എഴുത്ത്:-ശ്രീജിത്ത് ഇരവിൽ
പ്രതീക്ഷിച്ച തിക്കും തിരക്കുമെല്ലാം ആ ജനറൽ കമ്പാർട്ട്മെന്റിൽ ഉണ്ടായിരുന്നു. ഉണക്കാനിട്ടിരിക്കുന്ന തുണിപോലെ കുറേ ആൾക്കാർ അങ്ങുമിങ്ങുമായി നിന്ന് ഇളകുകയാണ്. ഞാനും അകത്തേക്ക് കയറി അതിൽ ഒന്നായി നിന്നു. ഡോറിന്റെ പടികളിൽ ഇരിക്കുന്നവരെ യൊന്നും തീവണ്ടിയുടെ അകത്തുള്ളവരായി ഞാൻ കൂട്ടിയിട്ടില്ല. അത് മറ്റൊന്നും കൊണ്ടല്ല. യാത്ര പൂർത്തീകരിക്കുന്ന കാര്യം വരുമ്പോൾ അവരുടെ കാര്യത്തിലൊരു ഉറപ്പുമില്ലാത്തത് കൊണ്ടാണ്.
നിധി കിട്ടിയിട്ടും അതിന്റെയൊരു പ്രസരിപ്പുമില്ലാത്ത മനുഷ്യരെക്കുറിച്ച് ഞാൻ ഇടക്കൊക്കെ ഓർക്കാറുണ്ട്. അവരാരും ആ നിധിയെക്കുറിച്ച് ആകുലതരേയല്ല. അതിനാലാണ് പോകുന്ന യാത്രകളിൽ അപ്രതീക്ഷിത മായത് പലർക്കും നഷ്ട്ടമാകുന്നത്. നിധിയെന്ന് കേൾക്കുമ്പോൾ മഞ്ഞ നിറത്തിൽ ഇളിക്കുന്ന കണ്ണുകളാണ് ഭൂരിഭാഗം പേർക്കും. അതുകൊണ്ട് മാത്രം, എന്റെ നിധി എന്റെ ജീവനാണെന്ന് കൂടി എഴുതുന്നു.
മൂന്നുനാല് സ്റ്റേഷനിൽ വണ്ടി നിർത്തിയിട്ടും ആളുകൾ കൂടിയതുമില്ല കുറഞ്ഞതുമില്ല. തുലനം ചെയ്യുമ്പോൾ ജീവിതവും അങ്ങനെയാണല്ലോ! നടക്കാനായി മുളക്കുന്ന അത്രത്തോളം ആൾക്കാർ തന്നെ യാത്രയിൽ നിന്ന് കൊഴിഞ്ഞ് പോകാനും എന്നുമുണ്ടാകുമല്ലോ…
ഇരിക്കാൻ ഇടം ഇല്ലാത്തതിന്റെ വേദന ഞാൻ അറിയുന്നുണ്ടായിരുന്നു. മണിക്കൂറോളം നിന്ന് കാല് കുഴഞ്ഞവരെല്ലാം രാത്രിയായപ്പോൾ ഇരുന്നു. ഇരുന്നവരെ ഉറക്കം കയറിപ്പിടിച്ചപ്പോൾ അവർ കിടന്നു. എന്തുകൊണ്ടോ, തീവണ്ടിയുടെ തറയിൽ ഇരിക്കാൻ എനിക്ക് തോന്നിയില്ല.
