അവിടെ ഉണ്ടായിരുന്നവരെല്ലാം ഇയാൾ എന്ത്‌ ചോദ്യമാണ് ചോദിക്കുന്നതെന്ന് പരസ്പരം സംസാരിക്കുന്നത് ആ ഹാളിൽ ശബ്ദപൂരിത മാക്കി കൊണ്ടിരുന്നു…

എഴുത്ത്:- നൗഫു ചാലിയം

“നിങ്ങൾ ഒരു നദി യുടെ കരയിൽ നിൽക്കുകയാണെന്ന് കരുതുക…

തൊട്ടു മുന്നിലൂടെ ശക്തമായ ഒഴുക്കിൽ ജീവനുള്ള ഒരു കോഴി ഒഴുകി പോവുകയാണേൽ നിങ്ങൾ എന്ത്‌ ചെയ്യും..???”

അയാൾ ചുറ്റിലുമായുള്ള സദസ് നോക്കി കൊണ്ടു ചോദിച്ചു…

ഉത്തരം ഒന്നും കിട്ടാതെ വന്നപ്പോൾ അയാൾ വീണ്ടും ചോദിച്ചു….

ഇനി അതും അല്ലെങ്കിൽ ജീവനുള്ള ആട് അല്ലെങ്കിൽ ജീവനുള്ള പശു…”

“ഇതെന്ത് ചോദ്യമാണപ്പാ എന്നായിരുന്നു ആ സമയം അയാളുടെ ശബ്ദം ശ്രവിക്കുന്ന എല്ലാവരുടെയും മുഖത്തുള്ള ഭാവം…

അയാളുടെ വിജയ രഹസ്യം എന്താണെന്ന് അറിയാനായി വന്നവർ ആയിരുന്നു ആ കൂട്ടത്തിൽ ഉണ്ടായിരുന്ന പകുതിയിൽ അതികം പേരും…

അയാൾ ആ വലിയ ഹാളിൽ ഇരിക്കുന്ന എല്ലാവരെയും നോകിയെന്ന വണ്ണം പുഞ്ചിരി തൂകി…

ആരും ഉത്തരം നൽകുന്നില്ല എന്ന് കണ്ടപ്പോൾ അയാൾ വീണ്ടും സംസാരിക്കാൻ തുടങ്ങി…

“നിങ്ങൾക് എന്റെ ചോദ്യം മനസിലായില്ലേ…?

അല്ലെങ്കിൽ ഉത്തരം അറിയാമായിരുന്നിട്ടും ഈ വലിയ സദസിൽ പറയാതിരിക്കുകയാണോ…”

അയാൾ ഒരു വട്ടം കൂടി മുന്നിലെ കുട്ടികളിലേക് നോക്കിയപ്പോൾ അതിൽ നിന്നും ഒരു കുട്ടി ചാടി എഴുന്നേറ്റ് കൊണ്ടു ഉത്തരം പറഞ്ഞു..

“ഞാൻ ചാടി രക്ഷപെടുത്തും…

സാർ…”

അയാൾ നേരത്തെ പുഞ്ചിരിച്ചതിനേക്കാൾ മനോഹരമായി ഒരു പുഞ്ചിരി കൂടി പുഞ്ചിരിച്ചു.. ആ കുട്ടിയുടെ മുഖത് നോക്കി കൊണ്ട്.. എന്നിട്ട് വീണ്ടും ചോദിച്ചു..

“അതൊരു മനുഷ്യൻ ആണെങ്കിലോ..?”

“ഞങ്ങൾ രക്ഷപെടുത്തും…”

“പിന്നെ യുള്ള ഉത്തരം വളരെ പെട്ടന്നായിരുന്നു…അതും ആ ഹാളിൽ നിറഞ്ഞിരിക്കുന്ന എല്ലാവരും ഒരേ സമയം…”

“അയാൾ അതിനെ അനുമോദിക്കാൻ എന്ന വണ്ണം കൈ രണ്ടും ചേർത്ത് കൊട്ടി…പതിയെ ശബ്ദം ഉണ്ടാക്കാതെ…”

