അയാൾ ഡോക്ടറുടെ മുറിയിലേക്ക് നടന്നു. ദേഹം വിയർപ്പിൽ കുളിച്ചു. കാൽ നൂറ്റാണ്ടായി ഒപ്പമുള്ള നല്ല പാതിയാണ് ഐ സി യൂ വിൽ……..

_lowlight _upscale

ദേവസംഗീതം

Story written by Ammu Santhosh

പയർ തോരൻ വെയ്ക്കാൻ അരിയുന്ന നേരത്താണ് ആ വേദന വന്നത്. ഇടനെഞ്ചിൽ ഒരു കൊളുത്തിപ്പിടിക്കുന്ന വേദന. വിനുവിനു ഈ തോരൻ വലിയ ഇഷ്ടം ആണ്. നന്നായി എന്നൊന്നും പറഞ്ഞു പുകഴ്ത്തില്ല. എന്നാലും ആസ്വദിച്ചു കഴിക്കും. മക്കൾക്ക്‌ രണ്ടുപേർക്കും മീൻ വറുത്തതും പുളിശ്ശേരിയുമാണ് പ്രിയം. പുളിശ്ശേരി ഒരു കുഞ്ഞ് കലത്തിൽ ഉണ്ടാക്കി മേശ മേലെ വെച്ചേക്കും. തോരൻ കടുക് തളിച്ച് എടുത്തപ്പോളെക്കും നെഞ്ചു വേദന കഠിനമായി… മീൻ വറുത്തിട്ടില്ല. വേഗംനെഞ്ചു പൊത്തി പിടിച്ചു മീൻ കൂടി വറുത്തു വെച്ചതെ ഓര്മയുള്ളു

“അമ്മയെവിടെ അച്ഛാ ?”സ്കൂൾ വിട്ടു വന്ന മകന് ചോറ് വിളമ്പി അയാള് വേഗം മൊബൈലിൽ തന്റെ അമ്മയെ ശ്രമിച്ചു കൊണ്ടിരുന്നു.

“ചേച്ചി കോളേജിൽ നിന്നു വന്നില്ലേ ?”

“നീ വേഗം കഴിക്ക്.. നമുക്കു ഒരു സ്ഥലം വരെ പോകണം “

അയാള് ഒരു ബാഗിൽ തുണികൾ കുത്തിനിറച്ചു. അവളുടെ ഗന്ധം. അയാൾ തനിക്കേറ്റവും ഇഷ്ടം ഉള്ള പച്ച കോട്ടൺ സാരീ മുഖത്തോടു ചേർത്തു പിടിച്ചു. പിന്നേ അതുപയോഗിച്ചു മുഖം അമർത്തി തുടച്ചു.

ആശുപത്രിയിൽ മകൾ നില്പുണ്ട്. പേടിയുണ്ട് കണ്ണുകളിൽ

“ഡോക്ടർ എന്തെങ്കിലും പറഞ്ഞോ ?”

“അച്ഛൻ വന്നാൽ ചെല്ലാൻ പറഞ്ഞു “

അയാൾ ഡോക്ടറുടെ മുറിയിലേക്ക് നടന്നു. ദേഹം വിയർപ്പിൽ കുളിച്ചു. കാൽ നൂറ്റാണ്ടായി ഒപ്പമുള്ള നല്ല പാതിയാണ് ഐ സി യൂ വിൽ

“ആൻജിയോഗ്രാം ചെയ്യണം ബ്ലോക്ക് ഉണ്ട്.. ഇത്രയും നാൾ ട്രീറ്റ്മെന്റ് ഒന്നും നടത്തിയില്ലേ ?”

“ഇത് വരെ ഇങ്ങനെയൊന്നും വന്നിട്ടില്ല… “

“ആര് പറഞ്ഞു ?ഇത് മൂന്നാമത്തെ അറ്റാക്ക് ആണ്… അവർ നിങ്ങളോട് പറയാഞ്ഞതാവും “

അയാൾ സ്തബ്ധനായി. അവളോട്‌ ശരിക്കും മിണ്ടിയിട്ട് മാസങ്ങളായി. ജോലിയുടെ ടെൻഷൻ, കുട്ടികളുടെ പഠിപ്പു, ഒക്കെ ആകെ തളർത്തിയിരുന്നു. ആദ്യമൊക്കെ അവളത് പരാതി പറയുമായിരുന്നു. മഴ കാണണം കടൽ കാണണം എന്നൊക്കെ പറയുമായിരുന്നു. അവഗണിക്കുകയായിരുന്നു പതിവ്

അയാൾ ചില്ലു വാതിലിൽ കൂടി നോക്കി. വിളറി ക്ഷീണിച്ച മുഖം

അവളുടെ വീട്ടിൽ നിന്നാരും വരാനില്ല സഹായത്തിനു… തന്റെ അമ്മ വരുമോ അറീല.

മകളെയും മകനെയും വീട്ടിൽ പറഞ്ഞയച്ചു അയാൾ ആശുപത്രി വരാന്തയിൽ ഇരുന്നു

അവൾ….
ഒരു നേർത്ത മെഴുകുതിരി നാളം പോലെ

“അമ്മയില്ലാത്ത കൊണ്ട് എന്തോ പോലെ അല്ലെ ചേച്ചി ?”

