അവളുടെ കൂടെ യാത്ര ചെയ്യുമ്പോൾ തോന്നി ഒരുപാടുവർഷത്തെ മൗനം മുറിഞ്ഞതിന്റെ ആഹ്ലാദം ആണെന്ന് ഇവൾക്കെന്നു.എന്റെ മനസും സന്തോഷംകൊണ്ട് നിറഞ്ഞു……

എഴുത്ത്:-ശ്രീജിത്ത്‌ അനന്ദ്തൃശ്ശിവപേരൂർ.

രാധേടത്തിയുടെ മകള് വന്നിട്ടുണ്ട് കൽക്കട്ടയിൽ നിന്ന്. ബന്ധം പിരിഞ്ഞുനിൽക്കായിരുന്നു അവിടെ. വേറെ വീടെടുത്തു ഒറ്റയ്ക്ക് താമസിക്കായിരുന്നു . ഇപ്പൊ ജോലിയെല്ലാം വേണ്ടാന്ന് വെച്ചുവന്നതാ. ഇനി ഇവിടെ ഉണ്ടാവുത്രേ.

ചായ കൊണ്ട് തരുമ്പോൾ അമ്മയാണ് പറഞ്ഞത്. തിരിച്ചൊന്നും ഞാൻ പറയാതായപ്പോൾ ഒരു നെടുവീർപ്പോടെ അമ്മ അകത്തേക്ക് പോയി.
കേട്ടപ്പോൾ മനസിലൊരു നീറ്റൽ പോലെ. ” വൈദ്ദേഹി “

എന്നു മുതലാണ് അവളെ കണ്ടു തുടങ്ങിയത്. ഓർമയില്ല. അമ്മയുടെ മടിയിലിരുന്നു അമ്പിളി മാമ്മനെ കാണിച്ചു ചോറു തരുന്ന ആ പ്രായത്തിൽ വെച്ചായിരിക്കും. അല്ലെങ്കിൽ അതിനും മുൻപ്.

രാസ്നാദി പൊടിയുടെ വാസനയുള്ള. ചിരിക്കുമ്പോൾ ഇടതു കവിളിൽ മാത്രം തെളിയുന്ന നുണക്കുഴിയുള്ള എന്റെ കളികൂട്ടുകാരി. വൈദ്ദേഹി

വെട്ടുകല്ലുകൊണ്ടു കെട്ടിയ അര മതിലിനു അപ്പുറത്തുള്ള വീടാണ് വൈദ്ദേഹിയുടെ. രണ്ടു വീട്ടുകാരുടെയും സ്നേഹത്തിനിടയിൽ ഒരിക്കലും ആ മതിൽ ഉണ്ടായിരുന്നില്ല. സ്നേഹത്തിനു സാക്ഷിയായി ഒരു വെള്ള ചെമ്പക മരവും ആ മതിലിനോട് ചേർന്നു നിന്നിരുന്നു

ഒന്നിച്ചാണ് കളിച്ചതും പഠിച്ചതും വളർന്നതും. ആ ഒരു സ്നേഹത്തെ ഞാനെങ്ങിനെയാ പറയുക.

“ഉത്സവത്തിന് അച്ഛൻ വാങ്ങികൊടുത്ത കുപ്പിവള പൊട്ടിച്ചപ്പോൾ പരിഭവം പറയാത്തവൾ ആ വളപ്പൊട്ടു വെച്ചു സ്നേഹം നോക്കി കളിച്ചപ്പോൾ സ്നേഹം കുറഞ്ഞു പോയി എന്നു പറഞ്ഞു മുഖം വീർപ്പിച്ചു പിണങ്ങി പോയവളാണ്.”

നിഷ്കളങ്കമായ സ്നേഹത്തിനു എന്തൊരു ഭംഗിയാണല്ലേ? അതെപ്പോഴോ പ്രണയത്തിലേക്കു വഴിമാറിയപ്പോഴും അതിനൊരു പവിത്രത ഉണ്ടായിരുന്നു.

ഒരുപിടി ചെമ്പകപ്പൂക്കളുടെ സുഗന്ധമുള്ള ഓർമ്മകൾ.

ഒരിക്കൽ ഞാൻ ചോദിച്ചിട്ടുണ്ട് നിനക്കെന്താ ഇത്രയധികം പൂക്കൾ ഈ ഭൂമിയിലുണ്ടായിട്ടും ചെമ്പകപൂക്കളോട് ഇത്ര ഇഷ്ടം.