“അവിടെ ഉണ്ടായിരുന്നവരെല്ലാം ഇയാൾ എന്ത്‌ ചോദ്യമാണ് ചോദിക്കുന്നതെന്ന് പരസ്പരം സംസാരിക്കുന്നത് ആ ഹാളിൽ ശബ്ദപൂരിത മാക്കി കൊണ്ടിരുന്നു…”

“ഒരു നിമിഷം അയാൾ എന്തോ ഓർത്തെന്ന വണ്ണം ഒന്നും മിണ്ടാതെ പരസ്പരം കുശു കുശുക്കുന്ന അവരെ തന്നെ നോക്കി നിന്നു…”

“നിങ്ങൾക്കറിയുമോ….

നിങ്ങൾ പറഞ്ഞില്ലേ നദി യിലൂടെ ഒഴുകി പോവുകയണേൽ രക്ഷപെടുത്തുമെന്ന് പറഞ്ഞ മനുഷ്യരിൽ ഒരാളായിരുന്നു ഞാൻ കുറച്ചു വർഷങ്ങൾക് മുമ്പ്..

കൃത്യമായി പറഞ്ഞാൽ ഒരു പത്തു മുപ്പത് കൊല്ലങ്ങൾക് മുമ്പ്…

അന്ന് ഞാൻ ഒഴുകി പോകുന്നത് കണ്ടാൽ ഒരാള് പോലും രക്ഷപ്പെടുത്താൻ സാധ്യത ഇല്ലാത്ത മനുഷ്യ ജീവി…

ചിലപ്പോൾ കരയിൽ കൂടി നിൽക്കുന്നവർ എനിക്കൊരു റ്റാറ്റാ യോ ഫ്ലയിങ് കിസോ തന്ന് പറഞ്ഞു വിടും…

അന്നെനിക്ക് ഈ നാട്ടിൽ ഉണ്ടായിരുന്നവർ ഒരു കോഴി യുടെ വിലപോലും തന്നിട്ടില്ലായിരുന്നു…”

“അയാളുടെ വാക്കുകൾ വീണ്ടും ആ സദസിൽ മുഴങ്ങി തുടങ്ങിയപ്പോൾ പെട്ടന്ന് തന്നെ അവിടെ മുഴുവൻ നിശബ്ദത പരന്നു…

ഒരു മൊട്ടു സൂചി നിലത്തേക് വീണാൽ പോലും കേൾക്കാൻ പറ്റുന്നത്രയും നിശബ്ദത…”

“ആ നാട്ടിലെ ഏറ്റവും വിലപിടിപ്പുള്ള കാറിൽ വിലപിടിപ്പുള്ള വസ്ത്രം ധരിച്ചു…കയ്യിൽ ലക്ഷങ്ങൾ വിലയുള്ള വാച്ചും മൊബൈലും പിടിച്ചു തങ്ങൾക്കിടയിലൂടെ നടന്നു പോയ എണ്ണം പറഞ്ഞ കോടീശ്വരനായ അയാളുടെ വാക്കുകൾ…. മുന്നിൽ ഇരിക്കുന്നവർക്കൊന്നും വിശ്വാസിക്കാൻ കഴിഞ്ഞില്ല…

തല മുതിർന്ന കുറച്ചു പേർക്കൊഴിച്…”

“അന്ന് ഞാൻ ആക്രി കച്ചവടക്കാരൻ സൈദ് മുഹമ്മദിന്റെ മകൻ ആയിരുന്നു…

ഇന്നത്തെ പോലെ ലക്ഷങ്ങൾ വരുമാനമുള്ള ജോലി ഒന്നും അല്ലായിരുന്നു അന്നത്..