മകളും അതാലോചിക്കുകയായിരുന്നു. കോളേജിൽ നടക്കുന്നതെന്തും ഒന്നും വിടാതെ പറഞ്ഞു കേൾക്കുമ്പോൾ അമ്മ പലപ്പോളും ചിരിക്കുന്നുണ്ടാകും.. അമ്മയുടെ നേർത്ത വിരലുകൾ തന്റെ ശിരസ്സിലൂടെ അരിച്ചു നടക്കുന്നുണ്ടാകും.. അവൾ അനിയനെ ചേർത്തു പിടിച്ചു ലൈറ്റ് അണച്ചു.

“അമ്മയില്ലാതെ നമ്മൾ എങ്ങനെ ജീവിക്കും ചേച്ചി ?നമ്മൾക്കാര ഉള്ളെ ?പേടിയാകുന്നു… “

“മിണ്ടാത് ഉറങ്ങു “അവൾ അനുജനെ ശാസിച്ചു.

ഉണരാതെ നേരം വെളുപ്പിച്ചു അവൾ. പുലർച്ച അടുക്കളയിൽ കയറി അനിയന് സ്കൂളിൽ പോകാനുള്ള ഭക്ഷണം ഉണ്ടാക്കാൻ ആരംഭിച്ചു. ഓരോന്നും പറയാതെ പഠിപ്പിച്ചു തന്നിട്ടുണ്ട് അമ്മ.. ഒന്ന് ശാസിച്ചിട്ടു കൂടിയില്ല. ഒരു പ്രലോഭനങ്ങളുലെക്കും പോകാൻ തോന്നിയിട്ടില്ല. അമ്മയുടെ നേർത്ത ചിരിയുടെ പ്രകാശം… അത് ഓർമ വരും. അമ്മയെന്നത് ഒരു കാവൽ മാലാഖയാണ്. വീടിന്റെ., കുടുംബത്തിന്റെയും…

ആഞ്ജിയോഗ്രാം ചെയ്തു രണ്ടു ദിവസം കൂടി ആശുപത്രിയിൽ കിടന്ന് വീട്ടിലേക്കു വരുമ്പോൾ വീട് എന്നത്തേക്കാളും വൃത്തിയും വെടിപ്പുമായി കിടക്കുന്നു. തന്റെ പ്രതിരൂപമായ മകളുടെ മുഖത്തേക്ക് അമ്മ ഒന്ന് നോക്കി. മകൾ അമ്മക്കുള്ള ചൂട് വെള്ളം തയ്യാറാക്കാനെന്ന ഭാവേനെ പൊയ്‌കളഞ്ഞു. പൊട്ടിക്കരച്ചിലുകൾ ടെൻഷൻ ഒന്നും അമ്മയുടെ ദുർബലമായ ഹൃദയം തങ്ങില്ല

“നിങ്ങളെന്താ ചിന്തിക്കുന്നേ ?”

“ഗൗരി…. ഉള്ളിൽ ആദ്യമായി ഒരു പേടി…. “

“ഞാൻ മരിച്ചു പോകുമെന്നാണോ ?”

“അല്ല. നീ എന്നെ വെറുക്കുന്നോ എന്ന് ?”

അയാളുടെ ശബ്ദം ഇടറിപ്പോയി
കൈകളിൽ മുഖം പൊത്തി കുനിഞ്ഞിരുന്ന് അയാൾ വിതുമ്പി കരയുന്നത് അന്നാദ്യമായി അവർ കണ്ടു

അവർ ആ മുഖം നെഞ്ചോടു അണച്ചു പിടിച്ചു… ഒന്നും പറയാതെ ആ മുടിയിഴകളിലൂടെ വിരൽ ഓടിച്ചു കൊണ്ടിരുന്നു…

വാക്കുകൾക്കപ്പുറമാണ് ചിലപ്പോൾ മൗനം. മൗനത്തിലൂടെ പ്രണയിക്കാം…

ജീവിതം അങ്ങനെയാണ്. തീരെ പ്രതീക്ഷിക്കാത്ത നേരത്ത് ചില തിരിച്ചറിവുകൾ തരും.. മുന്നോട്ടു പോകുമ്പോൾ ഒന്ന് തിരുത്തി പോകു എന്നാ മുന്നറിയിപ്പ്. ആരൊക്കെ ഒപ്പം ഉണ്ടാകുമെന്നാർക്കറിയാം… ഒരു ചിരി… ഒരു നോട്ടം… ഒരു തലോടൽ… ഏതു ഹൃദയവും ലാഘവമുള്ളതാകും… ചിലപ്പോൾ മുന്നറിയിപ്പുകൾ ദൈവം മറന്ന് പോയാലോ… നഷ്ടം നമുക്കാണ് ഒപ്പുണ്ടായപ്പോൾ സ്നേഹിച്ചില്ല…. ഒരു നല്ല വാക്ക് പറഞ്ഞില്ല… അത് വേണ്ട…താക്കീതുകളും മുന്നറിയിപ്പുകൾക്കും കാക്കണ്ട…. സ്നേഹിക്കാം നമ്മെ കൊണ്ടാകും പോലെ

Leave a Reply

Your email address will not be published. Required fields are marked *