അറിയില്ല വെറുതെ. എനിക്കു ശ്രീയോടുള്ള അത്രേം ഇഷ്ടാണ്.
ഒരുപാട് ഒരുപാട് ഇഷ്ട്ടം.

വൈദ്ദേഹി നിന്റെ ഓർമകൾക്ക് എന്തൊരു ആയുസ്സാണ് ഇത്ര വര്ഷങ്ങള്ക്കു ശേഷവും കരുത്തോടെ എന്നിലൂടെ ജീവിക്കുന്നു.

☆☆☆☆☆☆☆☆☆

ഞാൻ എഴുന്നേറ്റു നടന്നു കിഴക്കൂഭാഗത്തുള്ള പാടത്തിന്റെ വരമ്പിലൂടെ പിന്നെ അരുവി കടന്നുള്ള കവുങ്ങിൻ തോപ്പിലൂടെ അപ്പോൾ കണ്ടു കാവിലെ കൽവിളക്കിൽ ദീപം തെളിയിച്ചിരിക്കുന്നത്.

മനസ്സിൽ വിചാരിച്ചപോലെ അവൾ അവിടെയുണ്ട് കാവിലെ കുളത്തിന്റെ പടവിൽ തെളിഞ്ഞ വെള്ളത്തിലേക്കു കാലിട്ട് ഓർമകളിൽ മുഴുകി ഇരിക്കുന്നു.

അഴിച്ചിട്ട മുടികളിൽ തുളസികതിർ കോർത്തു വെച്ചിട്ടുണ്ട്. വൈദ്ദേഹി…..

ഞാൻ വിളിച്ചു.

ശ്രീ വന്നോ. എനിക്കു തോന്നി ഇന്നിവിടെ വരുമെന്ന്. ഒരുപാടു കാലത്തിനു ശേഷം ആ സ്വരം ഞാൻ വീണ്ടും കേട്ടു.

എന്നോടുള്ള ദേഷ്യം മാറിയോ തനിക്കു?

ദേഷ്യമോ എന്തിനാ എനിക്കു ശ്രീയോട് ദേഷ്യം?

നാട്ടിലെ സ്വഭാവ ദൂiഷ്യമുള്ള സ്ത്രീയുമായി എന്നെ ദൂരെ ഒരിടത്തു വെച്ചു തന്റെ അമ്മാവൻ കണ്ടത് മുതലുള്ള ദേഷ്യമല്ലേ എന്നോട്.

അതിനു ശേഷം നീ എപ്പോഴെങ്കിലും എന്നോട് മിണ്ടിയിട്ടുണ്ടോ. ഞാൻ പറയുന്നതൊന്നു കേൾക്കാൻ കൂടി ക്ഷമ കാണിച്ചിട്ടുണ്ടോ താൻ. ആ ഒരു വാശിയായിരുന്നില്ലേ തന്റെ വിവാഹം പോലും.

ദേഷ്യമായിരുന്നു എനിക്കു. വാശിയായിരുന്നു ജീവനായി കണ്ടവൻ കുറച്ചു നേരത്തെ സുഖത്തിനു വേണ്ടി കുറച്ചു നോട്ടുകൾ കണ്ടാൽ ശiരീരം കൊiടുക്കുന്ന ഒരു പെണ്ണിന്റെ കൂടെ പോയതിന്റെ. പക്ഷെ എനിക്കിപ്പോൾ എല്ലാം അറിയാം ശ്രീ. നീ ആ പെണ്ണിന്റെ കൂടെ പോയതിന്റെ പിന്നിലെ ഉദ്ദേശംശുദ്ധി

കൽക്കട്ടയിലേ എന്റെ അഡ്രസ്സിലേക്ക് ഒരു കത്ത് വന്നിരുന്നു. ഞാൻ കാരണമാണ് നിങ്ങളുടെ ബന്ധം മുറിഞ്ഞത് എന്ന് അറിഞ്ഞത് വൈകിപോയി എന്നും പറഞ്ഞു. ശ്രീ ജോലി ശരിയാക്കി കൊടുത്തതിൽ പിന്നെ ഒരിക്കലും ശiരീരം വിൽക്കേണ്ടി വന്നിട്ടില്ല എന്നും പറഞ്ഞു. കiള്ളിന്റെയും ബീoഡിയുടെയും ദുർഗന്ധമില്ലാതെ ഉറങ്ങാൻ കഴിയുന്നത് ശ്രീ കാരണമാണെന്ന്.

ആ കത്തും ചുരുട്ടിപിടിച്ചു കൾക്കട്ടയിലെ ഫ്ലാറ്റിന്റെ ബാൽക്കണിയിൽ ഇരുന്നു ഒരുപാടു രാത്രികൾ കരഞ്ഞു വെളുപ്പിച്ചിട്ടുണ്ട്.

