അവളുടെ പറച്ചിലുകളെ ഞാൻ ശ്രദ്ധിക്കുന്നതേ ഉണ്ടായിരുന്നില്ല. നോട്ടം മുഴുവൻ അത്തറുകാരിയുടെ വിയർത്തൊഴുകുന്ന കiഴുത്തിലേക്കായിരുന്നു! തുടർന്ന്, അതൂർന്ന് വീഴുന്ന…..

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ

സുന്ദരിയായ ആ അത്തറ് വിൽപ്പനക്കാരി വീട്ടിലേക്ക് വന്ന നാൾ ഭാര്യ ഇല്ലായിരുന്നു. അമ്മയുടെ കൂടെ പെൻഷൻ വാങ്ങിക്കാൻ പോയിരിക്കു കയാണ്. പിള്ളേര് രണ്ടും സ്കൂളിലേക്കും പോയി.

‘നല്ല മണമുള്ള അത്തറുണ്ട് സാറേ… എടുക്കട്ടെ..’

അവസരം ഞാൻ വിനിയോഗിച്ചു. പ്രായം നാൽപ്പത് കഴിഞ്ഞെങ്കിലും പെൺപിള്ളാരോട് കൊഞ്ചിയിരിക്കാൻ വലിയ ഇഷ്ടമാണ്. കാണട്ടെ നിന്റെ അത്തറുകളെന്ന് പറഞ്ഞപ്പോൾ അവൾ എന്നോട് ചിരിച്ചു. തുടർന്ന് ബാഗിനുള്ളിൽ നിന്ന് ചെറുതും വലുതുമായ കുപ്പികളെല്ലാം സിറ്റൗട്ടിലെ ടൈലിൽ നിരത്തിവെച്ച് വിലകളും പറഞ്ഞു.

‘ഇത് ഇരുന്നൂറ്… മുല്ലയുടേതിന് മുന്നൂറ്. പനിനീരിന്റെതിന് സ്വല്പം വിലക്കൂടുതലാണ്.. തൊള്ളായിരം വരും..’

അവളുടെ പറച്ചിലുകളെ ഞാൻ ശ്രദ്ധിക്കുന്നതേ ഉണ്ടായിരുന്നില്ല. നോട്ടം മുഴുവൻ അത്തറുകാരിയുടെ വിയർത്തൊഴുകുന്ന കiഴുത്തിലേക്കായിരുന്നു! തുടർന്ന്, അതൂർന്ന് വീഴുന്ന മാiറിടങ്ങളിലേക്ക് ആയിരുന്നു! അവളത് ശ്രദ്ധിച്ചത് കൊണ്ടായിരിക്കണം അവിടേക്ക് ഷാൾ വലിച്ചിട്ടത്.

‘സാറിന് ഇതിലേതാ വേണ്ടത്?’

അൽപ്പം ഗൗരവ്വത്തോടെയാണ് അവളത് ചോദിച്ചത്. എല്ലാം തന്നേക്കെന്ന് പറഞ്ഞ് ഞാൻ അപ്പോൾ ചിരിച്ചു. വാങ്ങിക്കാനുള്ള ഉദ്ദേശ്യമൊന്നും എനിക്ക് ഇല്ലെന്ന് ഊഹിച്ചുകൊണ്ട് അത്തറ് കുപ്പികളെയെല്ലാം ബാഗിനുള്ളിലേക്ക് തന്നെ അവൾ എടുത്ത് വെക്കുകയാണ്.

‘ഹേയ്.. ഞാൻ വെറുതേ പറഞ്ഞതല്ല… എല്ലാം ഞാൻ തന്നെ എടുത്തോളാം… എത്ര രൂപയാകും? ‘

അവളുടെ കണ്ണുകൾ വികസിച്ചു. നേരിയ തിളക്കത്തിൽ ആ മുഖം ഒന്നുകൂടി ശോഭിച്ചു. മനസ്സും വിരലും ഒരുമിച്ചാക്കി അവളുടെ കണ്ണുകൾ കുപ്പികൾ എണ്ണുകയാണ്. ഒടുവിൽ എല്ലാത്തിനും കൂടി പതിമൂന്നായിരത്തി അഞ്ഞൂറ് രൂപയാകുമെന്ന് അവൾ പറഞ്ഞു. അതിൽ നീയും പെടുമോയെന്ന് വെറുതേ ചോദിച്ചത് മാത്രമേ എനിക്ക് ഓർമ്മ ഉണ്ടായിരുന്നുള്ളൂ…!

