എഴുത്ത് :- ശ്രീജിത്ത് ഇരവിൽ
അന്ന് ഞാൻ ആറാം തരത്തിലെ അവസാന ബെഞ്ചിലെ ഇടത്തേ അറ്റത്ത് ഇരിക്കുവായിരുന്നു. കത്തുന്ന വാതകം ഹൈഡ്രജനെന്നും കത്താൻ സഹായിക്കുന്ന വാതകം ഓക്സിജനുമാണെന്ന് ജോർജ് മാഷ് പറഞ്ഞു. അതുകേട്ടപ്പോൾ എന്റെ തലയിലൊരു സംശയം ഉൾത്തിരിഞ്ഞു..
‘ചോദിക്ക് രമേശാ… സയൻസ് പഠിക്കുന്നവർക്ക് സംശയം വേണം…’
ആർക്കെങ്കിലും വല്ല സംശയമുണ്ടോയെന്ന് ചോദിച്ചപ്പോൾ മനസ്സ് അറിഞ്ഞത് പോലെ അടുത്തിരിക്കുന്ന ഫിലിപ്പാണ് എന്റെ കൈ പിടിച്ച് ഉയർത്തിയത്. മാഷത് കണ്ടു. തുടർന്നാണ് ഈ ചോദ്യം. ഞാൻ എഴുന്നേറ്റ് നിന്നിട്ട് അൽപ്പമൊന്ന് ആലോചിച്ചു. ഹൈഡ്രജനും ഓക്സിജിനും ചേർന്നല്ലേ മാഷേ വെള്ളമുണ്ടാകുന്നതെന്ന് ഞാൻ ചോദിച്ചു.
‘അതേ.. ‘
“എന്നിട്ടെന്താ മാഷേ വെള്ളം കത്താത്തേ..?”
ക്ലാസിലൊരു കൂട്ടച്ചിരി ഉയർന്നു. ജോർജ് മാഷും അറിയാതെ ചിരിച്ചുപോയി. നീ കൊള്ളാമല്ലോടായെന്നും പറഞ്ഞ് എന്നോട് ഇരിക്കാനുള്ള ആംഗ്യം കാണിച്ചു. ഞാൻ ഇരുന്നപ്പോഴേക്കും മാഷ് വെള്ളത്തെ വിശദീകരിച്ചു. എനിക്കൊന്നും മനസിലായില്ല..
പൊതുവേ ചൂടനായ ജോർജ് മാഷിന്റെ ചൂരൽ തുടയിൽ കൊണ്ടില്ലല്ലോയെന്ന ആശ്വാസമായിരുന്നു എനിക്ക്. എന്നിട്ടും മാഷ് പറഞ്ഞതെല്ലാം മനസിലായെന്ന അർത്ഥത്തിൽ ഞാൻ തല കുലുക്കിക്കൊണ്ടേയിരുന്നു. മനസിലായില്ലെങ്കിലും ആയെന്ന് കാണിക്കാൻ മനുഷ്യരെന്നും മിടുക്കരാണല്ലോ…
വീട്ടിൽ എത്തിയപ്പോഴും വെള്ളത്തിനെന്താ തീ പിടിക്കാത്തതെന്ന് ഞാൻ ചിന്തിച്ചു. കൂപ്പിലെ പണികഴിഞ്ഞ് വന്ന അച്ഛനോട് ചോദിച്ചപ്പോൾ ‘എടീ.. കുളിക്കാനുള്ള വെള്ളം ചൂടാക്കിയോ നീ..’ എന്ന് കനത്തിൽ പറഞ്ഞ് അച്ഛൻ തടി തപ്പി.
അടുപ്പിലേക്ക് ഊതിയ നീറ്റലിൽ കണ്ണുകൾ പിടപ്പിക്കുന്ന അമ്മയുടെ അടുത്തേക്കായിരുന്നു പിന്നീട് എന്റെ ചോദ്യം പോയത്. കേട്ടതും മുനമ്പിൽ കനലുള്ള വിറകുകൊള്ളിയെടുത്ത് മര്യാദക്ക് പോയ്ക്കൊള്ളണമെന്ന് അമ്മ എന്നോട് ആജ്ഞാപിച്ചു. വെള്ളം ചൂടാക്കാൻ കൽപ്പിച്ച അച്ഛനോടുള്ള ദേഷ്യമാണ് അതെന്ന് അറിയാവുന്നത് കൊണ്ട് എനിക്ക് വിഷമം തോന്നിയില്ല. അവർക്കിടയിലെ പിണക്കങ്ങൾക്ക് നിരന്തരം സാക്ഷിയാകുന്നത് കൊണ്ട് ഒരു പുതുമയും തോന്നിയില്ല.
അച്ഛനും അമ്മയും പിണക്കത്തിലാണെങ്കിൽ വീട് മൗനം കൊണ്ട് എന്നോടത് പറയും. വല്ലപ്പോഴും ആവിശ്യങ്ങൾ മാത്രം സംസാരിക്കുന്ന അപരിചിതരെ പോലെയായിരിക്കും പിന്നീട് അവർ. പക്ഷേ, രണ്ടുപേർക്കും ഞാനെന്ന് വെച്ചാൽ ജീവനാണ്. അതുകൊണ്ട് തന്നെ ഇവരുടെ പിണക്കങ്ങൾ താണ്ടുന്ന രാത്രിയിൽ ആരുടെ കൂടെ കിടക്കണമെന്ന ചിന്തയിൽ ഞാൻ വിഷമിച്ചു പോകാറുണ്ട്. അതുകൊണ്ട് പിണക്കങ്ങളെയെല്ലാം എനിക്ക് കുറിച്ച് വെക്കേണ്ടി വന്നു.