നാൽപ്പത് കഴിഞ്ഞതിന്റെ മാനസിക ചെറുപ്പം എനിക്കുണ്ട്. എന്നിരുന്നാലും ശരാശരി മനുഷ്യായുസ്സിന്റെ മുക്കാലിൽ എത്തിയത് കൊണ്ടായിരിക്കും നിന്ന നിൽപ്പിൽ എന്റെ കാലുകൾ നീര് വെക്കുന്നുണ്ടോയെന്ന് ഞാൻ സംശയിച്ചത്. ഒന്നുകൂടി തിരഞ്ഞപ്പോൾ മഹാത്മാവിന്റെ സത്യാന്വേഷണ പരീക്ഷണങ്ങളെന്ന പുസ്തകം വായിച്ചുകൊണ്ട് അറ്റത്തിരിക്കുന്ന ഒരാളുടെ അരികിൽ ഇത്തിരി ഇടമുണ്ടെന്ന് ഞാൻ ശ്രദ്ധിച്ചു. എന്റെ ചന്തി അവിടെയൊന്ന് ചെറുതായി കൊള്ളിച്ചിരിക്കാനും ശ്രമിച്ചു. ശ്രമം പരാജയപ്പെട്ടുവെന്ന് മാത്രമല്ല, തന്റെ മുഖത്ത് കണ്ണില്ലേയെന്ന് അയാൾ കണ്ണുരുട്ടി ചോദിക്കുകയും ചെയ്തു.
അയ്യേ പാവമെന്ന തരത്തിൽ താഴെ ഇരിക്കുന്ന ഒരുത്തൻ എന്നെ നോക്കി ഇളിക്കുക കൂടി ചെയ്തപ്പോൾ, ഞാൻ ആകെ പരിഹാസ്യനായി പോയെന്ന് പറഞ്ഞാൽ മതിയല്ലോ…! തുടർന്നുള്ള എന്റെ വയ്യായ്ക കണ്ടയൊരു മെലിഞ്ഞ ചെറുപ്പക്കാരൻ അവന്റെ ഇടം എനിക്കായി ഒഴിഞ്ഞ് തരുകയായിരുന്നു. അവനോട് എന്തന്നില്ലാത്തയൊരു ആത്മബന്ധം എനിക്ക് തോന്നി. അതുകൊണ്ടായിരിക്കും നീ ഡോറിന്റെയടുത്ത് പോയി നിൽക്കരുതെന്ന് അവനോട് ഞാൻ പ്രത്യേകം പറഞ്ഞത്.
ഇരുന്നപ്പോൾ തന്നെ എനിക്ക് വല്ലാത്തയൊരു ആശ്വാസം തോന്നി. ഞാൻ നിന്നയിടത്ത് തന്നെ ആ ചെറുപ്പക്കാരനും നിന്നു. മണിക്കൂറുകൾ അങ്ങനെ എന്നെ ഇരുത്തിയും അവനെ കുഴഞ്ഞ് നിർത്തിയും തീവണ്ടിക്കകത്ത് കെട്ടികിടന്നു. തന്നാലാകും വിധം മറ്റൊരാളെ സഹായിക്കണമെന്ന പ്രഥമ ചിന്തയുള്ള ആ ചെറുപ്പക്കാരനെ തന്നെയാണ് കൂടുതൽ നേരവും ഞാൻ ശ്രദ്ധിച്ചിരുന്നത്.
അല്ലെങ്കിലും, മറ്റൊരു ജീവനെ ഉയർത്തുകയെന്നതും കൂടി ഭൂമിലെ പ്രാണനുകളിൽ നിക്ഷിപിക്തമാണ്. അതിന് വേണ്ടി കൂട്ടിമുട്ടേണ്ട ജീവനുകൾ ഏതല്ലാമെന്ന് നിശ്ചയിക്കപ്പെട്ടിട്ടുമുണ്ടാകാം. പരസ്പരം കൃത്യമായ തോതിലുള്ള ഊർജ്ജം കൈമാറി പ്രപഞ്ചം മുന്നോട്ട് വെക്കുന്നതും അതേ പരസ്പരാശ്രയ ആദർശം തന്നെയാണല്ലോ..!
