കൊ ല്ലാൻ തീരുമാനിച്ച ദിവസം.
എഴുത്ത്:- ഭാഗ്യലക്ഷ്മി. കെ. സി.
അവൾ തന്നെ തഴയുകയാണ് എന്ന് തോന്നിയ ദിവസം. മനസ്സാകെ മരവിച്ചുപോയിരുന്നു. പേനാക്ക ത്തി അരയിൽ തിരുകി അതിവേഗം റോഡിലൂടെ നടന്നു.
എതിരേ വരുന്ന വല്യച്ഛൻ ചോദിച്ചു:
എവിടെയാടാ ഇത്ര ധൃതിയിൽ?
മറുപടി പറഞ്ഞില്ല. ഒരൊറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ. എന്നും ക്ഷേത്രനടയിൽ വെച്ച് കാണുന്നതാ. അവിടെ വെച്ച് കാണാൻ പറ്റില്ലെങ്കിൽ ആദ്യമേ പറയും. മൂന്ന് വർഷങ്ങളായുള്ള ശീലമാ. ആ ദിവസങ്ങൾ മറ്റേതെങ്കിലും സ്ഥലത്ത് വെച്ചായാലും കണ്ടിരിക്കും.
പക്ഷേ അന്ന് അവളുടെ മുഖം കാണാതെ ഭ്രാന്ത് പിടിക്കുമെന്ന് തോന്നി. ആദ്യത്തെ രണ്ട് ദിവസം ക്ഷമിച്ചു. പനിയോ മറ്റോ വന്നോ എന്ന് സംശയിച്ചു. ഒരാഴ്ച കഴിഞ്ഞപ്പോഴാണ് ടൌണിൽ അവളുടെ ചെറിയമ്മയുടെ കൂടെ ഷോപ്പിംഗ് കഴിഞ്ഞ് ചിരിച്ചു വ൪ത്തമാനം പറഞ്ഞ് പോകുന്നത് കണ്ടത്. അതോടെ നിയന്ത്രണം വിട്ടു.
പല പദ്ധതികളും ആലോചിച്ച് നോക്കി. ഒടുവിൽ പെട്ടെന്നുള്ള ഉൾപ്രേരണയാൽ ക ത്തിയെടുത്ത് അരയിൽ തിരുകി ഇറങ്ങി നടന്നു. ഇഷ്ടമാണെന്ന് പറഞ്ഞതിൽ പ്പിന്നെ മൂന്ന് വർഷങ്ങളായി ആദ്യമായാണ് രണ്ടാഴ്ചയോളം കാണാതിരിക്കുന്നത്.
രാവിലെ കടയിൽ പോയി മടങ്ങുമ്പോൾ കൂട്ടുകാരനാണ് പറഞ്ഞത്, അവളുടെ കല്യാണം തീരുമാനിച്ചത്. അതുകൂടി കേട്ടപ്പോൾ ഉള്ളിലൊരു അഗ്നിഗോളം ജ്വലിച്ചു. ച തി, പെണ്ണെന്ന് പറയുന്നതേ ച തിയാണ്. മനസ്സ് കൈവിട്ടുപോയി.
അമ്പലത്തിനു മുന്നിലെത്തിയപ്പോൾ റോഡിൽ നിന്നും അവൾ ദേവിയെ നോക്കി തൊഴുന്നു. കൈയിൽ വലിയ ബാഗുണ്ട്. തന്നെ കണ്ടതും ഓടി അടുത്ത് വന്നു.
വേഗം വാ, ബാക്കിയെല്ലാം പിന്നീട് പറയാം.
അവൾ മുമ്പേ നടന്നു. താൻ അനുസരണയുള്ള കുട്ടിയായി പിറകേയും.
ഇവളിതെന്തു ഭാവിച്ചാ…
എങ്ങോട്ടാ?
ചോദിക്കാതിരിക്കാനായില്ല.
സുമേഷിന്റെ വീട്ടിലേക്ക്, അല്ലാതെ പിന്നെ?
അവിടെ തന്റെ അമ്മ മാത്രമല്ലേയുള്ളൂ. പാവമാണ്, ഒന്നും പറയില്ല എന്നല്ലേ പറഞ്ഞത്?
അവൾ നിൽക്കാതെ, തിരിഞ്ഞുനോക്കാതെ വീട്ടിലേക്ക് വെച്ചുപിടിച്ചു.