അന്നത്തെ ഇടനിലക്കാർ നൽകുന്ന തുച്ഛമായ പണം മാത്രമായിരുന്നു എന്റെ കുടുംബത്തിന്റെ വരുമാനം…

ഉപ്പയുടെയും ഉമ്മയുടെയും ഞങ്ങൾ മൂന്നു മക്കളുടെയും അതും പോരാഞ്ഞിട്ട് ഉപ്പയുടെ സഹോദരി മാരായ മൂന്നു പേരുടെയും അവരുടെ മക്കളുടെയും വയറ് നിറക്കാൻ അതിൽ നിന്നും ഒന്നും കിട്ടിയിരുന്നില്ല…”

“പണ്ട് ഞാൻ കണ്ടൊരു സിനിമയിൽ പറഞ്ഞത് പോലെ…

നിങ്ങളും കണ്ടിട്ടുണ്ടാവും ആ സിനിമ മമ്മുക്കയുടെ…”

അതിൽ മമ്മുക്ക അവസാനം പറയുന്ന…

ഉച്ചക്ക് സ്കൂളിലെ അഴുക്ക് നിറഞ്ഞ വാട്ടർ ടാങ്കിൽ നിന്നും വരുന്ന പച്ചവെള്ളം മാത്രം കുടിച്ച് വിശപ്പ് അടക്കുമ്പോൾ ചോറ്റ് പത്രം നീക്കിത്തരാൻ എനിക്കന്നൊരു ചുവന്ന കടുക്കനിട്ട കൂട്ടുകാരൻ ഇല്ലായിരുന്നു…

ഒരു കൂട്ടുകാരും ഇല്ലായിരുന്നു എന്നതായിരുന്നു സത്യം…

മുന്നിലേക്കുള്ള വഴിയിൽ ബുദ്ധിയോ…ഓർമ്മ യോ… എന്നൊരു ആയുധം വേണ്ടത് കൊണ്ടു തന്നെ എട്ടാം ക്ലാസ്സ്‌ കഴിഞ്ഞപ്പോൾ സ്കൂളിലെ പഠിത്തവും നിർത്തേണ്ടി വന്നു…

പിന്നെ ആയിരുന്നു എന്റെ ജീവിതം തുടങ്ങിയത്…

കിട്ടുന്ന പണികൾക്കെല്ലാം പോയിരുന്നെങ്കിലും വീട്ടിലെ ആവശ്യങ്ങൾക്കായി പലരോടും കടം വാങ്ങേണ്ടി വന്നു..

അഞ്ചും പത്തും നൂറും അങ്ങനെ പല പല സംഖ്യകൾ വാങ്ങിയവരായിരുന്നു എന്റെ ചുറ്റിലും ഉള്ളവരിൽ നിറയെ…

ഒരാളെ പേടിച്ചു മറ്റൊരു വഴിയേ നടക്കാൻ കഴിയാത്ത അവസ്ഥ..

അപ്പുറത് ഞാൻ കടം വാങ്ങിയ വേറെ ഒരാൾ ഉണ്ടായിരിക്കും…

അങ്ങനെ ആയിരുന്നു എന്റെ അടുത്തുള്ള ഒരാൾ വഴി സൗദിയിലേക്കു പോകാനുള്ള വിസ വന്നത്…

അന്നത്തെ ടിക്കറ്റ് പൈസ മാത്രം കൊടുത്താൽ മതിയെന്നും പറഞ്ഞു വന്ന വിസക്ക് കൊടുക്കാൻ പോലും പൈസ ഇല്ലാതെ ഉപ്പയുടെ കൊച്ചു കട മുറി എനിക്ക് വേണ്ടി വിൽക്കേണ്ടി വന്നു..

ജീവിതം എന്നെ വീണ്ടും പരീക്ഷിക്കാൻ തുടങ്ങി…

ഡ്രൈവർ വിസയിൽ പോയ ഞാൻ ആ വീട്ടിലെ പട്ടിയെ പോലെ ആയിരുന്നു.. വീടിനുള്ളിലെ കക്കൂസ് പോലും ഈ കൈ ഉപയോഗിച്ച് കഴുകേണ്ടി വന്നിട്ടുണ്ടെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വാസിക്കുമോ…? “

അയാൾ അയാളുടെ ഇടത്തെ കൈ ഉയർത്തി ആ സദസ് മുഴുവൻ കാൺകെ ചോദിച്ചു…

“എനിക്കറിയില്ല…

എന്നാൽ അങ്ങനെ ഒരു കാലവും ഉണ്ടായിരുന്നു എന്റെ ജീവിതത്തിൽ…

ഞാൻ ചെയ്യാത്ത പണിയൊന്നും തന്നെ ഇല്ലായിരുന്നു അന്നാ നാട്ടിൽ…”