സേലത്ത് എത്തിയപ്പോൾ ആ ചെറുപ്പക്കാരൻ എനിക്കൊരു പുഞ്ചിരിയും തന്നാണ് ഇറങ്ങിപ്പോയത്. ഇത്തവണ ഇറങ്ങിയവരേക്കാളും യാത്രക്കാർ പുറത്ത് കാത്തിരിക്കുന്നതിന്റെ ബഹളം അകത്തേക്ക് അറിയാനുണ്ടായിരുന്നു. ഉന്തിത്തള്ളി അകത്തേക്ക് വന്നവരെല്ലാം ഒഴിഞ്ഞ ഇടങ്ങളെല്ലാം പൂരിപ്പിച്ചു. ഏറ്റവും അവസാനം അകത്തേക്ക് കയറിവന്നത് ഉന്താനും തള്ളാനും ആരോഗ്യമില്ലാത്തയൊരു വൃദ്ധനായിരുന്നു. അയാൾക്ക് മൂന്ന് കാലുകളുണ്ട്. കയ്യിൽ പിടിച്ച ആ മൂന്നാമത്തെ കാല് കൊണ്ട് താഴത്തിരിക്കുന്ന പലരുടേയും ദേഹം നോവുകയും ചെയ്തു.
ഞാൻ ആയാളെ ശ്രദ്ധിച്ചപ്പോൾ അയാൾക്ക് തീരേ വയ്യ… നെറ്റിയിൽ നാളുകളോളമുള്ള ക്ഷീണം കരുവാളിച്ച് ചുളിഞ്ഞ് കിടക്കുന്നുണ്ട്. എവിടെയെങ്കിലും ഇരിക്കാൻ പറ്റിയിരുന്നുവെങ്കിലെന്ന് അയാൾ വല്ലാതെ ആഗ്രഹിക്കുന്നത് പോലെ എനിക്ക് തോന്നി. ആരുടെയെങ്കിലും മുഖത്ത് ഇത്തിരി ദയയുണ്ടോയെന്ന് നോക്കുന്നതിനിടയിൽ അയാളുടെ കണ്ണുകൾ എന്നിലും വീണും. മറ്റൊന്നും ഓർക്കാതെ അയാൾക്കായി ഞാൻ എന്റെ ഇടം പുഞ്ചിരിച്ച് കൊണ്ട് ഒഴിഞ്ഞ് കൊടുത്തു. ആ മനുഷ്യൻ അപ്പോൾ നന്ദി പറഞ്ഞത് നിറഞ്ഞ കണ്ണുകൾകൊണ്ടായിരുന്നു…
അയാൾ ഇരുന്നു. ഒന്നുകൂടി അനങ്ങിയപ്പോൾ സ്വസ്ഥമായി ഇരുന്നു. ശേഷം, എന്നെ നോക്കികൊണ്ട് അൽപ്പം മുന്നോട്ടായി ചെരിഞ്ഞ് ഇരുന്നു. ശ്രദ്ധിച്ചപ്പോഴാണ് എനിക്ക് കൂടി ചന്തി മുട്ടിക്കാനുള്ള ഇടം അയാൾ ഒരുക്കുകയാണെന്ന് എനിക്ക് മനസ്സിലായത്.ആ മനുഷ്യൻ നിർബന്ധിച്ചപ്പോൾ എനിക്ക് അവിടെ ഇരിക്കാതിരിക്കാൻ സാധിച്ചില്ല.
മനസ്സ് വെച്ചാൽ നമ്മളെ സഹായിക്കുന്നവരെയും ചിലപ്പോഴൊക്കെ നമുക്ക് സഹായിക്കാൻ പറ്റുമെന്ന് അയാൾ എന്നോട് പറയാതെ പറയുകയായിരുന്നു. അങ്ങനെ ചിന്തിച്ചപ്പോൾ എനിക്ക് ഇടം തന്നതിന് ശേഷം സേലം വരെ കുഴഞ്ഞ് നിന്ന ആ മെലിഞ്ഞ ചെറുപ്പക്കാരനെ വെറുതേ ഞാൻ ഓർത്തുപോയി….!!!