അമ്മ, കൂസലില്ലാതെ പടികയറി വരുന്ന പെണ്ണിനെ നോക്കി അന്തംവിട്ടു നിന്നു. ക ത്തിയെടുത്ത് അരയിൽ വെച്ച് ഇറങ്ങിപ്പോയ ആളായിരുന്നില്ല തിരിച്ചു വരുമ്പോൾ താൻ. കൈയും കാലും വിറച്ചിട്ട് എന്താ നടക്കാൻ പോകുന്നത് എന്നറിയാത്ത പോലെ..
വീട്ടിൽ പറയാതെ ഇറങ്ങി വന്ന പെൺകുട്ടിയെ അന്വേഷിച്ച് ഏതുനേരവും പോലീസ് വരാമെന്ന അവസ്ഥ. അവൾക്കാണെങ്കിൽ പുതിയ വീട് കാണുന്ന തിരക്ക്, അടുക്കളയിൽ പോയി നോക്കുന്നു. ഡബ്ബകൾ തുറന്നു നോക്കുന്നു. ചട്ടിയും കലവും തുറന്നു നോക്കുന്നു. വടക്ക് ഭാഗത്ത് മുറ്റത്തും തൊടിയിലും ഇറങ്ങി നോക്കുന്നു.
അമ്മ ചോദിച്ചു:
അല്ല, കുട്ടീ നീ ഒന്നും കഴിച്ചില്ലേ? വീട്ടിൽ നിന്നും പോരുമ്പോൾ ഭക്ഷണം കഴിക്കാതെ ആണോ ഇറങ്ങിയത്?
അവളുടെ മുഖത്തെ ക്ഷീണവും പരിഭ്രമവും ഒക്കെ അമ്മയ്ക്ക് പെട്ടെന്ന് മനസ്സിലാക്കാനായി. അമ്മ അവൾക്ക് വേണ്ടത് ഒക്കെ കൊടുത്തു. ആദ്യത്തെ അമ്പരപ്പു മാറിയപ്പോൾ അമ്മ അവളെ മകളായി സ്വീകരിച്ചു. അവളും വീട്ടിൽ ആദ്യമൊക്കെ നല്ല രീതിയിൽ തന്നെയാണ് കഴിഞ്ഞുപോന്നിരുന്നത്. അവളിറങ്ങിപ്പോന്ന ബഹളങ്ങളൊക്കെ അധികം താമസിയാതെ അവസാനിച്ചു.
വർഷം നാല് കഴിഞ്ഞ് രണ്ടു കുട്ടികളും ആയതിൽപ്പിന്നെയാണ് അവളുടെ സ്വഭാവത്തിൽ പല വ്യത്യാസങ്ങളും കണ്ടുതുടങ്ങിയത്. എല്ലാ കാര്യത്തിനും ദേഷ്യം. വീട്ടിൽ പോകാൻ വയ്യാത്തതുകൊണ്ട്, വീട്ടുകാർ പിണങ്ങിയത്കൊണ്ട്, ആ ദേഷ്യവും തന്നോട് കാണിക്കും. മക്കളോടും ആവശ്യത്തിലേറെ ദേഷ്യവും ശാസനയുമൊക്കെ കാണിച്ചു തുടങ്ങിയതോടെ തനിക്ക് സഹിക്കാൻ വയ്യാതായി. പാത്രങ്ങൾ എറിഞ്ഞുടക്കുക, പാചകം ചെയ്യുമ്പോൾ ഉദാസീനത കാണിക്കുക, വായിൽ വെക്കാൻ കൊള്ളില്ല എന്ന വിഷമത്തിൽ ചോറിനും കറിക്കും മുന്നിൽ നിസ്സഹായരായിരിക്കുന്ന കുട്ടികളെ തലങ്ങും വിലങ്ങും ത ല്ലുക തുടങ്ങി പല പെരുമാറ്റവൈകല്യങ്ങളും കണ്ടതോടെ തന്റെ മനസ്സ് തക൪ന്നു.
ഒടുവിലൊരു ദിവസം രണ്ടും കൽപ്പിച്ച് അവളെ അവളുടെ വീട്ടിൽ കൊണ്ടു ചെന്നാക്കി. അച്ഛനും അമ്മയും നോക്കിനിൽക്കെ ഇങ്ങനെ പറഞ്ഞു:
ഇതാ നിങ്ങളുടെ മകളെ കൊണ്ടുവന്നിരിക്കുന്നു. എന്റെ കുട്ടികളെ ഞാൻ നോക്കിക്കോളാം. ഇവളെ ഇനി ഒരൽപംപോലും സഹിക്കാൻ എന്നെക്കൊണ്ട് പറ്റില്ല. അത്രമേൽ ഞാനിവളെ വെ റുത്തു പോയി.