ഇപ്പോൾ എനിക്കറിയാം എല്ലാം. ശ്രീ തരുന്ന ചെമ്പകപൂക്കൾ പോലെ പവിത്രമാണ് ശ്രീയുമെന്ന്.

ഇത്ര സ്നേഹിച്ചിട്ടും ശ്രീയെ വിശ്വസിക്കാതെ പോയ എന്നോടല്ലേ ദേഷ്യം തോന്നേണ്ടതു?

ഹേയ്. സ്നേഹം സത്യം ആണെങ്കിൽ ഒരു ദിവസം എല്ലാം തിരിച്ചറിയും അന്ന് താൻ വരുമെന്ന് എനിക്കറിയായിരുന്നു.

എന്തെ കൽക്കട്ട ഉപേക്ഷിച്ചത്. ഒന്നൂല്യ ജീവിതത്തിനു ഒരു അർത്ഥ മില്ലാത്ത പോലെ മടുത്തപോലെ. അവിടുത്തെ തിരക്കിൽ കിടന്നു ശ്വാസം മുട്ടുന്നപോലെ. ശ്രീ എന്നെ ഒന്ന് കൊണ്ടൊവോ നാട്ടിലൊക്കെ?.പഴയ കളിക്കൂട്ടുകാരിക്ക് വേണ്ടി ഒരു ദിവസം മാറ്റി വെച്ചൂടെ? പിണങ്ങിയതെല്ലാം മറന്നു?

പട്ടുപാവാടയിട്ടു മുടി പിന്നികെട്ടി എന്നോട് കെഞ്ചുന്ന പഴയ വൈദ്ദേഹിയായി തോന്നി എനിക്കു ആ ഒരു നിമിഷം.

പിന്നെന്താ പോവാലോ എവിടെയൊക്കെയാ പോവണ്ടേ തനിക്കു?

അതുകേട്ടപ്പോൾ തിളക്കം മങ്ങിയ കണ്ണിൽ ആയിരം മടങ്ങായി തിരിച്ചുവരുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു

എല്ലായിടത്തും. നമ്മുടെ സ്കൂളിൽ. പാടത്തെ കൃഷ്ണന്റെ അമ്പലത്തിൽ. കോളേജിൽ. ഉപ്പിലിട്ടത് വിൽക്കുന്ന രാഘവേട്ടന്റെ കടയിൽ. പിന്നെ. ഗോപേട്ടന്റെ കടത്തു വഞ്ചിയിൽ. പിന്നെ ഒരുകൂട്ടം കൂടി ഉണ്ട്..

അതു സർപ്രൈസ് ആണ്.

അവളുടെ കൂടെ യാത്ര ചെയ്യുമ്പോൾ തോന്നി ഒരുപാടുവർഷത്തെ മൗനം മുറിഞ്ഞതിന്റെ ആഹ്ലാദം ആണെന്ന് ഇവൾക്കെന്നു.എന്റെ മനസും സന്തോഷംകൊണ്ട് നിറഞ്ഞു നിൽക്കുകയായിരുന്നല്ലോ.

അവള് പറഞ്ഞപോലെ എല്ലായിടത്തും പോയി. സ്കൂളിലെത്തിയപ്പോൾ വരാന്തയുടെ തൂണിൽ ചാരി നിന്ന് എന്തോ ആലോചിക്കുമ്പോൾ കണ്ണു നിറയുന്നുണ്ടായിരുന്നു.

രാഘവേട്ടന്റെ കടയിലെ ഉപ്പിലിട്ട അരിനെല്ലിക്ക കടിക്കുമ്പോൾ മുഖത്തു വിരിയുന്ന ഭാവങ്ങൾക്കെന്തു ഭംഗിയാണ്.

എല്ലായിടത്തും പോയി തിരിച്ചു വന്നപ്പോൾ രാത്രിയായി..

ചാറ്റൽ മഴകൊണ്ട് രണ്ടു പേരും നനഞ്ഞിരുന്നു.

എനിക്കൊരുപാട് സന്തോഷമായി ശ്രീ. ഒരു വാശികൊണ്ട് തെറ്റി ദ്ധാരണ കൊണ്ട് എത്രാമനോഹരമായ ജീവിതമാണ് ഞാൻ തള്ളികളഞ്ഞത്.

ചിലപ്പോൾ ഇതിനെയാകും വിധി എന്ന് പറയുന്നത് അല്ലെങ്കിൽ ജീവിതമെന്നും?