അവസാന പിണക്കത്തിൽ അമ്മയുടെ കൂടെയായിരുന്നു ഞാൻ. ഇന്നവർ രണ്ടുമുറിയിലാണ് കിടപ്പെങ്കിൽ ഞാൻ അച്ഛന്റെ കൂടെ ആയിരിക്കും. കൃത്യമായി പറഞ്ഞാൽ നാൽപ്പത്തിയൊന്ന് തവണ അമ്മയുടെ ഒപ്പവും നാൽപ്പത് തവണ അച്ഛന്റെ ഒപ്പവുമായി എന്റെ രാത്രികൾ വേർപെട്ടുപോയിട്ടുണ്ട്…
ഒരുകാര്യത്തിൽ മാത്രം എനിക്ക് സന്തോഷമായിരുന്നു. അയൽവക്ക വീടുകളിൽ സംഭവിക്കുന്നത് പോലെ ഒരു ബഹളവും കയ്യാങ്കളിയുമൊന്നും എന്റെ വീട്ടിൽ ഇല്ല. വളരേ മനോഹരമായിരുന്നു അവരുടെ പിണക്കങ്ങൾ…
പക്ഷേ, പതിവ് തെറ്റിച്ച് അന്നൊരു സംഭവം നടന്നു. മനോഹരമാണെന്ന് ധരിച്ച പിണക്കങ്ങളും മറികടന്ന് ഒരു വഴക്കിലേക്ക് അവർ വഴിമാറി. അച്ഛന്റെ ശബ്ദത്തേക്കാളും ഒച്ചത്തിൽ അമ്മ അലറി. നാളെ മുതൽ കുളിക്കാനുള്ള വെള്ളം തന്നെത്താൻ ചൂടാക്കിയാൽ മതിയെന്നായിരുന്നു ആ അലർച്ച. എന്നാൽ ഇറങ്ങി പൊടീയെന്ന് പറഞ്ഞ് അച്ഛൻ വീട്ടിൽ നിന്ന് ഇറങ്ങിപ്പോയി. പോകാൻ നേരത്ത് കതക് വലിച്ചടച്ച ശബ്ദത്തിൽ ഞെട്ടിയ പ്രാണൻ ഇന്നുമെന്നെ ആ ദിവസത്തെ ഓർമിപ്പിക്കാറുണ്ട്.
അവർ പരസ്പരം ഏറെ സ്നേഹിക്കുന്നുവെന്ന് എനിക്കറിയാം. അതുകൊണ്ടാണ് അമ്മയോട് പോകാൻ പറഞ്ഞിട്ട് അച്ഛൻ ഇങ്ങനെ ഇറങ്ങി പോകുന്നത്. തിരിച്ച് വരുന്നതുവരെ ഉറങ്ങാതെ അമ്മ കാത്തിരിക്കുന്നത്. പതിവ് തെറ്റിച്ച് ആദ്യമായി അവർ തമ്മിലുള്ള വഴക്കുകാരണം അന്ന് ഞാൻ തനിച്ച് കിടക്കാൻ വാശിപിടിച്ചു. എന്തിനായിരിക്കും ഇവർ തമ്മിൽ പിണങ്ങുന്നതെന്ന് ചിന്തിച്ചുകൊണ്ടാണ് ഞാനന്ന് കിടന്നത്.
പിണക്കമാണ് വഴക്കുകളിലേക്ക് സഞ്ചരിക്കുന്നതെന്ന് എനിക്ക് തോന്നി. പരസ്പരം ചേർന്ന് ജീവിക്കുമ്പോഴുള്ള ഇത്തരം പിണക്കങ്ങൾക്ക് എന്തായിരിക്കും കാരണം..?
ആരുടെ കുറവുകൊണ്ടാണ് അച്ഛനും അമ്മയും ഓരോ ഇടവേളകളിലുമായി ഇങ്ങനെ പിണങ്ങുന്നതും വഴക്കിടുന്നതും..?
അങ്ങനെ ചിന്തിച്ചപ്പോൾ ജോർജ് മാഷിനെ ഞാൻ അറിയാതെ ഓർത്തുപോയി. ശരിയാണ്. അതുതന്നെയാണ് മാഷും പറഞ്ഞത്. തമ്മിൽ തമ്മിൽ വ്യത്യസ്തതയോടെ ചേരുമ്പോഴുള്ള രസതന്ത്രത്തിൽ നിന്നാണ് എല്ലാമുണ്ടായിരിക്കുന്നത്. ഹൈഡ്രജനും ഓക്സിജിനും ചേർന്നാൽ വെള്ളമാകില്ല. വെള്ളമായാലും തീപിടിക്കില്ല. തമ്മിൽ തമ്മിൽ ഇണങ്ങി ചേരുന്ന കണികകളുടെ അളവും ലക്ഷ്യവുമാണ് പ്രധാനം.
അങ്ങനെയെങ്കിൽ പരസ്പരം ചേർന്ന് നിരന്തര സ്നേഹമാകാനുള്ള തന്മാത്രകളാകാൻ മനുഷ്യർക്ക് എന്തുകൊണ്ട് സാധിക്കുന്നില്ല…! ജീവന്റെ വികാരങ്ങളെന്ന ഊർജ്ജത്തിന്റെ തന്ത്രമെന്താണ്…! ജോർജ് മാഷിനോട് ചോദിക്കാമെന്ന ധാരണയിൽ എപ്പോഴോ ഞാൻ ഉറങ്ങിപ്പോയി….!!!

