതാണ്. അങ്ങനെ കരുതിയിട്ടാണ് അമലയോട് ഞാൻ…

പക്ഷേ, പറ്റാതെ വന്നപ്പോൾ ആ കുട്ടിക്കത് ഏറെ വിഷമമായി. അമ്മേയെന്ന് വിളിക്കാൻ പോലും തനിക്ക് കഴിയുന്നില്ലല്ലോയെന്ന് ഓർത്തായിരിക്കണം ആ പാവത്തിന്റെ കണ്ണുകൾ നിറഞ്ഞത്. അവളുടെ നെഞ്ചിലൊരു ഭാരം ഇറക്കിവെച്ച ഞനൊരു ക്രൂരനായ നാടകക്കാരൻ ആണോയെന്ന് പോലും സംശയിച്ച രാത്രിയായിരുന്നുവത്. വേണ്ടായിരുന്നുവെന്ന് ഓർത്ത് വീണ്ടും തലയെ കുറ്റപ്പെടുത്തി.

പിറ്റേന്ന്, റിഹേഴ്സൽ തകൃതിയായി നടന്നു. അമലയ്ക്ക് പരാതികളൊന്നുമില്ല. അവളുടെ ആംഗ്യഭാഷ എനിക്ക് കുറച്ചൊക്കെ മനസ്സിലാകുന്നുണ്ട്. തങ്ങൾക്ക് അറിയാത്ത മറ്റേതോ ഭാഷക്കാരനെ കിട്ടിയ സന്തോഷമായിരുന്നു കുട്ടികൾക്കെല്ലാം. അവരുടെ ഇടയിൽ, കുറവും പരിമിതിയും എനിക്കായിരുന്നുവെന്നേ ഞാൻ കരുതുന്നുള്ളൂ…

അല്ലെങ്കിലും, മനുഷ്യർക്കുള്ളിൽ, എത്രയെത്ര മനുഷ്യരാണല്ലേ… അവർക്കുള്ളിൽ, എത്രയെത്ര ലോകങ്ങളാണല്ലേ… ഭാഷകളാണല്ലേ…

പിന്നീടുള്ള നാളുകളിലെ റിഹേഴ്സുകളിലെല്ലാം പുതിയ ലിപി പോലെ അവരെ പഠിക്കാൻ ശ്രമിച്ചു. തെറ്റുമ്പോഴെല്ലാം, കുട്ടികൾ കളിയാക്കി. ഞാൻ ചിരിച്ചു. ഒരു മാസമേ ഒരുമിച്ച് ഉണ്ടായിരുന്നുവെങ്കിലും അത്രയ്ക്കും ആഴത്തിൽ ഞങ്ങൾ പരസ്പരം സ്പർശിച്ചു. ആ തെളിച്ചം ഞങ്ങളുടെ മുഖങ്ങൾ കൈമാറുന്ന ഓരോ പുഞ്ചിരിയിലും ഉണ്ടായിരുന്നു…

‘ടീച്ചേർസ് ഗെറ്റ് റെഡി. ഹൈസ്കൂൾ വിഭാഗം നാടകം സ്റ്റേജ് നാലിൽ ആരഭിക്കുകയാണ്. കോഡ് നമ്പർ വൺ ഓൺ ദി സ്റ്റേജ്…’

എല്ലാവരും പ്രതീക്ഷിച്ച ആ നാൾ വന്ന് ചേർന്നു. അടുത്തതാണ് ഞങ്ങളുടേത്. അമലയ്ക്ക് നല്ല വെപ്രാളമുണ്ടായിരുന്നു. കുട്ടികളും ഭൂതവുമെന്ന ആ നാടകത്തിലെ പ്രധാന വേഷം അവളായിരുന്നു. ഞാൻ ചില തമാശകളൊക്കെ പറഞ്ഞ് അവരെ ചിരിപ്പിക്കാൻ ശ്രമിച്ചു. എവിടെ? മാഷ് ടെൻഷനടിപ്പിക്കല്ലേയെന്ന് ഭൂതത്തിന്റെ വേഷമിട്ട വിരുതൻ എന്നോട് ആംഗ്യം കാണിക്കുകയായിരുന്നു. ഞാൻ ഇളിഭ്യനായി. അത് കണ്ടപ്പോൾ എല്ലാവരും ചിരിക്കുകയും ചെയ്തു.