പറയുമ്പോൾ അവളുടെ തൊണ്ട ഇടരുന്നുണ്ടായിരുന്നു.

ആശ്വാസത്തിനായി ഞാൻ കൈകൾ കോർത്തുപിടിച്ചു നടന്നു. ശംഖു പുഷ്പങ്ങൾ നിറഞ്ഞ ഇടവഴിയിലൂടെ തണുത്ത കൈകളുടെ തണുപ്പിന് എന്തൊരു വാത്സല്യമാണ്.

ശ്രീ കണ്ടോ വേലിപടർപ്പിലെ ശംഖുപുഷ്പങ്ങൾക്കുപോലും നമ്മെ ഒന്നിച്ചു കണ്ടതിന്റെ സന്തോഷമാണ്.

പടിപ്പുരയുടെ മുന്നിലെത്തിയപ്പോൾ അവൾ പറഞ്ഞു ശ്രീ.. നിൽക്കൂ..

സർപ്രൈസ് കാണണ്ടേ?

മം.

ഒന്ന് കണ്ണടക്കു.. കണ്ണടക്കൂ….ശ്രീ.

ഞാൻ കണ്ണുകളടച്ചു.

ഇനി തുറന്നോളൂ..

കണ്ണു തുറന്നു നോക്കിയപ്പോൾ..

ഒരു പുസ്തകം. ചെമ്പകപൂക്കളുടെ ചിത്രത്താൽ ഭംഗിയുള്ള പുറം ചട്ടയുള്ള ഒരു പുസ്‌തകം.

“ചെമ്പകപ്പൂക്കളുടെ ഓർമ്മക്ക് ” വൈദ്ദേഹി കൃഷ്ണ.

തുറന്നു നോക്കു..

തുറന്നു നോക്കിയപ്പോൾ അതിലിങ്ങനെ എഴുതിയിരുന്നു..

ശ്രീ ഇതു നിനക്കാണ് മനസ്സിൽ സ്നേഹമുള്ള ഹൃദയത്തിൽ പവിത്രമായ സ്നേഹമുള്ള നിനക്കായി മാത്രം. നിനക്കിത് സമ്മാനിച്ചു കഴിഞ്ഞാൽ എനിക്കൊരു അപ്പൂപ്പൻ താടിയാകണം ശ്രീ കാറ്റിലിങ്ങനെ ഒഴുകി ഒഴുകി ദിക്കും ദിശയുമില്ലാതെ ഒഴുകി നടക്കുന്ന ഒരു അപ്പൂപ്പൻ താടി.

അടുത്ത പേജ് മറിക്കും മുൻപ് ആണ് അമ്മ വിളിച്ചത്…

ടാ എണീക്കു എന്ത് ഉറക്കമാണിത് പുലർച്ചെ പിച്ചും പേയും പറഞ്ഞിട്ട്.

മോനൊരു കാര്യം കേട്ടോ? നമ്മുടെ രാധേടത്തിയുടെ മകൾ മരിച്ചൂന്ന്. ആത്മഹത്യ ചെയ്തതാണത്രേ.

അവിടെ ഒറ്റക്കല്ലേ താമസിച്ചിരുന്നേ ഭർത്താവുമായി പിണങ്ങിയിട്ടു. ബോഡി നാട്ടിലേക്കു കൊണ്ടുവരുവാണെന്നു അവിടെ ആരും ഇല്ലല്ലോ.

കണ്ണുനിറഞ്ഞു ഒന്നും മിണ്ടാതെ കിടക്കുന്ന എന്റെ തലയിൽ അമ്മ തലോടുന്നുണ്ടായിരുന്നു.തുറന്നിട്ട ജനാവാതിലിലൂടെ വരുന്ന കാറ്റിനു ചെമ്പക പൂക്കളുടെ വാസനയുണ്ടായിരുന്നു.

ശരിയാണ് അവളെ ഇവിടേക്കല്ലേ കൊണ്ട് വരേണ്ടത് അവളുടെ ജീവൻ ഇവിടെയല്ലേ..

കടിച്ചമർത്തിയതൊക്കെ കണ്ണിലൂടെ പെയ്യുന്നുണ്ടായിരുന്നു.

സ്നേഹപൂർവ്വം

ഒരുപാടു നാളുകൾക്കു ശേഷം എഴുതുന്നതാണ് ഇഷ്ടമായാലും ഇല്ലെങ്കിലും ഒരുവരി കുറിക്കു..

Leave a Reply

Your email address will not be published. Required fields are marked *