“വീട്ടിലുള്ളവരെ വിഷമിക്കുവാനായി അന്നാ കഥ നാടു മുഴുവൻ പാടി നടക്കുവാനും ഉണ്ടായിരുന്നു ഒരു കൂട്ടർ…”

രക്ഷപ്പെടാൻ ഒരവസരം എല്ലാവർക്കും ദൈവം നൽകും…

എനിക്കും അത് പോലെ ഒരവസരം പടച്ചോൻ ഒരുക്കി വെച്ചിരുന്നു…

ഒരു അവസരം കിട്ടിയപ്പോൾ പിന്നെ ഒന്നും നോക്കിയില്ല…ഒരു എടുത്തു ചാട്ടമായിരുന്നു…”

പക്ഷെ അവിടെയും ഞാൻ തോറ്റു പോയി… ഞാൻ അവിടെ താമസിക്കുന്നു എന്ന രേഖ യിൽ ഒളിച്ചോട്ടക്കാരൻ എന്നൊരു മുദ്ര പതിപ്പിച്ചു…

ഒളിച്ചോട്ടക്കാരൻ ആയത് കൊണ്ടു തന്നെ ആരും ഒരു ജോലിയും തരാത്ത അവസ്ഥ..

സ്വന്തമായുള്ള പീടിക മുറിയിലെ വരുമാനം നിലച്ചത് കൊണ്ടു തന്നെ എന്നെ പോലെ എന്റെ വീട്ടിലും മുഴു പട്ടിണി ആയിരുന്നു…

വെറും പൂഴി മണലിൽ ചുട്ട് പൊള്ളുന്ന മണലിൽ ആകാശം നോക്കി കിടന്നിട്ടുണ്ടോ നിങ്ങൾ ആരെങ്കിലും…

പൊള്ളുന്ന മരുഭൂമിയിൽ…

ഞാൻ കിടന്നിട്ടുണ്ട്… കിടക്കാൻ ഒരു റൂം പോലും കിട്ടാത്ത അവസ്ഥയിൽ ആകാശം നോക്കി നക്ഷത്രങ്ങളെ എണ്ണി നോക്കി കിടന്നിട്ടുണ്ട്…”

“കഴിക്കാൻ ഒന്നും കിട്ടാതെ ചരട് മുറുക്കി വയറിന്റെ വിശപ്പ് ഞാൻ മാറ്റിയിട്ടുണ്ട് എത്രയോ ദിവസങ്ങൾ…

അന്നാരും ഇല്ലായിരുന്നു ഒരു കഷ്ണം റൊട്ടി തന്ന് എന്റെ വിശപ്പ് അടക്കാൻ…

ഒരാൾ അല്ലാതെ…”

“അത്രയും പറഞ്ഞപോയെക്കും അയാൾ കരഞ്ഞു പോയിരുന്നു…

അയാൾക് വാക്കുകൾ പോലും കിട്ടാതെ കുറച്ചു നിമിഷങ്ങൾ തൊട്ടു മുന്നിൽ ഇരിക്കുന്നവരെ തന്നെ നോക്കി നിന്നു..

ഒരുപക്ഷെ ആ സമയം ആ സദസ് മുഴുവൻ കരഞ്ഞിരിക്കാം “

തെരുവിലൂടെ ഒരു റിയാൽ തരുമോ ഭക്ഷണം കഴിക്കാനെന്നും പറഞ്ഞു അലഞ്ഞു തിരിഞ്ഞു നടന്നിരുന്ന എന്നെ ഒരു മകനെ പോലെ ഏറ്റെടുത്ത മനുഷ്യൻ… അന്നായിരുന്നു ഞാൻ ആദ്യമായി എന്റെ മുന്നിൽ ഒരു മനുഷ്യനെ കാണുന്നത്..