അവർ മറുപടി പറയുന്നതിനു മുമ്പേ താൻ ഒതുക്കുകല്ലുകൾ ഇറങ്ങിനടന്നു. അവൾ കരയുമെന്നും ബഹളം വെക്കുമെന്നും പേടിയുണ്ടായിരുന്നു. പക്ഷേ ഒന്നും ഉണ്ടായില്ല. നിസ്സംഗതയോടെ അവൾ ഇറയത്തെ കസേരയിൽ ഇരുന്നു. താൻ ഇറങ്ങിപ്പോന്നതിനുശേഷം അവർ നല്ല സന്തോഷത്തോടെ ജീവിക്കുന്നുണ്ട് എന്ന് പലരും പറഞ്ഞറിഞ്ഞു.
ഒരിക്കൽപ്പോലും അവൾ തന്റെ മക്കളെ അന്വേഷിച്ച് വന്നില്ല. തന്റെ കൂടെ ഇറങ്ങിവന്നത് വലിയ അബദ്ധമായിപ്പോയെന്ന് അവൾക്ക് പിന്നീട് തോന്നി ക്കാണണം. വലിയ സൌകര്യത്തിൽ വളർന്ന അവൾക്ക് തന്റെ വീട്ടിലെ അസൗകര്യങ്ങളും ദാരിദ്ര്യവും വലിയ ബുദ്ധിമുട്ടായി തോന്നിയിട്ടുണ്ടാവണം. പക്ഷേ തന്റെ മക്കൾക്ക് ഒരിക്കൽപ്പോലും അമ്മയെ തിരഞ്ഞുപോകാൻ താല്പര്യം ഉണ്ടായിരുന്നില്ല. അത്രമേൽ ഒരുപക്ഷേ അവരുടെ മനസ്സിലും വെറുത്തു പോയിട്ടുണ്ടാകും അവളെ.
ഇപ്പോൾ എന്തിനാണാവോ തന്നെ കാണണമെന്ന് പറഞ്ഞ് ആളെ വിട്ടത്.. അവിടെയെത്തിയപ്പോൾ അവൾ അന്നത്തെപ്പോലെ ബേഗും തയ്യാറാക്കി തന്നെ കാത്ത് ഇറയത്ത് തന്നെ നിൽക്കുന്നു. ഉള്ളിൽ ഒരാന്തൽ…. വീണ്ടും തന്റെകൂടെ ഇറങ്ങി വരാനുള്ള ഭാവമാണോ… എങ്ങനെ കൊണ്ടുപോകും… തനിക്കും മക്കൾക്കും ഇവളെ വേണ്ട… സഹിക്കാൻ വയ്യാതായിരിക്കുന്നു.. എന്തു പറയും…
തന്നെ കണ്ടതും ബാഗെടുത്ത് തന്റെ കൈയിൽ പിടിപ്പിച്ച് ഒപ്പം ഇറങ്ങിക്കൊണ്ട് അവൾ പറഞ്ഞു:
അച്ഛനും അമ്മയുമൊപ്പം ഒരു ആറുമാസം നിന്നപ്പോൾ എന്റെ ദേഷ്യമൊക്കെ പോയി. ഇനി ഞാൻ പഴയതുപോലെ പെരുമാറുകയില്ല. നിരാശയും സങ്കടവും ഒക്കെയാണ് ഞാൻ ദേഷ്യമായി നിങ്ങളുടെയൊക്കെ അടുത്ത് കാണിച്ചത്.
അവൾ മുന്നിൽ നടക്കുന്നുണ്ടെങ്കിലും അവളെ തിരിച്ച് വീട്ടിൽ. കൊണ്ടാക്കിയാലോ എന്ന് ഒരു നിമിഷം ചിന്തിച്ചു. പക്ഷേ ധൈര്യം വന്നില്ല. വീട്ടിൽ പുറത്ത് ആരെയും കാണുന്നില്ല. ഇവിടെ എല്ലാവരുമായി വഴക്കിട്ടാണോ ഇവൾ ഇറങ്ങുന്നത്… ഇനി എന്തൊക്കെ കാണണം… ഇവളെ കിട്ടാതെ കൊ ല്ലാനും ചാ വാനും വരെ തോന്നിയ നിമിഷത്തെ ശപിച്ചുകൊണ്ടു നിസ്സഹായനായി നടന്നു.