കുപ്പികളെല്ലാം ബാഗിലിട്ട് അവൾ ഗേറ്റ് കടന്നതിന് ശേഷമാണ് അടികിട്ടിയപ്പോൾ ചെരിഞ്ഞ മുഖം ഞാൻ ഉയർത്തുന്നത്. അഞ്ചാറ് പല്ല് താഴെ പോയോയെന്ന് വരെ സംശയിച്ച് പോയി! അനക്കമുണ്ടോയെന്ന് പരിശോധിക്കാൻ എല്ലാ പല്ലുകളിലും നാക്ക് തട്ടി നോക്കി. ആശ്വാസ മായി! പല്ലുകളെല്ലാം അനങ്ങാതെ തന്നെ ഇരിപ്പുണ്ട്. ആരും കാണാത്തതും ഭാഗ്യമായി.

എന്നാൽ, വിഷയം അവിടം കൊണ്ട് നിന്നില്ല. ജോലി സ്ഥലത്തെ ഷിഫ്റ്റ്‌ മാറിയത് കൊണ്ട് ഉച്ചകഴിഞ്ഞപ്പോൾ ഞാൻ വീട്ടിൽ നിന്ന് ഇറങ്ങാൻ തുടങ്ങി. ഹെൽമറ്റ് തലയിൽ വെച്ചപ്പോഴാണ് പെൻഷൻ വാങ്ങാൻ പോയ ഭാര്യയും അമ്മയും ഓട്ടോയിൽ വന്ന് ഇറങ്ങിയത്. അതിൽ നിന്ന് ആ അത്തറുകാരി ഇറങ്ങിവരുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല. എന്നെ കണ്ടപാടെ അവളും അന്താളിച്ചു!

‘സതീഷേട്ടാ… ങ്ങള് പോലീസിനെ വിളിച്ചേ.. ഈ കുട്ടിയോട് ആരോ മോശായി പെരുമാറീന്ന്…’

ഒന്നും മനസ്സിലാകാത്ത പൊട്ടനെ പോലെ ഞാൻ ആ മൂന്ന് സ്ത്രീകളുടെ മുന്നിൽ നിന്നു. അത്തറുകാരിയുടെ ചുണ്ടിലൊരു പരിഹാസത്തിന്റെ ചിരി വിരിയുന്നുണ്ടായിരുന്നു. എന്നിട്ടും എന്താ കാര്യമെന്ന് ഞാൻ ഭാര്യയോട് ചോദിച്ചു. ഞാൻ ഉൾപ്പെട്ട ആ രംഗം അവൾ എനിക്ക് തന്നെ വിശദീകരിച്ച് തരുകയായിരുന്നു.

‘മ്മടെ കാർത്ത്യയായണിയുടെ വീട്ടിലുണ്ടായിരുന്നതാ ഇവള്…. അവിടുന്നാണ് കാര്യം അറിയുന്നത്. ഇവിടെയെവിടെയോ ഉള്ള ആളാന്ന്ന്ന്..’

അമ്മയായിരുന്നു അതു പറഞ്ഞത്! കേസെന്നും വേണ്ട ചേച്ചിയെന്ന് ആ അത്തറുകാരിയും പറഞ്ഞു. ഭാര്യയോടാണ് പറഞ്ഞതെങ്കിലും എന്റെ മുഖത്തേക്കായിരുന്നു അവളുടെ നോട്ടം. അങ്ങനെ വെറുതേ വിടാൻ പാടില്ല മോളേ ഇവറ്റകളെയെന്ന് ഭാര്യ ശബ്ദിച്ചു. കൂട്ടത്തിൽ പോലീസിനെ വിളിക്കാൻ വീണ്ടും എന്നോട് പറഞ്ഞു.

‘വേണ്ട ചേച്ചി.. ചെകിടത്ത് ഞാനൊന്ന് കൊടുത്തിട്ടുണ്ട്…!’

കേട്ടപ്പോൾ അടി കിട്ടിയ കവിളിലൂടെ കാതുകളെ ഞാൻ തഴുകി. പോകാൻ വൈകുന്നുവെന്ന് പറഞ്ഞ് ബൈക്കും സ്റ്റാർട്ട്‌ ചെയ്തു. അപ്പോഴാണ്, തന്നെ ബസ് സ്റ്റോപ്പിൽ വിടുമോയെന്ന് ആ അത്തറുകാരി എന്നോട് ചോദിച്ചത്. വിടൂ സതീഷേട്ടായെന്ന് ഭാര്യയും പറഞ്ഞു. എന്തൊക്കെയാണ് ചുറ്റും നടക്കുന്നതെന്ന് അപ്പോഴും എനിക്ക് വ്യക്തം ആയിരുന്നില്ല!