അയാൾ എനിക്ക് നല്ലൊരു ജീവിതം വാക്ധാനം ചെയ്തു കൂടേ കൂട്ടി…

അയാളുടെ വീടിന് അരികിലായി അയാളുടെ ഔട്ട്‌ ഹൗസിൽ എനിക്കൊരു കിടപ്പാടം തന്നു…അയാളുടെ കൂടേ തന്നെ കൂട്ടി…

അയാളുടെ സ്ഥാപനങ്ങളിൽ എന്നെ കൊണ്ടു പോകുവാനായി തുടങ്ങി…

കണക്കിൽ ഞാൻ ഒരു പുലിയാണെന്ന് അറിഞ്ഞ എന്നെ അയാൾ അയാളുടെ സ്ഥാപനങ്ങളുടെ നോട്ടക്കാരനാക്കി പതിയെ അയാൾ തുടങ്ങുന്ന ഓരോ സ്ഥാപനത്തിന്റെയും പാട്ണറും..

അപ്പോഴും എന്റെ നാട്ടിൽ എന്നെ പറ്റി പലതും പറഞ്ഞു നടക്കാനായി ആളുണ്ടായിരുന്നു..എന്നെ സഹായിച്ച മനുഷ്യന്റെ ഞാൻ ഉമ്മയെ പോലെ കാണുന്ന അയാളുടെ ഭാര്യയെ ഞാൻ കൊണ്ട് നടക്കുകയാണെന്ന് പോലെ നാട്ടിൽ പലരും പറഞ്ഞു നടന്നു…

ഞാൻ പണം ഉണ്ടാക്കുന്നത് പോലും അങ്ങനെ ആണെന്ന് കുറച്ചു പേരെങ്കിലും വിശ്വസിച്ചു.. “

പക്ഷെ എനിക്കാരോടും പരിഭവം ഇല്ലായിരുന്നു… എന്റെ ഇല്ലായ്മയിലും എന്റെ വളർച്ചയിലും എന്നെ കുറിച്ച് പറഞ്ഞവർ എനിക്കെന്നും ഊർജം തന്നെയാണ്..

അവർ ഇന്നെവിടെ ഞാൻ ഇന്നെവിടെ…”

“എന്റെ ഉപ്പയുടെ ആദ്യത്തെ സംരംഭം ആയിരുന്നു കുഞ്ഞു കട ഇന്നെന്റേതാണ്…

അല്ല അതെന്റെ ഉപ്പയുടെ പേരിൽ തന്നെയാണ്…

ഞാൻ രക്ഷപെടുമെന്ന് എന്നേക്കാൾ ഉറപ്പുണ്ടായിരുന്ന എന്റെ ഉപ്പയുടെ ജീവിതമായിരുന്ന ആ കട ഞാൻ എന്റെ ഉപ്പാക് തിരികെ നൽകി….

ഇന്നും ഞാൻ അവിടെ പോയിരിക്കാറുണ്ട്… അവിടെ എന്റെ ഉപ്പയുടെ വിയർപ്പിന്റെ സുഗന്ധം ഒരു കാറ്റിലെന്ന പോലെ ആശ്വദിക്കാൻ…”

എനിക്ക് പറയാൻ ഉള്ളത് നിങ്ങളോടാണ്..

നിങ്ങൾ ഒരുപക്ഷെ കാലത്തിന്റെ കുത്തൊഴുക്കിൽ തളർന്ന് വീണു പോയേക്കാം… നിങ്ങളുടെ കയ്യിൽ ഇന്ന് ഉണ്ടാവുന്നതെല്ലാം അന്ന് നഷ്ട്ടപെട്ടേക്കാം എന്നിരുന്നാലും മുന്നിലേക്കുള്ള യാത്രയിൽ നിങ്ങളുടെ മനസിനെ മാത്രം തളരാതെ പിടിച്ചു നിർത്തുക…

നിങ്ങൾക്കുള്ള ഒരവസരം നിങ്ങൾക്കായ് ദൈവം ഒരുക്കി വെച്ചിരിക്കും…

ആ അവസരം വരുമ്പോൾ പിടിച്ചു കയറാൻ ശ്രമിക്കണമെന്ന് മാത്രം. “

ഇഷ്ട്ടപെട്ടാൽ…👍👍👍

ബൈ

…☺️

Leave a Reply

Your email address will not be published. Required fields are marked *