‘ജഡ്ജസ് പ്ലീസ് നോട്ട്, കോഡ് നമ്പർ റ്റു ഓൺ ദി സ്റ്റേജ്…’

നാടകം തുടങ്ങി. ഇമകളെ തമ്മിൽ വെട്ടാൻ സമ്മതിക്കാത്ത വിധം കണ്ണുകൾ തുറന്ന് മ്യൂസിക് സെറ്റിന്റെ അടുത്തായി ഞാൻ നിൽക്കുകയാണ്. എന്റെ കുട്ടികൾ വളരേ നല്ല പ്രകടനം തന്നെ കാഴ്ച്ച വെക്കുന്നുണ്ട്. അമല അമ്മേയെന്ന് നിലവിളിക്കുന്ന രംഗം വരാൻ തുടങ്ങിയപ്പോൾ തുടക്കത്തിലെ ഓർമ്മ വന്ന് സങ്കടപ്പെടുത്തി. അന്ന് അവൾ വിങ്ങിയത് ഉള്ളിൽ നീറുന്നുണ്ട്. വേണ്ടായിരുന്നുവെന്ന് അപ്പോഴും മനസ്സ് ആരോടോയെന്ന പോലെ മന്ത്രിക്കുകയാണ്….

‘അമ്മേ…!’

എല്ലാവരുടെയും കാതുകളുടെ ശ്രദ്ധയിൽ പതിയും വിധമായിരുന്നു ആ ശബ്ദം ഉയർന്നത്. അമലയാണ് അമ്മേയെന്ന് വിളിച്ചിരിക്കുന്നത്. ആ ഞെട്ടലിൽ പെണ്ണ് അങ്ങനെ സ്തംഭിച്ച് നിൽക്കുകയാണ്. അത്രയ്ക്കും ഒച്ചത്തിൽ സ്വന്തം ശബ്ദം കേൾക്കുമ്പോഴുള്ള ആവേശത്തിലാണെന്ന് തോന്നുന്നു, അമ്മേയെന്ന് വീണ്ടും വീണ്ടും അവൾ നീട്ടി വിളിച്ചു. ആ ശബ്ദത്തിന്റെ കൂടെ തനിക്ക് സംസാരിക്കാൻ പറ്റുന്നുവെന്ന് ആംഗ്യം കൊണ്ടും അവൾ പ്രകടിപ്പിക്കുകയാണ്. അവിശ്വസനീയമെന്ന് തോന്നിയത് കൊണ്ടായിരിക്കണം ഏറെ നേരം ഞാനൊരു മൂകനായി നിന്നത്.

കൂട്ടത്തിൽ ഒരാൾക്ക് സംസാരശേഷി തിരിച്ച് കിട്ടിയെന്ന് കണ്ടപ്പോൾ, വേഷം പോലും മറന്ന് കുട്ടികൾ അമലയെ പൊതിഞ്ഞ് ഉയർത്തുകയായിരുന്നു. ശരിയാണ്. പൂമ്പാറ്റ പോലെയൊരു പെൺകുട്ടി ആദ്യമായി മിണ്ടിയപ്പോൾ നാടകത്തിന്റെ താളം തെറ്റിപ്പോയി. പാതിയിൽ കർട്ടൺ വീഴുകയും ചെയ്തു. പക്ഷേ, അത്രത്തോളം കണ്ണും മനസ്സും നിറച്ച കൈയ്യടികൾ പിന്നീട് എന്റെ കലാജീവിതത്തിൽ ഇന്നേവരെ ഉണ്ടായിട്ടില്ല….!!!

🤍🤍🤍

Leave a Reply

Your email address will not be published. Required fields are marked *