‘എടോ.. തന്നെയോർത്തല്ല. തന്റെ ഭാര്യയേയും അമ്മയേയും ഓർത്താണ്.. ഇനി മേലാൽ…’

ബസ്റ്റോപ്പിലേക്ക് ബൈക്കിൽ നിന്ന് ഇറങ്ങിയപ്പോൾ വിരൽ ചൂണ്ടിക്കൊണ്ടാണ് അവൾ എന്നോടത് പറഞ്ഞത്. അത്രയും കനത്തിലൊരു താക്കീത് ആരിൽ നിന്നും അതുവരെ ജീവിതം കൊണ്ടിട്ടുണ്ടായിരുന്നില്ല.

‘തനിക്കൊരു മോളില്ലേ…?’

ഒന്നും മിണ്ടാതെ താഴ്ന്ന് പോയ എന്റെ തല ഉണ്ടെന്ന് പറയാൻ വേണ്ടി മാത്രം ഉയർന്നു. പിന്നീട് അവൾ പറഞ്ഞത് ജന്മം മുഴുവൻ എന്നെ പിന്തുടരാൻ കെൽപ്പുള്ള വാക്കുകളായിരുന്നു. വന്നു നിന്ന ബസ്സിൽ കയറി അത്തറുകാരി പോയപ്പോഴും ആ ശബ്ദം എന്റെ കാതിൽ മുഴങ്ങിക്കൊണ്ടേയിരുന്നു.

‘നീ ചiത്തുപോയാൽ… ആ മോൾക്ക് എന്റെ ഗതി വരാതിരിക്കട്ടെ…!’

അച്ഛനില്ലാത്ത ഒരു പെൺകുട്ടിയുടെ ശബ്ദം ആയിരുന്നുവത്. എന്നെ പോലെയുള്ള പല കേസരികളെയും കനത്തിൽ നേരിട്ട തന്റേടവും അവളുടെ ജീവനിൽ ഉണ്ട്. അന്ന്, എനിക്ക് ജോലിക്ക് പോകാൻ തോന്നിയില്ല. തിരിച്ച് വീട്ടിലേക്ക് തന്നെ ചെല്ലുകയായിരുന്നു.

എന്തുപറ്റിയെന്ന് ഭാര്യ ചോദിച്ചപ്പോൾ, ഒന്നുമില്ലെന്നാണ് പറഞ്ഞത്. കേട്ടപ്പോൾ അവൾ എന്റെ മുഖത്തേക്ക് ശ്രദ്ധിച്ചു. തലേന്ന് ഷേവ് ചെയ്തത് കൊണ്ട് അത്തറുകാരിയുടെ കൈ അപ്പോഴും കവിളിൽ തന്നെ ഉണ്ടായിരുന്നു. ആ പാടിൽ നിന്നും ഭാര്യ എല്ലാം വായിച്ചെടുത്തു. ഇതെന്ത് പറ്റിയെന്ന് അവൾ ചോദിക്കാത്തത് കൊണ്ട് വിശദീകരിക്കേണ്ട ആവശ്യമൊന്നും വന്നില്ല.

ഒരു അത്തറുകാരി വന്ന് പോയപ്പോഴാണ് ചുറ്റുമുള്ള മണമെല്ലാം മാഞ്ഞ് പോയതെന്ന് കരുതുന്നില്ല. ആയുസ്സിന്റെ ആകെ തുകയെന്ന പോലെ ശരികേടിന്റെ നാളുകൾ ഒരിക്കൽ ജീവിതത്തിന്റെ തുലാസിൽ വീഴുക തന്നെ ചെയ്യും. തുലനം ചെയ്യാൻ പറ്റാതെ ജീവൻ വല്ലാതെ വെപ്രാളപ്പെട്ട് പോകും. എന്തുകൊണ്ടോ, എന്റെ കാര്യത്തിൽ ഒരേ നാളിൽ തന്നെ എല്ലാം നടന്നിരിക്കുന്നു. തെറ്റിന്റെ തല മണ്ണോളം താഴ്ന്നിരിക്കുന്നു…!!!

Leave a Reply

Your email address will not be published. Required fields are marked *